Image

ദോഹയിലെ ഏറ്റവും വലിയ പള്ളി വിശ്വാസികള്‍ക്കായി തുറന്നുകൊടുത്തു

Published on 17 December, 2011
ദോഹയിലെ ഏറ്റവും വലിയ പള്ളി വിശ്വാസികള്‍ക്കായി തുറന്നുകൊടുത്തു
ദോഹ: രാജ്യത്തെ ഏറ്റവും വലിയ പള്ളിയായ ഇമാം മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹാബ് മോസ്ക് വിശ്വാസികള്‍ക്കായി തുറന്നുകൊടുത്തു. ഇന്നലെ രാവിലെ പത്ത് മണിയോടെ നടന്ന ഭക്തിനിര്‍ഭരമായ ചടങ്ങില്‍ അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. കിരീടാവകാശി ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി, അമീറിന്‍െറ പ്രത്യേക ഉപദേഷ്ടാവ് ശൈഖ് അബ്ദുല്ല ബിന്‍ ഖലീഫ ആല്‍ഥാനി, പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് ഹമദ് ബിന്‍ ജാസിം ബിന്‍ ജബര്‍ ആല്‍ഥാനി, ശൂറാ കൗണ്‍സില്‍ സ്പീക്കര്‍ മുഹമ്മദ് ബിന്‍ മുബാറക് അല്‍ കുലൈഫി, മന്ത്രിമാര്‍, നയതന്ത്ര പ്രതിനിധികള്‍, അന്താരാഷ്ട്ര മുസ്ലിം പണ്ഡിത സഭാ അധ്യക്ഷന്‍ ഡോ. യൂസുഫുല്‍ ഖറദാവി അടക്കമുള്ള പണ്ഡിതര്‍, മറ്റ് പ്രമുഖ വ്യക്തിത്വങ്ങള്‍ തുടങ്ങി ഒട്ടേറെ പേര്‍ ചടങ്ങില്‍ പങ്കെടുത്തു. ഉദ്ഘാടനചടങ്ങിന് സാക്ഷിയാകാന്‍ വന്‍ ജനാവലിയും പള്ളിയിലെത്തിയിരുന്നു.

ശരിയായ രീതിയിലുള്ള ആരാധനക്കും മനസ്സിനെ ശുദ്ധീകരിക്കാനുമുള്ള പൊതു ഇടമായി ഈ ആരാധനാലയം മാറുമെന്ന് അമീര്‍ പ്രത്യാശ പ്രകടിപ്പിച്ചു. ഖുര്‍ആന്‍െറയും സുന്നത്തിന്‍െറയും അടിസ്ഥാനത്തില്‍ വിശ്വാസികള്‍ക്ക് ശരിയായ മാര്‍ഗം കാണിച്ചുകൊടുത്ത 12ാം നൂറ്റാണ്ടിലെ പരിഷ്കര്‍ത്താവും പണ്ഡിതനുമായ ഇമാം മുഹമ്മദ് ബിന്‍ അബ്ദുല്‍വാഹബിനോടുള്ള ആദര സൂചകമായാണ് പള്ളിക്ക് അദ്ദേഹത്തിന്‍െറ പേര് നല്‍കിയതെന്ന് അമീര്‍ പറഞ്ഞു. മുഹമ്മദ് ബിന്‍ അബ്ദുല്‍വഹാബ് നിര്‍വഹിച്ച നവീകരണദൗത്യം കാലാനുസൃതമായ മാറ്റങ്ങളോടെ ഇന്നും പ്രസക്തമാണ്. ബിന്‍ അബ്ദുല്‍വഹാബിന്‍്റെ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ ആധുനിക ഖത്തറിന്‍്റെ സ്ഥാപകന്‍ ശൈഖ് ജാസിം ബിന്‍ മുഹമ്മദ് ആല്‍ഥാനി വഹിച്ച പങ്ക് അമീര്‍ അനുസ്മരിച്ചു. ഖുര്‍ആന്‍ പാരായണത്തോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. തുടര്‍ന്ന് പള്ളിയെക്കുറിച്ചുള്ള ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിച്ചു.
സമൂഹത്തിന്‍െറ ആത്മീയ സുരക്ഷയും വിജ്ഞാനവും മതബോധവും നിലര്‍ത്തുന്നത്തില്‍ പള്ളികള്‍ക്ക് സുപ്രധാന പങ്കാണ് ഉള്ളതെന്ന് തുടര്‍ന്ന് സംസാരിച്ച ഒൗഖാഫ് മന്ത്രി ഡോ. ഗെയ്ഥ് മുബാറക് അലി ഉംറാന്‍ അല്‍ കുവാരി പറഞ്ഞു. പള്ളിയിലെ ആദ്യ ജുമുഅയില്‍ അമീറും പങ്കെടുത്തു. ഡോ. മുഹമ്മദ് ബിന്‍ ഹസന്‍ അല്‍ മുറൈഖി ഖുതുബ നിര്‍വഹിച്ചു. ഇമാം മുഹമ്മദ് ബിന്‍ അബ്ദുല്‍വഹാബിന്‍െറ പരിഷ്കരണ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം എടുത്തുപറഞ്ഞു. പള്ളികള്‍ക്ക് ഭരണാധികാരികള്‍ സ്വന്തം പേരിടുന്ന കാലഘട്ടത്തില്‍ പണ്ഡിതനായ ഇമാം മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹാബിന്‍െറ പേര് രാജ്യത്തെ ഏറ്റവും വലിയ പള്ളിക്ക് നല്‍കിയ അമീറിന്‍െറ നടപടിയെ ഡോ. യൂസുഫുല്‍ ഖറദാവി അഭിനന്ദിച്ചു. മെറ്റല്‍ ഡിറ്റക്റ്റര്‍ പരിശോധനക്ക് ശേഷമാണ് ഉദ്ഘാടന ചടങ്ങിനെത്തിയവരെ അകത്തേക്ക് കടത്തിവിട്ടത്. പള്ളിയിലെ ആദ്യ ജുമുഅ നമസ്കാരത്തില്‍ പങ്കെടുക്കാന്‍ മലയാളികളടക്കം ആയിരക്കണക്കിന് സ്ത്രീപുരുഷന്‍മാരാണ് എത്തിയത്.

ഖത്തര്‍ സ്പോര്‍ട്സ് ക്ളബിന് സമീപം അല്‍ജുബൈലാത്തില്‍ 175575 ചതുരശ്രമീറ്ററില്‍ പണിത ബഹുനില പള്ളിയില്‍ ഒരേ സമയം 30,000 പേര്‍ക്ക് നമസ്കരിക്കാനാവും. ഖത്തറിന്‍്റെ സ്ഥാപകന്‍ ശൈഖ് ജാസിം ബിന്‍ മുഹമ്മദ് 130 വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മിച്ച ‘ബുല്‍ഖുബൈബ്’ പള്ളിയുടെ മാതൃകയില്‍ പരമ്പരാഗത ശില്‍പചാരുതയോടെയാണ് ഇത് നിര്‍മിച്ചിരിക്കുന്നത്.
ഒരേസമയം എണ്‍പത് സ്ത്രീകള്‍ക്കും 317 പുരുഷന്‍മാര്‍ക്കും 11 വികലാംഗര്‍ക്കും അംഗശുദ്ധി വരുത്താനുള്ള സൗകര്യവും വിശാലമായ കാര്‍പാര്‍ക്കിംഗുമുണ്ട്.
ദോഹയിലെ ഏറ്റവും വലിയ പള്ളി വിശ്വാസികള്‍ക്കായി തുറന്നുകൊടുത്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക