Image

പ്രണയമേ..... വിട്ടുകൊടുക്കാനാവില്ല നിന്നെ (ആശ പണിക്കര്‍)

Published on 17 January, 2015
പ്രണയമേ..... വിട്ടുകൊടുക്കാനാവില്ല നിന്നെ (ആശ പണിക്കര്‍)
മരിച്ചു മണ്ണടിഞ്ഞാലും താന്‍ സ്‌നേഹിക്കുന്നവരെ വിട്ടു പിരിയാന്‍ കഴിയാതെ അവര്‍ക്കൊപ്പം അ്വൃശ്യമായി നടക്കുന്ന ആത്മാവ്. ഭൂമിയില്‍ ജീവിച്ചിരിക്കുന്ന തന്റെ പ്രിയപ്പെട്ടവരെ മറ്റുള്ളവര്‍ക്ക് വിട്ടുകൊടുക്കാന്‍ കഴിയാതെ, പ്രേതാത്മാവ് അദൃശ്യ സാന്നിദ്ധ്യമായി അവര്‍ക്കൊപ്പം നിലകൊണ്ടാലുളള സ്ഥിതി എന്തായിരിക്കും? ഇത്തരത്തില്‍ നിരവധി ചോദ്യങ്ങള്‍ക്കുളള ഉത്തരമാണ് മിസ്കിന്റ പിസാസ് എന്ന ചിത്രം.

വയലിനിസ്റ്റായ സിദ്ധാര്‍ത്ഥ് ഒരു ദിവസം ഒരു പെണ്‍കുട്ടിയുടെ മരണത്തിനു സാക്ഷിയാകുന്നു. വഴിയരികില്‍ മരണത്തോട് മല്ലടിച്ചു കിടന്ന ആ പെണ്‍കുട്ടിയെ അവന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തിരികെ വീട്ടിലെത്തുവോളം ആ പെണ്‍കുട്ടിയെ കുറിച്ചുളള ഓര്‍മകള്‍ അവന്റെ ഹൃദയമുലച്ചു. അവളുടെ കാലില്‍ നിന്ന് തെറിച്ചുവീണ മനോഹരമായ ചെരുപ്പ് അവന്‍ വീട്ടി ല്‍ കൊണ്ടുപോയി നിധി കണക്കെ സൂക്ഷിച്ചു.

പക്ഷേ അജ്ഞാതയായ ആ പെണ്‍കുട്ടിയുടെ മരണത്തിനു സാക്ഷ്യം വഹിച്ച ശേഷം ജോലിക്കു പോയ അവനെ കാത്തിരുന്നത് ദുരൂഹമായ പലതുമായിരുന്നു. വയലിന്‍ തന്ത്രികളും അവന്റെ മനസും ശ്രുതി തെറ്റി പാടുന്ന അവസ്ഥ. ഇതോടെ പ്രശ്‌നങ്ങള്‍ ഉയര്‍ന്നു. മുന്നോട്ടുളള യാത്രയെ കുറിച്ച് അയാളുടെ മനസില്‍ പ്രശ്‌നങ്ങളായി.

മദ്യപിച്ച് മനസില്‍ നിന്ന് എല്ലാം മായ്ചു കളയാന്‍ സൂഹൃത്ത് പറഞ്ഞതനുസരിച്ച് അങ്ങനെ തന്നെയാകാം എന്നവന്‍ തീരുമാനിച്ചു. എന്നാല്‍ മദ്യവുമായി ഫ്‌ളാറ്റിലെത്തിയതോടെ അവനെ അമ്പരിപ്പിക്കുന്ന സംഭവവികാസങ്ങളാണ് അവിടെ അരങ്ങേറുന്നത്. മദ്യക്കുപ്പി തുറക്കാനുളള ഓപ്പണര്‍ അവന്റെ അടുത്തു നിന്നും അപ്രത്യക്ഷമാകുന്നു. ബിയര്‍കുപ്പികള്‍ ആരുടെയോ അദൃശ്യകരങ്ങളാല്‍ പൊട്ടിച്ചിതറി നിലത്തു നുരയും പതയുമായി കിടക്കുന്നു. രാവിലെ ഉറങ്ങിയെണീല്‍ക്കുമ്പോള്‍ ആരോ അവനെ ഒരു നീല പുതപ്പു കൊണ്ടു പുതപ്പിച്ചിരിക്കുന്നു. വീടാകെ ആരോ അടുക്കി വൃത്തിയാക്കിയിരിക്കുന്നു. അ്വൃശ്യമായ ഏതോ ശക്തി തന്റെ ഒപ്പം ഫ്‌ളാറ്റിലുണ്ട് എന്ന ബോധം അവനെ ഭയപ്പെടുത്തുന്നു. അവന്‍ ഉടനേ സുഹൃത്തുക്കളെ വിളിച്ചു നടന്ന സംഭവങ്ങള്‍ പറയുന്നു. എല്ലാവരും കൂടി മന്ത്രവാദിനിയെ കൊണ്ടു വന്നു. പലവിധ പൂജകളും ചെയ്തു. ഒരു രക്ഷയുമില്ല. എല്ലാത്തിനേയും അതിജീവിച്ച് ആ അദൃശ്യശക്തി ഫ്‌ളാറ്റില്‍ അവര്‍ക്കൊപ്പം നിഴലായി നടക്കുന്നു.

പക്ഷേ അവന്‍ ഒരിക്കല്‍ കണ്ടു. കറുത്തിരുണ്ട വെള്ളച്ചാട്ടം പോലെ അഴിഞ്ഞുവീണ മുടിയുമായി ഒരു സ്ത്രീ രൂപം. അവന് മെല്ലെ മനസിലായി ആ പെണ്‍കുട്ടി അവളാണ്. റോഡില്‍ തന്റെ കൈകളില്‍ രക്തം വാര്‍ന്ന് കിടന്നു മരിച്ച അതേ പെണ്‍കുട്ടി. അവളുടെ പേര് ഭവാനി.

മരിച്ചു കഴിഞ്ഞിട്ടും അവള്‍ തന്നെ പിന്തുടരുന്നത് എന്തിനാണെന്ന് അവന് മനസിലാകുന്നില്ല. അവന് പ്രിയപ്പെട്ടവരായ ആളുകളില്‍ നിന്നും അവനെ ബോധപൂര്‍വം അകറ്റാന്‍ അവള്‍ ശ്രമിക്കുന്നതായി അവന്‍ തിരിച്ചറിയുന്നു. പ്രാണനെ പോലെ സ്‌നേഹിച്ച അമ്മയെ പോലും അവള്‍ ദ്രോഹിക്കുന്ന ഘട്ടമെത്തിയപ്പോള്‍ അവന്‍ അവളെ കണക്കിനു ശകാരിച്ചു. ചീത്ത പറഞ്ഞു. അമ്മയേയും കൊണ്ട് ആശുപത്രിയിലേക്കു പോകുമ്പോള്‍ അവന്‍ ഒന്നു തീരുമാനിച്ചു കഴിഞ്ഞിരുന്നു. ആ പെണ്‍കുട്ടി ആരാണെന്നറിയണം. അവള്‍ എങ്ങനെയാണ് മരിച്ചത് എന്നറിയണം. ഇതിനിടെ ആശുപത്രി കിടക്കയില്‍ വച്ച് അമ്മ അവനോട് ഒരു സത്യം വെളിപ്പെടുത്തുന്നു. അതുവരെ അവന്‍ കരുതിയതെല്ലാം തച്ചുടയ്ക്കുന്നതായിരുന്നു അമ്മയുടെ വാക്കുകള്‍. അതോടെ അവന്‍ ഒന്നു തീര്‍ച്ചയാക്കി. അവളുടെ മരണത്തിനുത്തരവാദിയായവരെ കണ്ടെത്തണം.

അതിനുള്ള ശ്രമങ്ങളുമായി മുന്നിട്ടിറങ്ങിയ സിദ്ധാര്‍ത്ഥിനു നേരിടേണ്ടി വന്നത് കനത്ത തിരിച്ചടികളാണ്. വീശിയടിക്കുന്ന കാറ്റായും ഭയപ്പെടുത്തുന്ന നിലവിളികളായും അവള്‍ പലപ്പോഴും സിദ്ധാര്‍ത്ഥിന്റെ വഴി മുടക്കി. അവന്റെ എല്ലാ പരിശ്രമങ്ങളും തകര്‍ക്കാന്‍ സര്‍വശക്തിയും സംഭരിച്ചു മുന്നില്‍ നിന്നത് അവള്‍ തന്നെ ആയിരുന്നു എന്ന് അവന്‍ തിരിച്ചറിയുമ്പോള്‍ അവന്‍ നടുങ്ങുകയാണ്. അവളുടെ കൊലയാളിയെ കണ്ടെത്താനുളള തന്റെ ശ്രമങ്ങളെ അവള്‍ തടയുന്നത് എന്തിനാണെന്ന് അവന് എത്ര ചിന്തിച്ചിട്ടും മനസിലായില്ല.

മലയാളത്തിലും അന്യഭാഷകളിലുമായി നിരവധി പ്രേതസിനിമകള്‍ നാം കണ്ടിട്ടുണ്ട്. അതില്‍ നിന്നും വേറിട്ടു നില്‍ക്കുന്ന പുതുമകളൊന്നും മിഷ്കിന്റെ പിസാസ് എന്ന തമിഴ് ചിത്രത്തിനും അവകാശപ്പെടാനില്ല. എങ്കിലും ദൃശ്യങ്ങള്‍ക്ക് പുതുമ നല്‍കാന്‍ സംവിധായകന്‍ ശ്രമിച്ചിട്ടുണ്ട്. തുടക്കം മുതല്‍ ഒടുക്കം വരെ സാധാരണ കാഴ്ചകള്‍ മാത്രം. നിശബ്ദതയില്‍ സ്ക്രീനിലേക്ക് ഭയാനകമായ നിലവിളിയോടെ വരുന്ന പ്രേതം. ഭയപ്പെടുത്തുന്ന പശ്ചാത്തല സംഗീതം, നെഞ്ചിടിപ്പു കൂട്ടുന്ന ക്യാമറാ ചലനങ്ങള്‍. പ്രേക്ഷകനെ ഭയപ്പെടുത്തുന്ന ചേരുവകകള്‍ ധാരാളമുണ്ട് സിനിമയില്‍.

ഭയത്തിനൊപ്പം തമാശരംഗങ്ങളുമുണ്ട് ചിത്രത്തില്‍. ഭൂത-പ്രേത-പിശാചുക്കളിലൊന്നും വിശ്വാസമില്ലാത്ത മൂന്നു ന്യൂജെനറേഷന്‍ ചെറുപ്പക്കാരുടെ മുന്നില്‍ ഒരു പെണ്ണിന്റെ പ്രേതം പ്രത്യക്ഷപ്പെട്ടാലുള്ള കോമഡി സീന്‍സ് ധാരാളമുണ്ട് സിനിമയില്‍. എന്നാല്‍ മെല്ലെ ഈ തമാശ കളമൊഴിഞ്ഞ് ഭയം പിടിമുറുക്കുകയാണ് പ്രേക്ഷകനെ. കഥ എങ്ങോട്ടാണ് പോകുന്നത് എന്ന് ഊഹിക്കാന്‍ കഴിയാത്ത വിധം സംവിധായകന്‍ സസ്‌പെന്‍സ് നിലനിര്‍ത്തുന്നതില്‍ വിജയിക്കുന്ന കാഴ്ചയാണ് പിന്നീട്. ഭവാനിയുടെ കൊലപാതകിയെ അന്വേഷിച്ചു പോകുന്ന സിദ്ധാര്‍ഥിന്റെ കയ്യില്‍ ഒരു കത്തിയുണ്ട്. ഏതു നിമിഷവും അത് അവളുടെ കൊലപാതകിയുടെ നെഞ്ചില്‍ ആഴ്ന്നിറങ്ങുമെന്ന് പ്രേക്ഷകന്‍ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും വില്ലനെപ്പറ്റി അവസാനം വരെ ഒരു സൂചനയും നല്‍കാതെ പ്രേക്ഷകനെ കൊണ്ടുപോവുകയാണ് മിഷ്കിന്‍.

കണ്ടു പഴകിയ കാര്യങ്ങളാണെങ്കിലും വ്യത്യസ്തമായ ട്രീറ്റ്‌മെന്റിലൂടെ അതിനെ പുതുമയുള്ള ഒരനുഭവമാക്കി പ്രേക്ഷകനു നല്‍കാനുള്ള മിഷ്കിന്റെ പാടവം പിസാസിലും ദൃശ്യമാണ്. ന്യൂനതകള്‍ ഉണ്ടെങ്കിലും രണ്ടു മണിക്കൂര്‍ നേരം മടുപ്പിക്കാതെ പ്രേക്ഷകനെ തിയേറ്ററില്‍ പിടിച്ചിരുത്താന്‍ സംവിധായകനു കഴിയുന്നുണ്ട്. നായകനെ കാത്തുസൂക്ഷിക്കാന്‍ പ്രേതം നടത്തുന്ന ശ്രമങ്ങള്‍ പലപ്പോഴായി നാം കണ്ടിട്ടുള്ളതു തന്നെ. ഹൊറര്‍ ചിത്രം എന്ന നിലയ്ക്ക് കാണികളുടെ ഹൃദയമിടിപ്പ് നിശ്ചലമാക്കുന്ന ദൃശ്യങ്ങള്‍ കൂടുതലായി സന്നിവേശിപ്പിക്കാനുള്ള അവസരം വേണ്ട രീതിയില്‍ ഉപയോഗപ്പെടുത്തിയോ എന്ന് സംശയമാണ്. ക്‌ളൈമാക്‌സ് രംഗങ്ങളില്‍ പ്രേതം കാണിക്കുന്ന പതിവു നാടകീയതകള്‍ ഇതിലുമുണ്ടെങ്കിലും സസ്‌പെന്‍സിന്റെ തീവ്രത കൊണ്ട് സംവിധായകന്‍ അത് പരിഹരിച്ചതായി കാണാം.

മിഷ്കിന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും രചിച്ചിട്ടുള്ളത്. രവി റോയിയുടെ ഫ്രെയിമുകള്‍ ഹൊറര്‍ ചിത്രത്തിനാവശ്യമായ എല്ലാ മനോഹാരിതയും ഒപ്പിയെടുത്തിരിക്കുന്നു. ഗോപിനാഥിന്റെ അളന്നു മുറിച്ച കൃത്യതയാര്‍ന്ന എഡിറ്റിങ് വേറിട്ടു നില്‍ക്കുന്നു. ആരോളിന്റേതാണ് ചിത്രത്തിലെ സംഗീതം. പുതുമുഖങ്ങളായ നാഗയും പ്രയാഗയുമാണ് സിദ്ധാര്‍ഥും ഭവാനിയുമായെത്തുന്നത്. എല്ലാവരും തങ്ങളുടെ ഭാഗം ഗംഭീരമാക്കി. വെറും പത്തില്‍ താഴെ മാത്രം കഥാപാത്രങ്ങളെ വച്ച് ഇത്തരത്തില്‍ ഒരു ഹൊറര്‍ സിനിമ എടുക്കാന്‍ ധൈര്യം കാട്ടിയ മിഷ്കിനെ അഭിനന്ദിക്കാതെ വയ്യ. ലൊക്കേഷന്റെ കാര്യത്തിലുമില്ല ഒട്ടും തന്നെ ധാരാളിത്തം. മരിച്ചാലും ജീവനു തുല്യം സ്‌നേഹിച്ച പ്രണയിയെ വിട്ടുകൊടുക്കാന്‍ കഴിയാത്തവരുടെ ആത്മാക്കളുണ്ട്. പലരും വിശ്വസിക്കാന്‍ മടിച്ചേക്കാം. എന്നാല്‍ മിഷ്കിന്‍ പറയുന്നത് ആ പ്രണയത്തെകുറിച്ചാ­ണ്.
പ്രണയമേ..... വിട്ടുകൊടുക്കാനാവില്ല നിന്നെ (ആശ പണിക്കര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക