Image

`പ്രണയാക്ഷരങ്ങള്‍' (കവിത: ബിന്ദു ടിജി)

Published on 02 February, 2015
`പ്രണയാക്ഷരങ്ങള്‍' (കവിത: ബിന്ദു ടിജി)
വിണ്ടുണങ്ങിയ മണ്ണില്‍ വീണുറങ്ങിയോരെന്‍റെ
സ്വപ്‌നങ്ങള്‍ മെല്ലെ നിന്‍ മോഹവല്ലിയില്‍
പടര്‍ന്നേറിയരിമുല്ലയായ്‌ വിരിയുന്നു
കൂരിരുട്ടിലും താര പ്രഭയായ്‌
ശുഭഗന്ധവും പൂശി കുണുങ്ങി ചിരിക്കുന്നു
നിന്നൊളി മന്നില്‍ തിളങ്ങി മിന്നാനാവാം
പനിമതി തെല്ലിട യതാ
മേഘ പാളിയിലൊളിക്കുന്നു.

നിന്‍ പ്രണയാംശു വെന്‍ മിഴിനീരില്‍ തട്ടി ചിന്നി
പൊങ്ങിയുയര്‍ന്നു വാനില്‍ വര്‍ണ്ണ രാജിയായ്‌ പടരുന്നു
കണ്ണിലെ തങ്ക നൂലിനാല്‍ പൂത്താലി
ചാര്‍ത്തി സ്വപ്‌ന കഞ്ചുകമേകി
മംഗള വധുവാക്കി സങ്കല്‌പ
മണ്ഡപത്തിലേക്കെന്നെയാനയിക്കുന്നൂ മന്ദം.

ഏഴാം കടലിന്നഴിമുഖത്തിന്നു ഞാന്‍
ഓര്‍മ്മതന്‍ ചിപ്പികള്‍നുള്ളി തുറക്കവേ
കണ്ടു ഞാനെന്‍റെയുള്ളമുണര്‍ത്തുന്ന
നിത്യസുന്ദര വെള്ളിമുത്തൊന്നിനെ
എന്‍ മിഴിക്കോണിലെ രശ്‌മിയാലിന്നും
മിന്നിത്തിളങ്ങും പ്രഭാപൂരമാണു നീ.

വിടരാ ചെമ്പനീര്‍മലരിന്നതളിലൊരെഴുതാ
കവിതയായ്‌ മേവും സുഖദായിനീ
തമ്മിലിഷ്ടം പറഞ്ഞിത്തിരി പുഞ്ചിരി പങ്കിടാന്‍
എത്തുക നീയെന്‍ ചാരെ .........
അക്ഷരാമൃതമായെന്നും.
`പ്രണയാക്ഷരങ്ങള്‍' (കവിത: ബിന്ദു ടിജി)
Join WhatsApp News
വായനക്കാരൻ 2015-02-02 19:40:15
പട്ടുനൂലാല്‍ തുന്നിയ നീലക്കുപ്പായം. അതില്‍ നിറയെ 
ആപ്പിള്‍മരച്ചിത്രങ്ങള്‍. നിനക്കായ് 
കരുതിവച്ചതിലെല്ലാം എങ്ങിനെയാണ് ആപ്പിള്‍മരങ്ങള്‍ 
കയറിക്കൂടിയതെന്ന് എനിക്കറിയില്ല. പ്രിയപ്പെട്ടവളേ,
മോഹിക്കുമ്പോള്‍ ആകാശത്തോളം മോഹിക്കുക.
സ്നേഹിക്കുമ്പോള്‍ ഭൂമിയോളം സ്നേഹിക്കുക. 
വിലപിക്കുമ്പോള്‍ സമുദ്രത്തോളം വിലപിക്കുക.
ചിന്തിക്കുമ്പോള്‍ പര്‍വതത്തോളം ചിന്തിക്കുക.
നിന്റെ കുഞ്ഞുവിരലുകള്‍ക്കും 
അവയില്‍നിന്നൂറിവരുന്ന പ്രണയാക്ഷരങ്ങള്‍ക്കും
പ്രണയാക്ഷരങ്ങള്‍ ഇതള്‍വിടര്‍ത്തിയ 
ആപ്പിള്‍പ്പൂക്കള്‍ക്കും ദൈവം നന്മവരുത്തട്ടെ 

(ഖലീൽ ജിബ്രാൻ മേരി ഹാസ്കലിനെഴുതിയ പ്രണയലേഖനം)
Geetha Jose 2015-02-03 02:04:31
Superb lines...
Thammilishtam paranjithiri punchiri pankidan..
Ethuka nee yen chare...
വിദ്യാധരൻ 2015-02-03 07:22:51
വിണ്ടുണങ്ങിയ മണ്ണിൽ വീണ സ്വപ്നങ്ങളെ മോഹമാകുന്ന വല്ലിയിലൂടെ പടർത്തി   അരിമുല്ലകളെ.വിരിയാക്കാൻ. കഴിയുമ്പോൾ എത്ര മുരടിച്ച ജീവിതങ്ങൾക്കും പൂത്തുലയാൻ കഴിയും.സ്വപ്‌നങ്ങൾ കണ്ടാൽ മാത്രം പോര അതിനെ നട്ട് നനച്ച് വളർത്തുകയും വേണം പ്രതീക്ഷയും  പ്രത്യാശയും നൽകുന്ന കവിത.  കവയിത്രിക്ക് അഭിനന്ദനം 

"സ്വപ്‌നങ്ങള്‍ സ്വപ്നങ്ങളെ നിങ്ങള്‍ 
സ്വര്‍ഗ്ഗ കുമാരികളല്ലോ 
നിങ്ങളീ ഭൂമിയില്‍ ഇല്ലായിരുന്നെങ്കില്‍ 
നിശ്ചലം ശൂന്യമീ ലോകം 
ദൈവങ്ങളില്ല മനുഷ്യരില്ല 
പിന്നെ ജീവിത ചൈതന്യമില്ല 
സൌന്ദര്യസങ്കല്പ ശില്പങ്ങളില്ല 
സൌഗന്ധിക പൂക്കളില്ല " (കാവ്യമേള -വയലാർ )

ഉണ്ണികൃഷ്ണന്‍ മുതുകുളം 2015-10-30 09:31:26
എന്‍  മിഴികോണില്‍ രശ്മിയാലിന്നും മിന്നിത്തിളങ്ങുന്ന പ്രഭാപൂരം--നല്ല  ഹൃദ്യമായ  വരികള്‍--നല്ല  കവിത--



മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക