Image

ദി പ്രസിഡന്റ്‌: അധികാരത്തിനും മരണത്തിനുമിടയിലെ അതിജീവനം (ആശ എസ്‌. പണിക്കര്‍)

Published on 14 December, 2014
ദി പ്രസിഡന്റ്‌: അധികാരത്തിനും മരണത്തിനുമിടയിലെ അതിജീവനം (ആശ എസ്‌. പണിക്കര്‍)
ഒരു ജനതയെ മുഴുവന്‍ തന്റെ അധികാരത്തിന്റെ കരുത്തുപയോഗിച്ച്‌ നിലപരിശാക്കിയ സ്വേച്ഛാധിപതി. പാവപ്പെട്ട ജനങ്ങള്‍ക്ക്‌ അര്‍ഹമായൊന്നും കൊടുക്കാതെ അവരുടെ ജീവിതത്തെ തകര്‍ത്ത ഭരണാധികാരി. അടിച്ചമര്‍ത്തലും അരാജകത്വവും അനുഭവിക്കേണ്ടി വരുന്ന നിസഹായതയിലേക്ക്‌ ഒരു രാജ്യത്തെ മുഴുവന്‍ തളളി വിടുന്ന ദയവില്ലാത്ത അധികാരി. പലതുമായിരുന്നു അയാള്‍.

ലോകമെങ്ങും ജനാധിപത്യത്തിനു വേണ്ടിയുള്ള പ്രക്ഷോഭങ്ങളും പോര്‍വിളികളും മുഴങ്ങുമ്പോള്‍ സിനിമയെന്ന മാധ്യമത്തിലൂടെ അതിനെ പിന്തുണയ്‌ക്കാനുളള ആര്‍ജവത്വം തനിക്കുണ്ടെന്നു തെളിയിക്കുകയാണ്‌ പ്രശസ്‌ത ഇറാനിയന്‍ ചലച്ചിത്ര സംവിധായകന്‍ മൊഹ്‌സീന്‍ മക്‌മല്‍ബഫ്‌ `ദി പ്രസിഡന്റ്‌' എന്ന ചിത്രത്തിലൂടെ. യഥാര്‍ത്ഥ ലോകത്ത്‌ മുന്‍കാലങ്ങളില്‍ അധികാരത്തിന്റെ ക്രൂരമായ തേര്‍വാഴ്‌ചകള്‍ക്കൊടുവില്‍ ജനാധിപത്യത്തിന്റെ നിശിതവിചാരണക്ക്‌ വിധേയരാകേണ്ടി വന്ന സ്വേച്ഛാധിപതികളെ കൂടി ഓര്‍മ്മിപ്പിക്കുന്ന ചിത്രം നിശാഗന്ധിയില്‍ നിറഞ്ഞ ഹര്‍ഷാരവങ്ങളോടെയാണ്‌ പ്രേക്ഷകര്‍ സ്വീകരിച്ചത്‌.

പേരില്ലാത്ത രാജ്യത്തെ വൃദ്ധനായ സ്വേച്ഛാധിപതിയാണ്‌ സിനിമയിലെ കേന്ദ്ര കഥാപാത്രം. പൗരാവകാശങ്ങളുടെ അടിച്ചമര്‍ത്തലുകളും ജനദ്രോഹപരമായ നടപടികളും കൊണ്ട്‌ പൊറുതി മുട്ടുമ്പോള്‍ രാജ്യത്ത്‌ ഭരണകൂടത്തിനെതിരേ അട്ടിമറി നടക്കുന്നു. ഇതേ തുടര്‍ന്ന്‌ അയാളുടെ ഭാര്യയും മക്കളും രാജ്യം വിടുകയാണ്‌. അവരെ യാത്രയാക്കിയ ശേഷം തിരികെ കൊട്ടാരത്തിലേക്കുളള യാത്രയില്‍ തന്നെ വഴിയരികില്‍ പലയിടത്തും തന്റെ ചിത്രങ്ങള്‍ തീയിലെരിയുന്നത്‌ അയാള്‍ കാണുന്നു. മുന്നോട്ടു പോകുന്തോറും കലാപകാരികളുടെ ആക്രമണമാണ്‌ അയാള്‍ക്ക്‌ നേരിടേണ്ടി വരുന്നത്‌. വിശ്വസ്‌തരായ അംഗരക്ഷകരില്‍ പലരും കൊല്ലപ്പെടുന്നു. ജനാധിപത്യ വിപ്‌ളവത്തില്‍ മാതാപിതാക്കള്‍ നഷ്‌ടപ്പെട്ട പേരക്കുട്ടിയെ കൂട്ടി വിമാനത്താവളത്തില്‍ നിന്നു രക്ഷപെടാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അവിടെയും അയാളെ കൊല്ലാനുള്ള ശ്രമങ്ങളാണ്‌ നടക്കുന്നത്‌.

പ്രസിഡന്റിന്റെ ഔദ്യോഗിക വാഹനമായ ലിമോസിന്‍ വഴിയിലുപേക്ഷിച്ച്‌ മോഷ്‌ടിച്ചെടുത്ത മോട്ടോര്‍ബൈക്കില്‍ അയാള്‍ തന്റെ പേരക്കുട്ടിക്കും അംഗരക്ഷകനുമൊപ്പം യാത്ര ചെയ്‌ത്‌ ജനവാസം തീരെയില്ലാത്ത ഒരു പ്രദേശത്ത്‌ എത്തുന്നു. റേഡിയോയില്‍ തന്റെ തലയ്‌ക്ക്‌ ഇനാം പ്രഖ്യാപിക്കുന്ന വാര്‍ത്ത അയാള്‍ കേള്‍ക്കുന്നതോടെ പരിഭ്രാന്തനാകുന്നു. വേട്ടനായെ പോലെ തന്നെ തിരയുന്ന പ്രതിപക്ഷ പോരാളികളുടെ ഹെലികോപ്‌ടര്‍ തലക്കു മുകളിലൂടെ വട്ടം ചുറ്റുമ്പോള്‍ അയാളും പേരക്കുട്ടിയും ആട്ടിടയരെ പോലെ അഭിനയിക്കുകയാണ്‌. അഭിനയം ഒറിജിനലാകാന്‍ ആട്ടിടയര്‍ പറയുന്നതുപോലെ 'ഹേയ്‌, ഹേയ്‌' എന്നു പറയാന്‍ പേരക്കുട്ടിയോട്‌ അയാള്‍ ആവശ്യപ്പെടുന്നുമുണ്ട്‌.

പാവപ്പെട്ട ഒരു ബാര്‍ബറെയും അയാളുടെ മകനെയും തോക്കിന്‍ മുനയില്‍ നിര്‍ത്തി അവര്‍ ധരിച്ചിരുന്ന വസ്‌ത്രം ഊരിവാങ്ങി ധരിച്ചുകൊണ്ടാണ്‌ പ്രസിഡന്റും പേരക്കുട്ടിയും ആത്മരക്ഷാര്‍ത്ഥം യാത്ര തുടങ്ങുന്നത്‌. മറ്റുള്ളവര്‍ തിരിച്ചറിയാതിരിക്കാന്‍ വേഷപ്രച്ഛന്നരായി തെരുവുഗായകരായി അഭിനയിച്ചുകൊണ്ടാണ്‌ അവരുടെ സഞ്ചാരം. അധികാര നഷ്‌ടവും മരണഭീതിയും ജീവിതാഭിവാഞ്ചയും ചേര്‍ന്ന്‌ ചോരമണക്കുന്ന സംഘര്‍ഷഭരിതമായ ഒരു കലാപഭൂമിയായി മാറുകയാണ്‌ പിന്നീടുള്ള അയാളുടെ അതിജീവനത്തിന്റെ ഓരോ നിമിഷവും.

ക്‌ളേശഭരിതമായ പലായനവഴികളിലൂടെ കടന്നു പോകുമ്പോള്‍ ഈ കളി തനിക്കു മടുത്തുവെന്ന്‌ കുട്ടി ഇടയ്‌ക്കിടെ പറയുന്നുണ്ട്‌. വഴിയിലൊരിടത്ത്‌ മലവിസര്‍ജനം നടത്തിയ ശേഷം ശൗചം ചെയ്‌തു കൊടുക്കാന്‍ പേരക്കുട്ടി മുത്തച്ഛനായ പ്രസിഡന്‌റിനോട്‌ കുട്ടി പറയുന്നുണ്ട്‌. സ്വയം ചെയ്യാനായിരുന്നു അയാളുടെ നിര്‍ദേശം. താനിതുവരെ സ്വന്തമായി കഴുകിയിട്ടില്ലെന്ന്‌ പേരക്കുട്ടി പറയുമ്പോള്‍ `ഞാനും' എന്നാണ്‌ പ്രസിഡന്റ്‌ തന്റെ പേരക്കുട്ടിയോട്‌ പറയുന്നത്‌. മലമൂത്ര വിസര്‍ജന ശേഷം സ്വയം ശൗചം ചെയ്യാതെ അക്കാര്യങ്ങള്‍ പോലും മറ്റുളളവരെ നിയോഗിച്ച്‌ ചെയ്‌തുവന്നിരുന്ന അയാളുടെ ഹീനമായ അധികാര ലഹരിയാണ്‌ ഈ വാക്കുകളിലൂടെ പ്രേക്ഷകനു മുന്നിലെത്തിയത്‌.

അധികാരത്തിന്റെ രഥചക്രങ്ങള്‍ക്കു കീഴില്‍ ഒരു ജനതയെ താന്‍ എങ്ങനെയെല്ലാം ചവിട്ടിയരിച്ചുവെന്ന പല തിരിച്ചറിവുകളും ഇടിമുഴക്കങ്ങള്‍ക്കു സമാനമായ ആഘാതങ്ങള്‍ പോലെ യാത്രയിലൂടനീളം അയാള്‍ക്ക്‌ നേരിടേണ്ടി വരുന്നു. ഗ്രാമീണരുടെയും വേശ്യയുടെയും വാക്കുകളില്‍ നിന്നാണ്‌ അയാള്‍ അത്‌ മനസിലാക്കുന്നത്‌. അക്രമവും പിടിച്ചുപറയും ലൈംഗികാക്രമണങ്ങളും അയാള്‍ നേരില്‍ കാണുന്നു. വിവാഹസംഘം സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞുനിര്‍ത്തി അതിലെ വധുവിനെ സൈനികരിലൊരാള്‍ ബലാത്സംഗം ചെയ്യുന്നതിന്‌ അയാള്‍ക്ക്‌ നിശബ്‌ദം സാക്ഷിയാകേണ്ടി വരുന്നു. രക്ഷപെടാന്‍ വേണ്ടി വേശ്യാഗൃഹത്തില്‍അഭയം പ്രാപിച്ച അയാള്‍ പണ്ടൊരിക്കല്‍ താനും അവള്‍ക്കൊപ്പം ശയിച്ചിട്ടുണ്ടെന്നു മനസിലാക്കുമ്പോള്‍ തന്നെ തിരിച്ചറിയാതിരുന്ന അവളോട്‌ താനാരാണെന്നു വ്യക്തമാക്കുന്നു.

പ്രതിപക്ഷ പോരാളികള്‍ അവിടെയും തിരച്ചിലിനായി എത്തുന്നതോടെ അയാള്‍ കുട്ടിയേയും കൊണ്ട്‌ രക്ഷപെടുകയാണ്‌. എന്നാല്‍ ചില്ലിക്കാശു പോലും കൈയിലില്ലാത്ത അയാള്‍ അവളോട്‌ പണം തന്നു സഹായിക്കണമെന്നു പറഞ്ഞ്‌ അവള്‍ക്ക്‌ നേരെ കൈനീട്ടുന്നുണ്ട്‌. പക്ഷേ അപ്പോഴും ഏതൊരു ക്രൂരനായ സ്വേച്ഛാധിപതിയേയും പോലെ താന്‍ വീണ്ടും അധികാരത്തില്‍ തിരികെയെത്തുമെന്ന്‌ പ്രതീക്ഷിച്ച്‌ അവള്‍ക്ക്‌ ധാരാളം പണം വാഗ്‌ദാനം ചെയ്യുന്നുമുണ്ട്‌ അയാള്‍. പിന്നീട്‌ പട്ടാളക്കാരുടെ വെടിയേറ്റു മരിച്ചു വീണ പെണ്‍കുട്ടിയുടെ പാവാടയും സ്‌ക്രാഫും മോഷ്‌ടിച്ചെടുത്ത്‌ അത്‌ തന്റെ പേരക്കുട്ടിയെ ധരിപ്പിച്ച്‌ അവനെ ഒരു പെണ്‍കുട്ടിയെന്ന പോലെ കൂടെക്കൂട്ടി അയാള്‍ വീണ്ടും യാത്രയാകുന്നു.

ജീവനോടെ പ്രസിഡന്റിനെ പിടിച്ചുകൊടുക്കുന്നവര്‍ക്ക്‌ നല്‍കുന്ന സമ്മാനത്തുക ഓരോ മണിക്കൂറുകള്‍ക്ക്‌ ശേഷവും വര്‍ദ്ധിപ്പിക്കുന്നതായുളള റേഡിയോ വാര്‍ത്ത കേള്‍ക്കുമ്പോള്‍ അയാള്‍ കഴിയുന്നത്ര മറ്റുളളവര്‍ക്ക്‌ അപരിചിതനാകാന്‍ ശ്രമിക്കുകയാണ്‌. രക്ഷപെടാന്‍ വേണ്ടി കടല്‍ക്കരയിലെത്തുന്ന അയാള്‍ മണ്ണില്‍ തന്റെ കൊട്ടാരം പണിതുയര്‍ത്തുന്നു. എന്നാല്‍ അവിടെ വച്ച്‌ അയാളും പേരക്കുട്ടിയും പിടിക്കപ്പെടുകയാണ്‌. അയാളുടെ ചോരക്കായി അടിച്ചമര്‍ത്തപ്പെട്ട ജനത ആര്‍ത്തുവിളിക്കുന്നു. ഒടുവില്‍ അയാളെ തൂക്കിക്കൊല്ലാന്‍ വിധിക്കുമ്പോള്‍ ഇയാള്‍ മൂലം ഏകമകനെ നഷ്‌ടമായ ഒരമ്മ പ്രസിഡന്റിന്‌ അത്ര വേഗം മരണം സാധ്യമാക്കരുതെന്നു പറയുന്നു. മകനെ നഷ്‌ടമായപ്പോള്‍ താന്‍ അനുഭവിച്ച വേദന അയാളും അറിയണം. അതിന്‌ പേരക്കുട്ടിയെ ആദ്യം തൂക്കിലേറ്റണം.

എന്തിനും തയ്യാറായി നിന്ന പ്രക്ഷോഭകാരികള്‍ പേരക്കുട്ടിയുടെ കഴുത്തില്‍ കൊലക്കയറിട്ടു. അയാളെ പച്ചയോടെ കത്തിക്കാന്‍ തീക്കുണ്‌ഡവും വെട്ടിനുറുക്കാന്‍ മഴുവും തയ്യാറായി. അതിനിടയിലാണ്‌ വിവേകിയാ ഒരാള്‍ ആ ജനക്കൂട്ടത്തെ തിരുത്തുന്നത്‌. സ്വേച്ഛാധിപതിയായ ഇയാളെ കൊല്ലുന്നതിലൂടെ നമ്മളും അതേ ഹീനകൃത്യം തന്നെ ആവര്‍ത്തിക്കുകയാണ്‌ ചെയ്യുന്നത്‌. അത്‌ വീണ്ടും ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും. അയാളെ കൊല്ലുകയല്ല വേണ്ടതെന്ന്‌ ആ മനുഷ്യന്‍ വിളിച്ചു പറയുന്നു. പ്രസിഡന്റിനെ കൊല്ലുകയല്ല, ജനാധിപത്യത്തിനായി എല്ലാവരും ചേര്‍ന്ന്‌ നൃത്തം ചവിട്ടട്ടെ എന്നാണ്‌ ആ മനുഷ്യന്‍ വിളിച്ചു പറയുന്നത്‌.

ആക്രമണകാരികളായ പ്രക്ഷോഭകര്‍ അത്‌ ശരി വച്ച്‌ അയാളെയും പേരക്കുട്ടിയേയും മോചിതരാക്കുന്നു. രാജകൊട്ടാരത്തില്‍ തന്റെ കളിക്കൂട്ടുകാരിയായ മരിയക്കൊപ്പം നൃത്തച്ചുവടുകള്‍ വച്ചുല്ലസിക്കുന്നതു പോലെ കടല്‍ക്കരയില്‍ തിരകളുടെ താളത്തിനൊപ്പിച്ച്‌ ജനാധിപത്യത്തിനു വേണ്ടി പേരക്കുട്ടി നൃത്തം വയ്‌ക്കുന്നു. ഒപ്പം കടല്‍ക്കരയില്‍ പ്രസിഡന്റ്‌ തീര്‍ത്ത അധികാരവാഴ്‌ചയുടെ കറുത്ത മണ്‍കൊട്ടാരം തിരയടിച്ചു തകരുന്ന ദൃശ്യത്തോടെ ചിത്രം അവസാനിക്കുന്നു.

പ്രമേയത്തെ കൂടുതല്‍ ശക്തമാക്കാന്‍ വിധത്തിലുള്ള ദൃശ്യസമ്പന്നത ചിത്രത്തിന്റെ ആദ്യാവസാനമുണ്ട്‌. ആത്മരക്ഷാര്‍ത്ഥമുളള പലായനത്തിനിടെ തോക്കിന്‍മുനയില്‍ ജീവനൊടുങ്ങുമെന്നുള്ള ഭീതി ഉള്ളിലൊളിപ്പിച്ച അതിജീവനം. വരണ്ട മണല്‍ ഭൂമിയും പാറക്കെട്ടുകളും കല്ലുകള്‍ നിറഞ്ഞ വഴികളും അയാളുടെ വര്‍ത്തമാനകാല ജീവിതത്തിന്റെ പരിച്ഛേദമായി മാറുന്ന തീവ്രമായ കാഴ്‌ചകളും ചിത്രത്തിലുണ്ട്‌.

ജനങ്ങളുടെ സ്വപ്‌നങ്ങളെ തകര്‍ത്ത്‌ സ്വേച്ഛാധിപത്യത്തിന്റെ ചില്ലുകൊട്ടാരങ്ങളില്‍ വാഴുന്നവര്‍ക്കെതിരേയുള്ള ഏറ്റവും നിഷ്‌പക്ഷമായ ചലച്ചിത്ര വിചാരണയായി മാറുകയാണ്‌ മക്‌മല്‍ബഫിന്റെ ഈ ചിത്രം.

ദി പ്രസിഡന്റ്‌: അധികാരത്തിനും മരണത്തിനുമിടയിലെ അതിജീവനം (ആശ എസ്‌. പണിക്കര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക