Image

വര്‍ഷത്തിലെ ഒരു ദിവസം (ചെറുകഥ: ജെസ്സി റിന്‍സി)

Published on 31 January, 2015
വര്‍ഷത്തിലെ ഒരു ദിവസം (ചെറുകഥ: ജെസ്സി റിന്‍സി)
`ഇതെന്താ ഇത്ര രാവിലെ?', ഇഷയുടെ ചോദ്യത്തിന്‌ പുഞ്ചിരി നല്‍കിക്കൊണ്ട്‌ അനു വേഗം ഡ്യൂട്ടി റൂമിലേക്ക്‌ ചെന്നു. അല്ല, ഇതെന്തുപറ്റി ഇവള്‍ക്ക്‌, രാവിലെ എഴുന്നേല്‍ക്കുക എന്നത്‌ ഒരു ബാലികേറാമലയായി കരുതുന്ന ഇവള്‍ ഇത്ര സന്തോഷത്തോടുകൂടി ഇവിടെ വരണമെങ്കില്‍ അതിനു തക്കതായ എന്തെങ്കിലും കാര്യം കാണും. ആ അവള്‍ പറയട്ടെ. റൂം നമ്പര്‍ 214-ലേക്ക്‌ ആറുമണിയുടെ ടാബ്ലെറ്റ്‌സുമായി ഇഷ വേഗം നടന്നു. എത്രയും പെട്ടെന്ന്‌ ഡ്യൂട്ടി തീര്‍ത്തിട്ടുവേണം വീട്ടില്‍ എത്താന്‍. മോനെ ഇന്ന്‌ ഞാന്‍തന്നെ സ്‌കൂളില്‍ കൊണ്ടുവിടാം എന്നു പറഞ്ഞതാണ്‌. ?why You are so irresponsible You should have turned his position 10 minutes ago? 214-ലെ ബൈസ്റ്റാന്‍ഡറുടെ ഷൗട്ടിംഗ്‌ ഒരു കാതില്‍ക്കൂടി കേട്ട്‌ മറ്റേ കാതില്‍ക്കൂടി പുറത്തുവിടുമ്പോള്‍ എന്തിനെന്നറിയാതെ ഇഷയ്‌ക്ക്‌ കരച്ചില്‍ വരുന്നുണ്ടായിരുന്നു. ഒരു മിനിറ്റുകൊണ്ടു തന്നെ എന്‍ക്ലെക്‌സിനേയും, ഹോസ്‌പിറ്റലിനേയും, എന്തിന്‌ ഒബാമയെ വരെ ഇഷ മനസില്‍ ശപിച്ചു. എത്ര ചെയ്‌താലും പരാതികള്‍ മാത്രം പറയുന്ന കൂട്ടിരുപ്പുകാരിയെ ഒന്ന്‌ നോക്കിയിട്ട്‌ ഇഷ വേഗം രോഗിയുടെ പൊസിഷന്‍ മാറ്റാന്‍ തുടങ്ങി.

അമേരിക്കയില്‍ വര്‍ണ്ണവിവേചനം ഒക്കെ മാറി എന്നാരാ പറഞ്ഞത്‌. ഇന്ത്യക്കാര്‍ ആരെങ്കിലും ആണ്‌ 214-ന്റെ നേഴ്‌സ്‌ എങ്കില്‍ പിന്നെ അന്നില്ലാത്ത പരാതികള്‍....എല്ലാം തീര്‍ത്തിട്ടു റൂമില്‍ നിന്നും ഇറങ്ങുമ്പോള്‍ ആറരയായി. ഇനിയും എന്തൊക്കെ പണികള്‍ ബാക്കി കിടക്കുന്നു. ഇന്നും മോനെ കൊണ്ടുവിടാന്‍ പറ്റില്ല.

ഷിഫ്‌റ്റ്‌ ചേഞ്ചും ഒക്കെ കഴിഞ്ഞ്‌ വീട്ടിലെത്തിയപ്പോള്‍ സമയം 9 മണി. എങ്ങനെ വീട്ടില്‍ എത്തി എന്നുതന്നെ അറിയില്ല. അല്ല അതിനിടയില്‍ അനുവിനോട്‌ വിശേഷം ചോദിക്കാനും മറന്നുപോയി.

ആ ഇനി കാണുമ്പോള്‍ ചോദിക്കാം.

അന്ന്‌ പകല്‍ 2014-ലെ രോഗി അനുവിനായിരുന്നു. പതിവുപോലെ പരാതിയും ഷൗട്ടിംഗുമായി എതിരേറ്റ ബൈസ്റ്റാന്‍ഡര്‍ അനുവിന്റെ മുഖത്തെ പുഞ്ചിരി കണ്ടാകാം ഒന്നും പറയാതെ എഴുന്നേറ്റ്‌ പോയി. ആയിരം പൂര്‍ണ്ണചന്ദ്രന്മാര്‍ ഉദിച്ചുയര്‍ന്നതുപോലുള്ള അനുവിന്റെ സന്തോഷത്തിനു കാരണം മറ്റൊന്നും ആയിരുന്നില്ല. അവളുടെ പ്രിയപ്പെട്ട നോവലിസ്റ്റ്‌ ശ്രീ വിനയന്‍ ഇന്നവളുടെ വീട്ടില്‍ വരുന്നു. അദ്ദേഹത്തിന്റെ എല്ലാ നോവലുകളും അനു വായിച്ചിട്ടുണ്ട്‌. നോവലുകള്‍ ഇഷ്‌ടപ്പെടുന്നതോടൊപ്പംതന്നെ നോവലിസ്റ്റിന്റെ ഒരു ആരാധികയായി മാറിയിരുന്നു അനു. തന്റെ പ്രിയതമയുടെ ആരാധാന അറിയുന്നതുകൊണ്ടാണ്‌ തന്റെ നാട്ടുകാരനായ ശ്രീ വിനയനെ എയര്‍പോര്‍ട്ടില്‍ നിന്നും കൂട്ടിക്കൊണ്ടുവരുവാന്‍ അനില്‍ തയാറായത്‌.

താന്‍ ഡ്യൂട്ടി കഴിഞ്ഞ്‌ വീട്ടിലെത്തുമ്പോഴേയ്‌ക്കും അവര്‍ വീട്ടിലെത്തും.

സമയം വൈകുന്നേരം ആറുമണിയായി. അനു, യു ഹാവ്‌ ആന്‍ അഡ്‌മിഷന്‍ കമിംഗ്‌. ചാര്‍ജിന്റെ വാക്കുകള്‍ ഒരു അശിനിപാതം പോലെയാണ്‌ അനുവിനു തോന്നിയത്‌. Its an accident case. കര്‍ത്താവെ. ഇന്ന്‌ താന്‍ താമസിച്ചതുതന്നെ. അനുവിന്റെ മുഖത്തെ പൂര്‍ണ്ണചന്ദ്രന്‍ കെട്ടടങ്ങി. ഇവനൊക്കെ ആസ്‌കിഡന്റ്‌ ആകാന്‍ കണ്ട നേരം. അനു പിറുപിറുത്തു. രോഗിയുമായി റൂമിലേക്ക്‌ വന്ന നേഴ്‌സ്‌ പറഞ്ഞു: ?Anu, I think he is from your place, the driver is admitted in ICU, and they were coming from airport?the sheriff is contacting their relatives?.

രോഗിയുടെ മുഖത്തേക്ക്‌ നോക്കിയ അനു ഒരുനിമിഷം സ്‌തംബ്‌ദയായി. നോവലിസ്റ്റ്‌ വിനയന്‍. അപ്പോള്‍ സൈലന്റ്‌ ആക്കി ഇട്ടിരുന്ന അനുവിന്റെ മൊബൈലില്‍ ഷെരീഫ്‌ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നുള്ള അനേകം മിസ്‌ഡ്‌ കോളുകളുണ്ടായിരുന്നു. ഐ.സി.യുവില്‍ അപ്പോള്‍ മറ്റൊരു നേഴ്‌സ്‌ വൈകി വന്ന ആക്‌സിഡന്റ്‌ രോഗിയെ ഓര്‍ത്ത്‌ പരാതിയുടെ ഭാണ്‌ഡം അഴിക്കുന്നുണ്ടായിരുന്നു.

വിധിയുടെ വിളയാട്ടങ്ങള്‍....
വര്‍ഷത്തിലെ ഒരു ദിവസം (ചെറുകഥ: ജെസ്സി റിന്‍സി)
Join WhatsApp News
പോള്‍ ചാക്കോ 2015-02-03 10:00:59
Great story Jessy. Keep writing. - Paul Chacko
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക