Image

മാധ്യമ പുരസ്‌കാരത്തിന് അപേക്ഷിക്കാം; സിനിമ കാണാന്‍ മന്ത്രിമാരും

ആശ.എസ്.പണിക്കര്‍ Published on 16 December, 2014
മാധ്യമ പുരസ്‌കാരത്തിന് അപേക്ഷിക്കാം; സിനിമ കാണാന്‍ മന്ത്രിമാരും
തിരുവനന്തപുരം: പത്തൊമ്പതാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ മികച്ച റിപ്പോര്‍ട്ടിങ്ങിനുള്ള മാധ്യമ അവാര്‍ഡുകള്‍ക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. അച്ചടി-ദൃശ്യ-ശ്രവ്യ-ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പ്രതിനിധികള്‍ക്ക് അപേക്ഷയോടൊപ്പം എന്‍ട്രികള്‍ അയയ്ക്കാം. ഡിസംബര്‍ 17 ന് രാത്രി എട്ട് മണിക്കകം കൈരളി തിയേറ്ററില്‍ പ്രവര്‍ത്തിക്കുന്ന മീഡിയ സെല്ലില്‍ അപേക്ഷ എത്തിക്കണം. അച്ചടി മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകളുടെ അസ്സലും ദൃശ്യ-ശ്രവ്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടിന്റെ സിഡിയും ഓണ്‍ ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പും ലിങ്കും അടങ്ങുന്ന അപേക്ഷയാണ് സമര്‍പ്പിക്കേണ്ടത്. ഡിസംബര്‍ 19 ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ അവാര്‍ഡുകള്‍ വിതതരണം ചെയ്യും.

സിനിമ കാണാന്‍ മന്ത്രിമാരും


തിരുവനന്തപുരം: മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും വി.എസ്. ശിവകുമാറും ഇന്നലെ (ഡിസം.15) കൈരളി തിയറ്ററില്‍ സിനിമ കാണാനെത്തിയത് സിനിമാസ്വാദകരെ ആവേശത്തിലാക്കി. വൈകിട്ട് ആറ് മണിയോടെയാണ് ഇന്റര്‍നാഷണല്‍ മത്സര വിഭാഗത്തിലെ ഇന്ത്യന്‍ ചിത്രം 'ഊംഗ' കാണാനെത്തിയത്. പോരായ്മകളെല്ലാം പരിഹരിച്ച് മേള വിജയകരമായി മുന്നേറുകയാണെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ഏറ്റവും മികച്ച ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ ജനകീയ മേളയാണ് നമ്മുടേത്. ഉത്സവാന്തരീക്ഷമുള്ള മേളകളിലെല്ലാം തിക്കും തിരക്കും സ്വാഭാവികമാണെന്നും പ്രദര്‍ശനം കാണാനെത്തുന്നവര്‍ക്കെല്ലാം ആവുന്നത്ര സുരക്ഷയും സൗകര്യവും ഒരുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വി.ടി.ബല്‍റാം എം.എല്‍.എ, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ജി. സുരേഷ്‌കുമാര്‍ എന്നിവരും മന്ത്രിമാരോടൊപ്പം ഉണ്ടായിരുന്നു.

സാഹിത്യം സിനിമയാക്കുമ്പോള്‍
മനോവ്യാപാരങ്ങളുടെ അവതരണം വെല്ലുവിളി


തിരുവനന്തപുരം: സാഹിത്യരചനകളില്‍ നിന്ന്  ചലച്ചിത്രങ്ങള്‍ ഒരുക്കുമ്പോള്‍ കഥാപാത്രങ്ങളുടെ മാനസിക വ്യാപാരങ്ങള്‍ അവതരിപ്പിക്കുകയെന്നത് കനത്ത വെല്ലുവിളിയാണെന്ന് പ്രശസ്ത തിരക്കഥാകൃത്ത് അന്‍ജും രജബലി പറഞ്ഞു. തിരക്കഥാരചനയുടെ വിവിധ തലങ്ങളെക്കുറിച്ച് ഹൈസിന്ദില്‍ നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂലകൃതിയില്‍ നിന്ന് വ്യത്യസ്തമായി ഒരു പുതിയ സൃഷ്ടിതന്നെയാകണം തിരക്കഥകള്‍. ചലച്ചിത്രഭാഷയിലൂടെ പൂര്‍ണമായും അവതരിപ്പിക്കാനാകുന്നതുമാത്രമേ തിരക്കഥയില്‍ എഴുതാവൂ. വായനയും സിനിമകാണലും വ്യത്യസ്ത അനുഭവമായിരിക്കണം. സിനിമയുടെ എല്ലാ സാങ്കേതികവശങ്ങളും മനസ്സില്‍ കണ്ടാകണം തിരക്കഥാരചന. നല്ല സിനിമകളുടെ ആസ്വാദനത്തിന്  ഇടവേള തടസ്സമാണ്. - അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫെസ്റ്റിവല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഓണ്‍ട്രില്ല ഹസ്‌റ പ്രതാപ് സന്നിഹിതയായിരുന്നു.


ആശയങ്ങളെച്ചൊല്ലി മരണങ്ങള്‍ പാടില്ല: ബലോക്കിയോ

തിരുവനന്തപുരം: ഏത് ആശയങ്ങളുടെ പേരിലായാലും കൊല്ലുന്നതും കൊല്ലപ്പെടുന്നതും ദുഖകരമാണെന്ന്  പ്രശസ്ത ഇറ്റാലിയന്‍ സംവിധായകനും സമഗ്രസംഭാവനയ്ക്കുള്ള അവാര്‍ഡ് ജേതാവുമായ മാര്‍ക്കോ ബലോക്കിയോ പറഞ്ഞു. കൈരളിയില്‍  ചലച്ചിത്ര ചിന്തകന്‍ സുരേഷ് ചാബ്രിയയുമായുള്ള മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു ബലോക്കിയോ. അടിച്ചമര്‍ത്തലുകള്‍ക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ തന്റെ സിനിമകളിലൂടെ അവതരിപ്പിച്ചിട്ടുണ്ട്. ഒരു കാലത്ത് തനിക്ക് അക്രമാസക്തമല്ലാത്ത മാവോയിസത്തോട് അനുഭാവമുണ്ടായിരുന്നതായി ബലോക്കിയോ നേരത്തെ പ്രസ് മീറ്റില്‍ പറഞ്ഞിരുന്നു.

ആഘോഷഭരിതം നാലാം നാള്‍;
വണ്‍ ഓണ്‍ വണ്‍ കാണാന്‍ കനത്ത തിരക്ക്


തിരുവനന്തപുരം:  മേളയിലെ നാലാംനാളും നിറഞ്ഞ സദസിലാണ് ചിത്രങ്ങളെല്ലാം പ്രദര്‍ശിപ്പിച്ചത്. തുടക്കത്തിലുണ്ടായിരുന്ന പരാതികളും കനത്ത തിരക്കുമെല്ലാം മാറി ആദ്യമെത്തിയവര്‍ക്കെല്ലാം സീറ്റുകിട്ടി. ഇതിന് വിപരീതമായ രംഗങ്ങളുണ്ടായത് ന്യൂതിയേറ്ററിലാണ്. കിംകി ഡുക്കിന്റെ 'വണ്‍ ഓണ്‍ വണ്‍' എന്ന ചിത്രത്തിനാണ് അഭൂതപൂര്‍വ തിരക്ക് അനുഭവപ്പെട്ടത്. വൈകിട്ട് ആറരയ്ക്കുള്ള ഈ സിനിമയ്ക്കായി നാലുമണിക്കേ നീണ്ട ക്യൂ. ഒടുവില്‍ പരിഭവത്തോടെ സിനിമ കാണാനാകാതെ പലര്‍ക്കും മടങ്ങേണ്ടി വന്നു; ഇനി മൂന്ന് പ്രദര്‍ശനങ്ങള്‍ കൂടി ബാക്കിയുണ്ടെന്ന ആശ്വാസത്തോടെ. കലാകാരന്മാര്‍ അവതരിപ്പിച്ച തെരുവ് നാടകങ്ങളും പാട്ടുമെല്ലാം സിനിമകാണാനെത്തിയവര്‍ക്ക് കൗതുകക്കാഴ്ചകളുമായി. മേളയിലൊട്ടാകെ ഒന്‍പത് വിഭാഗങ്ങളിലായി  പ്രദര്‍ശിപ്പിച്ചത് 47 ചിത്രങ്ങള്‍.

തിയേറ്ററിന് പുറത്തുള്ള പരിപാടികളും സജീവമായിരുന്നു. പതിവുപരിപാടികളായ മലയാളം ഫിലിം മാര്‍ക്കറ്റ്, പ്രസ്മീറ്റ്, സെമിനാര്‍ എന്നിവ ഉയര്‍ന്ന നിലവാരം പുലര്‍ത്തി. സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം കരസ്ഥമാക്കിയ മാര്‍ക്കോ ബലോക്കിയോയുമായി സുരേഷ് ചാബ്രിയ നടത്തിയ മുഖാമുഖവും വ്യത്യസ്തമായ അനുഭവമായി.
മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച പത്ത് ചിത്രങ്ങളും പ്രേക്ഷക പ്രശംസനേടി.  ന്യൂ തിയേറ്റര്‍ സ്‌ക്രീന്‍ ഒന്നില്‍ പ്രദര്‍ശിപ്പിച്ച 'ദി നാരോ ഫ്രെയിം ഓഫ് മിഡ് നൈറ്റ്' അയിച്ച എന്ന കുട്ടിയെ കേന്ദ്രകഥാപാത്രമാക്കി 21 ാം നൂറ്റാണ്ടിലെ ഇടമില്ലായ്മ അവതരിപ്പിച്ചു.
മുസ്തഫ സര്‍വാര്‍ ഫറൂക്കി സംവിധാനം ചെയ്ത ബംഗ്ലാദേശി ചിത്രം 'ദി ആന്റ് സ്റ്റോറി' സിഥാര്‍ഥ് ശിവയുടെ 'സഹീര്‍', മലയാളം സിനിമ ഇന്ന് വിഭാഗത്തില്‍ ആദ്യമായി പ്രദര്‍ശിപ്പിച്ച എം.പി. സുകുമാരന്‍ നായരുടെ 'ജലാംശം' എന്നിവയും ശ്രദ്ധനേടി.


ഹാസ്യസിനിമകളെ രണ്ടാംതരമായി കാണുന്നു: ജാക്ക് സാഗ കബാബി


തിരുവനന്തപുരം: ചലച്ചിത്രമേളകളില്‍ ഹാസ്യസിനിമകളെ രണ്ടാംതരം സിനിമകളായാണ് കാണുന്നതെന്ന്‌മെക്‌സിക്കന്‍ സംവിധായകന്‍ ജാക്ക് സാഗ കബാബ്. മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന 'വണ്‍ ഫോര്‍ ദി റോഡിന്റെ സംവിധാകനാണ് അദ്ദേഹം.  പ്രേക്ഷകനെ ചിരിപ്പിക്കാനാണ് കൂടുതല്‍ ബുദ്ധിമുട്ട്.   വയലന്‍സുള്ള മെക്‌സിക്കന്‍ സിനിമകള്‍ മാത്രം മേളകളില്‍ പ്രദര്‍ശിപ്പിക്കുന്നതിലൂടെ മെക്‌സിക്കന്‍ സിനിമകളെന്നാല്‍ വയലാന്‍സാണെന്ന തെറ്റിദ്ധാരണയുണ്ടാകുന്നുണ്ട്.

പതിനൊന്ന് സംവിധായകരുടെ കൂട്ടായ്മയില്‍ പിറന്ന 'എക്‌സ്' എന്ന ഇന്ത്യന്‍ ചിത്രത്തിന്റെ സംവിധായകരായ അഭിനവ് ശിവ് തിവാരി, സുധീഷ് കാമത്ത് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. മേളകളില്‍ തെരഞ്ഞെടുക്കുന്ന ഇന്ത്യന്‍ സിനിമകള്‍ പ്രമേയപരമായി സാമ്യത പുലര്‍ത്തുന്നതായി സുധീഷ് കാമത്ത് പറഞ്ഞു. ഗ്രാമങ്ങളും പട്ടിണിയും മാത്രം പ്രതിഫലിക്കുന്ന സിനിമകളാണ് മേളയില്‍ ഇടംപിടിക്കുന്നത്. വാണിജ്യവത്കരിച്ചുള്ള സ്വതന്ത്ര സിനിമകള്‍ക്ക് പ്രേക്ഷകരില്ലാത്ത അവസ്ഥ നിലവിലുണ്ട്. പ്രേക്ഷകനാണ് കലയെ നിയന്ത്രിക്കുന്നതെന്നും പ്രത്യേക ഗണത്തില്‍പ്പെടുന്ന സിനിമകളെടുക്കാന്‍ നിര്‍മാതാക്കളെ നിര്‍ബന്ധിതരാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
സ്വതന്ത്ര സിനിമകള്‍ക്ക് തങ്ങളുടെ സര്‍ക്കാര്‍ പ്രോത്സാഹനം നല്‍കുന്നില്ലായെന്ന് 'ഒബ്ലീവിയന്‍ സീസണ്‍' എന്ന ഇറാനിയന്‍ സിനിമയുടെ സംവിധായകന്‍ അബ്ബാസ് റാഫെ പറഞ്ഞു. ലൈംഗിക തൊഴിലാളിയായ സ്ത്രീക്ക് പുതിയൊരു ജീവിതത്തിന് തുടക്കംകുറിക്കാന്‍ സമൂഹം വിലങ്ങുതടിയാകുന്നതിനെക്കുറിച്ചാണ് തന്റെ സിനിമ പറയുന്നത്. ഒരു യഥാര്‍ഥ സംഭവത്തിന് ചലച്ചിത്ര  ഭാഷ്യം നല്‍കുകയായിരുന്നെന്നും തന്റെ സിനിമ ഇറാനില്‍ റീലിസ് ചെയ്യാന്‍ സാധിച്ചിട്ടില്ലായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോകസിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന 'കോര്‍ട്ട്' എന്ന സിനിമയിലെ നടി ഗീതാഞ്ജലി കുല്‍ക്കര്‍ണി മത്സരവിഭാഗത്തിലെ 'ദേ ആര്‍ ദി ഡോഗ്‌സ്' ചിത്രത്തിലെ നടന്‍ ഇമാദ് ഫിജാജ്, ചലച്ചിത്ര നിരൂപകന്‍ സൈബാള്‍ ചാറ്റര്‍ജി എന്നിവര്‍ പങ്കെടുത്തു. 


  
മാധ്യമ പുരസ്‌കാരത്തിന് അപേക്ഷിക്കാം; സിനിമ കാണാന്‍ മന്ത്രിമാരും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക