Image

നമിത-വെള്ളിത്തിരയിയിലെ മിന്നും താരം (അഭിമുഖം-ആശ പണിക്കര്‍)

ആശ പണിക്കര്‍ Published on 16 January, 2015
നമിത-വെള്ളിത്തിരയിയിലെ മിന്നും താരം (അഭിമുഖം-ആശ പണിക്കര്‍)
നമിത വളരെ സന്തോഷത്തിലാണ്.കാരണം മറ്റൊന്നുമല്ല. വിനീത് ശ്രീനിവാസന്റെ നായികയായി അഭിനയിച്ച 'ഓര്‍മ്മയുണ്ടോ ഈ മുഖം' എന്ന സിനിമയ്ക്ക് തിയേറ്ററില്‍ നിന്നും നല്ല പ്രതികരണം. അതില്‍ നമിത അവതരിപ്പിച്ച  നിത്യ എന്ന മോഡേണ്‍ പെണ്‍കുട്ടിയെ പ്രേക്ഷകര്‍ വളരെയധികം ഇഷ്ടപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ഒരു പതിനേഴുകാരിയില്‍ നിന്നും പ്രതീക്ഷിക്കാന്‍ കഴിയുന്നതിനേക്കാള്‍ മികച്ച കൈയ്യടക്കത്തോടെയാണ് നമിത ആ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുള്ളത്. ദുല്‍ഖര്‍ സല്‍മാനും ഉണ്ണിമുകുന്ദനുമൊപ്പം വിക്രമാദിത്യനില്‍ അവതരിപ്പിച്ച ദീപിക എന്ന കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടതോടെ മലയാളത്തിലെ മുന്‍നിര നായകന്‍മാര്‍ക്കൊപ്പം നമിത അഭിനയിച്ചു കഴിഞ്ഞു. ഇതിനു മുമ്പ് കുഞ്ചാക്കോ ബോബന്റെ നായികയായി 'ലോ പോയിന്റ്, പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും എന്നീ ചിത്രങ്ങളിലും ദിലീപിന്റെ നായികയായി സൗണ്ട് തോമ സത്യന്‍ അന്തിക്കാടിന്റെ പുതിയ തീരങ്ങള്‍ എന്ന സിനിമകളിലും മികച്ച അഭിനയമാണ് നമിത കാഴ്ച വച്ചത് 

 മലയാള സിനിമയില്‍ തന്നെ പുതിയൊരു വഴിത്തിരിവ് സൃഷ്ടിച്ച 'ട്രാഫിക്'എന്ന സിനിമയില്‍ റൊമാന്റിക് ഹീറോ ആയിരുന്ന റഹ്മാന്റെ മകളായിട്ടായിരുന്നു നമിതയുടെ വെള്ളിത്തിരയിലേക്കുള്ള അരങ്ങേറ്റം. സിനിമയുടെ വിജയം നമിതയ്ക്കും നേട്ടമായി. പിന്നീട് കൗമാരത്തിന്റെ പ്രസരിപ്പോടെ അവതരിപ്പിച്ച നായികാ വേഷങ്ങള്‍. ചെറുപ്പക്കാരുടെ ആരാധനാപാത്രമാണ് നമിതയിന്ന്. എവിടെ ചെന്നാലും ഇപ്പോള്‍ ആളുകള്‍ തിരിച്ചറിയുന്നു. ലൊക്കേഷനുകളില്‍ കുട്ടികളും തന്റെ സമപ്രായക്കാരുമൊക്കെ കൂടെ നിന്നു ഫോട്ടോയെടുക്കാനും ഓട്ടോഗ്രാഫ് വാങ്ങാനുമൊക്കെ അടുത്തു വരുന്നു. എങ്കിലും സിനിമയുടെ വെള്ളിവെളിച്ചത്തില്‍ കണ്ണ് മഞ്ചാതെ നില്‍ക്കാനുള്ള കരുത്ത് ഈ കൊച്ചു പെണ്‍കുട്ടിക്കുണ്ട്. സംസാരിച്ചു വരുമ്പോള്‍ അറിയാം. ആള്‍ ബോള്‍ഡാണ്. ചോദ്യങ്ങള്‍ക്കെല്ലാം ഒട്ടും ഇടര്‍ച്ചയില്ലാതെ വ്യക്തവും ലളിതവുമായ ഉത്തരം. മലയാള സിനിമയില്‍ നാളെയുടെ നായികയാകാന്‍ കരുത്തുള്ള ന്യൂ ജനറേഷന്‍ നായികയാണ് ഈ പെണ്‍കുട്ടിയെന്ന് അവളുടെ ആത്മവിശ്വാസം നിറഞ്ഞ വാക്കുകള്‍ വ്യക്തമാക്കുന്നു. പ്രശസ്ത സീരിയല്‍-സിനിമാതാരം കുമരകം രഘുനാഥിന്റെ സഹോദരനും ബിസിനസുകാരനുമായ പ്രമോദിന്റെ മകളുമാണ് ഈ പുതിയ താരം. നമിതയുമായുള്ള അഭിമുഖത്തില്‍ നിന്ന്.

സീരിയലിലേക്കുള്ള  വരവ് എങ്ങനെയായിരുന്നു? 
ഞാന്‍ അഞ്ചാം സ്റ്റാന്‍ഡാര്‍ഡില്‍ പഠിക്കുമ്പോഴാണ് സൂര്യ ടി.വിയില്‍ 'അമ്മേ ദേവി' എന്ന സീരിയലില്‍ അഭിനയിക്കാന്‍ അവസരം കിട്ടുന്നത്. അച്ഛന്റെ ഒരു കൂട്ടുകാരനാണ് എന്റെ ഫോട്ടോ ആ സീരിയലിന്റെ പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവിന് എന്റെ ഫോട്ടോ അയച്ചു കൊടുത്തത്. അത് അവര്‍ക്കിഷ്ടമായി. അങ്ങനെയാണ് ഞാന്‍ ആ സീരിയലില്‍ അഭിനയിക്കുന്നത്. പിന്നീട് 'വേളാങ്കണ്ണി മാതാവ്' എന്ന സീരിയലിലാണ് അഭിനയിച്ചത്. ഏഷ്യാനെറ്റിലെ 'എന്റെ മാനസപുത്രി'യിലും അഞ്ജലി എന്ന പേരില്‍ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പാക്കാന്‍ എനിക്കു കഴിഞ്ഞിരുന്നു. അങ്ങനെയാണ് പതുക്കെ സിനിമയിലേക്ക് വന്നത്.
ആദ്യ സിനിമ? 
 ട്രാഫിക്. അതില്‍ റഹ്മാന്‍ അങ്കിളിന്റെയും ലെനചേച്ചിയുടേയും മകള്‍ റിയ എന്ന കഥാപാത്രത്തെയാണ്  ഞാന്‍ അവതരിപ്പിച്ചത്. അതിന്റെ സംവിധായകന്‍ രാജേഷ് പിള്ള സാര്‍ എന്റെ സീനിനെ കുറിച്ചെല്ലാം വളരെ വ്യക്തമായി പറഞ്ഞു തന്നിരുന്നു. 
റഹ്മാന്‍ എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ആയിരുന്നു. ഇന്നും അങ്ങനെ തന്നെ. ലെനയാണെങ്കില്‍ സീരിയല്‍ രംഗത്തു നിന്നും വന്ന സെലിബ്രിറ്റി. എങ്ങനെയുണ്ടായിരുന്നു അന്ന് സെറ്റില്‍ റഹ്മാനും ലെനയുമൊക്കെ.?

അവര്‍ രണ്ടും വളരെ സിമ്പിളാണ്. ഞങ്ങള്‍ മുന്നു പേരും ചേര്‍ന്നുള്ള കോമ്പിനേഷന്‍ സീനുകള്‍ കുറവായിരുന്നു. എങ്കിലും ഒരുമിച്ചുണ്ടായിരുന്ന സമയം വളരെ രസകരമായിരുന്നു. രണ്ടു പേരും എന്നെ നന്നായി സപ്പോര്‍ട്ട് ചെയ്തു. 

മലയാളത്തിലെ പ്രമുഖ യുവനായകന്‍മാര്‍ക്കൊപ്പമാണ് നമിതയുടെ എല്ലാ സിനിമകളും?
അത് ശരിക്കും ഒരു ഭാഗ്യം തന്നെയാണെന്നു കരുതുന്നു. സത്യന്‍ അന്തിക്കാട് സാറിന്റെ പുതിയ തീരങ്ങളില്‍ നിവിന്‍ പോളിയായിരുന്നു ഹീറോ. ആ സിനിമ ഷൂട്ട് ചെയ്യുന്ന സമയത്ത് നിവിന്‍ പോളി തട്ടത്തിന്‍ മറയത്ത് കഴിഞ്ഞ് വരുന്നതേയുണ്ടായിരുന്നുള്ളൂ. ഞങ്ങള്‍ രണ്ടും സിനിമയില്‍ ഏതാണ്ട് പുതുമുഖങ്ങള്‍ പോലെ തന്നെയായിരുന്നു. നിവിന്‍ പോളിയും വളരെ കൂളാണ്. സാധാരണ ഫ്രണ്ട്‌സിനെ പോലെ തന്നെ. വിനീതേട്ടനും കുഞ്ചാക്കോ ബോബന്‍ ചേട്ടനുമെല്ലാം നല്ല സൗഹൃദപരമായി ഇടപെടുന്നവരാണ്. വിക്രമാദിത്യനില്‍ ദുല്‍ഖര്‍ സല്‍മാന്‍ ചേട്ടനും ഉണ്ണി മുകുന്ദനേട്ടനുമൊപ്പം അഭിനയിച്ചതോടെ അവരുമായും നല്ല സൗഹൃദത്തിലാണ്. 

കുഞ്ചാക്കോ ബോബന്‍, നിവിന്‍ പോളി, ദുല്‍ഖര്‍, വിനീത് ശ്രീനിവാസന്‍, ഉണ്ണിമുകുന്ദന്‍ മലയാളത്തിലെ യുനായകന്‍മാര്‍ക്കൊപ്പമെല്ലാം നമിത അഭിനയിച്ചു കഴിഞ്ഞു. ഇവരെല്ലാം എങ്ങനെ, ജാഡയാണോ? 

അയ്യോ ഒരിക്കലുമില്ല. അവരെല്ലാം നല്ല കമ്പനിയായിരുന്നു. ആര്‍ക്കും ഒരു ജാഡയുമില്ല. ദുല്‍ഖര്‍ മമ്മുക്കായുടെ മകനല്ലേ. പോരാത്തതിന് ഇപ്പോള്‍ എത്ര സിനിമകളിലാണ് അദ്ദേഹം നായകനാകുന്നത്. അതുകൊണ്ടു തന്നെ വിക്രമാദിത്യന്റെ സെറ്റില്‍ ചെല്ലുമ്പോള്‍ ഒരു ചെറിയ പേടിയുണ്ടായിരുന്നു. പക്ഷേ നമ്മള്‍ അടുത്തു സംസാരിക്കുമ്പോള്‍ മനസിലാകും ഇവരെല്ലാം എത്ര പാവമാണെന്ന്. സീന്‍സ് എടുക്കുന്ന സമയത്ത് നമ്മളെ വളരെയധികം സപ്പോര്‍ട്ട് ചെയ്യുന്നവരാണ് ഇവരെല്ലാം. പിന്നെ ദീലീപേട്ടനാണെങ്കില്‍ സെറ്റിലെപ്പോഴും ഓരോന്നു പറഞ്ഞ് നല്ല തമാശയുണ്ടാക്കും, നമ്മള്‍ ചിരിച്ച് ചിരിച്ച് ഒരു വിധമാകും. ഫുള്‍ കോമഡിയാണ്. ശരിക്കും ഒരു ഫെസ്റ്റിവല്‍ മൂഡാണ് ദിലീപേട്ടന്‍ സെറ്റിലുള്ളപ്പോള്‍.  പിന്നെ വളരെ പ്രൊഫഷണലാണ്. താന്‍ അഭിനയിക്കുന്ന കഥാപാത്രത്തിന്റെ പെര്‍ഫെക്ഷനു വേണ്ടി എത്ര റിസ്‌ക് എടുക്കാനും തയ്യാറുള്ള ആളാണ് അതിനൊന്നും ഒരു മടിയുമില്ല. വളരെ ഡെഡിക്കേറ്റഡ് ആണ്. 

ലോ പോയിന്റിലെ കഥാപാത്രം വളരെ ബുദ്ധിമതിയായ പെണ്‍കുട്ടിയാണല്ലോ. പലപ്പോഴും നായകനെ പിന്നിലാക്കുന്നുണ്ട്. 
ശരിക്കും ഞാന്‍ ആസ്വദിച്ചു ചെയ്ത ഒരു ക്യാരക്ടറാണ് ലോ പോയിന്റിലേത്. നായകനെ പിന്നിലാക്കുന്ന ബുദ്ധി നായിക പ്രകടിപ്പിക്കുന്നുണ്ടെങ്കില്‍ അതിന്റെ ക്രഡിറ്റ് തിരക്കഥാകൃത്തിനും സംവിധായകനുമാണ്. 

ലാല്‍ ജോസിന്റെ പുള്ളിപ്പുലികളും ആട്ടിന്‍കുട്ടികളിലും നമിതയായിരുന്നു നായിക. അതിലെ കൈനകരി ജയശ്രീയാകാന്‍ എന്തെങ്കിലും തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നോ?  

അങ്ങനെ പ്രത്യേകിച്ച് തയ്യാറെടുപ്പുകളൊന്നും നടത്തിയിട്ടില്ല. എനിക്ക് ആ കഥാപാത്രം വളരെ ഇഷ്ടമായിരുന്നു. ലാലു അങ്കിളും തിരക്കഥാകൃത്ത് സിന്ധുരാജ് ചേട്ടനും കൂടി എനിക്ക് എന്റെ കഥാപാത്രത്തെക്കുറിച്ച് വളരെ വ്യക്തമായി പറഞ്ഞു തന്നു. നല്ലൊരു ക്രൂ ആയിരുന്നു പുള്ളിപ്പുലികളുടേത്. നമുക്ക്  എന്തെങ്കിലും സജഷന്‍സ് ഉണ്ടെങ്കില്‍ പറയാനുള്ള അനുവാദം പോലും ഉണ്ടായിരുന്നു. കുഞ്ചാക്കോ ബോബന്‍ ചേട്ടനൊക്കെ വളരെ ഫ്രണ്ട്‌ലിയായിട്ടാണ് പെരുമാറിയത്. നമുക്കൊട്ടും ടെന്‍ഷന്‍ വരാത്ത വിധം അവരെല്ലാം വളരെ നന്നായി കെയര്‍ ചെയ്തു. അഭിനയിക്കാന്‍ തുടങ്ങുമ്പോള്‍ തന്നെ ഇത്ര നല്ല ടീമുകള്‍ക്കൊപ്പം ചേരാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷമുണ്ട്. 

ആദ്യമായി മുവീ ക്യാമറയ്ക്കു മുന്നില്‍ വരുമ്പോള്‍ പേടിയുണ്ടായിരുന്നോ?

പേടിയുണ്ടായിരുന്നു. പക്ഷേ നമ്മള്‍ അഭിനയിച്ചല്ലേ പറ്റൂ. സീരിയലില്‍ അഭിനയിച്ചിരുന്നതു കൊണ്ട് കുറച്ചൊക്കെ ധൈര്യമുണ്ടായിരുന്നു. എന്നാലും ഇത് സിനിമയല്ലേ എന്നോര്‍ക്കുമ്പോഴായിരുന്നു ഒരു പേടി. പിന്നെ ഞാനിതു വരെ അഭിനയിച്ച സിനിമകളുടെ സംവിധായകരും അതിലെ ആര്‍ട്ടിസ്റ്റുകളുമെല്ലാം എനിക്കു വളരെ സപ്പോര്‍ട്ടീവ് ആയിരുന്നു. അതു കൊണ്ട് പേടിയെല്ലാം പെട്ടെന്നു തന്നെ പോയി.

പുള്ളിപ്പുലികളില്‍ കായലിലും വള്ളത്തിലുമായി ഒരു പാട് സീനുകളുണ്ട്. പേടിയുണ്ടായിരുന്നോ? 
ഇല്ല. ഞാന്‍ ചെറുപ്പത്തില്‍ നീന്തല്‍ പഠിച്ചിട്ടുണ്ട്. അതു കാരണം വള്ളത്തില്‍ കയറാനും നീന്താനുമൊന്നും പേടി തോന്നിയില്ല. ഏതായാലും നീന്തല്‍ പഠിച്ചത് ഈ സിനിമയില്‍ പ്രയോജനപ്പെട്ടു. എന്റെ അച്ഛന്റെ വീട് കോട്ടയം ജില്ലയില്‍ കുമരകം എന്ന സ്ഥലത്താണ്. ഇഷ്ടം പോലെ നെല്‍പ്പാടങ്ങളും വലിയ തോടും വേമ്പനാട്ടു കായലുമൊക്കെയായി നല്ല ഭംഗിയുള്ള സ്ഥലം. അവധിക്കാലത്ത് ഞങ്ങള്‍ കുമരകത്തു പോകും.  കുട്ടനാടിന്റെ ലൊക്കേഷനിലുള്ള സിനിമ എന്നത് എന്നെ സംബന്ധിച്ച് വളരെ ത്രില്ലിങ്ങായിരുന്നു. 

പ്രണയഗാനരംഗങ്ങളില്‍ നമിത വളരെ മനോഹരമായി  പ്രണയം അഭിനയിച്ചിട്ടുണ്ട്. സിനിമയില്‍ പ്രേമരംഗങ്ങളില്‍ ആദ്യമായി അഭിനയിക്കുമ്പോള്‍ നാണം തോന്നിയോ? 

അങ്ങനെയൊന്നുമില്ല. നമ്മള്‍ സംവിധായകന്‍ പറയുന്നതനുസരിച്ച് അഭിനയിക്കുന്നു. അത്രേയുള്ളൂ. എത്രയോ പേരുടെ മുന്നില്‍ വച്ചാണ് നമ്മള്‍ അഭിനയിക്കുന്നത്. നമ്മള്‍ പ്രൊഫഷണല്‍ ആര്‍ട്ടിസ്റ്റുകള്‍ ആണെങ്കില്‍ അങ്ങനെ തോന്നുകയില്ല. 

സത്യത്തില്‍ ഈ സീനിലൊക്കെ എത്ര ടേക്കുകള്‍ വേണ്ടി വന്നു?
(ചോദ്യത്തിന്റെ അര്‍ത്ഥം പിടിയെന്ന മട്ടില്‍ ചിരിക്കുന്നു) ഒറ്റ ടേക്കില്‍ തന്നെ പല സീന്‍സും ഓക്കെയായി. ഒരു പാട് റീടേക്കുകളുടെയൊന്നും ആവശ്യം വന്നില്ല. 

നൃത്തം അഭ്യസിച്ചിട്ടുണ്ടോ? 
അഞ്ചാം ക്‌ളാസു വരെ പഠിച്ചിരുന്നു. പിന്നെ 'പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും' എന്ന സിനിമയ്ക്കു വേണ്ടി പഠിപ്പിച്ചത് ശരണ്യാ മോഹന്‍ ചേച്ചിയാണ്. ചേച്ചിയുടെ ആലപ്പുഴയിലുള്ള ഡാന്‍ഡ് സ്‌കൂളിലായിരുന്നു ക്‌ളാസ്. തമിഴില്‍ വിജയ്‌ക്കൊപ്പം അഭിനയിച്ച ആളാണ് ചേച്ചി. അതിന്റെയൊന്നും ഒരു ജാഡയുമില്ല. എത്ര പാവമാണ്. 

കഥയും കവിതയുമൊക്കെ എഴുതുമെന്ന് കേട്ടു. യുവജനോത്സവത്തിലൊക്കെ പങ്കെടുത്തിട്ടുണ്ടോ? 
ഞാന്‍ ഇന്നേ നാള്‍ വരെ യൂത്ത് ഫെസ്റ്റിവലില്‍ പങ്കെടുത്തിട്ടില്ല. ക്‌ളബുകളുടെ വാര്‍ഷികത്തിനും മറ്റുമാണ്  കഥാരചന മത്സരത്തിനൊക്കെ ചേരുന്നത്. കഥയും കവിതയുമൊക്കെ ചെറുതായി എഴുതും. പക്ഷേ  അതൊക്കെ ഫ്രണ്ട്‌സിനെ മാത്രമേ കാണിക്കൂ.ഒന്നും പ്രസിദ്ധീകരിച്ചിട്ടില്ല. എന്റെയൊരു ഹോബി. അത്രേയുള്ളൂ.

ഇഷ്ടപ്പെട്ട എഴുത്തുകാര്‍ ആരൊക്കെയാണ്?
എം.മുകുന്ദന്‍, എം.ടി. ബെന്യാനിന്‍ ഇവരെ വലിയ ഇഷ്ടമാണ്. ആട് ജീവിതം ശരിക്കും എത്ര ടച്ചിങ്ങാണ്. ശരിക്കും വേദന തോന്നും, ഇംഗ്‌ളീഷില്‍ ചേതന്‍ ഭഗതിനെ ഇ,ഷ്ടമാണ്. പിന്നെ ഔട്ട് ലുക്ക് മാഗസിന്‍ പതിവായി വായിക്കാറുണ്ട്. 

നമിത ഫാഷണബിളാണോ? 
അങ്ങനെ ഭയങ്കര ഫാഷണബിളൊന്നുമല്ല. എങ്കിലും ട്രന്‍ഡിയാവുന്നത് ഇഷ്ടമാണ്. അത് ഡ്രസ്സിന്റെ കാര്യത്തിലും ഓര്‍ണമെന്റ്‌സിന്റെ കാര്യത്തിലും. 

സിനിമയില്‍ നമിത ധരിക്കുന്ന വേഷങ്ങള്‍ തികച്ചും ഫാഷണബിളായ ഒരു മോഡേണ്‍ പെണ്‍കുട്ടിയുടേതാണ്. നമിത ശരിക്കും അങ്ങനെ തന്നെയാണോ?

സിനിമയില്‍ ഞാന്‍ ധരിക്കുന്ന വേഷങ്ങള്‍ സിനിമക്കാര്‍ തരുന്നതാണ്. പിന്നെ എനിക്കു കംഫര്‍ട്ടബിളായി തോന്നുന്ന വേഷങ്ങള്‍ മാത്രമാണ് ഞാന്‍ ധരിക്കുക. അത് സിനിമയിലായാലും ജീവിതത്തിലായാലും. പിന്നെ എനിക്ക് മോഡേണ്‍ വേഷങ്ങള്‍ വളരെ ഇഷ്ടമാണ്.

നാട്ടിലൊക്കെ താരമായി കാണുമല്ലോ അല്ലേ?
അങ്ങനെയൊന്നുമില്ല. നാട്ടിലും അയല്‍പക്കത്തുമെല്ലാം ഞാനെല്ലാവര്‍ക്കും  പഴയ നമിത തന്നെ.   പിന്നെ ഫ്രണ്ട്‌സൊക്കെ ലൊക്കേഷനിലെ വിശേഷങ്ങള്‍ ചോദിക്കും. എല്ലാവര്‍ക്കും കുഞ്ചാക്കോ ബോബന്‍ ചേട്ടന്റെയും നിവിന്‍ പോളിയുടേയും ദുല്‍ഖറേട്ടന്റെയും ദിലീപേട്ടന്റെയുമൊക്കെ കാര്യങ്ങളറിയാന്‍ ഇഷ്ടമാണ്. അവരൊക്കെ പാവമാണോ തമാശ പറയുമോ എന്നൊക്കെ ചോദിക്കും. 

ഉദ്ഘാടനങ്ങള്‍ക്കൊക്കെ പോകാന്‍ തുടങ്ങിക്കാണുമല്ലോ? എങ്ങനെയാണ് ആളുകളുടെ പ്രതികരണം? 
ചില ഫങ്ങ്ഷനുകള്‍ക്ക് പോയിരുന്നു. പിന്നെ നമ്മളെ ഇഷ്ടപ്പെടുന്നതുകൊണ്ടല്ലേ അവര്‍ ഉദ്ഘാടനങ്ങള്‍ക്ക് വിളിക്കുന്നത്. കാണാന്‍ വരുന്നവര്‍ തികച്ചും സന്തോഷത്തോടെയാണ് പെരുമാറിയിട്ടുള്ളത്.

ഭാവിയില്‍ നമിത ആരാകും ? ഒരു ഡോക്ടര്‍,അല്ലെങ്കില്‍ എന്‍ജിനീയര്‍? 
ഇതു രണ്ടുമാകില്ല. ഇതു രണ്ടും ആകാതിരിക്കാന്‍ വേണ്ടി  പ്‌ളസ് ടുവിന് ഞാന്‍ ഹ്യൂമാനിറ്റീസ് ആണ് സെലക്ട് ചെയ്തത്. കാരണം സോഷ്യല്‍ സര്‍വീസ് കുറേയൊക്കെ എനിക്കിഷ്ടമാണ്. എം.എസ്.ഡബ്‌ളിയു എടുക്കണെമെന്ന് വളരെ ആഗ്രഹമുണ്ട്. 

ഇഷ്ടപ്പെട്ട നടന്‍-നടി?
മലയാളത്തിലെ എല്ലാവരേയും എനിക്ക് ഇഷ്ടമാണ്. പ്രത്യേകിച്ച പൃഥ്വിരാജിനയും ഫഹദ് ഫാസിലിനെയും  നടിമാരില്‍ റീമാ കല്ലിങ്കലിനെയും മീരാ ജാസ്മിനേയും വളരെ ഇഷ്ടമാണ്.

കഥാപാത്രങ്ങള്‍ക്ക് നമിത തന്നെയാണോ ശബ്ദം നല്‍കുന്നത്?
അതേ. പുതിയ തീരങ്ങളില്‍ മാത്രം റിയ എന്നയാളാണ് എനിക്ക് ശബ്ദം നല്‍കിയിരിക്കുന്നത്. 

പ്രണയാഭ്യര്‍ത്ഥനകള്‍ ഇഷ്ടം പോലെ കിട്ടുന്നുണ്ടാകുമല്ലോ?
(ചിരിക്കുന്നു) ആ...ചിലരൊക്കെ വിളിച്ചിട്ട് ഇഷ്ടമാണെന്നു പറയും. പിന്നെ...ഒരു പാട് കത്തുകള്‍ വരുന്നുണ്ട്. 

മറുപടി അയയ്ക്കാറുണ്ടോ?
അയ്യോ, വേറെ ഒരു പാട് ജോലികളുണ്ട്.

അതുകൊണ്ടാണോ മറുപടി അയക്കാത്തത്?
(ചിരിക്കുന്നു) അതല്ല….എല്ലാവരോടും നമ്മള്‍ എന്തു പറയാനാണ്.

നമിതയെ വിളിക്കുമ്പോഴെല്ലാം അച്ഛനാണല്ലോ ഫോണ്‍ എടുക്കുന്നത്?
അത് ഞാനിതുവരെ സ്വന്തമായി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു തുടങ്ങിയിട്ടില്ല. അച്ഛന്റെ നമ്പറാണ് എല്ലാവര്‍ക്കും കൊടുത്തിട്ടുള്ളത്. സിനിമയുടെ കാര്യത്തിനാണെങ്കില്‍ അച്ഛനോട് പറഞ്ഞതിനു ശേഷം സംസാരിച്ചാല്‍ മതിയല്ലോ.

ലൊക്കേഷനില്‍ ആരാണ് കൂടെ വരുന്നത്? 
അച്ഛന്‍.  പിന്നെ അമ്മയും ചില്ലപ്പോള്‍ വരും. രണ്ടു പേരും നല്ല സപ്പോര്‍ട്ടാണ്. 

അമ്മയും അനിയത്തിയും?
അമ്മ ഇന്ദു. ഹൗസ് വൈഫാണ്. അനിയത്തി അഖിത. 

നമിതക്ക് സുമലതയുടെ ച്ഛായയുണ്ടെന്നാണ് പലരും പറയുന്നത്.
എന്നോട് പലരും പറഞ്ഞിട്ടുണ്ട്. എനിക്ക് വളരെ സന്തോഷമാണ് അത് കേള്‍ക്കുമ്പോള്‍. 
ഇതും പറഞ്ഞ് നമിത ചിരിക്കുന്നു. യുവത്വത്തിന്റെ മനം കവര്‍ന്ന ചിരി.                                                 
നമിത-വെള്ളിത്തിരയിയിലെ മിന്നും താരം (അഭിമുഖം-ആശ പണിക്കര്‍)നമിത-വെള്ളിത്തിരയിയിലെ മിന്നും താരം (അഭിമുഖം-ആശ പണിക്കര്‍)നമിത-വെള്ളിത്തിരയിയിലെ മിന്നും താരം (അഭിമുഖം-ആശ പണിക്കര്‍)നമിത-വെള്ളിത്തിരയിയിലെ മിന്നും താരം (അഭിമുഖം-ആശ പണിക്കര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക