Image

ഇക്കരെയക്കരെയിക്കരെ! -8 (ആര്‍ക്കു വേണ്ടി? എന്തിനു വേണ്ടി?- രാജു മൈലപ്രാ)

രാജു മൈലപ്രാ Published on 09 December, 2014
ഇക്കരെയക്കരെയിക്കരെ! -8 (ആര്‍ക്കു വേണ്ടി? എന്തിനു വേണ്ടി?- രാജു മൈലപ്രാ)
“ഈ പൂങ്ങാന്‍ രണ്ടുമൂന്നു മാസക്കാലം കേരളത്തില്‍പ്പോയിത്താമസിച്ച വിശേഷമെല്ലാം എഴുതി വായനക്കാരെ ബോറടിപ്പിക്കുവാന് ഇവനാരപ്പാ? യാത്ര വിവരണമെഴുതാന്‍ ഇവനാര്? എസ്.കെ.പൊറ്റക്കാടോ, അതോ ചാക്കോ മണ്ണാര്‍ക്കാട്ടിലോ, അതോ ജോര്‍ജ്ജു തുമ്പയിലോ?

ഇത്തരത്തിലുള്ള വിശേഷവര്‍ത്തമാനങ്ങള്‍ മാലോകരെ എഴുതി അറിയിക്കുവാനുള്ള എന്തെങ്കിലും മിനിമം ക്വാളിഫിക്കേഷന്‍ ഈ നാറിക്കുണ്ടോ? അമേരിക്കയിലെ അറിയപ്പെടുന്ന ഏതെങ്കിലും സംഘടനയുടെ, ആനക്കാരനോ, അമരക്കാരനോ ആണോ? മിനിമം ഒരു കേരളാ മിനിസ്റ്ററെയെങ്കിലും സന്ദര്‍ശിച്ചു കൂടെ നിന്നൊരു പടം പിടച്ച് പത്രങ്ങള്‍ക്കു കൊടുത്തിട്ടുണ്ടോ? കേരളത്തിലെ ഒരു സാഹിത്യ സദസ്സിനെ സക്ഷി നിര്‍ത്തി പുസ്തക പ്രകാശനം നടത്തിയിട്ടുണ്ടോ? ഏതെങ്കിലും അവാര്‍ഡോ, അംഗീകാരമോ അടിച്ചു മാറ്റിയിട്ടുണ്ടോ? ഈ വക യാതൊരു അവകാശവാദങ്ങളും ഉന്നയിക്കുവാന്‍ ഇല്ലാത്ത ഇവനേപ്പോലെയുള്ളവരുടെ തൊലിക്കട്ടി അപാരം തന്നെ”

ഇങ്ങനെയൊന്നും ആരും എന്നോടു പറയുകയോ എഴുതി അറിയിക്കുകയോ ചെയ്തിട്ടില്ല. വായനക്കാരുടെ മനസ്സിലേക്കൊരു പരകായ പ്രവേശം സ്വയം നടത്തിയതാണ്: തീര്‍ച്ചയായും ഇങ്ങനെ ചിന്തിക്കുന്നവര്‍ ഉണ്ടാകണം. (ഇതുവരെ കിട്ടിയ പ്രതികരണങ്ങള്‍ വലിയ കുഴപ്പമില്ലാത്തവയാണ്-സന്തോഷം)

എന്തുകൊണ്ട് ഇതൊക്കെ എഴുതുന്നു എന്നു ചോദിച്ചാല്‍, എന്നേപ്പോലെയുള്ള കുറേ സാദാ അമേരിക്കന്‍ മലയാളികളുണ്ട്. അവരുടെ മനസ്സിലുറങ്ങി കിടക്കുന്ന ചില ഓര്‍മ്മകളെ ഒന്നുണര്‍ത്തുവാന്‍ വേണ്ടി-അവര്‍ ജനിച്ച ഗ്രാമം- അവിടെ ജീവിച്ചു മരിച്ച കുറേ മനുഷ്യര്‍- പിന്നെ ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്ന ചില യാത്രകള്‍- ഗ്രാമത്തിന്റെ മാറുന്ന മുഖഛായ. ഇപ്പോഴും അവിടെ ജീവിക്കുന്ന ചില മനുഷ്യരുടെ സ്‌നേഹത്തിന്റേയും കാപട്യത്തിന്റേയും പൊടിപ്പും തൊങ്ങലും വെച്ച ചില രസകരമായ കഥകള്‍- ചുരുക്കിപ്പറഞ്ഞാല്‍ എന്നേപ്പോലെ വംശനാശം ഭവിച്ചുകൊണ്ടിരിക്കുന്ന ഒരു സിംഹവാലന്‍ തലമുറക്കു വേണ്ടി.

അമേരിക്കയില്‍ നിന്നും എന്നെങ്കിലും തിരിച്ചു പോയാല്‍, അതു ഞാന്‍ ജനിച്ചു വളര്‍ന്ന മൈലപ്രാ  എന്ന  ഗ്രാമത്തില്‍ത്തന്നെയായിരിക്കണമെന്ന് എനിക്കു നിര്‍ബന്ധമുണ്ടായിരുന്നു. അതുകൊണ്ടാണ് ഞങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ക്കുതകുന്ന ഒരു ചെറിയ വീട് അവിടെ നിര്‍മ്മിച്ചത്. മതില്‍ക്കെട്ടുകളും, മുള്ളുവേലികളും അന്യമായിരുന്ന, അതിരുകളില്ലാത്ത ഒരു തുണ്ടുഭൂമിയായിരുന്നു പണ്ടു മൈലപ്രാ- ഓടിട്ടതും, ഓല മേഞ്ഞതുമായ വീടുകള്‍ ഇടവിട്ടിടവിട്ട്. ഇന്നു മിക്കവാറും എല്ലാ വീടുകളും മതില്‍ക്കെട്ടുകളുടെ തടങ്കലിലാണ്. എങ്കിലും ഗ്രാമത്തിന്റെ സൗന്ദര്യം പൂര്‍ണ്ണമായും മാറിയിട്ടില്ല.

ഓരോ തവണ നാട്ടില്‍ എത്തുമ്പോഴും എന്നെ സ്‌നേഹിച്ചിരുന്ന, ഞാന്‍ സ്‌നേഹിച്ചിരുന്ന പലരും വേര്‍പിരിഞ്ഞു പോയി എന്നുള്ളത് ഒരു ദുഃഖസത്യമാണ്.

ആദ്യമായി ഞാന്‍ അമേരിക്കയിലേക്കു പോരുമ്പോള്‍ യാത്ര അയക്കുവാന്‍ ഒരു വലിയ സംഘം തന്നെയുണ്ടായിരുന്നു. ഒരു പറ്റം സുഹൃത്തുക്കള്‍ തലേ ദിവസം തന്നെ കൊച്ചിയിലെത്തി ക്യാമ്പു ചെയ്തിരുന്നു. കുമ്പളാം പൊയ്ക, വടശ്ശേരിക്കര, തട്ട തുടങ്ങിയ സ്ഥലങ്ങളിലെ കാത്തലിക് പള്ളികളില്‍ വികാരിയായി സേവനമനുഷ്ഠിച്ചുള്ള ജോസിയച്ചന്‍, കുറച്ചുനാള്‍, മണ്ണാറക്കുളഞ്ഞിയിലെ പള്ളിമേടയില്‍ താമസിച്ചിരുന്നു. അന്നത്തെ ചെറുപ്പക്കാരായ ഞങ്ങളോട്, യുവവൈദീകനായ ജോസിയച്ചന്‍ ഒരു സുഹൃത്തിനെപ്പോലെയാണു പെരുമാറിയിരുന്നത്. എന്നെ യാത്ര അയയ്ക്കുവാന്‍ എത്തിയവരുടെ കൂട്ടത്തില്‍ അച്ചനും ഉണ്ടായിരുന്നു. “നീ ഇവിടെ നിന്നും പോയി എന്നു നേരിട്ട് ഉറപ്പുവരുത്തുവാന്‍ വേണ്ടിയാണ്”  ഞാന്‍ വന്നത് എന്നു അച്ചന്‍ ചിരിച്ചുകൊണ്ടു പറഞ്ഞത് ഇന്നും കാതുകളില്‍ മുഴങ്ങുന്നു.

എന്നെ യാത്ര അയക്കുവാനും, ആദ്യത്തെ അവധിക്കു വരവേല്‍ക്കുവാനും എന്റെ മാതാപിതാക്കള്‍ ഉണ്ടായിരുന്നു. ബോംബെ എയര്‍പോര്‍ട്ടില്‍ കാത്തു നില്‍ക്കുവാന്‍ എന്റെ ജ്യേഷ്ഠ സഹോദരനും, പ്രിയ സുഹൃത്ത് തേവുപാറ മോനിയുമുണ്ടായിരുന്നു. അവരാരും ഇന്ന് ഈ ഭൂമിയിലില്ല. ഇന്ന് ഞങ്ങളെ  സ്വീകരിക്കുവാനും, യാത്ര അയക്കുവാനും എയര്‍പോര്‍ട്ടിലെത്തുന്നത് ഡ്രൈവര്‍ വിന്‍സെന്റും, സുഹൃത്ത് കുഞ്ഞുമോനും മാത്രമാണ്. വീട്ടിലെത്തുമ്പോള്‍ ഗേറ്റു തുറക്കുകയും, തിരിച്ചു പോരുമ്പോള്‍ നനഞ്ഞ കണ്ണുകളോടെ ഗേറ്റടക്കുകയും  ചെയ്തിരുന്ന നക്രു രാജന്റെ ആത്മാവു മാത്രമേ ഇന്നുള്ളൂ. ആദ്യകാല അവധിക്കാലങ്ങളിലെ സന്തത സഹചാരിയായിരുന്ന തുണ്ടിയിലെ പോലീസ് ബേബിച്ചായനും, കടയടച്ചു പോരുന്ന വഴി വീട്ടില്‍ക്കയറി നാട്ടുവിശേഷങ്ങളും പഴയകാല കഥകളും പങ്കുവെച്ചിരുന്ന പര്‍ത്തലപ്പാടിയിലെ ജോര്‍ജച്ചായനും വിട്ടുപോയവരുടെ പട്ടികയില്‍പ്പെടുന്നു. കുര്യന്‍ സാര്‍, കുഞ്ഞുമോന്‍ സാര്‍, കര്‍ത്താവു സാര്‍ അങ്ങിനെയെത്രയെത്ര പേര്‍!

പത്തനംതിട്ട ട്രാന്‍സ്‌പോര്‍ട്ട് ബസ്റ്റാന്‍ഡിനു തൊട്ടുമുന്നില്‍ ചന്ദ്രന്‍ എന്നൊരു  'വികലാംഗന്‍' ഒരു എസ്ടിഡി ബൂത്തു നടത്തിയിരുന്നു. ചന്ദ്രന്റെ കടയില്‍ മിക്കവാറും എല്ലാ ആനുകാലിക പ്രസിദ്ധീകരണങ്ങളും ലഭിച്ചിരുന്നു. പത്തനംതിട്ടയിലെ എന്റെ ഇടത്താവളം ആ കടയായിരുന്നു. ചന്ദ്രനും പോയി മറഞ്ഞു. നാടന്‍ പാട്ടുകള്‍ നല്ല ഈണത്തില്‍ പാടുമായിരുന്നു നാരായണിപ്പുലക്കള്ളി! ഒരു കഥാപ്രാസംഗികന്റെ ചടുലതയോടെ കഥപറഞ്ഞ് പാടുന്നതില്‍ മിടുക്കിയായിരുന്നു. ഒരിക്കല്‍ വര്‍ക്കി മാപ്പിള കുഞ്ഞിപ്പെണ്ണിനോടു പറയുകയാണ്:

ജപ്പാന്‍ തുണികളുടെ അടിയില്‍ക്കിടക്കുന്ന
കമ്പിളി നാരങ്ങകള്‍ ഞാനൊന്നു കാണട്ടെ
ഒന്നേലൊന്നു പിടിക്കാനാ
മറ്റേതെനിക്ക് കുടിക്കാനാ—-”

ഇതു പാടിക്കഴിഞ്ഞ് വെറ്റിലക്കറ പുരണ്ട പല്ലുകള്‍ കാട്ടി അവര്‍ ചിരിക്കുകയായിരുന്നു. നാടന്‍ പാട്ടുകളുടെ ഈണങ്ങള്‍ ബാക്കി നിര്‍ത്തി, നാരായണിത്തള്ളയും കടന്നു പോയി.

ഏറ്റവും ഒടുവിലിതാ പാണ്ടിപ്പുറത്തു പാപ്പച്ചായന്‍- ഞങ്ങളുടെ വീടുപണിയുടെ മേല്‍നോട്ടം വഹിച്ചത് എന്റെ അടുത്ത ബന്ധുവായ പാപ്പച്ചായനാണ്. ഒരു ജീവിതം ജീവിച്ചു തീര്‍ത്ത മനുഷ്യനായിരുന്നു അദ്ദേഹം. ഒരു കാലത്തു സ്ഥിരം മദ്യപാനിയായിരുന്ന അദ്ദേഹം, പിന്നീട് മദ്യവര്‍ജ്ജന പ്രവര്‍ത്തകനായി. ഒരിക്കല്‍ റാന്നി ഇട്ടിയപ്പാറ ചന്തയില്‍ നടന്ന മദ്യവര്‍ജ്ജന സമ്മേളനത്തില്‍ സാക്ഷ്യം പറഞ്ഞു പ്രസംഗിച്ച പാപ്പച്ചായനെ പിന്നീടു ജനം കാണുന്നത്, റാന്നി പോലീസ് സ്റ്റേഷനില്‍ - സമ്മേളനം കഴിഞ്ഞ് ഇട്ടിയപ്പാറ കള്ളുഷാപ്പില്‍ കയറി ഒന്നു മിനുങ്ങിയ ശേഷം നടത്തിയ ഒരു കശപിശയാണു കാരണം.

ഇവരെല്ലാം തന്നെ ഓരോ അവധിക്കാലത്തും എന്നൊടൊപ്പം രസകരമായ നിമിഷങ്ങള്‍ പങ്കുവെച്ചിട്ടുള്ളവരാണ്. അതുകൊണ്ടാണ് ഈ അവധിക്കാലത്തും എനിക്കും കാണുവാനും പരിചയം പുതുക്കുവാനും അവസരം ലഭിച്ച ചിലരെപ്പറ്റി എഴുതുന്നത്. എന്റെ സുഹൃത്ത് അപ്പാന്‍ കൂടെക്കൂടെ ഓര്‍മ്മിപ്പിക്കും പോലെ, “അടുത്ത തവണ വരുമ്പോള്‍ കണ്ടാല്‍ കണ്ടു- ആരാണ് ആദ്യം പോകുന്നതെന്ന് ആര്‍ക്കറിയാം?” അതുകൊണ്ടു കുറച്ചുകൂടി സഹിക്കുക - ക്ഷമിക്കുക. ഈ ലേഖന പരമ്പര വലിച്ചുനീട്ടുകയില്ലെന്ന് ഉറപ്പുതരുന്നു (തുടരും).

തുണ്ടിയില്‍ ബേബിച്ചായന്‍, നക്രു രാജന്‍
നാരായണി നാടന്‍ പാട്ടിന്റെ ലഹരിയില്‍, നാരായണിയുടെ അവസാന  സന്ദര്‍ശനം

ഇക്കരെയക്കരെയിക്കരെ! -8 (ആര്‍ക്കു വേണ്ടി? എന്തിനു വേണ്ടി?- രാജു മൈലപ്രാ)ഇക്കരെയക്കരെയിക്കരെ! -8 (ആര്‍ക്കു വേണ്ടി? എന്തിനു വേണ്ടി?- രാജു മൈലപ്രാ)
Join WhatsApp News
George 2014-12-09 09:45:26
Dear Raju, I always enjoy your writings and anxiously wait for the next one. Continue your work - writing. I feel the same way you do about my trips to home; most of those who knew me well from childhood are gone. The landscape has changed although not so much in my immediate neiborhood. During my recent trip, our potty Echu died. Every body called her potty because she never could pass first grade; but she was a good honest servant lady for many of our neibors.
Helen 2014-12-09 11:59:46
I enjoy your writings, continue...
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക