Image

ഉത്സവലഹരിയോടെ മേള; തിരക്കൊഴിയാതെ മൂന്നാം ദിനം (ആശ എസ്‌. പണിക്കര്‍)

Published on 15 December, 2014
ഉത്സവലഹരിയോടെ മേള; തിരക്കൊഴിയാതെ മൂന്നാം ദിനം (ആശ എസ്‌. പണിക്കര്‍)
പതിനൊന്ന്‌ വിഭാഗങ്ങളിലായി 48 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച്‌ മേളയുടെ മൂന്നാം ദിനം ശ്രദ്ധേയമായി. തിരശ്ശീലയ്‌ക്ക്‌ പുറത്തെ പരിപാടികളാലും സജീവമായ ദിവസമായിരുന്നു ഇന്നലെ(ഡിസം.14). രണ്ടു വര്‍ഷത്തെ ഇടവേളയ്‌ക്കു ശേഷം പുനരാരംഭിച്ച ഓപ്പണ്‍ഫോറം സജീവ ചര്‍ച്ചകള്‍ക്ക്‌ തുടക്കമിട്ടു. പൊതുവേ എല്ലാ പ്രദര്‍ശന കേന്ദ്രങ്ങളിലും തിങ്ങിനിറഞ്ഞാണ്‌ പ്രദര്‍ശനം നടന്നത്‌. വൈകിട്ട്‌ 6.45ന്‌ ശ്രീ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കാനിരുന്ന പോളണ്ട്‌ ചിത്രം ഫീല്‍ഡ്‌ ഓഫ്‌ഡോഗ്‌സ്‌ 5.15ന്‌ ന്യൂതിയേറ്ററില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശിപ്പിച്ചു.

രാജ്യാന്തര മത്സരവിഭാഗത്തിലെ ഏഴ്‌ സിനിമകളും ശ്രദ്ധ പിടിച്ചു പറ്റി. ആദ്യ പ്രദര്‍ശനത്തില്‍ ശ്രദ്ധേയമായ `എ ഗേള്‍ അറ്റ്‌ മൈ ഡോര്‍' പ്രതീക്ഷ നിലനിര്‍ത്തി. പുതുമുഖ സംവിധായകന്‍ സജിന്‍ ബാബുവിന്റെ `അസ്‌തമയം വരെ' അവതരണ രീതിയുടെ പുതുമകൊണ്ട്‌ വേറിട്ടുനിന്നു.

പ്രമേയത്തിലും പ്രതിപാദനശൈലിയിലും വൈവിധ്യം പുലര്‍ത്തിയ 23 ചിത്രങ്ങളാണ്‌ വേള്‍ഡ്‌ സിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചത്‌. സാമൂഹിക ആചാരങ്ങളുടെ മറവില്‍ സ്‌ത്രീകള്‍ക്ക്‌ അനുഭവിക്കേണ്ടിവരുന്ന യാതനകള്‍ തുറന്നുകാട്ടിയ `ഡിഫ്രെറ്റ്‌' എന്ന എത്യോപ്യന്‍ ചിത്രം ഏറെ ഹൃദ്യമായി. `ദി ട്രീ', `ഹാപ്‌ലി എവര്‍ ആഫ്‌റ്റര്‍' എന്നി ചിത്രങ്ങളും മികച്ച നിലവാരം പുലര്‍ത്തി.

ജൂറി ഫിലിം വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച `ഓയില്‍ മേക്കേഴ്‌സ്‌ ഫാമിലി' ഷി ഫെയുടെ സംവിധാന മികവ്‌ വിളിച്ചോതി. `ഐ ആം നോട്ട്‌ ഹിം' എന്ന തുര്‍ക്കി ചിത്രം കണ്‍ട്രിഫോക്കസ്‌ വിഭാഗത്തില്‍ ഹൃദ്യമായി. റസ്റ്റോറന്റ്‌ ക്ലീനറായി ജോലിചെയ്യുന്ന നിഹാദ്‌ എന്ന അവിവാഹിതനായ യുവാവിന്റെ കഥപറയുന്ന ഈ ചിത്രം തൈഫുന്‍ പിര്‍സെലിമൊഗ്ലുവാണ്‌ സംവിധാനം ചെയ്‌തിരിക്കുന്നത്‌. റെട്രോസ്‌പെക്‌ടീവ്‌, കണ്‍ട്രി ഫോക്കസ്‌, മലയാളം സിനിമ ഇന്ന്‌, കണ്ടംപററി മാസ്റ്റര്‍ ഇന്‍ ഫോക്കസ്‌ വിഭാഗങ്ങളില്‍ രണ്ട്‌ സിനിമകള്‍ വീതമാണ്‌ ഇന്ന്‌ പ്രദര്‍ശിപ്പിച്ചത്‌.

ഇന്ത്യന്‍ സിനിമ ഇന്ന്‌ വിഭാഗത്തില്‍ നാല്‌ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. ഇവയില്‍ മേളയിലൂടെ ആദ്യമായി റിലീസ്‌ ചെയ്‌ത `89' പ്രേക്ഷകപ്രശംസ നേടി. മനോജ്‌ മിഷിഗന്‍ രചനയും സംവിധാനവും നിര്‍വഹിച്ചതാണ്‌ ചിത്രം. മനോജ്‌ മിഷിഗന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കായി ഒരുക്കിയ പ്രസ്‌ മീറ്റും ശ്രദ്ധനേടി.

പുത്തന്‍ സാങ്കേതങ്ങള്‍ പ്രാദേശിക ചിത്രങ്ങള്‍ക്ക്‌ ഗുണകരം

ചലച്ചിത്രമേഖലയിലേക്കുള്ള നൂതന സാങ്കേതങ്ങളുടെ കടന്നുവരവ്‌ പ്രാദേശിക സിനിമകളുടെ നിര്‍മാണത്തില്‍ലും വിതരണത്തിലും ഏറെ മാറ്റങ്ങള്‍ വരുത്തുമെന്ന്‌ സൊസൈറ്റി ഓഫ്‌ മോഷന്‍ പിക്‌ച്ചേഴ്‌ ആന്‍ഡ്‌ ടെലിവിഷന്‍ എഞ്ചിനീയേഴ്‌സ്‌ ഇന്ത്യയുടെ ചെയര്‍മാന്‍ ഉജ്വല്‍ നിര്‍ഗുഡ്‌കര്‍ പറഞ്ഞു. മേളയോടനുബന്ധിച്ച്‌ ഹൈസിന്തില്‍ നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫിലിം പ്രിന്റും ഡി.സി.പിയും ഉപേക്ഷിച്ച്‌ ചുരുങ്ങിയ കാലത്തിനുള്ളില്‍ത്തന്നെ ക്ലൗഡ്‌ സ്റ്റോറേജ്‌ എന്ന വിതരണോപാധിയിലേക്ക്‌ സിനിമാലോകം ചുവടുവെക്കും. ഏറ്റവും കൂടുതല്‍ സിനിമ നിര്‍മിക്കപ്പെടുമ്പോഴും ഇന്ത്യയില്‍ സിനിമയുടെ വ്യാവസായിക സാധ്യത വേണ്ടവിധത്തില്‍ ഉപയോഗപ്പെടുത്തുന്നില്ല. സിനിമയ്‌ക്കുവേണ്ട സാങ്കേതിക ഉപകരണങ്ങള്‍ ഇന്ത്യയില്‍ത്തന്നെ നിര്‍മിക്കാന്‍ കഴിയണം.

ഇന്റര്‍നെറ്റ്‌ ടു എന്ന സാങ്കേതികവിദ്യയുടെ ഫലപ്രദമായ ഉപയോഗം വഴി തിയേറ്ററുകള്‍ ഇല്ലെങ്കിലും സിനിമയുടെ വിതരണം സാധ്യമാക്കാം. നിര്‍മാതാക്കളില്‍ നിന്ന്‌ നേരിട്ട്‌ സിനിമ പ്രേക്ഷകരിലേക്കെത്തുന്നരീതിയും സമീപഭാവിയില്‍ തന്നെ നടക്കുമെന്ന്‌ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫെസ്റ്റിവെല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഓണ്‍ട്രില്ല ഹസ്‌റ പ്രതാപ്‌ സന്നിഹിതയായിരുന്നു.

ദൃശ്യമാണ്‌ സിനിമയുടെ ഭാഷ: സജിന്‍ ബാബു

ദൃശ്യമാണ്‌ സിനിമയുടെ ഭാഷയെന്ന്‌ സംവിധായകന്‍ സജിന്‍ ബാബു. ചലച്ചിത്രമേളയുടെ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന `അസ്‌മയം വരെ' എന്ന സിനിമയുടെ സംവിധായകനായ സജിന്‍ മീറ്റ്‌ ദി ഡയറക്‌ടര്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു. ദൃശ്യങ്ങളിലൂടെ വൈകാരിക തലങ്ങളെ പ്രകടിപ്പിക്കാന്‍ സാധിക്കും. തന്റെ സിനിമയില്‍ 15 സംഭാഷണങ്ങള്‍ മാത്രമാണുള്ളത്‌. സബ്‌ടൈറ്റിലുകളില്ലെങ്കിലും സിനിമയുടെ ഭാഷ ഏവര്‍ക്കും മനസ്സിലാക്കാന്‍ സാധിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റേതൊരു സ്വതന്ത്ര സിനിമയാണ്‌. എന്നാല്‍ മലയാളത്തില്‍ ഇത്തരം സിനിമകള്‍ക്ക്‌ വലിയ വെല്ലുവിളിയാണ്‌ നേരിടേണ്ടിവരുന്നത്‌. കാലത്തെ അതിജീവിക്കാന്‍ കഴിയുന്നതായിരിക്കണം സിനിമയെന്നും സമാന്തര സിനിമകള്‍ക്ക്‌ മലയാളത്തില്‍ മികച്ച മാര്‍ക്കറ്റ്‌ ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

സെന്‍സര്‍ ബോര്‍ഡുകള്‍ ഒരിക്കലും പ്രേക്ഷകന്റെ താത്‌പര്യങ്ങള്‍ക്ക്‌ വിലകൊടുക്കുന്നില്ലെന്ന്‌ `ബ്ലമിഷ്‌ഡ്‌ ലൈറ്റ്‌' എന്ന ചിത്രത്തിന്റെ സംവിധായകന്‍ രാജ്‌ അമിത്‌ കുമാര്‍ അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ സിനിമ ഇന്ന്‌ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യ പ്രദര്‍ശനമായിരുന്നു മേളയില്‍ നടന്നത്‌. അസ്വാതന്ത്ര്യത്തെക്കുറിച്ച്‌ സിനിമയിലൂടെ സംസാരിക്കാനാണ്‌ താന്‍ ആഗ്രഹിക്കുന്നത്‌. കാഴ്‌ചയുടെ ശീലം വ്യക്തികള്‍ക്കനുസൃതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മനുഷ്യന്റെ മനഃശാസ്‌ത്രപരമായ വൈവിധ്യതയാണ്‌ തന്നെ സിനിമയിലേക്ക്‌ ആകര്‍ഷിച്ചതെന്ന്‌ മിത്ത്‌ ഓഫ്‌ ക്ലിയോപാട്രയുടെ സംവിധായകന്‍ എം. അതേയപാര്‍ഥ പറഞ്ഞു.

ബംഗാളി ചിത്രം 89' ന്റെ സംവിധായകന്‍ മനോജ്‌ മിഷിഗന്‍, എഡിറ്റര്‍ സങ്കല്‌പ്‌ ഭൗമിക്‌, മിത്ത്‌ ഓഫ്‌ ക്ലിയോപാട്രയിലെ മുഖ്യനടന്‍ ടോമ്‌ ആള്‍ട്ടര്‍, ഫിലിം ക്രിട്ടിക്‌ സൈബാള്‍ ചാറ്റര്‍ജി സംവിധായകന്‍ ബാലു കിരിയത്ത്‌ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
ഉത്സവലഹരിയോടെ മേള; തിരക്കൊഴിയാതെ മൂന്നാം ദിനം (ആശ എസ്‌. പണിക്കര്‍)ഉത്സവലഹരിയോടെ മേള; തിരക്കൊഴിയാതെ മൂന്നാം ദിനം (ആശ എസ്‌. പണിക്കര്‍)ഉത്സവലഹരിയോടെ മേള; തിരക്കൊഴിയാതെ മൂന്നാം ദിനം (ആശ എസ്‌. പണിക്കര്‍)ഉത്സവലഹരിയോടെ മേള; തിരക്കൊഴിയാതെ മൂന്നാം ദിനം (ആശ എസ്‌. പണിക്കര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക