Image

പുനര്‍ മത പരിവര്‍ത്തനം ആഭാസം: സക്കറിയ

Published on 27 December, 2014
പുനര്‍ മത പരിവര്‍ത്തനം ആഭാസം: സക്കറിയ
ഏതുവിധത്തിലുള്ള മതപരിവര്‍ത്തനവും ജഗുപ്‌സാവഹമാണ്. ഒരു മതത്തില്‍നിന്ന് വേറൊന്നിലേയ്ക്കുള്ള മാറ്റം ഒരു വിഷത്തിനു പകരം മറ്റൊന്ന് തിരഞ്ഞെടുക്കുന്നതു പോലെയാണ്.

പക്ഷെ, മനുഷ്യജീവികളുടെ പല ദൗര്‍ബല്യങ്ങളും മൗഢ്യങ്ങളും അവരുടെ മനുഷ്യാവകാശം കൂടിയാണ്. അതിനാല്‍ മതപരിവര്‍ത്തനം എത്രമാത്രമൊരു പമ്പരവിഡ്ഢിത്തമാണെങ്കിലും അതിനുള്ള സ്വാതന്ത്ര്യം അലംഘനീയമാണ്.

അതേസമയം പ്രലോഭനങ്ങളിലൂടെയോ ഭീഷണികളിലൂടെയോ കാപട്യം നിറഞ്ഞ പ്രേരിപ്പിക്കലുകളിലൂടെയോ മതപരിവര്‍ത്തനം നടക്കുമ്പോള്‍ അത് അപലപനീയവും കുറ്റകരവുമായ മനുഷ്യാവകാശലംഘനമല്ലാതെ മറ്റൊന്നുമല്ല.

പുനര്‍മതപരിവര്‍ത്തനം ഇവയിലെല്ലാം ആഭാസമായ ഒന്നാണ്. പല്ലില്‍ കുത്തി മണപ്പിയ്ക്കുന്നതുപോലെയുള്ള ഒരു വൃത്തികേട്. അത്തരമൊരു ജീര്‍ണ്ണതയ്ക്ക് വ്യക്തികളെ ഇരയാക്കുന്ന വര്‍ഗീയവാദികള്‍ ശിക്ഷിക്കപ്പെടേണ്ടതാണ്. മതം പ്രതിനിധീകരിക്കുന്നത് ആധ്യാത്മികതയെയും ഈശ്വരനെയുമാണെന്ന വാദം അംഗീകരിച്ചാല്‍, ഈ രണ്ടിനെയും ഒറ്റയടിയ്ക്ക് മാലിന്യം പൂശുന്ന കുതന്ത്രമാണ് പുനര്‍മതപരിവര്‍ത്തനം.
സംഘപരിവാരം നടത്തുന്ന പുനര്‍മതപരിവര്‍ത്തന പ്രഹസനത്തില്‍ ഒരു ചോദ്യം ബാക്കിനില്‍ക്കും. ഹിന്ദുമതത്തിലെ ഏത് ജാതിയിലേക്കാണ് അവര്‍ പരിവര്‍ത്തനത്തിനിരയാക്കുന്നവരെ ചേര്‍ക്കുന്നത്? ജാതിയില്ലാത്ത ഒരു ഹിന്ദു വ്യവസ്ഥയുണ്ടോ?

മറ്റൊന്ന്: നാളെ സംഘപരിവാരത്തെപ്പോലെ ഹാലിളകിയ മറ്റേതെങ്കിലും പരിവാരം കേരളത്തിലെ ഹിന്ദുക്കളെ, അവര്‍ ഹിന്ദുക്കളല്ലാതിരുന്ന അവസ്ഥയിലേക്ക്- ബൗദ്ധര്‍, ജൈനര്‍, പ്രകൃതിമതങ്ങള്‍ തുടങ്ങിയവയിലേക്ക്-പുനര്‍മതപരിവര്‍ത്തനം ചെയ്യാന്‍ ശ്രമിച്ചാലോ?

പാവം നരേന്ദ്ര മോദി! മതപരിവര്‍ത്തനത്തെയും ഒരു വ്യവസായമായി അദ്ദേഹം അംഗീകരിച്ചുവെന്ന് തോന്നുന്നു!
Join WhatsApp News
A.C.George 2014-12-27 15:36:58
Writer Zachariah Sir, saying the truth. I can only agree with him hundred percent.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക