Image

ശബരിമല മാസ്റ്റര്‍ പ്ലാന്‍: സാങ്കേതിക-നിര്‍വഹണ രീതിയില്‍ മാറ്റം വരുത്തും: ചെയര്‍മാന്‍

അനില്‍ പെണ്ണുക്കര Published on 21 December, 2014
ശബരിമല മാസ്റ്റര്‍ പ്ലാന്‍: സാങ്കേതിക-നിര്‍വഹണ രീതിയില്‍ മാറ്റം വരുത്തും: ചെയര്‍മാന്‍
ശബരിമല മാസ്റ്റര്‍ പ്ലാനിന്റെ സാങ്കേതിക- നിര്‍വഹണ രീതിയില്‍ കാതലായ മാറ്റംവരുത്തുമെന്ന്‌ പവര്‍കമ്മിറ്റി ചെയര്‍മാന്‍ കെ. ജയകുമാര്‍ പറഞ്ഞു. ശനിയാഴ്‌ച ശബരിമല ദര്‍ശനം നടത്തിയശേഷമാണ്‌ ഇക്കാര്യം അറിയിച്ചത്‌. പദ്ധതികളുടെ രൂപരേഖ തയാറാക്കുന്നതിലും പദ്ധതി നടപ്പാക്കുന്നതിലും വരുന്ന കാലതാമസം തീര്‍ത്ഥാടനത്തിനെത്തുന്ന ഭക്തര്‍ക്ക്‌ ഏറെ പ്രയാസങ്ങള്‍ സൃഷ്‌ടിക്കുന്നുണ്ട്‌. സന്നിധാനത്തിന്റെ സമഗ്ര വികസനത്തിന്‌ പ്രാധാന്യം നല്‍കുന്നതാണ്‌ മാസ്റ്റര്‍ പ്ലാന്‍. ഭക്തര്‍ക്ക്‌ തടസം കൂടാതെ ശബരിമലയിലെത്തി ദര്‍ശനം നടത്തി മടങ്ങാന്‍ നിലവില്‍ ചില ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട്‌. നിലവില്‍ നടപ്പാക്കിയ പദ്ധതികളെപ്പറ്റി അവലോകനം ചെയ്യുന്നതിന്‌ 30ന്‌ പവര്‍കമ്മിറ്റി തിരുവനന്തപുരത്ത്‌ ആത്മപരിശോധനാ യോഗം ചേരും. ശേഷം ജനുവരി 17ന്‌ കോട്ടയത്ത്‌ നടക്കുന്ന യോഗത്തില്‍ വരും വര്‍ഷങ്ങളില്‍ നടപ്പാക്കേണ്ട പദ്ധതികളെപ്പറ്റിയും പ്രോജക്‌ട്‌ തയാറാക്കുന്നതിനെപ്പറ്റിയും തീരുമാനമെടുക്കും. യോഗത്തിലെടുക്കുന്ന തീരുമാനം പ്രഖ്യാപിക്കുകയും ചെയ്യും.

ഹ്രസ്വകാല പദ്ധതികള്‍ ഏറ്റെടുക്കുന്നതുകൊണ്ടോ നടപ്പാക്കുന്നതുകൊണ്ടോ യാതൊരു പ്രയോജനവുമില്ലാത്ത സ്ഥിതിയാണ്‌. അതിനു മാറ്റംവരണമെങ്കില്‍ ദീര്‍ഘകാല പദ്ധതികള്‍ ഏറ്റെടുക്കണം. ദീര്‍ഘ വീക്ഷണമുള്ള പ്രോജക്‌റ്റുകള്‍ തയ്യാറാക്കണമെങ്കില്‍ കൂടുതല്‍ സാമ്പത്തികം വേണം. അതിന്‌ സ്‌പോണ്‍സര്‍മാരെ കൂടുതലായി കണ്ടെത്തേണ്ടിവരുന്നുണ്ട്‌. ഇതുവരെ രണ്ടു കോടി രൂപമാത്രമാണ്‌ സംഭാവന ഇനത്തില്‍ കമ്മിറ്റിക്ക്‌ ലഭിച്ചിട്ടുള്ളു. 80 കോടി രൂപ സംസ്ഥാസര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്‌. സമഗ്രവികസനത്തിനായി കൂടുതല്‍തുക കേന്ദ്ര സര്‍ക്കാരില്‍ നിന്ന്‌ നേടിയെടുക്കണമെന്നാണ്‌ കമ്മിറ്റി ആഗ്രഹിക്കുന്നത്‌. കേന്ദ്രത്തിന്റെ മാനദണ്‌ഡങ്ങള്‍ അനുസരിച്ചുള്ള പ്രോജക്‌ടുകള്‍ തയാറാക്കാനാണ്‌ ആദ്യം ശ്രമിക്കുന്നത്‌.

2020ലെ ശബരിമല എന്ന ആശയം നടപ്പാകാന്‍ ഏകദേശം 300 കോടി രൂപ വേണ്ടിവരുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. പതിനെട്ടാംപടികയറുന്ന അയ്യപ്പന്മാര്‍ക്ക്‌ അഭിഷേകത്തിനും അരവണയ്‌ക്കുമായി കൂടുതല്‍സമയം ചെലവഴിക്കേണ്ടിവരുന്നുണ്ട്‌. അതുകൊണ്ടാണ്‌ അയ്യപ്പന്മാര്‍ അവിടവിടെ വിരിവയ്‌ക്കുന്നത്‌. ഇത്‌ മറ്റ്‌ അയ്യപ്പന്മാരുടെ സുഗമമായ കടന്നു പോക്കിനു തടസമാകുന്നതോടെ വീണ്ടും തിരക്കാകുന്നു. പുഴ മലിനമാക്കാതെ, വനത്തിന്റെ സ്വാഭാവികതയെ നിലനിര്‍ത്തിയുള്ള വികസനമാണ്‌ ലക്ഷ്യം വയ്‌ക്കുന്നത്‌. ചില പദ്ധതികള്‍ നടപ്പാക്കിയതില്‍ വന്ന പോരായ്‌മകള്‍ ഭക്തരെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്‌. അതിലൊന്നാണ്‌ ബൈലിപ്പാലം. 120 മീറ്റര്‍ ആവശ്യമായിരുന്ന പാലം 120 അടിയായി ചുരുങ്ങിപ്പോയി. കഴിഞ്ഞകാലങ്ങളില്‍ വികസന പ്രവര്‍ത്തനങ്ങളിലുണ്ടായിട്ടുള്ള പോരായ്‌മകള്‍ പരിഹരിച്ചാകും പുതിയ മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കുന്നതെന്നും ചെയര്‍മാന്‍ പറഞ്ഞു.
ശബരിമല മാസ്റ്റര്‍ പ്ലാന്‍: സാങ്കേതിക-നിര്‍വഹണ രീതിയില്‍ മാറ്റം വരുത്തും: ചെയര്‍മാന്‍ശബരിമല മാസ്റ്റര്‍ പ്ലാന്‍: സാങ്കേതിക-നിര്‍വഹണ രീതിയില്‍ മാറ്റം വരുത്തും: ചെയര്‍മാന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക