Image

വാലന്റയിന്‍ (നീന പനയ്‌ക്കല്‍)

Published on 06 February, 2015
വാലന്റയിന്‍ (നീന പനയ്‌ക്കല്‍)
എല്ലാ വെള്ളിയാഴ്‌ച വൈകുന്നേരങ്ങളിലും റോഡരികില്‍ മുത്തച്ഛനൊടൊപ്പം പൂക്കള്‍ വില്‌ക്കാന്‍ അവളിരിക്കും. എല്ലാ വെള്ളിയാഴ്‌ച വൈകുന്നേരങ്ങളിലും അവളുടെകൈയില്‍ നിന്നും കാര്‍ണേഷന്‍സ്‌ വാങ്ങി , പൂവിന്റെ വിലയും, ടിപ്പും, പുഞ്ചിരിയുംനല്‌കിഅയാള്‍ പോകും.

ഓരോആഴ്‌ചയിലും അയാള്‍ വരുന്നത്‌ ഓരോ മുന്തിയയിനം കാറിലാണെന്ന്‌ അവള്‍ ശ്രദ്ധിച്ചു. ലെക്‌സെസ്‌, ബെന്‍സ്‌ , ബി.എം.ഡബ്ലിയു, ഇന്‍ഫിനിറ്റി.....

അയാളുടെ മുഖത്തെ പുഞ്ചിരി തനിക്കുമാത്രമുള്ളതായിരുന്നെങ്കില്‍ !അവളാഗ്രഹിച്ചു.ഏതു ഭാഗ്യവതിക്കാണ്‌അയാളിങ്ങനെമുടങ്ങാതെമറക്കാതെപൂ വാങ്ങുന്നത്‌? അവളതിശയിക്കയുംചെയ്‌തു.

കുറിയവനും കഷണ്ടിക്കാരനും, തടിച്ചമൂക്കുംവിരലുകളുംഉള്ളവനുമായിട്ടും അവള്‍ക്ക്‌ അയാളോട്‌ അപ്രിയം തോന്നിയില്ല.

അയാള്‍ ചന്തമുള്ളൊരു ചെറുപ്പക്കാരിയെ അരികിലിരുത്തിപൂവാങ്ങിയ രാത്രിയില്‍ അവള്‍ ക്കുറങ്ങാന്‍ കഴിഞ്ഞില്ല. ഏതാണാ പെണ്ണ്‌? ഐ ആം ഗെറ്റിങ്ങ്‌ റീയലി ജലസ്‌.അവള്‍ പിറുപിറുത്തു.

ഫെബ്രുവരി പതിനാല്‌.
വാലന്റയിന്‍സ്‌ഡേ.

കൂടെ പഠിക്കുന്ന കുട്ടികള്‍,അവരുടെ കാമുകര്‍ സമ്മാനിച്ച ബലൂണുകളുംചോക്കളേറ്റുകളും വാലന്റയിന്‍സ്‌ ഡേ കാര്‍ഡുകളും പ്രദര്‍ശിപ്പിച്ചുനടക്കുന്നതുകണ്ട അവള്‍ചിറി കോട്ടി.

ബലൂണുകളുടെ കാറ്റു പോവും, ചോക്കളേറ്റ്‌ തീര്‍ന്നു പോവും, കാര്‍ഡുകള്‍ എറിഞ്ഞു കളയപ്പെടും .വെറും ലൂസേഴ്‌സാണവര്‍.ഇന്ന്‌ സായാഹ്നമാവട്ടെ. അയാള്‍ എനിക്ക്‌പുഞ്ചിരിയും ടിപ്പുംമാത്രമല്ല, പൂക്കളുംസമ്മാനിക്കും. അയാള്‍ എന്നെ പ്രേമിക്കുന്നു എന്ന്‌ ഞാന്‍ അങ്ങനെ തീര്‍ച്ചയാക്കും.അയാളെ ഞാന്‍ എന്റെ വാലന്റയിന്‍ ആക്കും.

ആ സായാഹ്നത്തില്‍, മുത്തച്ഛനില്‍ നിന്ന്‌ കറച്ചകലെ മാറിയാണവള്‍ പൂക്കള്‍ വില്‌ക്കാനിരുന്നത്‌. ഒരു ലൈലാക്‌ പൂവിന്റെകുഞ്ഞിതളുകള്‍ ഓരോന്നായി അടര്‍ത്തി അവള്‍ ഉരുവിട്ടു.

ഹീ ലവ്‌സ്‌ മീ.
ഹി ലവ്‌സ്‌ മി നോട്ട്‌.
ഹി ലവ്‌സ്‌ മീ.
ഹി ലവ്‌സ്‌ മീ നോട്ട്‌.

അവസാനത്തെയിതള്‍ അവളോട്‌ പറഞ്ഞു: ഹി ലവ്‌സ്‌ യു സില്ലി ഗേള്‍. അയാള്‍ അന്ന്‌ വന്നത്‌ ഒരു വെട്ടിത്തിളങ്ങുന്ന കറുത്ത കാഡില്ലാക്കിലാണ്‌. പതിവിനു വിപരീതമായികാര്‍ കുറച്ചകലെമാറ്റിയിട്ടിട്ട്‌ ഇറങ്ങി, മുത്തച്ഛനില്‍ നിന്ന്‌ പൂക്കള്‍ വാങ്ങുന്നതു കണ്ടപ്പോള്‍ അവളുടെ മുഖം ഒരു ഗെര്‍ബര്‍ ഡെയിസി പോലെ വിടര്‍ന്നു.എന്റെ ഹൃദയം പറയുന്നു,ആ പൂക്കള്‍അയാള്‍ എനിക്ക്‌ തരാനായിമാത്രമാണ്‌ വാങ്ങുന്നതെന്ന്‌.പൂക്കളുമായി അയാള്‍ കാറിനടുത്തേക്ക്‌ നടന്നു. അവളുടെ നിരാശനിറഞ്ഞ കണ്ണുകള്‍ പിന്തുടര്‍ന്നു.ഈ നല്ല ദിവസത്തില്‍ എന്റെ നേര്‍ക്കൊന്നുനോക്കുക പോലും ചെയ്യാതെ പോകയാണോ?
കാറിന്റെ പിന്‍ വാതില്‍ തുറന്ന്‌, ഭംഗിയായി വസ്‌ത്രം ധരിച്ചഒരു സ്‌ത്രീയിറങ്ങി.

`ഹാപ്പിവാലന്റയിന്‍സ്‌ ഡേ മമ്മാ' പൂക്കള്‍ സമ്മാനിച്ചിട്ട്‌ അയാള്‍അവരുടെ ഇരു കവിളുകളിലും ചുംബിച്ചു.
മമ്മായുടെ കൈ പിടിച്ച്‌അയാള്‍ തന്റെ നേര്‍ക്ക്‌ നടന്നു വരുന്നതു കണ്ടപ്പോള്‍ അവളുടെ മനസ്സിനകത്തൊരു ഡാലിയ ഇതള്‍ വിടര്‍ത്തുന്ന സുഖമുള്ളശബ്ദം.

`എന്റെ മമ്മായോട്‌ ഞാന്‍ എന്നും നിന്റെ കാര്യം പറയും. നീ വളരെ സുന്ദരിയാണെന്ന കാര്യം'.
മമ്മായുടെ പൂച്ചെണ്ടില്‍ നിന്ന്‌ നീണ്ട തണ്ടുള്ള ഒരു ചുവന്നറോസാപ്പൂവെടുത്ത്‌ അവള്‍ക്ക്‌ നീട്ടി അയാള്‍ ചിരിച്ചു. `നിന്റെ പേരുപോലുംഎനിക്കറിയില്ല. എന്നാലും ചോദിക്കട്ടെ, , വില്‍ യു ബി മൈ വാലന്റയിന്‍?'
മുത്തശ്ശിക്കഥയിലെ ബീസ്റ്റ്‌, ബ്യൂട്ടിയോട്‌ ചോദിച്ചിരിക്കാവുന്ന അതേചോദ്യം.

മനസ്സില്‍വിടര്‍ന്ന ഡാലിയയ്‌ക്ക്‌ ഒരിണ ചുണ്ടിലും.വെള്ളിയാഴ്‌ചകളില്‍ പൂക്കള്‍വാങ്ങിയിരുന്നത്‌ ഈ കുറിയ സ്‌ത്രീക്കു വേണ്ടിയായിരുന്നോ? അകക്കാമ്പിലവള്‍ക്ക്‌ അളവറ്റ ആനന്ദം. പക്ഷേ..... എല്ലാ
വെള്ളിയാഴ്‌ചകളിലുംഇവര്‍ക്ക്‌ പൂക്കള്‍വാങ്ങിക്കൊടുക്കേണ്ട ആവശ്യമൊന്നുമില്ല. ങാ. വരട്ടെ. അന്നു രാത്രി റസ്റ്റോറന്റില്‍ മുഖത്തോടു മുഖംനോക്കിയിരുന്ന്‌ കാര്യങ്ങള്‍ പറഞ്ഞ്‌, അയാളുടെ വിലകുറഞ്ഞ തമാശകള്‍ കേട്ട്‌ പൊട്ടിച്ചിരിച്ച്‌ അയാള്‍ അവള്‍ ക്കു വേണ്ടിഓര്‍ഡര്‍ചെയ്‌ത `ഫിലേമിഞ്ഞാണ്‍' ആസ്വദിച്ച്‌ ഭക്ഷിച്ചുകൊണ്ടിരുന്ന അവള്‍ പെട്ടെന്ന്‌പൊട്ടിത്തെറിച്ചു. `വാട്ട്‌?വാട്ട്‌ ഡുയു മീന്‍?പഴയ കാറുകള്‍ വില്‌ക്കുകയാണോ നിങ്ങളുടെ ജോലി?ആര്‍ യു എ മീഗര്‍ യൂസ്‌ഡ്‌ കാര്‍ സെയില്‍സ്‌മാന്‍?
അരിശമടക്കാനാവാതെഅവള്‍ പിന്നെയും കുറ്റപ്പെടുത്തി.

വിലകൂടിയയിനം യൂസ്‌ഡ്‌ കാറുകള്‍ കാട്ടി താനെന്നെ വഞ്ചിക്കയായിരുന്നു.
`ബട്ട്‌..... ബട്ട്‌...'
` യുവര്‍ ബട്ട്‌!!' അയാളെ സംസാരിക്കാന്‍സമ്മതിക്കാതെ , അയാള്‍ സമ്മാനിച്ച ചുവന്ന റോസാപ്പൂവ്‌ നിലത്തിട്ട്‌ ചവിട്ടി റസ്റ്റോറന്റിന്റെ പുറത്തേക്ക്‌നടക്കുമ്പോള്‍ അവള്‍ചീറി. `എനിക്കു വേണ്ടത്‌ ഒരു റിച്ച്‌ ഹസ്‌ബന്‍ഡിനെയാണ്‌, യു അഗ്ലിമോറോണ്‍'

`വെയിറ്റ്‌.' അയാള്‍ പിറകില്‍ നിന്ന്‌ വിളിച്ചു. `ഞാന്‍ ഒരു അഗ്ലി മോറോണ്‍ ആയിരിക്കും.ബട്ട്‌ ഐ ആംഎ റിച്ച്‌ അഗ്ലി മോറോണ്‍. വെയിറ്റ്‌.' തിരിഞ്ഞു നോക്കാതെ നടന്നകലുന്നഅവളെ നോക്കി അയാള്‍ സ്വഗതമായി പറഞ്ഞു. `അപ്പോള്‍ ഈ ഐഡിയായും വര്‍ക്ക്‌ ചെയ്‌തില്ല . ബട്ട്‌, ഐ വോണ്ട്‌ ഗിവപ്പ്‌.'
വാലന്റയിന്‍ (നീന പനയ്‌ക്കല്‍)
Join WhatsApp News
Sudhir Panikkaveetil 2015-02-07 06:06:10
പ്രേമം ഇന്ന് വാണിജ്യവൽക്കരിക്ക പ്പെടുന്നു. ഈ കൊച്ച് കഥയിലൂടെ ആ സത്യം വെളിപ്പെടുത്തുന്നു കഥാകാരി.  ആകർഷണം രൂപ സൗകുമാര്യത്തിലോ
വിത്ത പ്രതാപത്തിലോ ഊന്നുമ്പോൾ, പ്രേമം മുടന്തുന്നു. കഥയുടെ അന്ത്യം പകരുന്ന സന്ദേശം കെണി കൊണ്ടു നടക്കുന്നവർ ഇരയെ കുടുക്കുമെന്നാണു. അയാൾ പരിശ്രമം തുടരുന്നു. വൈരൂപ്യത്തെയും , അംഗ വൈകല്യത്തേയും സ്നേഹിക്കുന്നവരും ഉണ്ടല്ലോ. അതിനെ അഭൗമ പ്രേമം എന്നൊക്കെ പറയുമെങ്കിലും എല്ലാറ്റിലും സ്വാർ ഥ ത ഒളിഞ്ഞിരിപ്പുണ്ട്.  മനസ്സ് ആഗ്രഹിക്കുന്നത് എപ്പോഴും സുരക്ഷിതത്വം തന്നെ. ബാക്കിയെല്ലാം കഥകൾ. ശ്രീമതി പനക്കലിന്റെ കഥകളിൽ വളരെ സൂക്ഷ്മ ദൃഷ്ടിയോടെ അപ ഗ്രഥിച്ചെടുക്കുന്ന മനുഷ്യ മനസ്സുകളുടെ വിലയിരുത്തുകളുണ്ട്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക