Image

ഭൂദര്‍ശനം (കവിത: മാടശേരി നീലകണ്‌ഠന്‍)

Published on 01 December, 2014
ഭൂദര്‍ശനം (കവിത: മാടശേരി നീലകണ്‌ഠന്‍)
കസ്സീനി! ഞാന്‍, ബഹിരാകാശ യാത്രികന്‍
മര്‍ത്ത്യഹസ്‌തങ്ങള്‍ തന്‍ നിസ്‌തുല സന്തതി.
മൊത്തം ശതകോടി നാഴികക്കിപ്പുറം
എത്തിനില്‍ക്കുന്നു ശനൈശ്ചരവീഥിയില്‍

ഇദ്ദേവനെച്ചൂഴ്‌ന്നുനില്‍കും വലയങ്ങ-
ളെത്ര വിചിത്രം! അവയ്‌ക്കിടയ്‌ക്കപ്പുറ-
മിപ്പുറം നൂഴ്‌ന്നു കടന്നും ഒരായിരം
ചിത്രം പിടിച്ചും ശനീശലോകത്തിനെ-
സ്സൂഷ്‌മം നിരീക്ഷിച്ചും, ഇങ്ങുള്ള ചന്ദ്രരില്‍
മുഖ്യനാം `ടൈറ്റനെ'ത്തൊട്ടപോല്‍ ചാരത്ത-
ടുത്തറിഞ്ഞും, അറിയാത്ത ചെറുചന്ദ്ര-
രൊട്ടേറെയുണ്ടെന്ന്‌ കണ്ടെത്തിയും നീണ്ടൊ-
രെട്ടാണ്ടുഴന്നേന്‍ വിദൂരമാമിക്കോണില്‍,
അല്‌പം ഗൃഹാതുരനായി പ്രവാസി ഞാന്‍!

***** ***** *****

!ശനി ഗ്രഹത്തെപ്പറ്റി പഠിക്കാന്‍ 1997-ല്‍ അമേരിക്കന്‍ ബഹിരാകാശ പഠന സ്ഥാപനമായ നാസ വിക്ഷേപിച്ച പേടകമാണ്‌ കസ്സീനി. (1712-ല്‍ അന്തരിച്ച ഇറ്റാലിയന്‍ ജ്യോതിശാസ്‌ത്രജ്ഞന്റെ പേരാണ്‌ പേടകത്തിന്‌. അദ്ദേഹം ശനിയുടെ നാല്‌ ഉപഗ്രഹങ്ങളെ ആദ്യമായി കണ്ടുപിടിച്ചു.) ശനിയുടെ പ്രധാന ഉപഗ്രഹമായ ടൈറ്റനില്‍ ഇറങ്ങി പഠനം നടത്താന്‍ യൂറോപ്യന്‍ സ്‌പേസ്‌ ഏജന്‍സി ഹയ്‌ഗെന്‍സ്‌ എന്ന ഉപകരണ പേടകവും കസ്സീനിയുടെ ഭാഗമായിരുന്നു. കസ്സീനി 2004-ല്‍ ശനിഗ്രഹത്തിന്റെ സമീപമെത്തി. ആദ്യം ഉണ്ടായിരുന്ന ലക്ഷ്യങ്ങളൊക്കെ സഫലമായതിനുശേഷം ശാസ്‌ത്രീയ ലക്ഷ്യങ്ങള്‍ക്കായി കസ്സീനിയുടെ ദൗത്യം രണ്ടുതവണ നീട്ടിക്കൊടുത്തു. ശനിയുടെ ഉത്തരായണകാലത്ത്‌ പ്രത്യേക പഠനം നടത്താനുള്ള ഇപ്പോഴത്തെ ദൗത്യം 2017 സെപ്‌റ്റംബറില്‍ അവസാനിക്കും. കസ്സീനി മിഷന്റെ ഇപ്പോഴത്തെ വിവരങ്ങള്‍ saturn.jpl.nasa.gov എന്ന വെബ്‌സൈറ്റില്‍ കാണാം.

***** ***** *****

എങ്ങു നോക്കുമ്പോഴും നിര്‍ജ്ജീവദൃശ്യങ്ങള്‍
ഇങ്ങനെന്റെ കണ്ണില്‍പ്പതിയുന്നു; ദൂരവേ
എണ്ണിയാല്‍ത്തീരാത്ത ജീവരുപങ്ങളാല്‍
സ്‌പന്ദിക്കുമംബ ഭൂദേവി തന്‍ നേര്‍ക്കെന്റെ
കണ്ണു നീട്ടാന്‍ ഉഗ്രതേജസ്വി സൂര്യദേ-
വന്റെ തിളക്കം തടസ്സമാകാതുള്ള (2)
നല്ലൊരവസരം കാക്കുമെനിക്ക്‌ കൈ
വന്നുപോയ്‌, ഇന്നിതാ സുന്ദരം അദ്ദിനം! (3)

അങ്ങതാ ദൂരെസ്സമുദ്രവസനയാം
അംബ ഭൂദേവിയും, ചാരത്തു ചന്ദ്രനും
മിന്നിത്തിളങ്ങുന്നു ധൂസരനീലമാം
അംബരവീഥിയില്‍ സ്വര്‍ണ്ണബിന്ദുക്കളായ്‌!
രണ്ടാള്‍ക്കുമെന്‍ നമോവാകം! ധരിത്രിയില്‍
ഇന്ന്‌ കൈപൊക്കിശ്ശനീശനെ, (യെന്നെയും!)
വന്ദിച്ചിടും ജനലക്ഷത്തിനെന്‍ പ്രതി-
വന്ദനം! എന്റെ കണ്ണ്‌ ആ വഴിക്ക്‌ ഇന്ന്‌ നീ-
ളുന്നതിന്‍ വാര്‍ത്ത കേട്ടെല്ലാവരും ചേര്‍ന്ന്‌
തന്നൊരാശംസയ്‌ക്കൊരായിരം നന്ദിയും!

എന്‍വിധാതാക്കള്‍ എനിക്ക്‌ ശിഷ്‌ടായുസ്സ്‌
തന്നത്‌ ഭൗമികവര്‍ഷങ്ങള്‍ നാലുതാന്‍.
അന്ത്യമെത്തുമ്പോള്‍ ശനീശ്വരന്‍ തന്നിലേ-
ക്കാഴ്‌ന്നിറങ്ങുന്നതിന്‍ മുന്നം പലവട്ട
മംബ ധരിത്രിയെദ്ദര്‍ശിക്കുവാനിട-
യുണ്ടെന്നതില്‍ പരിതുഷ്‌ടമാണെന്മനം(4)

***** ***** *****

(2) ശനി സൂര്യനില്‍ നിന്ന്‌ വളരെ ദൂരെയാണ്‌. ഭൂമി സൂര്യനോട്‌ താരതമ്യേന അടുത്ത്‌ ഭ്രമണം ചെയ്യുന്നു. അതിനാല്‍ ശനിയില്‍ നിന്ന്‌ നോക്കുമ്പോള്‍ സൂര്യന്റെ തിളക്കത്തില്‍ ഭൂമിയെ വ്യക്തമായി കാണുവാന്‍ പ്രയാസമാണ്‌.

(3) 2013 ജൂലൈ 19. അന്ന്‌ കസ്സീനി ഭൂമിയുടേയും ചന്ദ്രന്റേയും ചിത്രമെടുത്തത്‌ താഴെ കാണാം. ആ ദിവസം അതേപ്പറ്റിയെല്ലാം ജനങ്ങളില്‍ ബോധ്യമുണ്ടാക്കുവാനായി ഒരു പ്രത്യേക സമയത്ത്‌ എല്ലാവരോടും കൈ ഉയര്‍ത്തി ശനിയെ വന്ദിക്കാന്‍ നാസ ആഹ്വാനം ചെയ്‌തു. വളരെപ്പേര്‍ ആ ദിവസം അത്‌ ചെയ്യുകയും ഉണ്ടായി.

(4) കസ്സീനി ശനിയെച്ചുറ്റി ചെയ്യാന്‍ പോകുന്ന ഓരോ പരിക്രമണത്തിന്റേയും സമയവിവരങ്ങള്‍, അതില്‍ എപ്പോഴൊക്കെ ഭൂമിയെ ദര്‍ശിക്കും എന്നത്‌ ഇവയെല്ലാം നാസയുടെ കസ്സീനി വെബ്‌സൈറ്റില്‍ കൊടുത്തിട്ടുണ്ട്‌.


താഴെയുള്ള പി.ഡി.എഫ്‌ ലിങ്ക്‌ കാണുക.
ഭൂദര്‍ശനം (കവിത: മാടശേരി നീലകണ്‌ഠന്‍)
Join WhatsApp News
വായനക്കാരൻ 2014-12-02 08:04:58

എന്നു നോക്കുമ്പൊഴും നിർജ്ജീവ സൃഷ്ടികൾ;
കാവ്യരസം മോന്തി സംതൃപ്തനാകുവാൻ
നല്ലൊരവസരം കാക്കുമെനിക്കു കൈ
വന്നുപോയ് ഇന്നിതാ സുന്ദരം അദ്ദിനം
.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക