Image

ഫൊക്കാനാ കേരളാ കണ്‍വന്‍ഷന്‍ 2001: പ്രവാസി കണ്‍വന്‍ഷനുകളുടെ നാഴികക്കല്ല്

അനില്‍ പെണ്ണുക്കര Published on 29 December, 2014
ഫൊക്കാനാ കേരളാ കണ്‍വന്‍ഷന്‍ 2001: പ്രവാസി കണ്‍വന്‍ഷനുകളുടെ നാഴികക്കല്ല്
പല പ്രവാസി സംഘടനകളും ജനകീയമാകുന്നത് ആ സംഘടനകളുടെ കേരള പ്രവേശനത്തോടെയാണ്. ലോകത്തിന്റെ ഏതു മൂലയില്‍ മലയാളി ഒന്നിച്ചാലും ആ കൂട്ടായ്മയെ സ്വന്തം നാട് അംഗീകരിക്കുമ്പോഴാണ് സംഘടന എന്ന നിലയില്‍ ആര്‍ജവത്വം ഉണ്ടാവുക.

എല്ലാ ജനുവരിയും നിരവധി പ്രവാസി സംഘടനകളുടെ കേരളാ കണ്‍വന്‍ഷനുകളുടെ പ്രജനന കാലമാണ്. സെമിനാറുകള്‍, ജാഥ സ്വീകരണം അങ്ങനെ പോകുന്നു. അവ ഇപ്പോള്‍….
പക്ഷെ, പ്രവാസി സംഘടനകളുടെ കേരള കൂട്ടായ്മയ്ക്ക് ആവേശകരമായ തുടക്കം കുറിച്ചത് കൊച്ചിയിലാണ്. 2001 ആഗസ്റ്റ് 9, 10, 11 ദിവസങ്ങളില്‍ കൊച്ചിന്‍ ടാജ് മലബാറില്‍ സംഘടിപ്പിച്ച ഫൊക്കാനായുടെ 'കേരളാപ്രവേശം'.
ഈ കണ്‍വന്‍ഷനില്‍ പങ്കെടുത്ത പ്രഗത്ഭരുടെ നിര ഇങ്ങനെ...
രണ്ട് മുന്‍ മുഖ്യമന്ത്രിമാര്‍, അന്നത്തെ കേരളാ മുഖ്യമന്ത്രി, അഞ്ച് കേരളാ മന്ത്രിമാര്‍, മുപ്പതിലധികം സാഹിത്യകാരന്മാര്‍, രണ്ട് നയതന്ത്ര പ്രതിനിധികള്‍. പത്തിലധികം വ്യവസായ പ്രമുഖര്‍, ഇരുപതോളം എംഎല്‍എമാര്‍ വിവിധ മതമേലധ്യക്ഷ്യന്‍മാര്‍ ഇങ്ങനെ പോകുന്നു… ആ നിര…

ഡോ.എം. അനിരുദ്ധന്‍ പ്രസിഡന്റ്, ഐ.വര്‍ഗീസ് സെക്രട്ടറി, മിറയാമ്മ പിള്ള ട്രഷറര്‍ ആയ കമ്മറ്റിയായിരുന്നു പ്രവാസി സംഘടനകള്‍ക്ക് മാതൃകമായ ഈ കണ്‍വന്‍ഷന്റെ നേതൃത്വം വഹിച്ചത്.
വളരെ ചിട്ടയോടെ സംഘടിപ്പിച്ച  കേരളാ പ്രവേശത്തിലൂടെയാണ് ഫൊക്കാനായെ കേരളം തൊട്ടറിയുന്നത്. കെ.കരുണാകരന്‍, ഇ.കെ.നായനാര്‍, എ.കെ. ആന്റണി, വയലാര്‍ രവി, കെ.എം.മാണി, കുഞ്ഞാലിക്കുട്ടി, എം.എം.ഹസ്സന്‍, എം.പി.വീരേന്ദ്രകുമാര്‍ തുടങ്ങി നിരവധി രാഷ്ട്രീയ പ്രമുഖര്‍, സുഗതകുമാരി, ബാലചന്ദ്രന്‍ ചുള്ളിക്കാട്, വിജയലക്ഷ്മി, ചെമ്മനം ചാക്കോ, വേളൂര്‍ കൃഷ്ണന്‍കുട്ടി തുടങ്ങിയ എഴുത്തുകാര്‍, ജാവേദ് ഹസ്സന്‍ തുടങ്ങിയ വ്യവസായ പ്രമുഖര്‍ തുടങ്ങി ജീവിതത്തിന്റെ സമസ്ത മേഖലയിലുമുള്ള നിരവധി വ്യക്തിത്വങ്ങളെ പ്രവാസികള്‍ക്ക് അടുത്തറിയാനുള്ള അപൂര്‍വ്വ സന്ദര്‍ഭം കൂടിയായിരുന്നു അത്.

ഫൊക്കാനായുടെ പ്രസ്റ്റീജ് പദ്ധതിയായ ഭാഷയ്‌ക്കൊരു ഡോളര്‍ എന്ന അക്ഷരപുണ്യം കേരളത്തിന്റെ മണ്ണിലേക്ക് പറച്ചു നട്ടതും, കേരളത്തിലെ നിരവധി യൂണിവേഴ്‌സിറ്റികളിലെ മലയാളം എം.എ. വിദ്യാര്‍ത്ഥികള്‍ക്ക് ആദ്യമായി അംഗീകാരം ലഭിക്കുന്നതും ഫൊക്കാനായുടെ ഈ വേദിയില്‍ വച്ചുമായിരുന്നു.

പിന്നീട് അധികമാരും ചര്‍ച്ച ചെയ്യപ്പെടാതെ പോയ കേരളീയ ഗ്രാമങ്ങള്‍ ദത്തെടുക്കുന്ന പദ്ധതിയായ 'ഗ്രാമ സംഗമം, നഗരസംഗമം' പദ്ധതിക്കും തുടക്കമായത് ഈ വേദിയില്‍ ത്തന്നെ. ഈ പദ്ധതി കേന്ദ്ര ഗവണ്‍മെന്റിന്റെ പദ്ധതിയായി മാറി എന്നത് ഫൊക്കാനയ്ക്കും സന്തോഷത്തിനും വഴി നല്‍കുന്നു.
ഭാവിയിലുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളെ മുന്‍കൂട്ടികണ്ട് അവതരിപ്പിച്ച ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് പ്രോഗ്രാം ഈ കണ്‍വന്‍ഷന്റെ മറ്റൊരു പ്രത്യേകതയായിരുന്നു. അമേരിക്കന്‍ റെഡ്‌ക്രോസ് സൊസൈറ്റിയുടെ പ്രതിനിധികള്‍ അവതരിപ്പിച്ച പ്രബന്ധങ്ങള്‍, പ്രവര്‍ത്തനങ്ങള്‍ ഒക്കെ അന്നത്തെ സര്‍ക്കാര്‍ പ്രതിനിധികള്‍ക്ക് മുന്‍പില്‍ അവതരിപ്പിക്കപ്പെട്ടുവെങ്കിലും ജലരേഖയായിപ്പോയി. ഒരു പക്ഷേ കേരളത്തിന്റെ ഭൂകമ്പ സാധ്യതാപഠനങ്ങളില്‍ സഹായമാകേണ്ടതായിരുന്നു ഈ പ്രോഗ്രാം.

പ്രവാസി കണ്‍വന്‍ഷനുകളിലെ വിവിധ സെക്ഷനുകളുടെ തുടക്കവും ഇവിടെ നിന്നുതന്നെ. ഇന്നും പ്രവാസി കണ്‍വന്‍ഷനുകളില്‍ തുടരുന്ന ഒരേയൊരു സെക്ഷന്‍ മാധ്യമ സെമിനാറാണ്. ഫൊക്കാനയുടെ ഒന്നാമത് കേരളാപ്രവേശത്തില്‍ പങ്കെടുത്ത മാധ്യമ പ്രവര്‍ത്തകരാകട്ടെ അന്തര്‍ദ്ദേശീയതലത്തില്‍ ശ്രദ്ധ നേടിയവരും.

വളരെ ശ്രദ്ധയോടെ സംഘടിപ്പിക്കപ്പെട്ട ഈ കണ്‍വന്‍ഷന്റെ ക്രഡിറ്റ് അന്നത്തെ ഫൊക്കാനാ പ്രസിഡന്റ് ഡോ.എം. അനിരുദ്ധനു തന്നെ. പക്ഷെ അന്ന് ഫൊക്കാനാ ഉന്നയിച്ച പല പ്രശ്‌നങ്ങള്‍ക്കും രാഷ്ട്രീയ നേതൃത്വത്തിന്റെ മറുപടി ഒന്നുതന്നെയായിരുന്നു. 'നോക്കാം!'
അത് മാത്രം ഇന്നും തുടരുന്നു.

ഫൊക്കാനായുടെ 2015 ലെ കേരളാപ്രവേശം ജനുവരി അവസാനവാരം കോട്ടയത്ത് നടക്കുമ്പോള്‍ അമേരിക്കന്‍ മലയാളികള്‍ക്ക് അഭിമാനിക്കാന്‍ വകയുണ്ട്.

ഓരോ കണ്‍വന്‍ഷനുകളിലും ചില സാധാരണക്കാര്‍ക്കും, അവരുടെ കുട്ടികള്‍ക്കും ലഭിക്കുന്ന അംഗീകാരവും, കാരുണ്യവും ഇതാണ് ഫൊക്കാനയുടെ വളര്‍ച്ചയും പുണ്യവും.

ഫോട്ടോ അടിക്കുറിപ്പ്: ഫൊക്കാനാ കേരളാ കണ്‍വന്‍ഷന്‍ 2001 ചില ദൃശ്യങ്ങള്‍
ഫൊക്കാനാ കേരളാ കണ്‍വന്‍ഷന്‍ 2001: പ്രവാസി കണ്‍വന്‍ഷനുകളുടെ നാഴികക്കല്ല്ഫൊക്കാനാ കേരളാ കണ്‍വന്‍ഷന്‍ 2001: പ്രവാസി കണ്‍വന്‍ഷനുകളുടെ നാഴികക്കല്ല്ഫൊക്കാനാ കേരളാ കണ്‍വന്‍ഷന്‍ 2001: പ്രവാസി കണ്‍വന്‍ഷനുകളുടെ നാഴികക്കല്ല്ഫൊക്കാനാ കേരളാ കണ്‍വന്‍ഷന്‍ 2001: പ്രവാസി കണ്‍വന്‍ഷനുകളുടെ നാഴികക്കല്ല്ഫൊക്കാനാ കേരളാ കണ്‍വന്‍ഷന്‍ 2001: പ്രവാസി കണ്‍വന്‍ഷനുകളുടെ നാഴികക്കല്ല്ഫൊക്കാനാ കേരളാ കണ്‍വന്‍ഷന്‍ 2001: പ്രവാസി കണ്‍വന്‍ഷനുകളുടെ നാഴികക്കല്ല്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക