Image

വേമ്പനാട്ട്‌ കായല്‍ക്കുളിരില്‍...(പ്രകൃതിയുടെ നിഴലുകള്‍ തേടി -49: ജോര്‍ജ്‌ തുമ്പയില്‍)

Published on 20 December, 2014
വേമ്പനാട്ട്‌ കായല്‍ക്കുളിരില്‍...(പ്രകൃതിയുടെ നിഴലുകള്‍ തേടി -49: ജോര്‍ജ്‌ തുമ്പയില്‍)
`വേമ്പനാട്ട്‌ കായലിനു ചാഞ്ചാട്ടം, തങ്കമണിച്ചുണ്ടനിന്നു മയിലാട്ടം, കുഴലൂതും കാറ്റേ, കുളിര്‍കോരും കാറ്റേ കൂടെ വാ, കൂടെ വാ... കൂടെത്തുഴയാന്‍ വാ... ' ഹൗസ്‌ബോട്ടിലിരുന്നപ്പോള്‍, വേമ്പനാട്‌ കായലിനെ പറ്റിയുള്ള ഈ സിനിമാഗാനമാണ്‌ പെട്ടെന്ന്‌ ഓര്‍മ്മ വന്നത്‌. ദേവരാജന്റെയും യൂസഫലിയും സംഗമിച്ച `രണ്ടു ലോകം' എന്ന ചിത്രത്തില്‍ പ്രേംനസീറും ജയഭാരതിയും ചേര്‍ന്നു തകര്‍ത്ത്‌ അഭിനയിച്ച ഈ ഗാനരംഗം ഇപ്പോഴും ഈസ്‌റ്റ്‌മാന്‍ കളര്‍ പോലെ മനസ്സില്‍ തങ്ങി നില്‍ക്കുന്നു.

പാതിരാമണല്‍ കടന്ന്‌, തണ്ണീര്‍മുക്കം ബണ്ട്‌ കണ്ട്‌ നേരെ കായല്‍കറക്കം പൂര്‍ത്തിയാക്കി കുമരകത്തിനോട്‌ ബൈ പറയാനായിരുന്നു ഞങ്ങളുടെ പ്ലാന്‍. എല്ലാവര്‍ക്കും കുമരകം യാത്ര നന്നായി തന്നെ ഇഷ്ടപ്പെട്ടു. പ്രത്യേകിച്ച്‌ തൃശൂരൂകാര്‍ക്ക്‌. അവരുടെ കുമരകം സങ്കല്‍പ്പത്തില്‍ ഇങ്ങനെയൊരു ഹൗസ്‌ബോട്ട്‌ കറക്കത്തിന്റെ ചില ലാഞ്ചനകള്‍ ഉണ്ടായിരുന്നുവെന്നു തോന്നുന്നു. എന്തായാലും, കരിമീനും കൊഞ്ചുമൊക്കെ വയറു നിറയെ കഴിച്ച്‌ കായല്‍ കാറ്റില്‍ ഉലഞ്ഞ്‌ വെള്ളത്തില്‍ കൂടി ചുറ്റിക്കറങ്ങി കൊണ്ടിരിക്കേ, തമ്പിച്ചന്‍ രംഗപ്രവേശം ചെയ്‌തു. കായലില്‍ കൂടി ചുമ്മാ കറങ്ങിയാല്‍ മതിയോ, ചില കാര്യങ്ങള്‍ ഒക്കെ അറിയണ്ടേ എന്ന മുഖവുരയോടെ അദ്ദേഹം ഒരു ടൂറിസ്‌റ്റ്‌ ഗൈഡ്‌ മാതിരി ചില കാര്യങ്ങള്‍ വെളിപ്പെടുത്തി. കുമരകത്തെ ചുറ്റികിടക്കുന്ന വേമ്പനാട്‌ കായലില്‍ ഒന്നു കറങ്ങാതെ കുമരകം സന്ദര്‍ശനം ഒരിക്കലും പൂര്‍ണമാകില്ലെന്നായിരുന്നു ആപ്‌തവാക്യങ്ങളില്‍ ആദ്യത്തേത്‌. പുന്നമട കായല്‍ എന്നും കൊച്ചി കായല്‍ എന്നും അറിയപ്പെടുന്ന വേമ്പനാട്‌ കായലാണ്‌ സംസ്ഥാനത്തെ ഏറ്റവും വലിയ തടാകമെന്ന വലിയ ഇന്‍ഫര്‍മേഷന്‍ കൊണ്ട്‌ ഹൗസ്‌ബോട്ടിലുണ്ടായിരുന്നവരെ എല്ലാം കൈയിലെടുത്തു കൊണ്ട്‌ തമ്പിച്ചന്‍ തുടര്‍ന്നു, രാജ്യത്തെ ഏറ്റവും നീളമേറിയ തടാകമെന്നു വിശേഷണം പേറുന്ന ഈ കായലിന്‍െറ ആലപ്പുഴ ഭാഗത്താണത്രേ നെഹ്‌റുട്രോഫി വള്ളംകളി അരങ്ങേറുന്നത്‌. കൂട്ടത്തില്‍ പലരും വള്ളംകളി കണ്ടിട്ടുണ്ടെങ്കിലും നെഹ്‌റ്രു ട്രോഫി പലരും കണ്ടിട്ടുണ്ടായിരുന്നില്ല.

കേരളത്തിലെ ഏറ്റവും വലിയ കായലാണ്‌ വേമ്പനാട്‌ കായല്‍ എന്ന അറിവ്‌ പലരയെും അത്ഭുതപ്പെടുത്തിയില്ല, എന്നാല്‍ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കായലിലൂടെയാണ്‌ തങ്ങളിപ്പോള്‍ സഞ്ചരിക്കുന്നതെന്ന്‌ അറിഞ്ഞപ്പോള്‍ എല്ലാവരും അത്ഭുതം കൊണ്ടു കണ്ണില്‍ കണ്ണില്‍ നോക്കുന്നതു കണ്ടു. ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളിലായി പരന്നു കിടക്കുന്ന വേമ്പനാടിന്റെ വിസ്‌തീര്‍ണം 1512 ച.കി.മി. ആണെന്നു തമ്പിച്ചന്‍ പറഞ്ഞു. 14 കി.മി.ആണ്‌ ഏറ്റവും കൂടിയ വീതി. അച്ചന്‍കോവിലാര്‍, മണിമലയാര്‍, മീനച്ചിലാര്‍, മൂവാറ്റുപുഴയാര്‍, പമ്പാനദി, പെരിയാര്‍ തുടങ്ങിയ നദികള്‍ ഈ കായലില്‍ ഒഴുകി എത്തുന്നുവത്രേ. ചുമ്മാതാണോ ഇവന്‍ ഇന്ത്യയില്‍ നമ്പര്‍ വണ്‍ ആയത്‌ !.

പാതിരാമണല്‍, പള്ളിപ്പുറം, പെരുമ്പളം തുടങ്ങിയ ദ്വീപുകള്‍ വേമ്പനാട്‌ കായലിലാണ്‌. പാതിരാമണല്‍ ചുറ്റിയാണല്ലോ ഞങ്ങള്‍ ബണ്ടിന്റെ ഓരത്തേക്ക്‌ വന്നത്‌. വേമ്പനാട്ടുകായല്‍ അറബിക്കടലുമായി ചേരുന്ന പ്രദേശത്താണ്‌ കൊച്ചി തുറമുഖം. തമ്പിച്ചന്‍ പറഞ്ഞു, ലോകപ്രസിദ്ധ ജലകരാര്‍ ആയ റാംസര്‍ ഉടമ്പടി അനുസരിച്ച്‌ അന്താരാഷ്ട്ര പ്രാധാന്യമുള്ള ഒരു കായലായി വേമ്പനാട്ട്‌ കായലിനെ അംഗീകരിച്ചിട്ടുണ്ടത്രേ. ഇതൊന്നും കേരളത്തിലുള്ളവര്‍ക്ക്‌, എന്തിന്‌ കായലിന്റെ കരയില്‍ താമസിക്കുന്നവര്‍ക്കും പോലും അറിയില്ലത്രേ.

വേമ്പനാട്‌ കായലിന്‌ വേറെയും വിശേഷങ്ങളുണ്ട്‌. വര്‍ഷത്തില്‍ ആറു മാസം ഉപ്പു വെള്ളവും ബാക്കി ആറു മാസം ശുദ്ധ ജലവുമാണ്‌ കായലില്‍ ഉള്ളത്‌. മഴക്കാലത്ത്‌ കായലില്‍ നിന്നു കടലിലേക്ക്‌ വെള്ളം ഒഴുകുന്നത്‌ കൊണ്ടാണ്‌ ആ സമയത്തു ശുദ്ധ ജലം കിട്ടുന്നത്‌. വേനല്‍ക്കാലത്ത്‌ കടലില്‍ നിന്നു കായലിലേക്ക്‌ ആണു വെള്ളം ഒഴുകുക. ഇതുകൊണ്ടു കായലില്‍ വെള്ളം ഉപ്പു രസമുള്ളതാകുന്നു. ഇതെന്റെ കുഞ്ഞുനാള്‍ക്കു മുതല്‍ കേട്ടിട്ടുള്ളതാണ്‌. ഒരു കണക്കിന്‌ ശുദ്ധജലവും ഉപ്പുരസവും ഒരു പോലെ കലര്‍ന്നു വരുന്നതു കൊണ്ട്‌ ഇവിടെ കരിമീനിന്റെ സംസ്ഥാന സമ്മേളനം നടക്കുന്നയിടമാണെന്നും തമ്പിച്ചന്‍ കൂട്ടിച്ചേര്‍ത്തു. ഇവിടുത്തെ കരിമീനിന്‌ ഇത്ര ടേസ്റ്റ്‌ കിട്ടാനുള്ള ഒരു കാരണവും ഇതായിരിക്കാമെന്നു അനിയച്ചായന്‍ പറയുന്നതു കേട്ടു.

ഞങ്ങള്‍ തണ്ണീര്‍മുക്കം ബണ്ടിനോട്‌ ചേര്‍ന്നു വന്നു. ഹൗസ്‌ബോട്ട്‌ സഞ്ചരിച്ചു കൊണ്ടേയിരുന്നു. കുട്ടനാട്ടിലെ നെല്‍കൃഷി ഉപ്പ്‌ വെള്ളത്തില്‍ നിന്നും സംരക്ഷിക്കുന്നതിനു വേണ്ടി കുട്ടനാട്‌ വികസന പദ്ധതിയുടെ ഭാഗമായി നിര്‍മിച്ചതാണ്‌ ഈ ബണ്ട്‌. ഇതുകൊണ്ടു കുട്ടനാട്ടില്‍ വര്‍ഷം മുഴുവന്‍ ശുദ്ധജലം ലഭിക്കുന്നു. ഇതു കുട്ടനാട്ടിലെ നെല്‍കൃഷിക്ക്‌ സഹായം അയെങ്കിലും അനേകം പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഇതു മൂലം ഉണ്ടായിട്ടുണ്ടെന്ന്‌ തമ്പിച്ചന്‍ പറഞ്ഞു. കായലിലെ സ്വാഭാവിക ഒഴുക്ക്‌ തടസപ്പെട്ടത്‌ മൂലം കുട്ടനാട്ടിലെ കായലില്‍ മാലിന്യം അടിഞ്ഞു കൂടുന്നുണ്ട്‌. ആഫ്രിക്കന്‍ പായലിന്റെ അനിയന്ത്രിതമായ വളര്‍ച്ചയുടെ കാരണവും തണ്ണീര്‍മുക്കം ബണ്ടാണെന്നു പറയപ്പെടുന്നു. എന്നിരുന്നാലും വേമ്പനാട്ടു കായലിന്റെ അതിമനോഹരമായ കാഴ്‌ചയാണ്‌ തണ്ണീര്‍മുക്കം ബണ്ടില്‍ നിന്നുള്ളത്‌.

കുട്ടനാട്ടിലെ സമുദ്രനിരപ്പിനേക്കാള്‍ താഴെയുള്ള കൃഷിയിടങ്ങളില്‍ ഉപ്പുവെള്ളം കയറുന്നതു തടയുന്നതിനായി നിര്‍മ്മിച്ച ബണ്ടിന്റെ നിര്‍മ്മാണം 1958-ലാണ്‌ ആരംഭിച്ചത്‌. 1975-ല്‍ പൂര്‍ത്തിയാക്കി. വടക്ക്‌ വെച്ചൂര്‍ മുതല്‍ തെക്ക്‌ തണ്ണീര്‍മുക്കം വരെ വേമ്പനാട്ടു കായലിനു കുറുകേയാണിതു പണിതിരിക്കുന്നത്‌. ഡിസംബര്‍ മാസത്തില്‍ ഷട്ടറുകള്‍ താഴ്‌ത്തുകയും മെയ്‌ മാസത്തില്‍ ഉയര്‍ത്തുകയും ചെയ്യുന്നതാണ്‌ രീതിയെന്നു തമ്പിച്ചന്‍ വിശദീകരിച്ചു. പദ്ധതി മൂന്നുഘട്ടങ്ങളായി തീര്‍ക്കുവാനായിരുന്നു ഉദ്ദേശിച്ചിരുന്നത്‌. തെക്ക്‌ ഭാഗം, വടക്കു ഭാഗം, ഇതു രണ്ടിനെയും കൂട്ടിയോജിപ്പിക്കുന്ന മൂന്നാമത്തെ ഭാഗം. എന്നാല്‍ പദ്ധതി പല കാരണങ്ങള്‍ കൊണ്ടും താമസിച്ചു. തെക്കും വടക്കും ഭാഗങ്ങള്‍ നിര്‍മ്മിച്ചുതീര്‍ന്നപ്പോള്‍ തന്നെ പദ്ധതിക്കായി അനുവദിച്ച മുഴുവന്‍ തുകയും തീര്‍ന്നു. മൂന്നാം ഘട്ടം അനിശ്ചിതത്വത്തിലായി. ഈ പദ്ധതികൊണ്ട്‌ ഒരുപാട്‌ സാമ്പത്തികനേട്ടങ്ങള്‍ പ്രതീക്ഷിച്ചിരുന്ന കര്‍ഷകര്‍ 1972ല്‍ ഒരു രാത്രികൊണ്ട്‌ തെക്കും വടക്കും ഭാഗങ്ങള്‍ക്ക്‌ ഇടയ്‌ക്കുള്ള ഭാഗം ചെളി കൊണ്ട്‌ നിര്‍മ്മിച്ചു. ഇന്നും ഈ രണ്ടു ഭാഗങ്ങള്‍ക്കിടയ്‌ക്ക്‌ കര്‍ഷകര്‍ നിര്‍മ്മിച്ച ഭാഗം നിലനില്‍ക്കുന്നു. ഞങ്ങള്‍ ഹൗസ്‌ബോട്ടിലിരുന്ന്‌ ഈ ഭാഗം കാണുകയും ചെയ്‌തു. ബണ്ടിനു മുകളിലൂടെ റോഡ്‌ ഉണ്ട്‌. കോട്ടയത്തുള്ളവര്‍ കൊച്ചിയില്‍ അതിവേഗമെത്താന്‍ ഉപയോഗിക്കുന്ന റോഡാണിത്‌.

വേമ്പനാട്‌ കായലിന്‌ തെക്ക്‌ വശത്ത്‌ കാര്‍ത്തികപ്പള്ളി മുതല്‍ പന്മന വരെ വ്യാപിച്ചുകിടക്കുന്ന മറ്റൊരു കായല്‍ കൂടിയുണ്ടെന്നു തമ്പിച്ചായന്‍ പറഞ്ഞു. അതിന്റെ പേര്‌ കായംകുളം കായല്‍. ഈ കായലിന്‌ 51.1 ചതുരശ്രകിലോമീറ്റര്‍ വിസ്‌തൃതിയുണ്ട്‌. 30 കിലോമീറ്റര്‍ നീളവും 2.5 കിലോമീറ്റര്‍ ശരാശരി വീതിയുമുള്ള ഇതിനു പക്ഷേ, ആഴം കുറവാണ്‌. ഇതു മാത്രമല്ല, കേരളത്തില്‍ വലുതും ചെറുതുമായി 34 കായലുകള്‍ ഉണ്ട്‌. ഇവയില്‍ 27 എണ്ണം അഴിയോ പൊഴിയോ മുഖേന കടലുമായി ബന്ധപ്പെട്ടിരിക്കുന്നു. നീണ്ടകര, കൊച്ചി, കൊടുങ്ങല്ലൂര്‍, ചേറ്റുവ, അഴീക്കല്‍(വളപട്ടണം) തുടങ്ങിയവയാണ്‌ കേരളത്തിലെ അഴികള്‍. അഴികളെന്താണെന്ന്‌ കൂട്ടത്തിലുള്ളവര്‍ക്ക്‌ സംശയം. കായലില്‍ നിന്ന്‌ കടലിലേക്ക്‌ സ്ഥിരമയുള്ള കവാടങ്ങളെ അഴിമുഖങ്ങളെന്നും താല്‍ക്കാലികമായുള്ളവയെ പൊഴിമുഖങ്ങളെന്നും പറയുന്നുവെന്ന്‌ അച്ചായന്‍. കളി അച്ചായനോടാ?

കേരളത്തിലെ കായലുകളില്‍ 7 എണ്ണം ഉള്‍നാടന്‍ ജലാശയങ്ങളാണ്‌. 448 കിലോമീറ്റര്‍ നീളമുള്ള ഉള്‍നാടന്‍ ജലഗതാഗതമാര്‍ഗ്ഗം കായലുകളെ പരസ്‌പരം ബന്ധിപ്പിക്കുന്നു. കേരളത്തിലെ പല നദികളും വന്നുചേരുന്നത്‌ ഈ കായലുകളിലാണ്‌. ഇതിനു പുറമേ, കേരളത്തിലെ മിക്ക കായലുകളിളിലും 24 മണിക്കൂറിനുള്ളില്‍ രണ്ട്‌ പ്രാവശ്യം വീതം വേലിയേറ്റവും വേലിയിറക്കവും അനുഭവപ്പെടുന്നു. വേലിയേറ്റം തുടങ്ങും മുന്‍പ്‌ ഞങ്ങള്‍ കരയ്‌ക്കിറങ്ങും. പിന്നെ കുമരകത്തോട്‌ ബൈയും പറയും...

(തുടരും)
വേമ്പനാട്ട്‌ കായല്‍ക്കുളിരില്‍...(പ്രകൃതിയുടെ നിഴലുകള്‍ തേടി -49: ജോര്‍ജ്‌ തുമ്പയില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക