Image

തൊള്ളായിരത്തി അറുപതുകളിലെ പ്രണയ കഥയുമായിഎത്തുന്നു 'എന്നു നിന്റെ മൊയ്തീന്‍'

Published on 15 December, 2014
തൊള്ളായിരത്തി അറുപതുകളിലെ പ്രണയ കഥയുമായിഎത്തുന്നു 'എന്നു നിന്റെ മൊയ്തീന്‍'

മൊയ്തീന്‍, കാഞ്ചനമാല. രണ്ടു വ്യത്യസ്ത മതവിശ്വാസത്തില്‍ കഴിയുന്ന ഇവര്‍ പ്രണയത്തിന്റെ ത്യാഗപൂര്‍ണമായ ജീവിതത്തിലേക്ക് ഹൃദയംകൊണ്ട് ഒരുമിക്കുന്നു. പക്ഷേ, ചുറ്റുപാടുകളും സാഹചര്യളും സമൂഹവും സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍ ഈ പ്രണയത്തിന് എതിരാണെങ്കിലും കാലത്തിനുപോലും വേര്‍പെടുത്താന്‍ കഴിയാത്ത വിധത്തില്‍ ഇരുവരും ഒരൊറ്റ മനസായി അലിഞ്ഞുകഴിഞ്ഞിരുന്നു. വിധിയുടെ വിളയാട്ടമെന്നു പറയട്ടെ ഒരിക്കലും ഒന്നിക്കാന്‍ ഈ കാമുകീകാമുകന്മാര്‍ക്ക് കഴിഞ്ഞില്ല. ഭൗതിക ജീവിതത്തില്‍നിന്നും വിടപറഞ്ഞ കാമുകന്‍ മൊയ്തീനുവേണ്ടി കാമുകിയായ കാഞ്ചന മനസിന്റെ പ്രണയപീഠത്തില്‍ മൊയ്തീനെ പ്രതിഷ്ഠിച്ച് പൂജിച്ചു ജീവിക്കുന്നു. വര്‍ഷങ്ങള്‍ കൊഴിയുന്നതുപോലും അവര്‍ അറിഞ്ഞിരുന്നില്ല. കാലങ്ങളെ മറികടന്ന് ഈ തീവ്രപ്രണയത്തെ ഒരു പ്രതീകമായി മറ്റുള്ളവര്‍ വിശേഷിപ്പിച്ച് അത്ഭുതപ്പെടുമ്പോള്‍ കാര്‍ത്തിക എല്ലാം ഒരു ചെറുപുഞ്ചിരിയില്‍ ഒതുക്കി തന്റെ കാമുകനുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ചിരിക്കുന്നു. അകറ്റിയ ദൈവത്തോടുപോലും പരാതി പറയാതെ.

മുസ്ലീമായ മൊയ്തീന്റെയും ഹിന്ദുവായ കാഞ്ചനയുടെയും പ്രണയം ആദ്യം വീട്ടില്‍ പ്രശ്‌നമാവുകയും പിന്നെ അതു സമൂഹത്തിലേക്കു വ്യാപിച്ച് പ്രതിസന്ധികള്‍ സൃഷ്ടിക്കുകയും ചെയ്യുന്നതോടെ അവര്‍ നേരിടുന്ന ദുരിതങ്ങളും തുടര്‍ന്ന് ഒരിക്കലും ഒന്നിക്കാന്‍ കഴിയാതെ പോവുകയും ചെയ്യുന്ന ഹൃദയസ്പര്‍ശിയായ മുഹൂര്‍ ത്തങ്ങളാണ് എന്നു നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തില്‍ 

തൊള്ളായിരത്തി അറുപതുകളില്‍ മനസില്‍ വിരിഞ്ഞ പ്രണയം, സ്വന്തം ജീവിതമാക്കി മാറ്റിയപ്പോള്‍ ചരിത്രത്തിന്റെ ഓര്‍മക്കുറിപ്പുകളില്‍ മാത്രം ഒതുങ്ങാതെ കാലത്തെ മറികടന്ന് മധുരവും സുഗന്ധവും പേറി ഏവരുടെയും ഹൃദയത്തെ സ്പര്‍ശിച്ചപ്പോള്‍ പുത്തന്‍ അനുഭവ വ്യാഖ്യാനങ്ങള്‍ സൃഷ്ടിക്കപ്പെട്ടു.

പത്രപ്രവര്‍ത്തകനും ഡോക്യുമെന്ററി സംവിധായകനുമായ ആര്‍.എസ്. വിമല്‍ ഇന്ന് ആ പ്രണയത്തിന് സത്യസന്ധമായ സുന്ദര ദൃശ്യാവിഷ്‌കാരം നല്കുന്നു. ഒരു കാലഘട്ടത്തിന്റെ ജീവിതസാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ ആര്‍.എസ് വിമല്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് എന്നു നിന്റെ മൊയ്തീന്‍.

ന്യൂട്ടന്‍ മൂവീസിന്റെ ബാനറില്‍ സുരേഷ് രാജ്, ബിനോയ് ശങ്കരത്ത് എന്നിവര്‍ ചേര്‍ന്നു നിര്‍മിക്കുന്ന എന്നു നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തില്‍ പൃഥ്വിരാജും പാര്‍വതി മേനോനും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ബാല, ടൊവിനോ തോമസ്, ശ്രീജിത് രവി, സായ്കുമാര്‍, ശശികുമാര്‍, സുധീഷ്, ശിവജി ഗുരുവായൂര്‍, കലിംഗ ശശി, സുബീഷ്, ലെന, വൈഗ, സിജാ റോസ്, ദേവി അജിത്, സ്‌നേഹരാജ്, ശില്പരാജ്, സുരഭി, കലാരഞ്ജിനി, സ്വാതി, അമീര്‍ സല്‍മാന്‍, കോഴിക്കോട് രമാദേവി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. 

ആര്‍.എസ്. വിമല്‍ ദൃശ്യവത്കരിക്കുന്നത്. ജോമോന്‍ ടി. ജോണ്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് രമേഷ് നാരായണന്‍, എം. ജയചന്ദ്രന്‍ എന്നിവര്‍ സംഗീതം പകരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക