Image

പരമ്പരാഗത സങ്കല്‌പങ്ങള്‍ക്കപ്പുറം പ്രവര്‍ത്തിക്കാന്‍ ഇഷ്ടം: മാര്‍ക്കോ ബലോക്കിയോ (ആശ എസ്‌. പണിക്കര്‍)

Published on 13 December, 2014
പരമ്പരാഗത സങ്കല്‌പങ്ങള്‍ക്കപ്പുറം പ്രവര്‍ത്തിക്കാന്‍ ഇഷ്ടം: മാര്‍ക്കോ ബലോക്കിയോ (ആശ എസ്‌. പണിക്കര്‍)
സംസ്‌കാരത്തെയും മൂല്യത്തെയും കുറിച്ചുള്ള പരമ്പരാഗത സങ്കല്‌പങ്ങള്‍ക്കപ്പുറം നില്‍ക്കുന്ന പ്രമേയങ്ങള്‍ അവതരിപ്പിക്കാനാണ്‌ തന്റെ സിനിമയിലൂടെ ശ്രമിച്ചതെന്ന്‌ വിഖ്യാത ഇറ്റാലിയന്‍ സംവിധായകന്‍ മാര്‍ക്കോ ബലോക്കിയോ പറഞ്ഞു. ചലച്ചിത്രമേളയോടനുബന്ധിച്ച്‌ ഹോട്ടല്‍ ഹൈസെന്തില്‍ നടന്ന പ്രസ്‌ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇറ്റലിയിലെ സംഗീതം, സിനിമ, നാടകം തുടങ്ങിയ കലകളെല്ലാം ഇടതുപക്ഷ ചിന്താധാരകളുമായി ചേര്‍ന്നു നില്‍ക്കുന്നതാണ്‌. ഇത്തരം ചിന്തകള്‍ തന്റെ സിനിമയെ സ്വാധീനിച്ചിട്ടുണ്ടെങ്കിലും താനൊരു മുഴുനീള രാഷ്‌ട്രീയ പ്രവര്‍ത്തകനല്ല. വ്യത്യസ്‌തമായ ചിന്താഗതികളുമായി പ്രവര്‍ത്തിക്കാന്‍ ഇഷ്‌ടപ്പെട്ടു. 1979 ല്‍ നടന്ന ഇറ്റലിയിലെ മാവോയിസ്റ്റ്‌ മുന്നേറ്റങ്ങളില്‍ പങ്കാളിയായിരുന്നു. ആക്രമണോത്സുകമല്ലാത്ത മാവോയിസമാണ്‌ അന്ന്‌ ഇറ്റലിയിലുണ്ടായിരുന്നത്‌. അതില്‍ പങ്കാളികളായ ചെറുപ്പക്കാരില്‍ സ്വതന്ത്ര ചിന്തകള്‍ രൂപപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മേളയിലെ സമഗ്രസംഭാവനയ്‌ക്കുള്ള പുരസ്‌കാര ജേതാവാണ്‌ മാര്‍ക്കോ ബലോക്കിയോ.

പലസ്‌തീന്‍ ജനജീവിതത്തിന്റെ യഥാര്‍ഥ മുഖമാണ്‌ മേളയിലെ ഉദ്‌ഘാടന ചിത്രമായ `ഡാന്‍സിങ്‌ അറബ്‌സ്‌' ലൂടെ അവതരിപ്പിക്കപ്പെട്ടതെന്ന്‌ ചിത്രത്തിലെ നായക നടനായ തൗഫിക്‌ ബര്‍ഹാം അഭിപ്രായപ്പെട്ടു. ചിത്രത്തിലെ ഇയാദ്‌ എന്ന കഥാപാത്രം തന്റെ ആത്മകഥാംശമുള്ളതാണ്‌. സ്വന്തം സ്വത്വമുപേക്ഷിച്ച്‌ വിശാല ചിന്തകളിലേക്ക്‌ കടന്നതുകൊണ്ടാണ്‌ തനിക്ക്‌ പ്രതിപക്ഷത്തുനിന്നുപോലും അംഗീകാരം ലഭിച്ചത്‌. ചിന്തകള്‍ക്ക്‌ രാഷ്‌ട്രങ്ങളുടെ മതില്‍ക്കെട്ടുകള്‍ തകര്‍ക്കാനുള്ള ശക്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നല്ല സിനിമകള്‍ക്ക്‌ സംഗീതം വേണ്ട: ഹുസൈന്‍ ഷഹാബി

മികച്ച തിരക്കഥയിലും സംവിധാനത്തിലും പിറക്കുന്ന സിനിമകള്‍ക്ക്‌ സംഗീതം അനാവശ്യ അലങ്കാരമാണെന്ന്‌ ഇറാനിയന്‍ സംവിധായകന്‍ ഹുസൈന്‍ ഷഹാബി പറഞ്ഞു. മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന `ദി ബ്രൈറ്റ്‌ ഡേ' എന്ന ചിത്രത്തിന്റെ സംവിധായകനാണ്‌ അദ്ദേഹം. ചലച്ചിത്രമേളയുടെ ഭാഗമായി സംഘടിപ്പിച്ച മീറ്റ്‌ ദി ഡയറക്ടര്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ടെഹറാന്‍ യൂണിവേഴ്‌സിറ്റിയിലെ പഠനകാലത്ത്‌ താന്‍ സംഗീതം അഭ്യസിച്ചുവെങ്കിലും സ്വന്തം സിനിമകളില്‍ സംഗീതം ഉപയോഗിക്കാറില്ല. മിക്ക ഇറാന്‍ സിനിമകളും സാമൂഹ്യ പ്രശ്‌നങ്ങളെയാണ്‌ വരച്ചുകാട്ടുന്നത്‌. തന്റെ സിനിമയും വ്യത്യസ്‌തമല്ല. സംഗീതമില്ലാതെ മികവോടെ ജീവിതത്തിന്റെ നാനാ വശങ്ങള്‍ ആവിഷ്‌കരിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

നൂറോളം പേര്‍ ചേര്‍ന്നാണ്‌ തന്റെ ചിത്രം നിര്‍മ്മിച്ചതെന്ന്‌ ഒരാള്‍പ്പൊക്കം എന്ന ചിത്രത്തിന്റെ സംവിധായകന്‍ സനല്‍ കുമാര്‍ പരിപാടിയില്‍ പറഞ്ഞു. ജനപങ്കാളിത്തത്തിലൂടെ പണം കണ്ടെത്തി ചിത്രം നിര്‍മിച്ചു. ഗോവ അന്താരാഷ്‌ട്ര ചലച്ചിത്രമേളയിലെ പനോരമവിഭാഗത്തിലേക്കുള്ള സിനിമകളുടെ തെരഞ്ഞെടുപ്പ്‌ നിരാശാജനകമാണെന്ന്‌ ചോദ്യങ്ങള്‍ക്ക്‌ മറുപടിയായി അദ്ദേഹം പറഞ്ഞു. ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നതിലൂടെ ലഭിക്കുന്ന തുക അര്‍ഹരായവര്‍ക്ക്‌ ലഭിച്ചാല്‍ വലിയ പ്രോത്സാഹനമായി മാറും. സിനിമാ നിരൂപകന്‍ സൈബാള്‍ ചാറ്റര്‍ജി, സംവിധായകന്‍ ബാലു കിരിയത്ത്‌, നടന്‍ പ്രകാശ്‌ ബാരെ എന്നിവര്‍ പങ്കെടുത്തു.

സ്റ്റാന്‍ ബ്രാക്കേജിന്റെ ചിത്രങ്ങള്‍ കാഴ്‌ചയുടെ പാഠപുസ്‌തകം

മുന്‍വിധികളില്ലാത്ത കാഴ്‌ചയുടെ പാഠപുസ്‌തകമാണ്‌ സ്റ്റാന്‍ ബ്രാക്കേജിന്റെ ചിത്രങ്ങളെന്ന്‌ കൊളോറാഡെ യൂണിവേഴ്‌സിറ്റി പ്രൊഫസറും സംവിധായകനുമായ സുരഞ്‌ജന്‍ ഗാംഗുലി പറഞ്ഞു. മേളയോടനുബന്ധിച്ച്‌ ഹൈസെന്തില്‍ നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ കാഴ്‌ചയും നാം വിലയിരുത്തുന്നത്‌ മുന്‍ധാരണകളുടെ അടിസ്ഥാനത്തിലാണ്‌. ഇതില്‍ നിന്ന്‌ വ്യത്യസ്‌തമായി സാധാരണ കാഴ്‌ചകള്‍ വ്യത്യസ്‌ത കോണിലൂടെ കണ്ട്‌ സൗന്ദര്യം അറിയാന്‍ കഴിയുന്നതെങ്ങനെയെന്നാണ്‌ സ്റ്റാന്‍ ബ്രാക്കേജ്‌ അദ്ദേഹത്തിന്റെ ചിത്രങ്ങളിലൂടെ കാണിച്ചത്‌.

സ്റ്റാന്‍ ബ്രാക്കേജിന്റെ ഹ്രസ്വചിത്രങ്ങളായ `ക്രാഡില്‍ ക്യാറ്റ്‌', `ഐ ഡ്രീമിങ്‌' തുടങ്ങിയവ സെമിനാറിനു ശേഷം പ്രദര്‍ശിപ്പിച്ചു. നൈസര്‍ഗികമായ ദൃശ്യങ്ങളുടെ സൗന്ദര്യത്തെയാണ്‌ ബ്രാക്കേജ്‌ തന്റെ ചിത്രങ്ങളിലൂടെ ആവിഷ്‌കരിച്ചത്‌. അടൂര്‍ ഗോപാലകൃഷ്‌ണന്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുത്തു.

സുരക്ഷയൊരുക്കാന്‍ സ്വകാര്യ സെക്യൂരിറ്റി ജീവനക്കാരും

ചലച്ചിത്രമേളയ്‌ക്ക്‌ സുരക്ഷയൊരുക്കാന്‍ സ്വകാര്യ സെക്യൂരിറ്റി ജീവനക്കാരും പ്രവര്‍ത്തിക്കും. അമ്പതോളം ജീവനക്കാരെ ഡെലിഗേറ്റ്‌ സെല്‍ പ്രവര്‍ത്തിക്കുന്ന ടാഗോര്‍ തിയേറ്റര്‍ അടക്കം ആറിടങ്ങളിലായി നിയോഗിച്ചു. അതേസമയം പൊലീസും ശക്തമായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്‌. തിയേറ്ററുകളില്‍ പൊലീസിന്റെ പ്രത്യേക ഹെല്‍പ്പ്‌ ഡസ്‌ക്‌, അടിയന്തിര സാഹചര്യങ്ങള്‍ നേരിടുന്നതിനുള്ള സംവിധാനങ്ങള്‍ തുടങ്ങിയവയെല്ലാം സജ്ജമാണ്‌.

പങ്കാളിത്തം കൊണ്ട്‌ ശ്രദ്ധേയം; ആവേശത്തോടെ രണ്ടാം ദിനം

പത്തൊമ്പതാമത്‌ രാജ്യാന്തര ചലച്ചിത്രമേളയുടെ രണ്ടാംദിനം പ്രേക്ഷക പങ്കാളിത്തം കൊണ്ട്‌ ശ്രദ്ധേയമായി. സിനിമ കാണാന്‍ റിസര്‍വ്വേഷന്‍ വേണമെന്ന വ്യവസ്ഥ രാവിലെ തന്നെ പിന്‍വലിച്ചതോടെ തിയേറ്ററുകളിലേക്ക്‌ ഡെലിഗേറ്റുകളുടെ ഒഴുക്കായി. രാവിലെ മുതല്‍ ആഘോഷത്തിന്റെ അന്തരീക്ഷം. ക്യൂ നിന്ന്‌ ആദ്യം കയറിയവര്‍ക്ക്‌ സീറ്റു കിട്ടി. ഹൗസ്‌ഫുള്ളായ ശേഷം തിയേറ്ററിനുള്ളില്‍ നിന്ന്‌ കാണാനും ധാരാളം പേരുണ്ടായി. ഇന്നലെ 10 തിയേറ്ററുകളിലായി 48 ചിത്രങ്ങളാണ്‌ പ്രദര്‍ശിപ്പിച്ചത്‌. മീറ്റ്‌ ദ ഡയറക്‌ടര്‍ പരിപാടിയും മലയാളം മാര്‍ക്കറ്റ്‌ ചര്‍ച്ചയും തിരശ്ശീലയ്‌ക്ക്‌ പുറത്തെ പരിപാടികളിലെ മികച്ച തുടക്കങ്ങളായി. വൈകുന്നേരത്തോടെ കൈരളി തിയേറ്ററിനു മുന്നില്‍ കലാകാരന്മാര്‍ അവതരിപ്പിച്ച പാട്ടും ഡാന്‍സുമെല്ലാം മേളയ്‌ക്കെത്തിയവര്‍ക്ക്‌ കൗതുകമായി. മിക്ക ചിത്രങ്ങളും തനത്‌ ആവിഷ്‌കാരത്തിലൂടെ ശ്രദ്ധനേടി. രാത്രി വൈകി പ്രദര്‍ശിപ്പിച്ച ചിത്രങ്ങള്‍ കാണാനും തിരക്കു തന്നെ. നേരത്തയുള്ള ഷെഡ്യൂളില്‍ നിന്ന്‌ വ്യത്യസ്‌തമായി രാവിലെ ശ്രീ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കാനിരുന്ന ഫീല്‍ഡ്‌ ഓഫ്‌ ഡോഗ്‌ ന്യൂതിയേറ്ററിലും ന്യൂതിയേറ്ററില്‍ പ്രദര്‍ശിപ്പിക്കാനിരുന്ന ദ ട്രീ, ശ്രീ തിയേറ്ററിലും പ്രദര്‍ശിപ്പിച്ചു.

വൈവിധ്യങ്ങളുടെ അക്ഷയപാത്രമായ ലോകസിനിമാവിഭാഗത്തില്‍ 28 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. 10 തിയേറ്ററുകള്‍ക്കു പുറമെ നിശാഗന്ധിയില്‍ ലോകസിനിമാ വിഭാഗത്തിലെ `ദി പ്രസിഡന്റും' പ്രദര്‍ശിപ്പിച്ചു. ധൂര്‍ത്ത്‌ നിറഞ്ഞ ഭരണത്തില്‍ നിന്നും നിഷ്‌കാസിതനാകുന്ന ഭരണാധികാരിയുടെ പതനകഥ പ റഞ്ഞ ചിത്രം നല്ല അഭിപ്രായം നേടി. നൂറാം വാര്‍ഷികം ആഘോഷിക്കുന്ന തുര്‍ക്കി സിനിമാലോകത്തുനിന്നുള്ള `കം ടു മൈ വോയ്‌സ്‌', `യോസ്‌ഗാത്‌ ബ്ലൂസ്‌' എന്നീ ചിത്രങ്ങള്‍ കണ്‍ട്രി ഫോക്കസ്‌ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചു. ചൈനീസ്‌ പാക്കേജില്‍ ചക്‌മെ റിംപോച്ചെ സംവിധാനം ചെയ്‌ത `അത' ശ്രദ്ധേയമായി. ബുദ്ധജീവിതത്തിന്റെ ഉള്‍ക്കാഴ്‌ചയും സിനിമയുടെ സാങ്കേതികതയും ഒത്തുചേര്‍ന്ന ചിത്രമായിരുന്നു `അത'. മലയാളം സിനിമ ഇന്ന്‌ വിഭാഗത്തില്‍ സനല്‍കുമാര്‍ ശശിധരന്റെ `ഒരാള്‍ പൊക്കം' ശ്രദ്ധേയമായി. ജൂറി ചെയര്‍മാന്‍ ഷി ഫെയുടെ `എ ഗേള്‍ ഫ്രം ഹുനാന്‍', `ബ്ലാക്‌ സ്‌നൊ' എന്നീ ചിത്രങ്ങള്‍, കണ്ടംപററിമാസ്റ്റര്‍ വിഭാഗത്തില്‍ ജാപ്പനീസ്‌ സംവിധായിക നവോമി കവാസെ, ജനനം കൊണ്ട്‌ ഇസ്രേലിയാണെങ്കിലും സ്വയം പാലസ്‌തീനിയെന്ന്‌ വിശേഷിപ്പിച്ച ഹണി അബു ആസാദ്‌ എന്നിവരുടെ ചിത്രങ്ങള്‍ മികച്ച ദൃശ്യ വിരുന്നായി. വിഭജനത്തിന്റെ മുറിപ്പാടുകളെക്കുറിച്ച്‌ പറഞ്ഞ ഹണി അബു ആസാദിന്റെ `ഒമര്‍' പ്രതീക്ഷ നിലനിര്‍ത്തി.

ഫ്രഞ്ച്‌ പാക്കേജില്‍ `ദി നണ്‍' തിങ്ങിനിറഞ്ഞ സദസ്സിലാണ്‌ പ്രദര്‍ശിപ്പിച്ചത്‌. അടിച്ചേല്‍പ്പിക്കുന്ന മതമൂല്യങ്ങളെ എതിര്‍ക്കുന്ന ചിത്രം കന്യാസ്‌ത്രീ മഠങ്ങളുടെ മനുഷ്യത്യ രഹിതമായ വശങ്ങള്‍ തുറന്നുകാട്ടി. സംഗീതത്തിന്റെ ലോകത്തേക്ക്‌ ചിറകടിച്ചുയരാന്‍ ആഗ്രഹിക്കുന്ന സുസൈനെ സാഹചര്യങ്ങള്‍ കന്യാസ്‌ത്രീയുടെ കുപ്പായത്തിലാണ്‌ എത്തിക്കുന്നത്‌. അടക്കാനാകാത്ത സ്വാതന്ത്ര്യമോഹവും അടിച്ചേല്‍പ്പിക്കപ്പെടുന്ന മൂല്യങ്ങളും പ്രക്ഷുബ്‌ധമായ അന്തരീക്ഷവും സൃഷ്ടിക്കുന്നു. വ്യക്തിത്വത്തെ ചവിട്ടിമെതിക്കുന്ന സംവിധാനങ്ങളുടെ കൈകളിലെത്തപ്പെടുന്ന യുവതികളുടെ വിധിയാണ്‌ ചിത്രത്തിലൂടെ ഗില്ലാമെ നിക്ലോ പറയുന്നത്‌.

ഹാസ്യത്തിലൂടെ ചരിത്രം സൃഷ്ടിച്ച ബസ്റ്റര്‍ കീറ്റണിന്റെ `ദി ജനറല്‍', ശബ്‌ദ സിനിമകളുടെ വക്താവ്‌ മിക്കലോസ്‌ ജാക്‌സൊയുടെ `ദി റൗണ്ട്‌ അപ്പ്‌' എന്നിവ റെട്രോസ്‌പെക്‌ടീവ്‌ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചു ശ്രദ്ധേയമായി. ഇന്ത്യന്‍ സിനിമ ഇന്ന്‌ വിഭാഗത്തില്‍ `മിത്ത്‌ ഓഫ്‌ ക്ലിയോപാട്ര', `ബ്ലമിഷ്‌ഡ്‌ ലൈറ്റ്‌' എന്നിവയും പ്രദര്‍ശിപ്പിച്ചു.


മാധ്യമ-ചലച്ചിത്ര വിദ്യാര്‍ഥികള്‍ക്ക്‌ സൗജന്യ ഭക്ഷണം

19 ാമത്‌ കേരള രാജ്യാന്തരചലച്ചിത്രമേളയോടനുബന്ധിച്ച്‌ കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ്‌ അസോസിയേഷന്‍ മാധ്യമ-ചലച്ചിത്ര വിദ്യാര്‍ഥികള്‍ക്കായി സൗജന്യ ഉച്ചഭക്ഷണം വിതരണം ചെയ്യുന്നു. ഇതിന്റെ ഉദ്‌ഘാടനം ഇന്നലെ ഉച്ചയ്‌ക്ക്‌ ചലച്ചിത്ര അക്കാദമി ചെയമാന്‍ ടി. രാജീവ്‌ നാഥ്‌ നിര്‍വഹിച്ചു. മേളയിലെത്തുന്ന വിദ്യാര്‍ഥികള്‍ക്ക്‌ എല്ലാ ദിവസവും ഉച്ചയ്‌ക്ക്‌ കൈരളി തിയേറ്ററിന്റെ മുന്‍വശത്തുള്ള ഫിലിം പ്രൊഡ്യൂസേഴ്‌സ്‌ അസോസിയേഷന്റെ സ്റ്റാളിലാണ്‌ ഭക്ഷണപ്പൊതി നല്‍കുന്നത്‌. കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ ജി. സുരേഷ്‌ കുമാര്‍, സെക്രട്ടറി എം. രഞ്‌ജിത്‌, മേനക സുരേഷ്‌, ഭാഗ്യലക്ഷ്‌മി, മണിയന്‍പിള്ള രാജു, ഇടവേള ബാബു തുടങ്ങിയവര്‍ സംബന്ധിച്ചു.

ചുംബന സമരക്കാര്‍ എത്തി: ചാനല്‍ കാമറകള്‍ മാറിയതോടെ സമരവും തീര്‍ന്നു

തിരുവനന്തപുരം: ചലച്ചിത്രോത്സവ വേദിയില്‍ ചുംബന സമരക്കാര്‍ പ്രതിഷേധവുമായി എത്തിയത്‌ ഏറെ നേരം സംഘര്‍ഷാവസ്ഥ സൃഷ്‌ടിച്ചു. സദാചാര ഫാസിസ്റ്റുകള്‍ക്കെതിരേ പ്രതിഷേധവുമായി ചുംബിക്കാനെത്തിയവര്‍ പ്രകോപനപരമായ മുദ്രാവാക്യം വിളികളുമായി കൈരളി തിയേറ്ററിനു മുന്നില്‍ നിലയുറപ്പിച്ചത്‌ മേളയുടെ നിറം കെടുത്തി. മാന്യമായ രീതിയില്‍ പ്രതിഷേധം നടത്തി പിരിഞ്ഞുപോകാന്‍ സമരക്കാരോട്‌ പോലീസ്‌ ആവശ്യപ്പെട്ടെങ്കിലും പ്രതിഷേധക്കാര്‍ കൂട്ടാക്കിയില്ല. ഉച്ചക്ക്‌ ഒരു മണിയോടെ സംഘടിച്ചെത്തിയ പത്തോളം പ്രവര്‍ത്തകര്‍ പരസ്‌പരം ചുംബിക്കുകയും പ്‌ളാക്കാര്‍ഡ്‌ ഉയര്‍ത്തി പ്രതിഷേധിക്കുകയും ചെയ്‌തു.

ചാനല്‍ കാമറകള്‍ വളഞ്ഞതോടെ ആവേശത്തിലായ പ്രതിഷേധക്കാര്‍ മാധ്യമശ്രദ്ധ നേടാന്‍ വേണ്ടി പ്രധാന കവാടത്തില്‍ നിലയുറപ്പിച്ചത്‌ പോലീസിനും സിനിമ കാണാനെത്തിയവര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കി. മറ്റ്‌ ഡെലിഗേറ്റ്‌സിന്റെ മുഖത്തു നോക്കി പ്രകോപനപരമായ മുദ്രാവാക്യം വിളി തുടര്‍ന്നതോടെ അവര്‍ ഫ്രൂട്ടി കുപ്പിയും കവറും വലിച്ചെറിഞ്ഞു. ഇതോടെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായി. ഒടുവില്‍ ബലപ്രയോഗം നടത്തേണ്ട സ്ഥിതിയെത്തിയെങ്കിലും പോലീസ്‌ സംയമനം പാലിച്ച്‌ സമരക്കാരെ പറഞ്ഞയക്കാന്‍ ശ്രമിച്ചു. പോലീസിന്റെയും മറ്റ്‌ ഡെലിഗേറ്റ്‌സിന്റെയും അഭ്യര്‍ത്ഥന നിരസിച്ചതോടെ മാധ്യമങ്ങളോട്‌ പിന്‍വാങ്ങാന്‍ പോലീസും ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ ടി.രാജീവ്‌നാഥും അഭ്യര്‍ത്ഥിച്ചു. ചാനല്‍ കാമറകള്‍ മാറിയതോടെ സമരക്കാരുടെ വീര്യം തണുത്തുറഞ്ഞു മെല്ലെ പിന്‍വാങ്ങുകയായിരുന്നു.

ചാനല്‍ കാമറകള്‍ക്കു മുന്നില്‍ മാത്രം നടത്തുന്ന സമരത്തിന്റെ രാഷ്‌ട്രീയവും ഉദ്ദേശശുദ്ധിയും സിനിമാ പ്രേമികള്‍തിരിച്ചറിയണമെന്ന്‌ ഡെലിഗേറ്റ്‌സ്‌ ഫോറം ആവശ്യപ്പെട്ടു.
പരമ്പരാഗത സങ്കല്‌പങ്ങള്‍ക്കപ്പുറം പ്രവര്‍ത്തിക്കാന്‍ ഇഷ്ടം: മാര്‍ക്കോ ബലോക്കിയോ (ആശ എസ്‌. പണിക്കര്‍)പരമ്പരാഗത സങ്കല്‌പങ്ങള്‍ക്കപ്പുറം പ്രവര്‍ത്തിക്കാന്‍ ഇഷ്ടം: മാര്‍ക്കോ ബലോക്കിയോ (ആശ എസ്‌. പണിക്കര്‍)പരമ്പരാഗത സങ്കല്‌പങ്ങള്‍ക്കപ്പുറം പ്രവര്‍ത്തിക്കാന്‍ ഇഷ്ടം: മാര്‍ക്കോ ബലോക്കിയോ (ആശ എസ്‌. പണിക്കര്‍)പരമ്പരാഗത സങ്കല്‌പങ്ങള്‍ക്കപ്പുറം പ്രവര്‍ത്തിക്കാന്‍ ഇഷ്ടം: മാര്‍ക്കോ ബലോക്കിയോ (ആശ എസ്‌. പണിക്കര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക