Image

സ്വപ്‌നഭൂമിക (നോവല്‍ 11: മുരളി ജെ. നായര്‍)

മുരളി ജെ. നായര്‍ Published on 31 January, 2015
സ്വപ്‌നഭൂമിക (നോവല്‍ 11: മുരളി ജെ. നായര്‍)


പതിനൊന്ന്
എയര്‍പോര്‍ട്ടിലേക്ക് അനിലും വരാമെന്നു പറഞ്ഞിരുന്നതാണ്. ലീ ഫ്രിയാണെങ്കില്‍ അവളേയും കൂടി കൂട്ടാന്‍ താന്‍ ആവശ്യപ്പെടുകയും ചെയ്തു.
ലീയ്ക്ക് ധാരാളം പഠിക്കാനുണ്ടത്രെ.
ഇപ്പോഴിതാ അനിലും വരുന്നില്ലെന്നു പറയുന്നു.
റോസമ്മ ക്ലോക്കിലേക്കു നോക്കി.
മണി പന്ത്രണ്ടാകാന്‍ പോകുന്നു. ഒരുമണിക്കെങ്കിലും ഇറങ്ങണം. ഈ സമയത്ത് ന്യൂയോര്‍ക്കിലേക്ക് നല്ല ട്രാഫിക് തിരക്കായിരിക്കും. മൂന്നു മണിക്കൂറെങ്കിലും എടുക്കും ഇവിടെനിന്നു കെന്നഡി എയര്‍പോര്‍ട്ടിലെത്താന്‍.
മൂന്ന് അമ്പതിനാണ് ബോംബെയില്‍ നിന്നുള്ള എയര്‍ ഇന്ത്യാ ഫ്‌ളൈറ്റ് എത്തുന്നത് . കുറേമുമ്പ് എയര്‍ ഇന്ത്യാ ഇന്‍ഫര്‍മേഷനില്‍ വിളിച്ചുനോക്കിയപ്പോള്‍ 'ഓണ്‍ടൈം' ആണെന്നു പറഞ്ഞു.
ഇന്നലെ രാത്രി ബോംബെയ്ക്കു വിളിച്ചിരുന്നു. സമയത്തുതന്നെ അവിടെനിന്നു ഫ്‌ളൈറ്റ് പുറപ്പെട്ടു എന്നറിഞ്ഞു. വിനോദിന്റെ സംസാരത്തില്‍ അസാധാരണമായി എന്തെങ്കിലും സംഭവിച്ചതിന്റെ സൂചനയൊന്നുമില്ല. കുഴപ്പമൊന്നും ഉണ്ടായിക്കാണാന്‍ ഇടയില്ല. ഇനിയങ്ങോട്ട് ഒന്നും ഉണ്ടാകാതെ കാക്കമേ പരുമല തിരുമേനീ!
അച്ചായന്‍ മൂളിപ്പാട്ടും പാടി ഇറങ്ങി വന്നു. കുളികഴിഞ്ഞിട്ടുണ്ട്.
'എന്നാല്‍ ഞാനൊന്നു കുളിച്ചുവരട്ടെ.' അച്ചായനെ നോക്കി പറഞ്ഞു.
'ങാ, വേഗം വേണം. സമയം പോകുന്നു.'
കുളികഴിഞ്ഞ് ബെഡ്‌റൂമിലേക്കു കയറി ക്രൂശിതരൂപത്തിനു മുമ്പില്‍ ഏതാനും നിമിഷം പ്രാര്‍ത്ഥിച്ചു നിന്നു. കുഴപ്പമൊന്നും വരുത്തരുതേ!
താഴെ വന്ന് ഡൈനിംഗ് ടേബിളില്‍ ചോറും കറികളുമൊക്കെ എടുത്തു വച്ചു.
'വാ, ഊണുകഴിക്കാം.'
അച്ചായന്‍ പത്രം മടക്കിവച്ച് എഴുന്നേറ്റു.
കസേരയില്‍ ഇരുന്നുകൊണ്ട് തന്റെ നേരെ ഉറ്റുനോക്കുന്നു.
'എന്താ റോസക്കുട്ടീ മുഖത്തൊരു വാട്ടം?'
'ഒന്നുമില്ല.'
'അല്ല. എന്തോ ഉണ്ട്!'
പിന്നെ ഒന്നും മിണ്ടിയില്ല.
ചോറു വിളമ്പിക്കൊടുത്തു.
ഒട്ടും വിശപ്പുതോന്നിയില്ല. ഊണുകഴിച്ചെന്നു വരുത്തി.
ധൃതിയില്‍ ഡ്രസ്‌ചെയ്യാന്‍ കയറി.
സാരി ഉടുക്കാമെന്നാണ് ആദ്യം വിചാരിച്ചിരുന്നത്. പിന്നീട് സാല്‍വാര്‍ കമ്മീസു മതിയെന്നുവച്ചു.
അച്ചായന്‍ ഡ്രസ് ചെയ്യാന്‍ കയറി വന്നത് കണ്ണാടിയില്‍ കണ്ടു. പതുക്കെ നടന്നടുത്തുവന്ന് പിന്നില്‍ ചേര്‍ന്നുനിന്നു.
'ഉം.ഉം' പ്രതിഷേധിച്ച് അകന്നുമാറി.
അച്ചായന്‍ പുഞ്ചിരിതൂകിക്കൊണ്ട് വാര്‍ഡ്‌റോബിനടുത്തേക്കു തിരിഞ്ഞു.
ഡ്രസ്‌ചെയ്ത് രണ്ടുപേരും താഴേക്കു വന്നു.
'കോട്ടും എടുത്തോ, തണുപ്പുണ്ട്.'
താഴത്തെ ക്ലോസറ്റില്‍ നിന്ന് കമ്പിളിയുടുപ്പുകളും എടുത്തു രണ്ടുപേരും കൂടി പുറത്തേക്കിറങ്ങി.
'ഒരു മണിയാകുന്നതേയുള്ളൂ.' വീടുപൂട്ടി അച്ചായന്‍ പറഞ്ഞു.
കാറില്‍ കയറിയിരുന്ന് കണ്ണടച്ച് ഒരു നിമിഷം പ്രാര്‍ത്ഥിച്ചു. ദൂരയാത്രയിറങ്ങുമ്പോള്‍ ഇതു പതിവാണ്. 
എല്ലാ അപകടങ്ങളില്‍ നിന്നും കാത്തു രക്ഷിക്കാന്‍ ഏതോ  ഒരദൃശ്യശക്തികൂടിയുണ്ടെന്ന് എപ്പോഴും തോന്നിയിട്ടുണ്ട്.
ആ അദൃശ്യശക്തിക്കു നന്ദി.
അച്ചായന്‍ വണ്ടി സ്റ്റാര്‍ട്ടുചെയ്ത് റോഡിലേക്കെടുത്തു.
പഴയ മലയാള സിനിമാഗാനങ്ങളുടെ കാസറ്റ് കാര്‍സ്റ്റീരിയോയിലേക്ക് തള്ളിവച്ചു. അറുപതുകളിലെ ഹിറ്റ്ഗാനങ്ങള്‍.
റോസമ്മയുടെ മനസ്സ് പുറകോട്ടോടി.
എസ്.എസ്.എല്‍.സി. പാസായ സമയം. വീട്ടിലെ പ്രാരാബ്ധങ്ങള്‍ കാരണം കോളേജ് വിദ്യാഭ്യാസമെന്ന മോഹം മുഴുവനായി ഉപേക്ഷിച്ച് ടൈപ്പ് റൈറ്റിംഗും ഷോര്‍ട്ട്ഹാന്റും പഠിക്കാന്‍ തയ്യാറായത്.
സഹപാഠിയും അയല്‍വാസിയുമായ മേരിക്കുട്ടി ബോംബെയിലേക്ക് നേഴ്‌സിംഗ് പഠിക്കാന്‍ പോകുന്ന കാര്യം പറഞ്ഞു. പുതിയ മോഹങ്ങള്‍ നാമ്പിട്ടു. ഒപ്പം മേരിക്കുട്ടിയുടെ നിര്‍ബന്ധവും.
വീട്ടില്‍ അമ്മയോടു കാര്യം പറഞ്ഞു.
'വേണ്ട, അതിന്റെയൊന്നും ആവശ്യമില്ല. നല്ല കുടുംബത്തില്‍ പിറന്ന പിള്ളേര്‍ക്കുള്ള പണിയല്ല അതൊന്നും.'
'ഇതു പഴയ കാലമൊന്നുമല്ല അമ്മേ.' അനുനയസ്വരത്തില്‍ പറഞ്ഞു. നേഴ്‌സ് പണിക്കെന്താ ഇപ്പം അന്തസ്സുകൊറവ്?'
ഒരു വിധത്തില്‍ അമ്മച്ചിയെപ്പറഞ്ഞ് മെരുക്കിയെടുത്തു. അപ്പച്ചന്റെ അടുത്ത് വിഷയം അവതരിപ്പിക്കാന്‍ അമ്മച്ചി തയ്യാറായി.
അപ്പച്ചന്റെ എതിര്‍പ്പ്, പ്രതീക്ഷിച്ചതിലും അധികമായിരുന്നു. 'കണ്ണും കാലും എത്താത്തിടത്തൊന്നും പെണ്‍മക്കളെ ജോലിക്കു പറഞ്ഞുവിട്ട് ജീവിക്കേണ്ട ഗതികേടൊന്നും ഇതുവരെ ആയിട്ടില്ല.' അപ്പച്ചന്‍ പറഞ്ഞു.
പട്ടിണിയിലും ഉയര്‍ന്നുനില്‍ക്കുന്ന കുടുംബത്തിന്റെ അന്തസ്സെന്ന മായികഭ്രമം.
ആ വിധത്തില്‍, മേരിക്കുട്ടിയുടെ അമ്മയുടെ സഹായത്തോടെ തന്റെ അമ്മയേയും മേരിക്കുട്ടിയുടെ അപ്പച്ചനെക്കൊണ്ട് തന്റെ അപ്പച്ചനേയും പറഞ്ഞു സമ്മതിപ്പിച്ചെടുത്തു.
നേഴ്‌സിംഗ് വിദ്യാഭ്യാസത്തിന്റെ നീണ്ട വര്‍ഷങ്ങള്‍, അതുകഴിഞ്ഞ് അതേ ആശുപത്രിയില്‍ ജോലി.
സ്വന്തം ആവശ്യങ്ങള്‍ പരിമിതപ്പെടുത്തി, ആഡംബരങ്ങള്‍ വേണ്ടെന്നുവച്ച് വീട്ടിലേക്കു കൃത്യമായി പണമയച്ചുകൊണ്ടിരുന്നു. സഹോദരങ്ങളെ പഠിപ്പിക്കാനും വീട്ടുചെലവു നടത്താനും താന്‍ ബുദ്ധിമുട്ടേണ്ടിവന്നു.
അവധിക്കു വരുമ്പോഴൊക്കെ ബന്ധുക്കളുടെയും അയല്‍ക്കാരുടെയും കണ്ണുകളില്‍ പരിഹാസം ഒളിഞ്ഞിരിക്കുന്നുവെന്നു തോന്നി.
അന്നൊക്കെ കരുതിയിരുന്നു കുറെ പണം എങ്ങനെയെങ്കിലും ഉണ്ടാക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ജീവിതം രക്ഷപ്പെടുമെന്ന്. നേഴ്‌സായ കാരണം നഷ്ടപ്പെട്ടുപോയ അന്തസ്സൊക്കെ വീണ്ടെടുക്കാന്‍ കഴിയുമെന്ന്.
'എന്താ ഇത്ര ഗഹനമായ ആലോചന?'
അച്ചായന്റെ ചോദ്യം വര്‍ത്തമാനകാലത്തേക്കു തിരികെ കൊണ്ടു വന്നു.
'ഒന്നുമില്ല.' പുഞ്ചിരിച്ചു.
കാര്‍ പെന്‍സില്‍വേനിയ ടേണ്‍പൈക്കിലേക്കു പ്രവേശിക്കുന്നതിനു മുമ്പുള്ള ടോള്‍ബൂത്തിലെത്തിയിരിക്കുകയാണ്. ടോള്‍ ടിക്കറ്റെടുക്കാന്‍ നീണ്ടനിര. പത്തുകാറുകളെങ്കിലും മുമ്പില്‍ ഉണ്ട്. സാധാരണ ഇത്ര തിരക്കു കാണുന്നതല്ലല്ലോ.
'എന്തു പറ്റിയെന്നറിയില്ല. വല്ലാത്ത തിരക്ക.്'
അച്ചായന്റെ വാക്കുകളില്‍ അസഹ്യത.
കാറുകള്‍ ഒന്നൊന്നായി ടിക്കറ്റെടുത്ത് ടോള്‍ബൂത്തു കടന്നു.
ന്യൂജേഴ്‌സി എന്ന ബോര്‍ഡു കാണുന്ന റോഡിലേക്കു കാര്‍ തിരിച്ച് അച്ചായന്‍ വീണ്ടും സംസാരിച്ചു.
'സമയത്ത് അങ്ങ് എത്താനാകുമെന്നു തോന്നുന്നില്ല.'
മറുപടിയൊന്നും പറഞ്ഞില്ല.
വീണ്ടും മനസ്സ് പിറകോട്ട്.
അങ്ങനെയൊരു അവധിക്കാലത്താണ് അച്ചായനുമായുള്ള വിവാഹാലോചന വന്നത്.
തന്റെ അഭിപ്രായം ആരും കാര്യമായി ആരാഞ്ഞില്ല. പെട്ടെന്ന്് വിവാഹം നടന്നു. 
ഇലക്ട്രിഷ്യന്‍ കോഴ്‌സ് പഠിച്ചിരുന്നെങ്കിലും അച്ചായന് ജോലിയൊന്നുമുണ്ടായിരുന്നില്ല. പിതാവിനെ ബിസിനസില്‍ സഹായിക്കുക എന്നതായിരുന്നു ജോലി.
വിവാഹം കഴിഞ്ഞ് ബോംബെയിലെത്തിയശേഷമാണ് കക്ഷി ആദ്യമായി ജെലിചെയ്യുന്നത്.
കുറെ പാടുപെട്ടു ബോംബെയിലെ യാഥാര്‍ത്ഥ്യങ്ങളുമായി പൊരുത്തപ്പെടുത്തിയെടുക്കാന്‍.
ഒന്നരവര്‍ഷത്തിനുള്ളില്‍ അനില്‍ ജനിച്ചു. ആവശ്യങ്ങള്‍ വര്‍ദ്ധിച്ചു വന്നു. വീട്ടിലേക്കു കാശയയ്ക്കാന്‍ ഞെരുക്കമായിത്തുടങ്ങി.
ആയിടയ്ക്കാണ് അമേരിക്കയെന്ന വാഗ്ദത്തഭൂമിയിലേക്കുള്ള വാതിലുകള്‍ തുറക്കപ്പെട്ടത്. 
വഴികാട്ടി മേരിക്കുട്ടിതന്നെയായിരുന്നു. അവള്‍ ന്യൂയോര്‍ക്കിലെത്തി അധികം താമസിയാതെ തനിക്കുവേണ്ടി സ്‌പോണ്‍സര്‍ഷിപ്പു കടലാസുകള്‍ അയച്ചുതന്നു.
കൈക്കുഞ്ഞായ അനിലിനെയും അച്ചായനെയും നാട്ടിലേക്കു യാത്രയാക്കിയിട്ട് ന്യൂയോര്‍ക്കിലേക്ക് വിമാനം കയറുമ്പോള്‍ അടക്കാനാവാത്ത വിഷമമായിരുന്നു.
മേരിക്കുട്ടിയുടെ സഹായത്തോടെ ഫിലഡല്‍ഫിയയിലെ ഒരാശുപത്രിയില്‍ ജോലി ശരിയാക്കി. അധികം താമസിയാതെ അച്ചായനും അനിലും എത്തി.
ഫിലഡല്‍ഫിയ സെന്റര്‍ സിറ്റിയില്‍ ഒരു ബെഡ്‌റൂമുള്ള അപ്പാര്‍ട്ട്‌മെന്റ് വാടകയ്‌ക്കെടുത്ത് താമസമായി.
പിന്നീടങ്ങോട്ട്, അമേരിക്കയെന്ന വാഗ്ദത്തഭൂമിയില്‍ നിലനില്‍പ്പിനുള്ള പരക്കംപാച്ചിലായി.
ആദ്യമൊക്കെ, അഞ്ചെട്ടുവര്‍ഷം ജോലിചെയ്ത് കുറേ കാശുണ്ടാക്കി നാട്ടിലേക്കു തിരികെപോകണമെന്ന ചിന്തയേ ഉണ്ടായിരുന്നുള്ളൂ. തനിക്ക് മാത്രമല്ല, മലയാളികള്‍ക്ക്, വിശേഷിച്ചു നേഴ്‌സുമാര്‍ക്ക് പൊതുവെ ഉണ്ടായിരുന്ന പ്ലാനിംഗ് അത്തരത്തിലായിരുന്നു.
അമേരിക്കയിലെത്തി രണ്ടുവര്‍ഷത്തിനുള്ളില്‍ സന്ധ്യമോള്‍ ജനിച്ചു.
അച്ചായന്‍, തന്റെ ശമ്പളത്തേക്കാള്‍ കുറഞ്ഞ ശമ്പളത്തിനേ ജോലി ചെയ്യാന്‍ പറ്റൂ എന്ന യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെട്ടു. ഇലക്ട്രിക്കല്‍ സാധനങ്ങള്‍ ഉണ്ടാക്കുന്ന ഒരു ഫാക്ടറിയില്‍ ഹെല്‍പ്പര്‍ ആയി ജോലിക്കുപോകാന്‍ തുടങ്ങി. അതിനുമുമ്പു കിട്ടിയ പല ജോലികളും വേണ്ടെന്നു വച്ചതാണ്, അന്തസ്സും ശമ്പളവും പോരെന്നു പറഞ്ഞത്.
'നാശം!'
അച്ചായന്‍ പിറുപിറുക്കുന്നു.
അപ്പോഴാണു ശ്രദ്ധിച്ചത് ട്രാഫിക് വളരെ മെല്ലെയാണ് നീങ്ങുന്നത്. ന്യൂജേഴ്‌സി ടേണ്‍പൈക്കിലാണിപ്പോള്‍. ഗെത്തല്‍സ്ബ്രിഡ്ജിന്റെ എക്‌സിറ്റ് അടുത്തെന്നു തോന്നുന്നു. ന്യൂജേഴ്‌സിയേയും, ന്യൂയോര്‍ക്ക് സ്‌റ്റേറ്റിന്റെ ഭാഗമായ സ്റ്റാറ്റന്‍ഐലന്റിനെയും ബന്ധിപ്പിക്കുന്നു ഗെത്തല്‍സ് ബ്രിഡ്ജ്.
മണി മൂന്നായി, എന്തായാലും സമയത്തിന് എയര്‍പോര്‍ട്ടില്‍ എത്താന്‍ പറ്റില്ലെന്നുറപ്പായി! ഛേ! കഷ്ടംതന്നെ.
അച്ചായന്‍ പല്ലിറുമ്മുന്നു. ട്രാഫിക് തടസ്സം വരുമ്പോളുള്ള സ്ഥിരം സ്വഭാവമാണ്.
ഒച്ചിഴയുന്ന വേഗതയില്‍ ഗെത്തല്‍സ് ബ്രിഡ്ജ് കടന്നു.
ഇപ്പോള്‍ ട്രാഫിക്കിന് അല്‍പ്പംകൂടി വേഗത വന്നിട്ടുണ്ട്.
സന്ധ്യമോളുടെ വിമാനം ഇപ്പോള്‍ അമേരിക്കന്‍ വന്‍കരയുടെ മുകളില്‍ എത്തിയിട്ടുണ്ടാവും. ന്യൂ ഇംഗ്ലണ്ട് സ്‌റ്റേറ്റ് ആയ 'മെയിന്‍' നുമുകളില്‍.
എന്തായാലും കുഴപ്പംകൂടാതെ ഇന്ത്യ വിടാന്‍ പറ്റിയല്ലോ.
തെറാപ്പി കോഴ്‌സിന്റെ അവസാനത്തെ സ്‌റ്റേജ് ഇനിയും ബാക്കിയുണ്ട്. 
അതൊക്കെ കോഴ്‌സിന്റെ അവസാനത്തെ സ്‌റ്റേജ് ഇനിയും ബാക്കിയുണ്ട്. 
അതൊക്കെ സഹിക്കാം. മലയാളികളായ അഭ്യുദയകാംക്ഷികളുടെ ശല്യമാണ് അഹസ്യം.
ആളുകള്‍ക്ക് എന്തെല്ലാമാണ് അറിയേണ്ടത്്? ഇങ്ങനെയും മറ്റുള്ളവരുടെ കാര്യത്തില്‍ താല്‍പ്പര്യമോ? അന്യന്റെ കാര്യം അറിയാന്‍ മലയാളികള്‍ക്കു മാത്രമേ ഇത്തരം ക്യൂരിയോസിറ്റി ഉള്ളുവെന്നു തോന്നുന്നു.
കൂടെ ജോലിചെയ്യുന്ന ലിസി ഇന്നലെ പറയുകയാണ്. 'ഒരിക്കല്‍ റിലാപ്‌സ് ആയാല്‍ പിന്നെ മുമ്പത്തേതിലും വിഷമമാ, നേരെയാക്കി എടുക്കാന്‍.'
ദുര്‍ബല നിമിഷങ്ങളില്‍ ്അവളെ വിശ്വസിച്ച് കാര്യങ്ങള്‍ തുറന്നു പറഞ്ഞതിന്റെ ശിക്ഷ!
'തനിക്കിതിലെന്തു കാര്യം?' എന്നു ചോദിക്കാനൊരുങ്ങിയതായിരുന്നു. കൂടുതല്‍ പ്രശ്‌നമാക്കേണ്ടെന്നു കരുതി.
അല്ലെങ്കിലും അവള്‍ ചിലപ്പോഴൊക്കെ തന്നെ കുത്തി ഓരോന്നു പറയുന്നതായി തോന്നിയിരുന്നു. മലയാളിക്ക് തനതായുള്ള സിനിസിസം. 
ലിസിയുടെ അനുജത്തിക്ക് സ്വന്തം ഭര്‍ത്താവിന്റെ അനുജനുമായുള്ള ബന്ധത്തെപ്പറ്റിയുള്ള കഥകള്‍ നാട്ടുകാരുടെയിടയില്‍ പര്യമാണ്. അതില്‍നിന്നു
ള്ള എസ്‌കേപ്പിസത്തിന്റെ വഴിയായിട്ടായിരിക്കും അവള്‍ തന്നെയും തന്റെ മകളെയും പത്തി ഇത്തരം പ്രഖ്യാപനങ്ങള്‍ നടത്തുന്നത്!
അത് മലയാളിയുടെ മറ്റൊരു മുഖം. സ്വന്തം തെറ്റുകളേയും കുറ്റങ്ങളേയും മറച്ചുപിടിക്കാന്‍ മറ്റുള്ളവരുടെ കുറ്റങ്ങളും കുറവുകളും കണ്ടുപിടിക്കുക, ഇല്ലെങ്കില്‍ അത്തരം കുറവുകള്‍ പുതിയതായി സൃഷ്ടിക്കുക, അമേരിക്കയിലെത്തിയ കാലം മുതല്‍ കാണുന്നതാണിത്.
കാര്‍ വെരസ്സാണോ ബ്രിഡ്ജിലേക്കു പ്രവേശിക്കാറായി.
രണ്ടുനിലയില്‍ പണിതീര്‍ത്തിരിക്കുന്ന കൂറ്റന്‍ പാലം.
സാന്‍ഫ്രന്‍സിസ്‌കോയിലെ 'ഗോള്‍ഡന്‍ ഗേറ്റ്' ബ്രിഡ്ജ് കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും വലിയ പാലം.
കാര്‍ ബ്രിഡ്ജിന്റെ താഴത്തെ ലവലിലേക്കു പ്രവേശിച്ചു.
ഈ പാലം കടന്നാല്‍പ്പിന്നെ ജെ.എഫ്.കെന്നഡി എയര്‍പോര്‍ട്ടിലേക്ക് കുറേ മൈലുകള്‍ കൂടി. നാലേകാലിനെങ്കിലും എത്താന്‍ കഴിയുമെന്നു തോന്നുന്നു. അപ്പോഴൊക്കേ യാത്രക്കാര്‍ പുറത്തുവരികയുള്ളൂ.
ഈയിടെയായി നാട്ടില്‍പ്പോയി വിവാഹിതരാകാന്‍ മക്കള്‍ തയ്യാറാകുന്നത് മാതാപിതാക്കള്‍ക്ക് ഏതോ ജ•സാഫല്യം കണക്കെയാണ്. കാരണം അമേരിക്കയില്‍ വളരുന്ന മലയാളിക്കുട്ടികളില്‍ മലയാളികളല്ലാത്തവരുമായുള്ള പ്രേമവിവാഹങ്ങളുടെ എണ്ണം വളരെ കൂടിയിരിക്കുന്നു.
അമേരിക്കന്‍ രീതിയില്‍ ബോയ്ഫ്രണ്ടും ഗേള്‍ഫ്രണ്ടും കളിച്ചുനടക്കുന്ന അനേകം മലയാളി കുട്ടികളുമുണ്ട്. ഭൂരിപക്ഷംപേരുടെയും മാതാപിതാക്കള്‍ അത് കണ്ടില്ല കേട്ടില്ല എന്നു നടിക്കുന്നു. മറ്റുള്ളവരുടെ കുട്ടികളുടെ കുറ്റം കണ്ടുപിടിക്കുന്നതിലാണ് ഇക്കൂട്ടര്‍ക്ക് താല്‍പ്പര്യം.
അടുത്തകാലത്തു നടന്ന ഒരു സംഭവം ഓര്‍മ വരുന്നു. ഫിലഡല്‍ഫിയയിലുള്ള ഒരു കുടുംബത്തിന്റെ കഥ.
മെഡിസിനു പഠിക്കാനെന്ന വ്യാജേനയാണ് മകളെ നാട്ടില്‍ വിട്ടതെങ്കിലും യഥാര്‍ത്ഥകാരണം അവളെ ഒരു ഹിസ്പാനിക് വര്‍ഗ്ഗക്കാരനുമായുള്ള പ്രേമബന്ധത്തില്‍ നിന്നു മുക്തയാക്കുക എന്നുള്ളതായിരുന്നു.
തെക്കേ ഇന്ത്യയിലെ മികച്ച മെഡിക്കല്‍ കോളേജില്‍ പഠിക്കാന്‍ പോയ മകള്‍ അവിടെയും ചില പ്രേമബന്ധങ്ങളില്‍പ്പെട്ടു.
ഒടുവില്‍ അവളെയും കാമുകനേയും ലോഡ്ജില്‍നിന്നു പോലീസ് അറസ്റ്റു ചെയ്യുന്നതുവരെ കാര്യങ്ങളെത്തി. കാമുകന്റെ അച്ഛന്‍ രാഷ്ട്രീയത്തില്‍ പ്രമാണിയായിരുന്നതുകൊണ്ട് വലിയ പ്രശ്‌നങ്ങളൊന്നുമുണ്ടാകാതെ കാര്യങ്ങള്‍ ഒതുങ്ങി.
ഡോക്ടറായി അമേരിക്കയില്‍ തിരിച്ചെത്തിയ മകള്‍ക്ക് തിരക്കിട്ട വിവാഹാലോചനകള്‍ അമേരിക്കയിലും കേരളത്തിലും. ഒടുവില്‍ അമേരിക്കയില്‍ തന്നെയുള്ള സ്വജാതിയില്‍പ്പെട്ട പയ്യനെക്കൊണ്ട് വിവാഹം കഴിപ്പിച്ചു.
പിന്നീടല്ലേ കഥ! പുതുമണവാളന്റെ പൂര്‍വ്വവൃത്താന്തം മണവാട്ടിയുടേതിനേക്കാള്‍ വര്‍ണശബളമായിരുന്നു. അസൂയക്കാരായ മലയാളികള്‍ സംഭവങ്ങള്‍ യഥാവിധി 'ബ്ലോ അപ്പ്' ചെയ്തുകൊണ്ടുമിരുന്നു.
അങ്ങനെ ഒരു വിവാഹമോചനംകൂടി.
കാര്‍ എയര്‍പോര്‍ട്ടിലെത്തിയതറിഞ്ഞില്ല.
പാര്‍ക്കിംഗ് റോട്ടില്‍ ഒരു കോണില്‍ സ്ഥലം കണ്ടെത്തി.
മണി നാലര.
രണ്ടുപേരും ധൃതിയില്‍ അറൈവല്‍ ഗേറ്റിലേക്കു നടന്നു.
ബന്ധുക്കളെയും സുഹൃത്തുക്കളേയും വരവേല്‍ക്കാന്‍ അക്ഷമരായി നില്‍ക്കുന്നവരോടൊപ്പം ചേര്‍ന്നു.
'എയര്‍ ഇന്ത്യയില്‍ വന്നവര്‍ പുറത്തുവരാന്‍ തുടങ്ങിയോ?'
അടുത്തു നിന്നയാളോടു ചോദിച്ചു.
'ഇല്ല.'
ഏതാനും മിനിറ്റുകള്‍.
അതാ ആദ്യത്തെ എയര്‍ ഇന്ത്യ യാത്രക്കാരി വരുന്നു. രണ്ടുകുട്ടികളോടൊപ്പം.
ആകാംക്ഷാഭരിതങ്ങളായി കണ്ണുകള്‍ സന്ധ്യ വരുന്നതു കാത്തു.


സ്വപ്‌നഭൂമിക (നോവല്‍ 11: മുരളി ജെ. നായര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക