Image

ഹോളോക്കോസ്റ്റ്‌-നരകവാതിലുകള്‍ തുറന്നപ്പോള്‍ (ചരിത്ര നോവല്‍: ഭാഗം-24: സാം നിലമ്പള്ളില്‍)

Published on 07 February, 2015
ഹോളോക്കോസ്റ്റ്‌-നരകവാതിലുകള്‍ തുറന്നപ്പോള്‍ (ചരിത്ര നോവല്‍: ഭാഗം-24: സാം നിലമ്പള്ളില്‍)
അദ്ധ്യായം ഇരുപത്തിനാല്‌.

ബെര്‍ണാഡും സെലീനയും ഒരേസ്ഥലത്താണ്‌ ജോലിചെയ്യുന്നത്‌. സ്വര്‍ഗകവാടത്തിലേക്ക്‌ പ്രവേശിക്കുന്നതിന്‌ മുന്‍പ്‌ വന്നവരെല്ലാം അവരുടെ വസ്‌തുവകകള്‍, അതായത്‌ അവര്‍ ധരിച്ചിരിക്കുന്ന വസ്‌ത്രങ്ങള്‍ ഉള്‍പ്പെടെ, അവിടെയുള്ള കൗണ്ടറില്‍ ഏല്‍പിക്കേണ്ടതാണ്‌. നഗ്നനായിട്ടല്ലേ നീ ഭൂമിയിലേക്ക്‌ വന്നത്‌, തിരികെപ്പോകുന്നതും അങ്ങനെതന്നെ ആകട്ടെ. നിന്റെ വസ്‌ത്രങ്ങള്‍ കഴുകിവൃത്തിയാക്കിയും അല്ലാതെയും ഞങ്ങളും, ഞങ്ങളുടെ ഭാര്യമാരും മക്കുളും ഉപയോഗിച്ചുകൊള്ളാം.

അങ്ങനെ ഉരിയപ്പെട്ട വസ്‌ത്രങ്ങള്‍, അടിവസ്‌ത്രങ്ങള്‍ ഉള്‍പ്പെടെ, പരിശോധിച്ച്‌ അതന്റെ ഉള്ളറകളില്‍ പണമോ, സ്വര്‍ണമോ, മറ്റെന്തെങ്കിലും വിലപിടിപ്പള്ള സാധനങ്ങളോ ഉണ്ടെങ്കില്‍ അതെടുത്ത്‌ നാസിക്‌ളാര്‍ക്കിനെ ഏല്‍പിച്ചശേഷം കോട്ടുകളും, പാന്റ്‌സും സ്‌ത്രീകളുടേയും കുട്ടികളുടേയും ഉടുപ്പുകളും എല്ലാം തരംതിരിച്ച്‌ അതതിനുള്ള ബാസ്‌ക്കറ്റുകളില്‍ നിക്ഷേപിക്കുക എന്നജോലിയാണ്‌ ബെര്‍ണാഡും സെലീനയും ചെയ്യുന്നത്‌. വിലപിടിപ്പുള്ളതെന്ന്‌ തോന്നുന്ന വസ്‌ത്രങ്ങളും ഷൂസുകളും, ബെല്‍റ്റുകളും പ്രത്യേക ബാസ്‌ക്കറ്റുകളില്‍ നിക്ഷേപിച്ചിരിക്കണം, അതെല്ലാം ഓഫീസര്‍മാര്‍ക്കുള്ളതാണ്‌. അണ്ടര്‍വെയറുകള്‍ തരംതിരിക്കേണ്ടതില്ല, അതെല്ലാം ഉക്രേനിയന്‍ കൂലിപ്പട്ടാളക്കാര്‍ക്ക്‌ കൊടുക്കാം.

`നഗ്നശരീരങ്ങള്‍കണ്ട്‌ എന്റെ തലമന്ദിച്ചു. എനിക്കിവിടെ ജോലിചെയ്യാന്‍ വയ്യ.' സെലീന കരഞ്ഞു.

`നീ വിവരക്കേട്‌ പറയല്ലേകുട്ടി.' അടുത്തുനിന്ന സ്‌ത്രീ ശകാരിച്ചു. `ഇവിടുന്നുപോയാല്‍ നീ ഉരുളന്‍കിഴങ്ങുപാടത്ത്‌ ജോലിചെയ്യേണ്ടിവരും, അല്ലെങ്കില്‍ കരിങ്കല്ല്‌ ചുമക്കേണ്ടിവരും. ഇവിടെ നിന്‌ക്ക്‌ ചുടും തണുപ്പുംകൊള്ളാതെ ജോലിചെയ്യാമല്ലോ.'

`എന്നാലും ഞാനെങ്ങനെ എന്റെ പപ്പയുടേയും മമ്മയുടേയും ചേച്ചിയുടേയും പ്രായമുള്ളവരുടെ നഗ്നരൂപങ്ങള്‍ കണ്ടുകൊണ്ട്‌ ജോലിചെയ്യും.'

`നീ സഹിച്ചേ പറ്റു. നീയും ഞാനും ജീവനുള്ള മനുഷ്യരല്ല; നമുക്ക്‌ വികാരങ്ങളില്ല. നമ്മള്‍ വെറും നമ്പരുള്ള യന്ത്രങ്ങളാണ്‌. നാളെ നമുക്കും ഇവരോടൊപ്പം ഈ ഇടനാഴിയില്‍ക്കൂടി സ്വര്‍ഗത്തിലേക്ക്‌ പോകാം.'

`ഇവരെ എങ്ങോട്ടാണ്‌ കൊണ്ടുപോകുന്നത്‌?'

`അത്‌ ഞാന്‍ പറയില്ല.' അവര്‍ തങ്ങളുടെമുമ്പില്‍ കുമിഞ്ഞുകൂടുന്ന വസ്‌ത്രങ്ങള്‍ തരംതിരിച്ചുകൊണ്ടിരുന്നു.

അന്നുരാത്രിയില്‍ ആ സ്‌ത്രീ സെലീനകിടക്കുന്ന പലകവിരിച്ച ബെര്‍ത്തിലേക്ക്‌ വന്നു.

`നീ എന്നോട്‌ചോദിച്ച ചോദ്യത്തിന്‌ മറുപടിപറഞ്ഞാല്‍ അതിനുള്ള ശിക്ഷ മരണമാണ്‌. എനിക്ക്‌ മരണത്തെ ഭയമില്ല. എന്റെ ഭര്‍ത്താവും മക്കളും മരിച്ചില്ലേ, ഇനി ഞാന്‍മാത്രമായിട്ടെന്തിനാ ജീവിച്ചിരിക്കുന്നത്‌? എന്റെ നറുക്കുവീഴാന്‍ ഞാന്‍ കാത്തിരിക്കുകയാണ്‌. ഭയമില്ലാതെ, സന്തോഷത്തോടെ ഞാന്‍ ആ ഇടനാഴിയില്‍കൂടി പോകും. പക്ഷേ, നീ ഇവിടുന്ന്‌ രക്ഷപെടാനുള്ള വഴിനോക്കണം. നിന്റെ പ്രായത്തിലുള്ള ഒരുമകള്‍ എനിക്കുണ്ടായിരുന്നു. അവള്‍ ഈ ഇടനാഴിയില്‍കൂടിയാണ്‌ പോയത്‌. ഇത്‌ മരണത്തിലേക്കുള്ള ഇടനാഴിയാണ്‌.'

എന്തെങ്കിലും ചോദിക്കുന്നതിന്‌ മുന്‍പ്‌ അവര്‍ പെട്ടന്ന്‌ തിരികെപ്പോയി. സെലീനക്ക്‌ അന്നുരാത്രി ഉറക്കം വന്നില്ല. ആ സ്‌ത്രീപറഞ്ഞത്‌ താന്‍ ഊഹിച്ചതുതന്നെയാണ്‌. കൊല്ലാനല്ലെങ്കില്‍ പിന്നെന്തിനാണ്‌ അവരെ നഗ്നരാക്കുന്നത്‌, മകന്റെ മുന്‍പില്‍ അമ്മയേയും അച്ഛന്റെ മുമ്പില്‍ മകളേയും. മനുഷ്യത്തം തൊട്ടുതീണ്ടിട്ടില്ലാത്ത കാട്ടാളന്മാരാണ്‌ നാസികള്‍. തന്റെ പപ്പക്കും മമ്മക്കും ഇതേഗതിയാണല്ലോ വരാന്‍പോകുന്നതെന്നോര്‍ത്തപ്പോള്‍ അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.

അന്നുരാത്രിയില്‍ ഒരു കാറ്റില്‍കാറില്‍ അവളുടെ പപ്പയും മമ്മയും സഹോദരിയും വന്നതും ഇടനാഴിയില്‍കൂടി കടന്നുപോയതും അവള്‍ അറിഞ്ഞില്ല.

ബര്‍ണാഡ്‌ വലിയ ഗൗരവക്കാരനാണ്‌. ആരോടും അധികം സംസാരിക്കത്തില്ല. എന്തെങ്കിലും ചോദിച്ചാല്‍തന്നെ ഒന്നോരണ്ടോ വാക്കുകളിലാണ്‌ മറുപടി, അതും സെലീനയോട്‌ മാത്രം. അവള്‍ക്ക്‌ ഒരു സഹോദരനില്ലാത്തതിന്റെ കുറവ്‌ അവനെകണ്ടപ്പോളാണ്‌ പരിഹരിക്കപ്പെട്ടത്‌. റയില്‍സ്റ്റേഷനില്‍വെച്ച്‌ അവന്‍ തന്റെ കയ്യില്‍മുറുകെ പിടിച്ചപ്പോള്‍ ഒരു സംരക്ഷകനെ കിട്ടിയതുപോലെയാണ്‌ തോന്നിയത്‌. ആപത്തില്‍നിന്ന്‌ അവന്‍ തന്നെരക്ഷിക്കുമെന്ന്‌ അവളുടെ മനസ്‌ പറയുന്നു.

ആയിരക്കണക്കിന്‌ ആളുകളാണ്‌ ഒരോദിവസവും കാറ്റില്‍കാറുകളില്‍ വന്നിറങ്ങുന്നത്‌. ഫ്രാന്‍സില്‍നിന്നും, ഹോളണ്ടില്‍നിന്നും ഇപ്പോള്‍ റഷ്യയില്‍നിന്നും മൂന്നും നാലും ട്രെയിനുകളാണ്‌ ദിവസവും എത്തിച്ചേരുന്നത്‌. വന്നിറങ്ങുന്നവരില്‍നിന്ന്‌ ജോലിചെയ്യാനുള്ള ആരോഗ്യമുള്ള ഏതാനുംപേരെ മാറ്റിയതിനുശേഷം ബാക്കിയുള്ളവരെ നേരെ ഗ്യാസ്‌ചേമ്പറിലേക്ക്‌. തങ്ങളെ എങ്ങോട്ടാണ്‌ കൊണ്ടുപോകുന്നതെന്ന്‌ അറിയാത്ത പാവങ്ങള്‍ സംശയിക്കാതെ നാസികള്‍ തെളിക്കുന്ന വഴിയേ സംസാരിച്ചും ചിരിച്ചും നടക്കുന്നു. സ്വര്‍ക്ഷകവാടത്തിന്‌ മുന്‍പിലെത്തി നഗ്നരാക്കപ്പെടുമ്പോളാണ്‌ കാര്യം പന്തിയല്ലല്ലോയെന്ന്‌ അവര്‍ സംശയിക്കുന്നത്‌.

വികാരങ്ങള്‍ സെലീനക്കും നഷ്‌ടപ്പെടുകായായിരുന്നു. ഓരോ നിമിഷവും നൂറുകണക്കിന്‌ ആളുകള്‍ അവളുടെ മുമ്പില്‍കൂടി മരണത്തിലേക്ക്‌ നടന്നുപോകുന്നു. ശവം കത്തിയെരിയുന്നതിന്റെ ദുര്‍ഗന്ധം. മരവിച്ച മനസുമായി അവള്‍ ജോലിചെയ്‌തുകൊണ്ടിരുന്നു.

നൂറുകണക്കിന്‌ പുരുഷന്മാര്‍ തലേരാത്രി ഇതുവഴികടന്നുപോയിട്ടുണ്ട്‌; അതുപോലെ സ്‌ത്രീകളും, കുട്ടികളും. വസ്‌ത്രങ്ങളുടെ ഒരുകൂമ്പാരമാണ്‌ മുമ്പില്‍ കിടക്കുന്നത്‌. അവള്‍ ഓരോന്നും പരിശോധിച്ച്‌ വേര്‍തിരിച്ചുകൊണ്ടിരുന്നു. പെട്ടെന്നാണ്‌ ഒരുകോട്ട്‌ അവളുടെ ശ്രദ്ധയില്‍ പെട്ടത്‌. തന്റെ പപ്പയുടേതുപോലത്തെ ഒരുകോട്ട്‌, അതേനിറം, സ്വര്‍ണനിറത്തിലുള്ള അലുക്കിട്ടകോളര്‍. ആയിരം കോട്ടുകളുടെ ഇടയില്‍ പപ്പയുടെ കോട്ടുകണ്ടാല്‍ അവള്‍ക്ക്‌ തിരിച്ചറിയാം. പലപ്പോഴും അത്‌ തേച്ചുകൊടുക്കുന്നത്‌ അവളായിരുന്നു. സെലീന തേച്ചെങ്കിലേ വൃത്തിയാകത്തുള്ളെന്ന്‌ പപ്പ എപ്പഴും പറയാറുണ്ട്‌.

ആ കോട്ട്‌ അവളുടെ കയ്യില്‍ അമര്‍ന്നു. അവള്‍ക്ക്‌ അതിലേക്ക്‌ നോക്കാന്‍ ധൈര്യമില്ല. പപ്പയുടേത്‌ ആയിരിക്കരുതേ എന്ന്‌ അവള്‍ പ്രാര്‍ത്ഥിച്ചു. അതുപോലത്തെ കോട്ട്‌ വേറെ ആളുകള്‍ക്കും കാണുമല്ലോ. പപ്പയുടേത്‌ ആകാന്‍ തരമില്ല. അവള്‍ അതിന്‍െറ പോക്കറ്റില്‍ കയ്യിട്ടു. ഒരു പോക്കറ്റുവാച്ച്‌. പപ്പക്കും ഉണ്ടായിരുന്നു ഒരെണ്ണം. അതുപോലത്തെ ആയിരിക്കരുതേ ദൈവമേ. അവള്‍ ഒന്നേ നോക്കിയുള്ളു.

ബോധംതെളിയുമ്പോള്‍ താന്‍ വേറെവിടെയോ ആണെന്ന്‌ അവള്‍
അറിഞ്ഞു. ഒരു ഡോക്‌ട്ടറും നേര്‍സും സമീപത്തുണ്ട്‌. ഡോക്‌ട്ടര്‍ ചിരിച്ചുകൊണ്ട്‌ പറഞ്ഞു, `പേടിക്കാനൊന്നുമില്ല; ആഹാരം കഴിക്കാഞ്ഞതന്റെ ക്ഷീണമാണ്‌. ഇവിടെ ഒരു സോസേജ്‌ സാന്‍വിച്ച്‌ ഇരിപ്പുണ്ട്‌. അതുതിന്നിട്ട്‌ പോയി ജോലിചെയ്‌തോളു.'

`എന്റെ പപ്പ.' അവള്‍ കരഞ്ഞു. `എന്റെ പപ്പയെ അവര്‍കൊന്നു. എന്റെ മമ്മിയേം ചേച്ചിയേം കൊന്നു.'

`കുട്ടിയെന്തൊക്കെയാ പറയുന്നത്‌?' നേര്‍സ്‌ ശകാരിച്ചു. `ഇങ്ങനെയൊന്നും പറയരുത്‌; ആരെങ്കിലും കേട്ടാല്‍ അപകടമാണ്‌.'

`എന്നെയും കൊന്നോട്ടെ.' സെലീനയുടെ കരച്ചില്‍ അടങ്ങിയില്ല. അവളുടെ ദുഖംകണ്ട്‌ ഡോക്‌ട്ടറുടെ ഹൃദയം വേദനിച്ചു. തന്റെ കണ്ണുനിറയുന്നത്‌ നേര്‍സ്‌ കാണാതിരിക്കാന്‍ അയാള്‍ മുഖംതിരിച്ചു.
***

ലിയോണും വിക്‌ട്ടറും ഉള്‍പ്പെടെ പത്തോളം ആണ്‍കുട്ടികളുമായിട്ടാണ്‌ ഫാദര്‍ ബെഞ്ചമിന്‍ ട്രെയിനില്‍ യാത്രചെയ്‌തത്‌. സ്‌കൗട്ട്‌ യൂണിഫോം ധരിച്ചിരുന്ന കുട്ടികളെ നാസികളും വിച്ചിപോലീയും സംശയിച്ചതേയില്ല, പ്രത്യകിച്ച്‌ ഒരച്ചനും കൂടെയുള്ളതുകൊണ്ട്‌.

മറിയ ഉള്‍പ്പെടെ മറ്റ്‌ പെണ്‍കുട്ടികളെ ഗ്രാമത്തിലെ പലകര്‍ഷക കുടുംബങ്ങളിലായി പാര്‍പിച്ചു. പോലീസ്‌ ചോദ്യംചെയ്‌താല്‍ അവര്‍ താമസിക്കുന്ന വീടുകളിലെ അംഗങ്ങളാണെന്ന്‌ മാത്രമേ പറയാവു എന്നും പഠിപ്പിച്ചു. പ്രതീക്ഷിച്ചതുപോലെതന്നെ രണ്ടുദിവസംകഴിഞ്ഞപ്പോള്‍ ഗെസ്റ്റപ്പോയും വിച്ചിപോലീസുംവന്ന്‌ അവിടെയുള്ള എല്ലായഹൂദരേയും അറസ്റ്റുചെയ്‌തുകൊണ്ട്‌ പോയി. അവരെ ഔസ്വിറ്റ്‌സിലെ മരണക്യാമ്പിലേക്കാണ്‌ കൊണ്ടുപോയത്‌. അവിടെ ഭസ്വര്‍ക്ഷവാതിലില്‍കൂടി? കടന്നുപോയ പതിനാറുലക്ഷംപേരില്‍ അവരും ഉണ്ടായിരുന്നു.

സ്വിറ്റ്‌സര്‍ലണ്ട്‌ യുദ്ധത്തില്‍ നിഷ്‌പക്ഷത പാലിച്ചതുകൊണ്ട്‌ ഹിറ്റ്‌ലര്‍ ആരാജ്യത്തെ ആക്രമിച്ചില്ല. പാലായനം ചെയ്‌തുവരുന്ന അനേകായിരം അഭയാര്‍ത്ഥികള്‍ക്ക്‌ അഭയംനല്‍കാന്‍ ആരാജ്യം അതിന്റെ വാതിലുകള്‍ തുറന്നിട്ടു. എന്നാല്‍ നാസികളുടേയും, വിച്ചിപോലീസിന്റേയും കണ്ണുവെട്ടിച്ച്‌ അതിര്‍ത്തികടക്കുക എന്നുള്ളത്‌ എളുപ്പമുള്ള കാര്യമല്ലായിരുന്നു. അതുകൊണ്ട്‌ വനങ്ങളില്‍കൂടി സഞ്ചരിച്ച്‌ പോലീസ്‌ നിരീക്ഷണമില്ലാത്ത ഭാഗത്തുകൂടി യഹൂദക്കുട്ടികളെ അതിര്‍ത്തികടത്തിവിടാന്‍ ചിലസംഘടനകള്‍ രഹസ്യമായി പ്രവര്‍ത്തിച്ചിരുന്നു. ലിയോണും വിക്‌ട്ടറും അങ്ങനെ അതിര്‍ത്തികടന്ന്‌ സ്വിറ്റ്‌സര്‍ലണ്ടിലെ അഭയാര്‍ത്ഥിക്യാമ്പില്‍ എത്തിയവരാണ്‌. അവിടെ നല്ലഭക്ഷണവും താമസസൗകര്യവും ഉണ്ടായിരുന്നെങ്കിലും തങ്ങളുടെ അച്ഛനമ്മമാരെപ്പറ്റിയും ഇളയപെങ്ങളെ ഓര്‍ത്തും അവരുടെ തലയിണകള്‍ നനയാത്ത രാത്രികള്‍ ഇല്ലായിരുന്നു.

ലിയോണ്‍ പിന്നീട്‌ ഫ്രാന്‍സില്‍ തിരികെവന്ന്‌ ഫ്രെഞ്ച്‌ റെസിസ്റ്റന്റ്‌ ഫോര്‍സില്‍ചേര്‍ന്ന്‌ ജര്‍മനിക്കെതിരെ പടപൊരുതി. സഖ്യകക്ഷികള്‍ ഫ്രാന്‍സിനെ മോചിപ്പിച്ചപ്പോള്‍ അവനും അനുജനും തിരികെ അവരുടെ വീട്ടില്‍ തിരിച്ചെത്തി. മറിയ അവരെയുംകാത്ത്‌ ഗ്രാമത്തില്‍ ഉണ്ടായിരുന്നു. ലിയോണ്‍ പഠിപ്പുനിറുത്തി കുടുംബഭാരം ഏറ്റെടുത്തു. പപ്പയും മമ്മയും തിരികെവരുമെന്ന്‌ പ്രതീക്ഷിച്ച്‌ അനേകവര്‍ഷങ്ങള്‍ അവര്‍ വൃഥാകാത്തിരുന്നു.


(തുടരും....)


ഇരുപത്തിമൂന്നാം ഭാഗം വായിക്കുക
ഹോളോക്കോസ്റ്റ്‌-നരകവാതിലുകള്‍ തുറന്നപ്പോള്‍ (ചരിത്ര നോവല്‍: ഭാഗം-24: സാം നിലമ്പള്ളില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക