Image

സജീവമാകുന്ന സെന്റ് ജോര്‍ജ് ചര്‍ച്ച്; ഗാര്‍ഫീല്‍ഡ് മിഷനു സ്വപ്ന സാഫല്യം

ഫോട്ടോ: ഷിജോ പൗലോസ്‌ Published on 21 December, 2014
സജീവമാകുന്ന സെന്റ് ജോര്‍ജ് ചര്‍ച്ച്; ഗാര്‍ഫീല്‍ഡ് മിഷനു സ്വപ്ന സാഫല്യം
പാറ്റേഴ്‌സണ്‍, ന്യൂജേഴ്‌സി: നാല്‍പ്പത്തെട്ട്‌ ദിവസമായി ഗാര്‍ഫീല്‍ഡ്‌ ജോണ്‍ രണ്ടാമന്‍ സീറോ മലബാര്‍ മിഷനിലെ അംഗങ്ങള്‍ ഊണും ഉറക്കവും ഉപേക്ഷിച്ച്‌ ദേവാലയ പുനര്‍നിര്‍മ്മതിക്കായി രംഗത്തിറങ്ങിയിട്ട്‌. നൂറുകണക്കിനാളുകളുടെ ശ്രമദാനത്തിന്റെ വിജയഗാഥയായി മാറിയ സെന്റ്‌ ജോര്‍ജ്‌ സീറോ മലബാര്‍ ചര്‍ച്ചിന്റെ കൂദാശയുടെ ആദ്യപടിയായി റെക്‌ടറി രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ വെഞ്ചരിച്ചു.

വിശാലവും മനോഹരവുമായ പള്ളി 1940-ല്‍ ഐറീഷ്‌ വംശജര്‍ക്കായി നിര്‍മ്മിച്ചതാണ്‌. ക്രമേണ ഐറീഷ്‌ വംശജര്‍ അവിടെ നിന്ന്‌ താമസം മാറ്റി.
പാറ്റേഴ്‌സണ്‍ രൂപത  ഒരു വര്‍ഷത്തിലേറെയായി സെന്റ്‌ ജോര്‍ജ്‌ പള്ളി അടച്ചുപൂട്ടിയിട്ടിരിക്കുകയായിരുന്നു. ജീര്‍ണ്ണതയിലേക്ക്‌ നീങ്ങിക്കൊണ്ടിരുന്ന പള്ളി ഫാ. ജേക്കബ്‌ ക്രിസ്റ്റി പറമ്പുകാട്ടിലിന്റെ നേതൃത്വത്തില്‍ ജോണ്‍പോള്‍ മിഷന്‍ ഒക്‌ടോബര്‍ 31-ന്‌ വാങ്ങി. നേരത്തെ സമാഹരിച്ചിരുന്ന എട്ടുലക്ഷം ഡോളറും പുതുതായി സമാഹരിച്ച തുകയും സഹിതം ബാങ്കില്‍ നിന്ന്‌ ലോണെടുക്കാതെ പള്ളി വാങ്ങി. രണ്ടേക്കര്‍ സ്ഥലവും എണ്‍പതില്‍പ്പരം പാര്‍ക്കിംഗ്‌ ലോട്ടും, എഴുനൂറില്‍പ്പരം പേര്‍ക്കിരിക്കാവുന്ന പള്ളിയും ഹാളും 15 മുറികളുള്ള പള്ളിമേടയും അടക്കം മൂന്നു മില്യന്‍ മതിപ്പുവരുന്ന പള്ളി, എന്തായാലും പാറ്റേഴ്‌സണ്‍ രൂപത വിലകുറച്ചുനല്‍കി.

പള്ളിയുടെ പുനര്‍നിര്‍മ്മാണം ഇടവകാംഗങ്ങള്‍ ഏറ്റെടുത്തു. റൂഫ്‌ മാറ്റുന്നതൊഴിച്ചുള്ള ജോലിക്ക്‌ ആയുധങ്ങളുമായി ആബാലവൃദ്ധം രംഗത്തിറങ്ങി. തകര്‍ച്ച നേരിട്ടുകൊണ്ടിരുന്ന പള്ളിയുടേയും പരിസരങ്ങളുടേയും മുഖച്ഛായ മാറി. ബെഞ്ചുകളെല്ലാം വീണ്ടും സ്ഥാപിച്ചു. ഇടിഞ്ഞു പൊളിഞ്ഞു കിടന്ന ഭാഗങ്ങള്‍ നന്നാക്കി. പെയിന്റും പോളീഷുമടിച്ചു. വീക്കെന്‍ഡുകളില്‍ ഫാ. ക്രിസ്റ്റിയും ഒട്ടേറെ ഇടവകാംഗങ്ങളും കണ്ണില്‍ എണ്ണയൊഴിച്ച്‌ നിര്‍മ്മാണരംഗത്തിറങ്ങി.

അതുഫലം കണ്ടുവെന്ന്‌ നന്ദിപൂര്‍വ്വം ഫാ. ക്രിസ്റ്റി റെക്‌ടറി കൂദാശ വേളയില്‍ ചൂണ്ടിക്കാട്ടി. 'ഇടവക വികാരി ഇടവക ജനത്തിന്റെ പിതാവാണ്‌. പിതാവിന്റെ ഭവനത്തില്‍ മക്കള്‍ക്കെല്ലാവര്‍ക്കും സ്ഥാനമുണ്ട്‌. ഇത്‌ നിങ്ങളുടെ എല്ലാവരേടേയും കൂടിയാണ്‌-' കൂദാശാ കര്‍മ്മം നിര്‍വഹിച്ചുകൊണ്ട്‌ മാര്‍ അങ്ങാടിയത്ത്‌ പറഞ്ഞു. ക്രിസ്‌തുവിന്റെ ഭവനമെന്ന നിലയില്‍ ഇവിടെ താമസിക്കുന്നവരും ഇവിടെ വരുന്നവരും  വിശുദ്ധിയില്‍ ജീവിക്കാന്‍വേണ്ടി പ്രാര്‍ത്ഥിക്കണം.

മിഷന്റെ ഡയറക്‌ടറായി പത്തുവര്‍ഷം പ്രവര്‍ത്തിച്ചശേഷം സഹായ മെത്രാനായ മാര്‍ ജോയി ആലപ്പാട്ടിന്‌ അസുഖം മൂലം കൂദാശയ്‌ക്കെത്താന്‍ കഴിയാതിരുന്നത്‌ മാര്‍ അങ്ങാടിയത്ത്‌ ചൂണ്ടിക്കാട്ടി. അദ്ദേഹം സുഖം പ്രാപിച്ചുവരുന്നു. അദ്ദേഹത്തിന്റെ പൂര്‍ണ്ണ ആരോഗ്യത്തിനായി പ്രത്യേകം പ്രാര്‍ത്ഥിക്കണം.

ചാന്‍സലര്‍ ഫാ. സെബാസ്റ്റ്യന്‍ വേത്താനത്ത്, ഫാ. പോളി എന്നിവര്‍ സഹര്‍ എന്നിവര്‍ പങ്കെടുത്തു.

പള്ളി സജീവമാകുന്നതില്‍ അയല്‍വാസികള്‍ക്കെല്ലാം വലിയ സന്തോഷമാണെന്ന്‌ ഫാ. ക്രിസ്റ്റി പറഞ്ഞു. നേരത്തെ വളരെ സജീവമായ പാരീഷായിരുന്നു ഇത്‌. പാറ്റേഴ്‌സന്റെ തിലകക്കുറിയായിരുന്നു. അതിനാല്‍ പള്ളിയുടെ പഴയ പേര്‌ തന്നെ നിലനിര്‍ത്തണമെന്ന ആഗ്രഹം അവര്‍ പ്രകടിപ്പിച്ചു. അതു മാനിച്ചുകൊണ്ട്‌ പേര്‌ നിലനിര്‍ത്താന്‍ തീരുമാനിച്ചു. വിശുദ്ധ ജോണ്‍ പോളിന്റെ പേരിനു പകരം സെന്റ്‌ ജോര്‍ജിന്റെ പേര്‌ ഇടവകയ്‌ക്ക്‌ നല്‍കുന്നതിന്‌ മാര്‍ അങ്ങാടിയത്ത്‌ അനുമതിയും നല്‍കി.

റെക്‌ടറിയുടെ ഉദ്‌ഘാടനത്തിന്‌ ബിഷപ്പ്‌ വൈകിട്ട്‌ ആറരയോടെ എത്തുമ്പോഴും സ്‌ത്രീ പുരുഷന്മാരുടെ സംഘം അറ്റകുറ്റപ്പണികളുടെ അന്തിമഘട്ടത്തിലാണ്‌. ഉടുത്തൊരുങ്ങി പള്ളിയില്‍ പോകുന്നതിനു പകരം ജോലി ചെയ്‌ത്‌ മുഷിഞ്ഞ വേഷവുമായി അഭിമാനപൂര്‍വ്വം അവര്‍ കൂദാശ ചടങ്ങില്‍ പങ്കെടുത്തു.

പഴയ അള്‍ത്താര മാറ്റി പുതിയത്‌ നിര്‍മ്മിച്ചത്‌ സജി സെബാസ്റ്റ്യനും (ചെറുപുഷ്‌പം) സംഘവുമാണ്‌. നാട്ടിലും ഇവിടേയും ഇന്റീരിയര്‍ ഡെക്കറേറ്ററായ സജി കൊച്ചിലേ തന്നെ പള്ളി ഡെക്കറേഷനില്‍ സജീവമായിരുന്നു. ഡെക്കറേഷന്‍ വിദഗ്‌ധനായ പിതാവിനൊപ്പം സജിയും പങ്കുചേരും. ആ വൈദഗ്‌ധ്യം ഇവിടെ പുതിയ അള്‍ത്താരയായി രൂപംകൊണ്ടു. വൈക്കം നടയില്‍ ഇടവകാംഗമായിരുന്നു സജി.

ട്രസ്റ്റിമാരായ ബാബു ജോസഫ്, ബിനു ജോണ്‍, ട്രഷറര്‍  ജോയി ചാക്കപ്പന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇടവകക്കാര്‍ ഒത്തുകൂടിയപ്പോള്‍ വിവിധ ജോലികള്‍ക്ക്‌ ചുക്കാന്‍ പിടിക്കാന്‍ റോയി മാത്യു, തോമസ്‌ തോട്ടുകടവില്‍, എ.സി ജയിംസ്‌ തുടങ്ങിയവര്‍ മുന്നോട്ടുവന്നു.

ഇരൂറ്റമ്പതില്‍പ്പരം കുടുംബങ്ങളാണ്‌ ഇടവകയില്‍. ഗാര്‍ഫീല്‍ഡ്‌ ഔവര്‍ ലേഡി ഓഫ്‌ സോറസ്‌ ചര്‍ച്ചില്‍ ആരാധന നടത്തിയിരുന്ന മിഷന്‍ പാര്‍ക്കിംഗ്‌ പ്രശ്‌നം മൂലം അടുത്തയിടയ്‌ക്ക്‌ പ്രശ്‌നത്തിലായി. ഇവിടെ പള്ളിയുടെ പാര്‍ക്കിംഗ്‌ ലോട്ട്‌ മാത്രമല്ല, അടുത്തുള്ള പാര്‍ക്കിംഗ്‌ കൂടി നല്‍കാന്‍ അയല്‍ക്കാര്‍ സന്നദ്ധം.

ഫിലാഡല്‍ഫിയയില്‍ പള്ളിക്ക്‌ രൂപംകൊടുക്കുകയും ഹൂസ്റ്റണില്‍ പള്ളി റീമോഡല്‍ ചെയ്യുകയും, പെയര്‍ലാന്റില്‍ പള്ളിക്കായി പത്തേക്കര്‍ സ്ഥലം വാങ്ങുകയുമൊക്കെ ചെയ്യുന്നതിന്‌ നേതൃത്വം കൊടുത്ത ഫാ. ക്രിസ്റ്റി തലശേരി രൂപതയിലെ പേരാവൂര്‍ സ്വദേശിയാണ്‌. അമേരിക്കയിലെത്തിയിട്ട്‌ ഒരു വ്യാഴവട്ടമായി.
സജീവമാകുന്ന സെന്റ് ജോര്‍ജ് ചര്‍ച്ച്; ഗാര്‍ഫീല്‍ഡ് മിഷനു സ്വപ്ന സാഫല്യം
സജീവമാകുന്ന സെന്റ് ജോര്‍ജ് ചര്‍ച്ച്; ഗാര്‍ഫീല്‍ഡ് മിഷനു സ്വപ്ന സാഫല്യം
സജീവമാകുന്ന സെന്റ് ജോര്‍ജ് ചര്‍ച്ച്; ഗാര്‍ഫീല്‍ഡ് മിഷനു സ്വപ്ന സാഫല്യം
സജീവമാകുന്ന സെന്റ് ജോര്‍ജ് ചര്‍ച്ച്; ഗാര്‍ഫീല്‍ഡ് മിഷനു സ്വപ്ന സാഫല്യം
സജീവമാകുന്ന സെന്റ് ജോര്‍ജ് ചര്‍ച്ച്; ഗാര്‍ഫീല്‍ഡ് മിഷനു സ്വപ്ന സാഫല്യം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക