Image

പുതുവത്സര പ്രാര്‍ത്ഥന (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍)

Published on 31 December, 2014
പുതുവത്സര പ്രാര്‍ത്ഥന (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍)
പുതുവത്സരം നമ്മെ പുണരുമീ വേളയില്‍
പുതുമ നിറഞ്ഞൊരു ജീവിതമേകണേ !

സൗഹൃദമന്യോന്യം വിളയുവാന്‍ മര്‍ത്യരില്‍
സൗമനസ്സേകണേ കാരുണ്യ ദീപമേ !

പ്രാര്‍ത്ഥനാലാപത്താല്‍ വത്സരപ്പുലരിയില്‍
പാര്‍ത്തലമെങ്ങും മുഴങ്ങി ശോഭിക്കണേ !

സത്യത്തെ മന്‍നിര്‍ത്തി സല്‍ക്കര്‍മ്മം ചെയ്യുവാന്‍
സത്‌വൃത്തരാകുവാന്‍ കാരുണ്യമേകണേ !

അന്യന്റെ നന്മയിലാഹ്ലാദിച്ചീടുവാന്‍
അന്യൂനമാനസമേവര്‍ക്കും നല്‍കണേ !

ദൈവമേകീട്ടുള്ള നന്മയില്‍ മാനസം
ദൈവികമാകുവാന്‍ പ്രാപ്‌തമാക്കേണമേ !

ഉള്ളതിലെന്നെന്നും സംതൃപ്‌തമാകുവാന്‍
ഉല്ലാസമാനസമേവര്‍ക്കും നല്‍കണേ !

സത്യധര്‍മ്മാദികള്‍ വിട്ടുള്ള ജീവിതം
സാത്വിക ഷ്രേ്‌ഠനേ ദൂരെയകറ്റണേ !

ആശ്വാസ ദീപമാമീശ്വരാ, ഞങ്ങളില്‍
ആശിഷമേകണേ നിന്‍പാദം പുകുമ്പോള്‍ !

ആശയറ്റൂഴിയിലാണ്ടു കഴിയുന്നോ
രാശാ വിഹീനരെ താങ്ങി നടത്തണേ !

കൂരിരുള്‍ത്താഴ്‌വര തന്നിലും ദൈവമേ,
കാരുണ്യ രശ്‌മികള്‍ കാട്ടിത്തരേണമേ !

പേറുവാന്‍ പറ്റുന്ന ഭാരങ്ങള്‍ മാത്രം നീ
ഏറ്റുവാന്‍ സന്മനസേകണേ ദൈവമേ!

നിന്നെ മറന്നുള്ളതൊന്നും ചെയ്‌തീടുവാന്‍
എന്നെ യൊരുക്കല്ലേ കാരുണ്യതാരമേ !

നൈമിഷ്യ ജീവിതപ്പന്തയമീ ലോകം
നീ മാത്രമെന്നുമെന്നാശ്വാസം സര്‍വ്വേശാ !
പുതുവത്സര പ്രാര്‍ത്ഥന (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക