Image

മേള സിനിമകളുടെ വൈവിധ്യം കൊണ്ട്‌ ആശ്ചര്യപ്പെടുത്തി: ഹുസൈന്‍ ഷഹാബി

ആശ എസ്‌. പണിക്കര്‍ Published on 15 December, 2014
മേള സിനിമകളുടെ വൈവിധ്യം കൊണ്ട്‌ ആശ്ചര്യപ്പെടുത്തി: ഹുസൈന്‍ ഷഹാബി
രാജ്യാന്തര ചലച്ചിത്രമേളയിലെ ജനപങ്കാളിത്തവും പ്രദര്‍ശിപ്പിക്കുന്ന ലോകോത്തര സിനിമകളുടെ വൈവിധ്യവും ആശ്ചര്യപ്പെടുത്തിയെന്ന്‌ ഇറാനിയന്‍ സിനിമാ സംവിധായകന്‍ ഹുസൈന്‍ ഷഹാബി പറഞ്ഞു. ഹൈസിന്തില്‍ നടന്ന പ്രസ്‌ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിനിമയുടെയും ഇതര കലകളുടെയും കാര്യത്തില്‍ ഇറാനില്‍ നിലനില്‍ക്കുന്ന യാഥാസ്ഥിതിക സാഹചര്യവുമായി താരതമ്യം ചെയ്യുമ്പോള്‍ സിനിമയോടുള്ള മലയാളികളുടെ തുറന്ന സമീപനം ആദരണീയമാണ്‌.

ഇന്ത്യന്‍ സിനിമകള്‍ക്ക്‌ സെന്‍സര്‍ഷിപ്പിലൂടെ പൂര്‍ണമായ അഭിപ്രായപ്രകടനത്തിനുള്ള സ്വാതന്ത്ര്യം നഷ്ടപ്പെടുന്നുവെന്ന്‌ സംവിധായകന്‍ രാജ്‌ അമിത്‌ കുമാര്‍ അഭിപ്രായപ്പെട്ടു. `ബ്ലിമിഷ്‌ ലൈറ്റ്‌' എന്ന തന്റെ പുതിയ സിനിമയിലൂടെ സ്വവര്‍ഗാനുരാഗത്തെക്കുറിച്ചുള്ള വ്യത്യസ്‌ത വീക്ഷണമാണ്‌ അവതരിപ്പിക്കാന്‍ ശ്രമിച്ചത്‌. നിലവിലെ വ്യവസ്ഥകള്‍ക്കുള്ളില്‍ നിന്ന്‌ സിനിമയിലൂടെ അഭിപ്രായം പൂര്‍ണരൂപത്തില്‍ ജനങ്ങളിലെത്തിക്കാന്‍ സാധിക്കില്ല. അതിനാല്‍ വലിയ മാറ്റങ്ങള്‍ക്കുവഴിവെക്കുന്ന `സമരങ്ങള്‍' സിനിമയിലൂടെ സാധ്യമല്ല. എങ്കിലും അതിലേക്ക്‌ നയിക്കുന്ന ചര്‍ച്ചകള്‍ക്ക്‌ തുടക്കം കുറിക്കാന്‍ സിനിമയ്‌ക്ക്‌ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സമയം, സ്ഥലം, വ്യക്തിയുടെ മാനസിക നില എന്നിവ തമ്മില്‍ അന്തര്‍ധാരയായുള്ള നൂല്‍ബന്ധമാണ്‌ `89' എന്ന തന്റെ ചിത്രത്തിലൂടെ അവതരിപ്പിച്ചതെന്ന്‌ സംവിധായകന്‍ മനോജ്‌ മിഷിഗന്‍ പറഞ്ഞു. എഡിറ്റിങ്ങിലെ നൂതന സാങ്കേതികവിദ്യയുപയോഗിച്ച്‌ വേഗതയിലൂടെ ആശയസംവേദനം നടത്താന്‍ ശ്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

പരമ്പരാഗത നിര്‍മാണ രീതിയിലെ ബുദ്ധിമുട്ടുകള്‍ നൂതനസങ്കേതങ്ങളിലൂടെ അതിവര്‍ത്തിക്കാന്‍ കഴിഞ്ഞുവെന്ന്‌ `ഒരാള്‍പൊക്കം' എന്ന സിനിമയിലെ അഭിനേതാവ്‌ പ്രകാശ്‌ ബാരെ പറഞ്ഞു. സിനിമയുടെ ചിത്രസംയോജകന്‍ സങ്കല്‍പ്‌ ബൗവ്‌മിക്‌, പ്രോഗ്രാം ഡയറക്ടര്‍ ഇന്ദു ശ്രീകണ്‌ഠ്‌ എന്നിവര്‍ സംബന്ധിച്ചു.

കിംകി ഡുക്ക്‌ ചിത്രത്തിന്റെ ആദ്യപ്രദര്‍ശനം ഇന്ന്‌ (ഡിസം.15)

ഹിംസയിലും രക്തച്ചൊരിച്ചിലിലുമുള്ള വന്യത വ്യാഖ്യാനിച്ച കൊറിയന്‍ സംവിധായകന്‍ കിംകി ഡുക്കിന്റെ `വണ്‍ ഓണ്‍ വണ്‍' ഇന്ന്‌ (ഡിസംബര്‍ 15) ആദ്യപ്രദര്‍ശനത്തിനെത്തും. ലൈംഗികതയുടെയും അക്രമത്തിന്റെയും തീവ്രഭാവങ്ങള്‍ ചിത്രീകരിച്ച സംവിധായകന്‍ പൈശാചികമായി കൊലചെയ്യപ്പെടുന്ന ഒരു പെണ്‍കുട്ടിയില്‍ നിന്നാണ്‌ ചിത്രം ആരംഭിക്കുന്നത്‌. കൊലയാളി സംഘത്തിലെ അംഗങ്ങളെല്ലാം ദുരൂഹമായി പീഡിപ്പിക്കപ്പെടുന്നു. ആ ദുരൂഹതയുടെ ചുരുളുകളഴിയുകയാണ്‌ 122 മിനിട്ട്‌ ദൈര്‍ഘ്യമുള്ള ചിത്രത്തിലൂടെ. ന്യൂ തിയേറ്റര്‍ സ്‌ക്രീന്‍ ഒന്നില്‍ വൈകിട്ട്‌ 6.30 ന്‌ ലോകസിനിമാ വിഭാഗത്തിലാണ്‌ പ്രദര്‍ശനം.

മത്സരവിഭാഗത്തില്‍ നിന്നുള്ള 10 ചിത്രങ്ങള്‍ വിവിധ തിയേറ്ററുകളിലായി പ്രദര്‍ശിപ്പിക്കും. മികച്ച ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ്‌ നേടിയ കന്നട ചിത്രം `ഡിസംബര്‍ ഒന്ന്‌' കൈരളിയില്‍ പ്രദര്‍ശിപ്പിക്കും. മുഖ്യമന്ത്രിയുടെ സന്ദര്‍ശനം ഒരു കുടംബത്തില്‍ സൃഷ്ടിക്കുന്ന ചലനങ്ങളെക്കുറിച്ചാണ്‌ ചിത്രം. സാധാരണ ജീവിതം നയിക്കുന്ന കുടുംബാംഗങ്ങള്‍ പെട്ടെന്ന്‌ കൈവന്ന പ്രശസ്‌തിയില്‍ പകച്ചുപോകുന്നു.

ഒറീസയിലെ ആദിവാസി ഗ്രാമത്തില്‍ നിലനില്‌പിനായി നടക്കുന്ന പോരാട്ടങ്ങളുടെ കഥപറയുന്ന ദേവാശിഷ്‌ മകീജയുടെ `ഊംഗ', സിദ്ധാര്‍ഥ്‌ ശിവയുടെ `സഹീര്‍' തുടങ്ങിയ മത്സരവിഭാഗത്തിലെ ഇന്ത്യന്‍ ചിത്രങ്ങളുടെ ആദ്യപ്രദര്‍ശനമാണിന്ന്‌. പ്രണയിനി ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെടുമ്പോള്‍ ഒരു പാവയില്‍ അവളുടെ പുനര്‍ജന്മം കാണുകയാണ്‌ പ്രതീഷ്‌. പറയാന്‍ കഴിയാതെ പോയ ആ പ്രണയാഗ്നിയില്‍ ഉരുകുകയാണ്‌ അവന്‍. മലയാള ചിത്രമായ `സഹീര്‍' വേറിട്ട ദൃശ്യാനുഭവമാകും.

ലോകസിനിമാവിഭാഗത്തില്‍ 21 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഐഎഫ്‌.എഫ്‌.ഐയില്‍ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടിയ `ബിയാട്രിസിസ്‌ വാര്‍' പ്രണയിക്കുന്ന പുരുഷനോടും സ്വരാജ്യത്തോടുമുള്ള ഒരു സ്‌ത്രീയുടെ അചഞ്ചലമായ വിശ്വാസത്തെ വികാരതീവ്രമായ ആവിഷ്‌കാരമാണ്‌. നിരവധി മേളകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള ചിത്രം കലാഭവനില്‍ പ്രദര്‍ശിപ്പിക്കും.

ഐ.എഫ്‌.എഫ.ഐ ഉള്‍പ്പെടെ നിരവധി മേളകളില്‍ പുരസ്‌കാരങ്ങള്‍ നേടിയ `ലെവിയാതന്‍' നിശാഗന്ധിയില്‍ ഇന്ന്‌ ഏഴുമണിക്ക്‌ പ്രദര്‍ശിപ്പിക്കും. പണത്തിനുവേണ്ടി തന്റെ ബാല്യകാല സ്‌മരണകളുറങ്ങുന്ന ഇടംവിട്ടുപോകാന്‍ കോലിയ തയാറല്ല. ജീവിതം തന്നെ മാറ്റിമറിക്കുന്ന അനുഭവങ്ങളിലേക്കാണ്‌ അത്‌ അയാളെ കൂട്ടിക്കൊണ്ടുപോകുന്നത്‌. ആന്‍ട്രി സ്വാഗിന്‍സെവാ ചിത്രത്തിന്റെ സംവിധായകന്‍.

റെട്രോസ്‌പെക്‌ടീവ്‌ വിഭാഗത്തില്‍ നിശബ്‌ദചിത്രങ്ങളിലൂടെ ചിരിയുടെ മാലപ്പടക്കം തീര്‍ത്ത ബസ്റ്റര്‍ കീറ്റണിന്റെ `എ ഫണ്ണി തിങ്‌ ഹാപ്പന്‍ഡ്‌ ഓണ്‍ ദി വേ ടു ദി ഫോറം', മിക്കലോസ്‌ ജാങ്‌സോയുടെ `ദി റൗണ്ട്‌-അപ്പ്‌' എന്നിവ പ്രദര്‍ശിപ്പിക്കും.

മലയാളം സിനിമ ഇന്ന്‌ വിഭാഗത്തില്‍ എം.പി. സുകുമാരന്‍ നായരുടെ `ജലാംശം' പ്രദര്‍ശിപ്പിക്കും. കാര്‍ഷിക സമൂഹത്തിന്റെ റിയല്‍ എസ്റ്റേറ്റ്‌ സംസ്‌കാരത്തിലേക്കുള്ള ദുരന്തപൂര്‍ണമായ രൂപമാറ്റമാണ്‌ ചിത്രം പ്രതിനിധാനം ചെയ്യുന്നത്‌. ചോരപുരണ്ട ഭൂതകാലത്തിനും വിരസമായേക്കാവുന്ന ഭാവികാലത്തേക്കുറിച്ചുള്ള പ്രതീക്ഷകളിലും ജീവിക്കുന്ന കുഞ്ഞുണ്ണിയിലൂടെയാണ്‌ ചിത്രം മുന്നോട്ടുപോകുന്നത്‌. ക്രിക്കറ്റിനെ പ്രാണവായുവായി കരുതുന്ന ഒരുകൂട്ടം ആളുകളുടെ കഥപറഞ്ഞ്‌ തിയേറ്റര്‍ വിജയം കൊയ്‌ത `1983'യും ഇന്ന്‌ പ്രദര്‍ശിപ്പിക്കും.


ഫിലിം പ്രിന്റ്‌ ഉപയോഗിച്ച്‌ 18 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും

ചലച്ചിത്രമേളയില്‍ പരമ്പരാഗത ഫിലിം പ്രിന്റ്‌ സംവിധാനത്തില്‍ 18 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. ഡിജിറ്റലൈസ്‌ ചെയ്‌തിട്ടില്ലാത്ത പഴയകാല ചിത്രങ്ങളാണ്‌ ഇങ്ങനെ പ്രദര്‍ശിപ്പിക്കുന്നത്‌. കഴിഞ്ഞ തവണ 45 ചിത്രങ്ങള്‍ പരമ്പരാഗത രീതിയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. റെട്രോസ്‌പെക്‌ടീവ്‌ വിഭാഗത്തില്‍ പകുതിയോളവും പഴയകാല സിനിമകളാണ്‌

മറ്റ്‌ വിഭാഗങ്ങളിലെ എല്ലാ സിനിമകളും ഡിജിറ്റല്‍ സംവിധാനം വഴി പ്രദര്‍ശിപ്പിക്കും.


ഓപ്പണ്‍ഫോറത്തിന്‌ സജീവ ഇടപെടലോടെ തുടക്കം

മേളയുടെ മൂന്നാം ദിവസം ന്യൂ തിയേറ്ററില്‍ നടന്ന ഓപ്പണ്‍ ഫോറം കലാമൂല്യമുള്ള പ്രാദേശികഭാഷാ സിനിമകളെ എങ്ങനെ ലോക നിലവാരത്തിലേക്ക്‌ ഉയര്‍ത്താമെന്നത്‌്‌ ചര്‍ച്ചചെയ്‌തു. രണ്ടു വര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം സംഘടിപ്പിച്ച ഓപ്പണ്‍ ഫോറം സജീവ ഇടപെടലിലൂടെ ശ്രദ്ധേയമായി.

കലാമൂല്യമുള്ള പ്രാദേശിക ഭാഷാചിത്രങ്ങള്‍ക്ക്‌ അന്തര്‍ദേശിയ ചലച്ചിത്രോത്സവങ്ങളില്‍ വേണ്ടത്ര പ്രോത്സാഹനം കിട്ടുന്നില്ലെന്ന ആശങ്ക കാസ്റ്റിങ്‌ ഡയറക്ടര്‍ ഉമാ ഡാകുണ്‍ഹ പങ്കുവെച്ചു. എന്നാല്‍ മേളകളില്‍ ഉള്‍പ്പെടുത്തുക എന്നതിനേക്കാള്‍ പ്രാദേശിക ഭാഷാസിനിമകളുടെ കലാമൂല്യം വര്‍ധിപ്പിച്ച്‌ കൂടുതല്‍ സ്വീകാര്യമാക്കുകയാണ്‌ വേണ്ടതെന്ന്‌ ഗോനുല്‍ ഡോന്‍മസ്‌ കോളിന്‍ അഭിപ്രായപ്പെട്ടു. നമ്മുടെ രാജ്യത്തെ 39 ഓളം ഭാഷകളില്‍ സിനിമകള്‍ നിര്‍മിക്കപ്പെടുന്നുണ്ടെങ്കിലും കലാമൂല്യമുള്ള ചിത്രങ്ങള്‍ക്ക്‌ വേണ്ടത്ര സ്വീകാര്യത ലഭിക്കുന്നില്ല. സ്വീകാര്യത വര്‍ധിക്കുന്നതോതില്‍ മികവുറ്റ പ്രാദേശികഭാഷാചിത്രങ്ങള്‍ക്ക്‌ അന്തര്‍ദേശീയതലത്തില്‍ അംഗീകാരം ലഭിക്കുമെന്ന്‌ ഓപ്പണ്‍ ഫോറം വിലയിരുത്തി.

മാധ്യമപ്രവര്‍ത്തകന്‍ എം.ജി. രാധാകൃഷ്‌ണന്‍ മോഡറേറ്ററായിരുന്നു. അടൂര്‍ ഗോപാലകൃഷ്‌ണന്‍, ഗോനുല്‍ ഡോന്‍മസ്‌ കോളിന്‍, അമൃത്‌ ഗാന്‍ഗര്‍, ടി. രാജീവ്‌ നാഥ്‌, ഉമാ ഡാകുണ്‍ഹ തുടങ്ങിയവര്‍ സംവദിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക