Image

ആഡംബരമേ നിന്റെ പേരോ, ഹൗസ്‌ബോട്ട്‌? (പ്രകൃതിയുടെ നിഴലുകള്‍ തേടി- 48: ജോര്‍ജ്‌ തുമ്പയില്‍)

Published on 14 December, 2014
ആഡംബരമേ നിന്റെ പേരോ, ഹൗസ്‌ബോട്ട്‌? (പ്രകൃതിയുടെ നിഴലുകള്‍ തേടി- 48: ജോര്‍ജ്‌ തുമ്പയില്‍)
ഓരോ സ്ഥലത്തു നിന്നും വരുന്ന കാറ്റ്‌ ഓരോ വിധത്തിലാണ്‌. കടല്‍ക്കാറ്റിന്‌ ഒരു ഭാവമുണ്ട്‌, അതു പോലെ തന്നെ വേറിട്ട മറ്റൊരു ഭാവമാണ്‌ മലയില്‍ നിന്നും വരുന്ന കാറ്റിന്‌. ഹില്‍സ്‌റ്റേഷനുകളില്‍ നിന്നപ്പോള്‍ ഞങ്ങള്‍ അത്‌ ആവോളം അനുഭവിച്ചിട്ടുണ്ട്‌. ഇപ്പോഴിതാ, വേമ്പനാട്ട്‌ കായലിന്റെ കരയില്‍ നില്‍ക്കുമ്പോള്‍ വരുന്ന കാറ്റിന്‌ മനസ്സിനെ ആഹ്ലാദിപ്പിക്കുന്ന ഒരു ചെറു തഴുകലിന്റെ സുഖം. അന്തരീക്ഷത്തിന്‌ ഒരു വിധം ചൂടുണ്ട്‌.

ഞങ്ങളെ കാത്ത്‌ ഒരു ഹൗസ്‌ ബോട്ട്‌ വേമ്പനാട്ട്‌ കായലിന്റെ ഓളങ്ങളില്‍ അലയടിച്ചു കിടന്നിരുന്നു. ഞങ്ങള്‍ എന്നു പറഞ്ഞാല്‍ വെറും നാലഞ്ചു പേരായിരുന്നില്ല. ഒരു ഇത്തിരി വലിയ സംഘം തന്നെയായിരുന്നു കായല്‍ യാത്രയ്‌ക്ക്‌ വേണ്ടി ഇറങ്ങിപ്പുറപ്പെട്ടത്‌. ഏറ്റവും പ്രിയപ്പെട്ടവരായ ബന്ധുമിത്രാദികളുമൊക്കെയായി കായലിലൂടെ ഒരു യാത്ര.. അതിപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുകയാണ്‌. എത്രയോ കാലം മുതല്‍ക്കേ എത്രയോ നാളുകളായി പ്ലാന്‍ചെയ്‌തിരുന്ന യാത്രയാണ്‌. പക്ഷേ, ഇപ്പോഴാണത്‌ സംഭവിച്ചതെന്നു മാത്രം. മോഹന്‍ലാല്‍ ശ്രീനിവാസനോട്‌ പറയുന്നതു പോലെ, ഓരോന്നിനും ഓരോ സമയമുണ്ട്‌ ദാസാ....

എന്നോടൊപ്പമുള്ളവര്‍ ഹൗസ്‌ ബോട്ടിലേക്ക്‌ കയറാന്‍ തയ്യാറെടുത്തു കൊണ്ടിരിക്കുയായിരുന്നു. അവരെല്ലാം തന്നെ കായല്‍യാത്രയുടെ ലഹരിയിയിലായിരുന്നുവെന്നു വേണം മുഖഭാവം കണ്ടപ്പോള്‍ മനസ്സിലായത്‌.

ന്യൂജേഴ്‌സിയില്‍ നിന്ന്‌ ഐസക്ക്‌ ലൂക്ക്‌ എന്നു വിളിക്കുന്ന അനിയച്ചായന്‍, ഭാര്യ ബാലമ്മ, പെരുമാള്‍ മാത്യു അങ്കിള്‍, ജോസ്‌ മുണ്ടന്‍ചിറ, ജോര്‍ജ്‌ മുണ്ടന്‍ചിറ, തോമസ്‌കുട്ടി ഡാനിയേല്‍, ഭാര്യ റോസ്‌ലിന്‍, ജോസ്‌ കാഞ്ഞിരപ്പള്ളി, ഭാര്യ വല്‍സ, ഉണ്ണിക്കൃഷ്‌ണന്‍ നായര്‍, ഭാര്യ വല്‍സല എന്നിവര്‍. ന്യൂയോര്‍ക്കില്‍ നിന്നും ബന്ധുക്കളാകുവാന്‍ പോകുന്ന തൃശൂര്‍ പാണഞ്ചേരിയില്‍ നിന്നുള്ള തങ്കമ്മ സാമുവല്‍, ജയ്‌സണ്‍, ജെയ്‌മി, ഭാര്യ ഇന്ദിര, മക്കള്‍ മോന്‍സി, ഷെറിന്‍ പിന്നെ നാട്ടില്‍ നിന്നുള്ള വാഴൂര്‍ സെന്റ്‌ പോള്‍സ്‌ ഹൈസ്‌ക്കൂളില്‍ നിന്നും അധ്യാപകനായി റിട്ടയര്‍ ചെയ്‌ത അമ്മാച്ചന്‍ കുടുംബത്തോടും കൊച്ചുമക്കളോടും ഒപ്പം, സൗദിയില്‍ നിന്നുള്ള സഹോദരി മേഴ്‌സി, കൂടാതെ മറ്റു ബന്ധുക്കളും ഉള്‍പ്പെടെ 32 പേരുണ്ടായിരുന്നു സംഘത്തില്‍.

എന്റെ സുഹൃത്തും ഗായകനുമായ സെലസ്‌റ്റ ഇവന്റ്‌സിന്റെ ബിനോയ്‌ ചാക്കോയും നടത്തിപ്പുകാരനായ തമ്പിച്ചനും ചേര്‍ന്നാണ്‌ ട്രിപ്പ്‌ അറേഞ്ച്‌ ചെയ്‌തു തന്നത്‌. തമ്പിച്ചന്‍ ന്യൂജേഴ്‌സിയില്‍ പലതവണ വന്നു പോയ ആളാണ്‌. കവണാറ്റിന്‍കരയില്‍ നിന്നുള്ള കെടിഡിസി ഹോട്ടലിന്‌ അടുത്തു നിന്നാണ്‌ ഞങ്ങള്‍ കയറിയത്‌. ലക്ഷ്വറി ഹോട്ടലുകള്‍ക്ക്‌ സമാനമായ ഇന്റീരിയറാണ്‌ ഹൗസ്‌ ബോട്ടിലൊരുക്കിയിരിക്കുന്നത്‌. നാലുകെട്ടിന്റെ പരമ്പരാഗത ശൈലിയിലാണ്‌ അകത്തളം. സര്‍വ്വത്ര കൊത്തുപണികള്‍! കൊത്തുപലകകളാല്‍ അലങ്കരിക്കപ്പെട്ട കട്ടിലുകള്‍, വലിയ കബോര്‍ഡുകള്‍, കമ്പ്യൂട്ടര്‍ മേശകള്‍, മോഡുലാര്‍ കിച്ചണ്‍, യൂറോപ്യന്‍ സ്‌റ്റൈല്‍ ടോയ്‌ലെറ്റ്‌, വിശാലമായ കോറിഡോര്‍, മനംമയക്കും കാര്‍പ്പെറ്റുകള്‍, പറഞ്ഞാലും പറഞ്ഞാലും തീരുന്നില്ല ഹൗസ്‌ബോട്ട്‌ വിശേഷങ്ങള്‍.

കയറിയപ്പോഴേ ഒരു വെല്‍ക്കം ഡ്രിങ്ക്‌ ലഭിച്ചു. ആറു മണിക്കൂര്‍ നീളുന്ന ഒരു യാത്രയാണിത്‌. എനിക്ക്‌ യാത്ര ചെയ്യുന്നതിന്റെ മാത്രം സന്തോഷമായിരുന്നില്ല. കുറേക്കാലങ്ങള്‍ക്ക്‌ ശേഷമാണ്‌ നാട്ടിലെ ബന്ധുമിത്രാദികള്‍ക്കൊപ്പം ഒരു യാത്ര. അതായിരുന്നു ഏറ്റവും സന്തോഷകരം. കപ്പയും മീനും മായം ചേര്‍ക്കാത്ത ഒന്നാം തരം തെങ്ങിന്‍കള്ളുമായി വളരെ ടിപ്പിക്കല്‍ ആയ ഒരു കേരളീയ മെനു ആണ്‌ സെലസ്റ്റ ഞങ്ങള്‍ക്കായി ഒരുക്കിയിരുന്നത്‌. ഹൗസ്‌ ബോട്ട്‌ അനങ്ങി തുടങ്ങി. മെല്ലെ അത്‌ വേമ്പനാട്ട്‌ കായലിന്റെ നെറുകയിലേക്ക്‌ യാത്ര തിരിച്ചു.

ഹൗസ്‌ ബോട്ട്‌ വിശേഷത്തെക്കുറിച്ച്‌ തമ്പച്ചനാണ്‌ ഒരു വിവരണം തന്നത്‌. ആറ്‌ മാസത്തോളം വേണം, ഒരു ഹൗസ്‌ബോട്ട്‌ പണിത്‌ നീറ്റിലിറക്കാന്‍. ആഞ്ഞിലിത്തടിയാണ്‌ പ്രധാനമായും നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്നത്‌. ചിലയിടങ്ങളില്‍ പനമ്പ്‌, മുള, തെങ്ങ്‌ തുടങ്ങിയവയും ഉപയോഗിക്കുന്നുണ്ട്‌. മീനെണ്ണയും കരി ഓയിലും പുരട്ടിയാണ്‌ തടി ഒരുക്കെയെടുക്കുന്നത്‌. ഡബിള്‍ ബെഡ്‌റൂമുള്ള ഹൗസ്‌ബോട്ടുകള്‍ക്ക്‌ 75 മുതല്‍ 85 അടി വരെ നീള മുണ്ടായിരിക്കും. ഏകദേശം 50 ലക്ഷം രുപയാണ്‌ നിര്‍മ്മാണ ചിലവ്‌. 800 ഹൗസ്‌ ബോട്ടുകളെങ്കിലും കുട്ടനാട്ടില്‍ കാണുമത്രേ. എല്ലാം ആഢംബര സൗകര്യങ്ങള്‍ ഉള്ളവ. ഡേ ക്രൂയിസ്‌, ഓവര്‍ നൈറ്റ്‌ സ്‌റ്റേ ഇങ്ങനെയാണ്‌ ഹൗസ്‌ ബോട്ട്‌ യാത്രയുടെ രീതി. ആദ്യത്തേത്‌ പകല്‍ യാത്ര. രണ്ടാമത്തേത്‌ രാവിലെ തുടങ്ങി രാത്രി ബോട്ടില്‍ സ്‌റ്റേ ചെയ്‌ത്‌ അടുത്ത സൂര്യോദയം വരെ.

ഹൗസ്‌ബോട്ടിലെ ടിവിയില്‍ നിന്നും ഇമ്പമാര്‍ന്ന നേര്‍ത്ത സംഗീതം മുഴങ്ങി. ചിലര്‍ ഉറക്കെ സംസാരിക്കുന്നു, സ്‌ത്രീരത്‌നങ്ങളെല്ലാം വിശേഷങ്ങള്‍ പങ്കു വയ്‌ക്കുന്നു. ചിലര്‍ കാഴ്‌ചകള്‍ കാണുന്നു. കുട്ടികള്‍ പാടി. പാട്ടുപാടിയ അഞ്ചുവിന്‌ പെരുമാള്‍ അങ്കിള്‍ അഞ്ഞൂറു രൂപ സമ്മാനമായി നല്‍കി. ഒരു ചിത്രകാരന്റെ ഭാവനയില്‍ വിടരുന്ന കാല്‍പ്പനിക ഭംഗി പോലെ ചാഞ്ഞുനില്‍ക്കുന്ന തെങ്ങിന്‍ത്തലപ്പുകള്‍ കടന്ന്‌ ഹൗസ്‌ ബോട്ട്‌ നീങ്ങിക്കൊണ്ടേയിരുന്നു. കായല്‍ക്കാറ്റിന്റെ വശ്യത. കടന്നു പോകുന്ന, ഹൗസ്‌ബോട്ടുകളുടെയും കരയ്‌ക്ക്‌ അടുത്തായി പാര്‍ക്ക്‌ ചെയ്‌തിരിക്കുന്ന ചെറുതും വലുതുമായ ഹൗസ്‌ബോട്ടുകളുടെ ദൃശ്യങ്ങള്‍ ചാരുതയായി പടര്‍ന്നു കിടന്നു. വിശാലമായ ലിവിംഗ്‌ റൂമില്‍ നിന്നുള്ള കാഴ്‌ച നയനമനോഹരം തന്നെ. ചെറുവള്ളങ്ങളില്‍ മീന്‍പിടിക്കാന്‍ പോകുന്നവര്‍, കായല്‍പരപ്പില്‍ നീന്തി തുടിക്കുന്ന കരുമാടിക്കുട്ടന്‍മാര്‍, ക്വാക്ക്‌ ക്വാക്ക്‌ ശബ്ദ ത്തോടെ ഒഴുകി നീങ്ങുന്ന താറാവിന്‍കൂട്ടം. കാഴ്‌ചകള്‍ എല്ലാംതന്നെ ഹൗസ്‌ബോട്ട്‌ യാത്രയുടെ മനോഹാരിതയ്‌ക്ക്‌ മാറ്റുകൂട്ടുന്നു. കായലിന്റെ കരയ്‌ക്കിരുവശത്തും കണ്ണെത്താ ദൂരത്തോളം കുട്ടനാടന്‍ നെല്ലറ. അങ്ങനെയങ്ങിനെ സമയം ഉച്ചയോടടുത്തു. സുഭിക്ഷമായ ഊണ്‌ റെഡിയായി കൊണ്ടിരുന്നു. കിച്ചന്റെ ഭാഗത്തു നിന്നു നല്ല മീന്‍ പൊരിക്കുന്നതിന്റെ മണം പൊന്തി വരുന്നുണ്ട്‌. നല്ല കായല്‍ മത്സ്യമുണ്ടെന്ന്‌ കയറിയപ്പോള്‍ തന്നെ ഹൗസ്‌ബോട്ട്‌ ജീവനക്കാരന്‍ പറഞ്ഞിരുന്നു. കൊഞ്ച്‌, കല്ലുമേക്കായ സ്‌പെഷ്യല്‍ ഒപ്പം കരിമീനും... കരിമീന്‍ പൊള്ളിച്ചതും മപ്പാസുമൊക്കെ ചേര്‍ന്ന്‌ ഗംഭീരമായ വിഭവങ്ങള്‍ ലഞ്ച്‌ ടേബിളിലേക്ക്‌ നിറച്ചു കൊണ്ടിരുന്നു. എല്ലാവരും ഊണുമേശയ്‌ക്ക്‌ മുന്നിലേക്ക്‌ നിരന്നു വന്നു. ഹൗസ്‌ബോട്ട്‌ ഓടിക്കൊണ്ടിരുന്നു.

നേരെ ആലപ്പുഴയ്‌ക്കായിരുന്നു യാത്ര. നെഹ്‌റു ട്രോഫിയുടെ ഫിനിഷിങ്‌ പോയിന്റ്‌ വരെ പോയി തിരിച്ചു വരാനായിരുന്നു പ്ലാന്‍. ദൂരെ പാതിരാമണല്‍ തെളിഞ്ഞുകിടന്നു. എല്ലാവരും ഭക്ഷണത്തിനു വേണ്ടി ഇരുന്നതോടെ, ഹൗസ്‌ബോട്ട്‌ കായലിനു നടുവില്‍ തന്നെ നിര്‍ത്തി. ഗംഭീരമായ ഭക്ഷണമായിരുന്നു ഹൗസ്‌ബോട്ട്‌ ജീവനക്കാര്‍ ഒരുക്കിയിയിരുന്നത്‌. എല്ലാവരും ഭക്ഷണത്തിന്റെ രുചിയില്‍ നല്ല മതിപ്പു പ്രഖ്യാപിച്ചു. പ്രത്യേകിച്ച്‌ അമേരിക്കയില്‍ നിന്നു വന്നവര്‍. ഏറെ നാളായി, ഇത്രയും മികച്ച രീതിയില്‍ എരിവും പുളിയും കൂട്ടിയിട്ട്‌ എന്നൊരു കമന്റെ തൃശൂര്‍ സംഘത്തില്‍ നിന്നും ഉയര്‍ന്നു കേട്ടു. ഭക്ഷണം കഴിഞ്ഞതും കുറച്ചുപേര്‍ അലസതയോടെ ഒരു പത്തു മിനിറ്റ്‌ മയക്കം, കായലിന്റെ സുഖമുള്ള കാറ്റേറ്റപ്പോള്‍ അറിയാതെ കണ്ണടഞ്ഞു പോയിയെന്നതായിരുന്നു സത്യം.

ആരോ ടിവിയിലെ മ്യൂസിക്കിന്റെ വോള്യം അല്‍പ്പം കൂട്ടിയതോടെ ആലസ്യത്തിലാണ്ടു കിടന്നവര്‍ ഉണര്‍ന്നു. ഹൗസ്‌ ബോട്ട്‌ നീങ്ങിക്കൊണ്ടിരുന്നു. ഇപ്പോള്‍ കായലോരത്തു കൂടിയാണ്‌ മെല്ലെ സഞ്ചാരം. ഗ്രാമജീവിതത്തിന്റെയും കായലില്‍ ഗ്രാമീണര്‍ നടത്തുന്ന വിവിധ പ്രവര്‍ത്തനങ്ങളുടെയും നേര്‍ക്കാഴ്‌ചകള്‍. പച്ചപ്പു നിറഞ്ഞ പരിശുദ്ധമായ കായലോരം ഒട്ടും മുഷിപ്പിച്ചില്ല. സൂര്യപ്രകാശം കൊച്ചോളങ്ങളില്‍ വന്നു പതിച്ചു കൊണ്ടേയിരുന്നു. ഇരു തീരങ്ങളിലെയും തെങ്ങോലകള്‍ തഴുകി വരുന്ന ഇളം കാറ്റ്‌ സ്വാഗതം സുസ്വാഗതം എന്നു പറയുന്നതു പോലെ. മനസ്‌ മെല്ലെ പറയുന്നു, ജീവിതത്തിന്റെ തിരക്കുകള്‍ക്കിടയില്‍ ശാന്തത പകരാന്‍ ഈ ദൃശ്യം ഒരിക്കലും മായാതെ തങ്ങി നില്‍ക്കുമെന്ന്‌.

കുമരകത്തെ വിസ്‌മയങ്ങളുടെ ലോകം മുന്നില്‍ തെളിഞ്ഞു വന്നു. ചെറിയ ചെറിയ ദ്വീപുകളുടെ കൂട്ടമായ ഈ കായല്‍ ഗ്രാമത്തിന്‌ അതിന്റേതായ ഒരു ജീവിത താളമുണ്ട്‌. ഇവിടുത്തെ കാഴ്‌ചകള്‍, ശബ്ദങ്ങള്‍, ഗന്ധങ്ങള്‍ എല്ലാം മനസ്സിനെ മദിക്കുന്നു. നീണ്ട വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ കോളേജില്‍ നിന്നും സ്റ്റഡിടൂറിനു വന്നപ്പോള്‍ കണ്ട പാതിരാമണല്‍ വെറും കാടായിരുന്നു. ഒരുപാട്‌ കഥകളുള്ള ഈ ദ്വീപ്‌ ഒരു ബയോപാര്‍ക്കാണിപ്പോള്‍.

കായലിലൂടെയുള്ള ഹൗസ്‌ബോട്ട്‌ യാത്രയ്‌ക്കാവശ്യമായ സൗകര്യങ്ങള്‍ക്ക്‌ ആലപ്പുഴ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലുമായി ബന്ധപ്പെടാവുന്നതാണ്‌. ഫോണ്‍ : 0477 2253308, 2251796

(തുടരും)
ആഡംബരമേ നിന്റെ പേരോ, ഹൗസ്‌ബോട്ട്‌? (പ്രകൃതിയുടെ നിഴലുകള്‍ തേടി- 48: ജോര്‍ജ്‌ തുമ്പയില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക