Image

പീച്ചിയിലേക്ക്‌ ഒരു യാത്ര (പ്രകൃതിയുടെ നിഴലുകള്‍ തേടി -56:ജോര്‍ജ്‌ തുമ്പയില്‍)

Published on 07 February, 2015
പീച്ചിയിലേക്ക്‌ ഒരു യാത്ര (പ്രകൃതിയുടെ നിഴലുകള്‍ തേടി -56:ജോര്‍ജ്‌ തുമ്പയില്‍)
അതിരപ്പിള്ളിയില്‍ നിന്നും ഇറങ്ങിയപ്പോള്‍ പീച്ചി അണക്കെട്ട്‌ കൂടി കണ്ടിട്ട്‌ പോകാമെന്നു തീരുമാനിച്ചു. ഇവിടെ നിന്ന്‌ അധിക ദൂരമില്ല. ഏറിയാല്‍ അര മണിക്കൂര്‍ യാത്ര. പീച്ചി അണക്കെട്ടിന്റെ മുകള്‍ ഭാഗത്ത്‌ വരെ വണ്ടി ചെല്ലും. നടക്കാതെ രക്ഷപ്പെടാം. അങ്ങനെ, അതിരപ്പിള്ളിയും പീച്ചിയും ഒരു യാത്രയില്‍ കാണുകയുമാവാം. അതായിരുന്നു, ചിന്ത. പിന്നെ രണ്ടാമതൊന്ന്‌ ആലോചിച്ചില്ല, വണ്ടി നേരെ പീച്ചി അണക്കെട്ടിന്റെ മുകളിലേക്ക്‌.

പീച്ചി അണക്കെട്ടു നിര്‍മ്മിച്ചത്‌ പ്രധാനമായും ജലസേചനം, ശുദ്ധജലവിതരണം എന്നിവ മുന്‍നിര്‍ത്തിയാണ്‌. അണക്കെട്ടിനോടു ചേര്‍ന്ന്‌ കിടക്കുന്നത്‌ കൊടുങ്കാടാണ്‌. അവിടെ എല്ലാതരം മൃഗങ്ങളുമുണ്ട്‌, സൂക്ഷിച്ചോളണമെന്ന്‌ അതിരപ്പിള്ളിയില്‍ വഴിയരുകില്‍ നിന്നു ചായകുടിക്കവേ വെറുമൊരു എന്‍ക്വയറി നടത്തുന്നതിനിടയില്‍ ചായ സപ്ലൈര്‍ പറഞ്ഞു. ഇവിടം പീച്ചി-വാഴാനി വന്യജീവി സങ്കേതമായിട്ടാണ്‌ അറിയപ്പെടുന്നത്‌. കേരള വന ഗവേഷണ ഇന്‍സ്റ്റിറ്റിയൂട്ട്‌ (കെ.എഫ്‌.ആര്‍.ഐ) പീച്ചിക്കടുത്തുള്ള കണ്ണാറയില്‍ സ്ഥിതിചെയ്യുന്നുവെന്ന്‌ വഴിയില്‍ സ്ഥാപിച്ചിരുന്ന ബോര്‍ഡില്‍ നിന്നും മനസ്സിലായി..

വൈകിയില്ല, സമയം ഒട്ടും നഷ്‌ടപ്പെടുത്താതെ തന്നെ ഞങ്ങള്‍ പീച്ചി ഡാമിന്റെ മുകളിലെത്തി. പ്രകൃതിയുടെ സുന്ദരസംവിധാനങ്ങള്‍ കണ്ട്‌ അത്ഭുതപ്പെട്ടു പോയി. ദൂരെ മലമടക്കുകള്‍. ചേര്‍ന്നു കിടക്കുന്ന ജലാശയം. തൊട്ടപ്പുറത്ത്‌ ആവാസവ്യവസ്ഥയുടെ നാഴികക്കല്ലായ പച്ചപ്പു നിറഞ്ഞ ഹരിത വനം. പിന്നെ, വ്യത്യസ്‌തമായ ഒട്ടേറെ പക്ഷിമൃഗാദികളെയും, വൃക്ഷലതാദികളെയും 50ല്‍ പരം വ്യത്യസ്‌തമായ ഓര്‍ക്കിടുകള്‍, എണ്ണമറ്റ ഔഷധ ചെടികള്‍,തേക്ക്‌, ഈട്ടി തുടങ്ങിയവ വന്‍ ശേഖരവും. എന്‍ട്രി ഗേയ്‌റ്റ്‌ കഴിഞ്ഞ്‌ വണ്ടി മാറ്റിനിര്‍ത്തി. ഇന്‍ഫര്‍മേഷന്‍ ബോര്‍ഡില്‍ കണ്ടു-25 തരം സസ്‌തനികളെയും 100ല്‍ പരം പക്ഷികളെയും ഈ വനപ്രദേശത്ത്‌ കണ്ടെത്തിയിരിക്കുന്നു. സൂക്ഷിക്കുക ! മ്ലാവ്‌, പുലി, കടുവ, കാട്ടുപൂച്ച, ആന, മലമ്പോത്ത്‌, വിവിധ തരം പാമ്പുകള്‍, ഓന്തുകള്‍ എന്നിവയും ഇവിടെ കാണാം. കേരളത്തിലെ രണ്ടാമത്തെ പഴക്കം ചെന്ന സംരക്ഷണ കേന്ദ്രമാണിത്‌. പാലപ്പിളളി നെല്ലിയാമ്പതി കാടുകളുടെ ഭാഗമാണിത്‌.

നല്ല തണുത്ത കാറ്റ്‌. ജൈവസമ്പുഷ്ടമാണ്‌ ഈ വനഭൂമി. പുളളിപ്പുലിയും കടുവയുമടങ്ങുന്ന മാംസഭുക്കുകളും ഇവിടെ ഉണ്ട്‌. നൂറിലേറെ തരം പക്ഷികളാണ്‌ ഇവിടെയുള്ളത്‌. നിലക്കാത്ത കിളയൊച്ചകള്‍ കാടിനെ ഹൃദയഹാരിയാക്കുന്നു. ഈ സംരക്ഷണകേന്ദ്രത്തിലെ ഉയരം കൂടിയ കൊടുമുടി പൊന്മുടിയാണ്‌. 923 മീറ്റര്‍. അതിനെക്കുറിച്ച്‌ ഡാമിനു സമീപം കണ്ട ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. തിരുവനന്തപുരത്തും കേരളത്തിന്റെ വിവിധ സ്ഥലങ്ങളിലുമെല്ലാം പൊന്‍മുടികളാണ്‌. അതെ പൊന്നു വിളയുന്ന മുടികള്‍.

ഇഷ്ടമാണെങ്കില്‍ കാട്ടിനുള്ളിലൂടെ ഒരു നടത്തമാകാം. ഡാമിന്റെ കരപറ്റി, വന്‍മരങ്ങള്‍ നിഴല്‍ വിരിക്കുന്ന കാട്ടുവഴികളിലൂടെ നടക്കുമ്പോള്‍ നാം അറിയുന്നു, എന്തുമാത്രം കോലാഹലങ്ങള്‍ക്കിടയിലാണ്‌ നാം ജീവിതം ചിലവിട്ടിരുന്നത്‌ എന്ന്‌!. മരങ്ങളുടെ മഹാമൗനം നിങ്ങളെ പൊതിയുന്നു. ഇളംകാറ്റുകൊണ്ടു തലോടുന്നു. തടാകത്തിലെ കുഞ്ഞോളങ്ങളെ തഴുകി വരുന്ന കാറ്റ്‌ മനസ്സില്‍ ഉന്മേഷം നിറക്കുന്നു. ഇടക്കു കാട്ടുകിളികളുടെ നീണ്ട മൊഴി, വന്യതയേക്കുള്ള ക്ഷണമായി മാറുന്നു. ഡാം ചുറ്റിയിറങ്ങി സസ്യോദ്യാനത്തിലെത്തുമ്പോള്‍ സ്വയം മറന്നു നിന്നു പോകും. പ്രകൃതിയുടെ പൂന്തോട്ടത്തില്‍ പൂക്കള്‍ പറന്നു നടക്കുന്നു..പേരറിയാത്തതരം പൂമ്പാറ്റകള്‍!. മരത്തണലില്‍ വിശ്രമിക്കാം. കൂടെ കരുതിയ ആഹാരം പ്രകൃതിയോടൊത്തുണ്ണാം. മനസ്സിന്റെ ഭാരങ്ങളത്രയും കൂടൊഴിഞ്ഞു പോകുന്നത്‌ നിങ്ങള്‍ അറിയും....

തൃശ്ശൂരിന്‌ 20 കിലോമീറ്റര്‍ കിഴക്കുമാറി 1958 ല്‍ 125 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്ത്‌ ആരംഭിച്ച ഈ വന്യജീവി സങ്കേതതത്തിലേക്ക്‌ സഞ്ചാരികളുടെ ഒഴുക്കുണ്ട്‌. അതിരപ്പിള്ളി സന്ദര്‍ശിക്കുന്ന ഏതൊരാളും ഇവിടെ വരാതെ പോവില്ല. അതിരപ്പിള്ളി അണക്കെട്ട്‌ സന്ദര്‍ശനം പൂര്‍ണ്ണമാകണമെങ്കില്‍ പീച്ചിയില്‍ കൂടി എത്തണമെന്നും കെഎസ്‌ഇബിയുടെ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

അണക്കെട്ടിലെ ജലം ഉപയോഗിച്ച്‌ വൈദ്യുതി ഉത്‌പാദിപ്പിക്കുന്നതിനായി കെ.എസ്‌.ഇ.ബി. യുടെ ചെറുകിട ജലവൈദ്യുതി പദ്ധതി ഇവിടെ സ്ഥാപിച്ചിട്ടുണ്ട്‌. പ്രതിവര്‍ഷം 33 ലക്ഷം യൂണിറ്റ്‌ വൈദ്യുതി ഉത്‌പാദനമാണ്‌ ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്‌. 12 കോടി രൂപയാണ്‌ നിര്‍മ്മാണച്ചിലവ്‌. അണക്കെട്ടിന്റെ വലതുകര കനാലിലൂടെ വേനല്‍ക്കാലത്ത്‌ ജലസേചനത്തിനായി തുറന്നുവിടുന്ന ജലം ഉപയോഗിച്ചാണ്‌ വൈദ്യുതി ഉല്‍പാദിപ്പിക്കുന്നത്‌. ഉല്‌പാദനത്തിനുശേഷം വെള്ളം കനാലിലേക്കുതന്നെ വിടും. അണക്കെട്ടിലെ ജലം രണ്ടു ശാഖകളായാണ്‌ തുറന്നുവിടുന്നത്‌. ഒന്നു മുടക്കം വരാതെയുള്ള ജനസേചനത്തിനും മറ്റൊന്ന്‌ വൈദ്യുതി ഉല്‌പാദിപ്പിക്കാനും ഉപയോഗിക്കുന്നു. വൈദ്യുതി ഉല്‌പാദനത്തില്‍ എന്തെങ്കിലും തകരാര്‍ ഉണ്ടായാല്‍ ജലസേചനത്തില്‍ മുടക്കം വരാതിരിക്കാനാണ്‌ രണ്ടു ശാഖകളായി ജലം തിരിച്ചുവിടുന്നത്‌.

തൃശൂരിന്റെ ദാഹശമനി ആണ്‌ ഈ അണക്കെട്ട്‌. മഴയെത്തിയാല്‍ യൗവനതിമിര്‍പ്പിലാവും. ഇല്ലെങ്കില്‍ ശാന്തസൗന്ദര്യവതിയായി മയങ്ങും. മഴക്കാലം കഴിയുമ്പോഴാണ്‌ ഇവിടം ശരിക്കും സന്ദര്‍ശകകാലം. സെപതംബറില്‍ ഡാം തുറന്നു വിടാറുണ്ട്‌. അപ്പോഴും ആ സൗന്ദര്യലഹരി നിറഞ്ഞ കാഴ്‌ച കാണാന്‍ ഇവിടെ ആയിരങ്ങള്‍ തിങ്ങിക്കൂടും.

അണക്കെട്ടിനെക്കുറിച്ച്‌ ഇവിടെ ഒരു ബോര്‍ഡ്‌ സ്ഥാപിച്ചിരിക്കുന്നത്‌ വായിച്ചു നോക്കി. ഇറിഗേഷന്‍ പ്രൊജക്ടായാണ്‌ പിച്ചി അണക്കെട്ട്‌ നിര്‍മ്മിച്ചത്‌. സ്വതന്ത്ര കൊച്ചിയുടെ ആദ്യ മുഖ്യമന്ത്രി ഇ. ഇക്കണ്ട വാര്യരാണ്‌ ശില്‍പ്പി. രാഷ്‌ട്രീയ എതിര്‍പ്പുകളെ തുടര്‍ന്ന്‌, ആന്ധ്രയില്‍ നിന്നും ഒരു റിട്ട. എഞ്ചിനീയറെ കൊണ്ടുവന്നാണ്‌ ഡാം പൂര്‍ത്തിയാക്കിയത്‌. മണലിപ്പുഴക്കു കുറുകെ 213 മീറ്റര്‍ നീളത്തിലും 8.46 മിറ്റര്‍ ഉയരത്തിലുമാണ്‌ ഡാം തീര്‍ത്തത്‌. 1947ല്‍ നിര്‍മ്മാണം തുടങ്ങിയ ഡാം പൂര്‍ത്തിയായത്‌ 1949ല്‍. 3200 ഏക്കര്‍ വൃഷ്ടിപ്രദേശമുളള ഡാമിന്റെ പ്രധാന ആകര്‍ഷണം ഇതോടു ചേര്‍ന്നുള്ള പീച്ചിവാഴാനി വന്യമൃഗ സംരക്ഷണ കേന്ദ്രമാണ്‌. ആനകളടക്കം വന്യമൃഗങ്ങളെ ഇവിടെ കണ്ടാസ്വദിക്കാം. പീച്ചി തടാകത്തിലൂടെ ബോട്ടിംഗും ഉണ്ട്‌. 125 ചതുരശ്ര കിലോമീറ്ററാണ്‌ ഈ വന്യമൃഗ സംരക്ഷണ കേന്ദ്രം.

ഞങ്ങള്‍ അണക്കെട്ടിനു മുകളിലൂടെ കുറച്ചു സമയം നടന്നു. കാടിന്റെ ചിലപ്പ്‌ ഉയര്‍ന്നു കേട്ടു. സമയം വൈകുന്നുവെന്ന്‌ തോന്നിയതു കൊണ്ട്‌ തിരിച്ച്‌ യാത്രയ്‌ക്കൊരുങ്ങി. പീച്ചി സുന്ദരിയാണ്‌. കാടും ജലവും മലയും മാനവുമൊക്കെ ചേര്‍ന്ന്‌ ശരിക്കും മനസ്സില്‍ തീര്‍ക്കുന്ന ഒരു ഫ്രെയിമുണ്ട്‌. ചിത്രകാരനായിരുന്നുവെങ്കില്‍ ഒരു ക്യാന്‍വാസെടുത്ത്‌ വരച്ചിടാന്‍ തോന്നുന്ന ഫ്രെയിം. അത്രമേല്‍ ഹൃദയഹാരിയായി പീച്ചി അനുഭവപ്പെട്ടു എന്നതാണ്‌ സത്യം.

ടൂറിസ്‌റ്റുകള്‍ക്കു തങ്ങാന്‍ ഗസ്‌റ്റഹൗസുണ്ട്‌. ഇന്‍ഫര്‍മേഷന്‍ സെന്ററിലും താമസ സൗകര്യമുണ്ട്‌.

യാത്ര: തൃശൂരില്‍ നിന്നു നേരിട്ടു ബസ്സുകളുണ്ട്‌. തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനാണ്‌ ഏറ്റവും അടുത്ത സ്‌റ്റേഷന്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌

ചീഫ്‌ കണ്‍സര്‍വേറ്റര്‍ ഓഫ്‌ ഫോറസ്റ്റ്‌ (വൈല്‍ഡ്‌ ലൈഫ്‌)
തിരുവനന്തപുരം 696 014
ടെലി ഫാക്‌സ്‌ + 91 471 2322217

വൈല്‍ഡ്‌ ലൈഫ്‌ വാര്‍ഡന്‍
പീച്ചി വൈല്‍ഡ്‌ ലൈഫ്‌ സാങ്‌ച്വറി, പീച്ചി (P.O)
ത്യശ്ശൂര്‍ ജില്ല
ഫോണ്‍ + 91 487 2282017


(തുടരും)
പീച്ചിയിലേക്ക്‌ ഒരു യാത്ര (പ്രകൃതിയുടെ നിഴലുകള്‍ തേടി -56:ജോര്‍ജ്‌ തുമ്പയില്‍)
Join WhatsApp News
A.C.George 2015-02-08 01:30:04
Peechi Journey, very interesting. Font memories of our able and bold former Home Minister P.T.Chacko. I regard him as a able adminstrator. That time he was forced to resign for what?
Now compare, the present time Ministers they are not willing to resign or willing to stand for an independent and impartial enquiary for any crime. Our political atmosphere has changed a lot. Almost every body became corrupt and immoral. George Sir, even though it is irevelent for your article, when I head about your Peechi journey I rememberd that story about my leader P.T.Chacko.

George Thumpayil 2015-02-15 07:39:57
Thank you Mr A C George. I am glad my notes gave you some nostalgic memories. Appreciate your comments.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക