Image

മന്ത്രി കെ.സി. ജോസഫ്‌ മൂന്നുദിവസത്തെ സന്ദര്‍ശനത്തിന്‌ റിയാദില്‍

ഷക്കീബ്‌ കൊളക്കാടന്‍ Published on 16 December, 2011
മന്ത്രി കെ.സി. ജോസഫ്‌ മൂന്നുദിവസത്തെ സന്ദര്‍ശനത്തിന്‌ റിയാദില്‍
റിയാദ്‌: മാറി വരുന്ന സാഹചര്യത്തില്‍ ഗള്‍ഫിലുള്ള പ്രവാസി മലയാളികളുടെ പ്രശ്‌നങ്ങള്‍ നേരിട്ട്‌ കണ്‌ടു പഠിക്കുന്നതിനും പരിഹാരം കാണുന്നതിനുമായി സംസ്ഥാന പ്രവാസികാര്യ മന്ത്രി കെ.സി. ജോസഫിന്റെ നേതൃത്വത്തില്‍ ഉന്നത തല സംഘം മൂന്ന്‌ ദിവസത്തെ സൗദി സന്ദര്‍ശനത്തിനായി റിയാദിലെത്തി.

മുന്‍ പ്രവാസികാര്യ മന്ത്രി എം.എം. ഹസനും നോര്‍ക സെക്രട്ടറി ടി. കെ മനോജ്‌ കുമാരിനുമോപ്പം ഡിസംബര്‍ 15-ന്‌ രാവിലെ 8. 45 നു റിയാദ്‌ കിംഗ്‌ ഖാലിദ്‌ ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ മന്ത്രിയെ റിയാദിലെ വിവിധ സാമൂഹ്യ സാംസ്‌കാരിക സംഘടന പ്രവര്‍ത്തകരും നോര്‍ക റൂട്‌സ്‌ സൗദി പ്രതിനിധി ശിഹാബ്‌ കൊട്ടുകാടും ചേര്‍ന്ന്‌ സ്വീകരിച്ചു. സൗദിയിലെ ഇന്ത്യന്‍ അംബാസിഡര്‍ ഹമീദ്‌ അലി റാവുവുമായും മറ്റു ഉയര്‍ന്ന ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തുന്നതിനോടൊപ്പം വിവിധ സാംസ്‌കാരിക പരിപാടികളിലും മന്ത്രി പങ്കെടുക്കും. വൈകുന്നേരം എംബസി ഓഡിറ്റോറിയത്തില്‍ മലയാളി സംഘടന പ്രതിനിധികളും സാമൂഹ്യ പ്രവര്‍ത്തകരുമായി നടക്കുന്ന മുഖാമുഖം പരിപാടിയും ഉണ്‌ടായിരിക്കും.

പ്രമുഖ പ്രവാസി വ്യവസായിയും നോര്‍ക ഡയറക്‌ടറുമായ സി.കെ. മേനോന്‍ മുഖ്യ രക്ഷാധികാരി ആയുള്ള തൃശൂര്‍ ജില്ലാ സൗഹൃദ വേദിയുടെ റിയാദ്‌ ഘടകം രണ്‌ടാം വാര്‍ഷികത്തില്‍ മന്ത്രി പങ്കെടുക്കും. അതോടൊപ്പം റിയാദ്‌ ഒഐസിസി സെന്‍ട്രല്‍ കമ്മറ്റി ആലിയ സ്‌കൂളില്‍ സംഘടിപ്പിക്കുന്ന ചടങ്ങിലും മന്ത്രി പങ്കെടുക്കും. ഒഐസിസി പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകര്‍ക്ക്‌ കെ. കരുണാകരന്റെ സ്‌മരണാര്‍ഥം നല്‍കുന്ന പുരസ്‌കാരം സി.കെ. മേനോനും മുന്‍ സ്‌പീകര്‍ പി.എം. സെയ്‌ദിന്റെ പേരില്‍ നല്‍കുന്ന പുരസ്‌കാരം പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനും ഐടിഎല്‍, ഇറാം ഗ്രൂപുകളുടെ മാനേജിംഗ്‌ ഡയറക്ടര്‍ സിദിഖ്‌ അഹമ്മദിനും കെ.സി. ജോസഫ്‌ ചടങ്ങില്‍ സമ്മാനിക്കും.

കെഎംസിസി കണ്ണൂര്‍ ജില്ല അസോസിയഷന്‍ (കിയോസ്‌) തുടങ്ങിയ സംഘടനകളും മന്ത്രിക്കു സ്വീകരണം ഒരുക്കിയിട്ടുണ്‌ട്‌. ദമാം, ജിദ്ദ തുടങ്ങിയ സ്ഥലങ്ങളിലും മന്ത്രി സന്ദര്‍ശിക്കുന്നുണ്‌ട്‌.
മന്ത്രി കെ.സി. ജോസഫ്‌ മൂന്നുദിവസത്തെ സന്ദര്‍ശനത്തിന്‌ റിയാദില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക