Image

ഇവള്‍ വാഴ്ത്തപ്പെട്ടവള്‍ (നോവല്‍:17- കൊല്ലം തെല്‍മ, ടെക്‌സാസ്)

കൊല്ലം തെല്‍മ Published on 07 February, 2015
ഇവള്‍ വാഴ്ത്തപ്പെട്ടവള്‍ (നോവല്‍:17- കൊല്ലം തെല്‍മ, ടെക്‌സാസ്)

അദ്ധ്യായം 17

കിഴക്കേ തൊടിയില്‍ പണിക്കാരുടെ സമീപം നില്‍ക്കുമ്പോഴാണ് മാധവമേനോന്‍ ഭാര്യ സുഭദ്രാമ്മയുടെ വിളികേട്ടത്. മിനിട്ടുകള്‍ക്കുമുമ്പ് ഫോണ്‍ ബെല്‍ മുഴങ്ങുന്നത് കേട്ടിരുന്നു. ആരെങ്കിലും തന്നെ തിരക്കി വിളിച്ചതാവും.
അതായിരിക്കണം സുഭദ്രാമ്മ ഇത്ര ധൃതിയില്‍ തന്നെ വിളിക്കുന്നത്.
കൈയ്യിലിരുന്ന വെട്ടുകത്തി പ്ലാവിന്‍ തടിയില്‍ കൊത്തിവച്ചിട്ട് ഉടുമുണ്ട് മടക്കിക്കുത്തി ധൃതിയില്‍ വീട്ടിലേയ്ക്ക് നടന്നു മാധവമേനോന്‍.
'അമേരിക്കയില്‍നിന്ന് കെല്‍സിയാ... അവിടെ എന്തൊക്കെയോ അസ്വസ്തതകള്‍....  അവള്‍ കരയുകയും മറ്റും ചെയ്യുന്നുണ്ട്. എനിക്കാണെങ്കില്‍ ഒന്നും ഒരു എത്തും പിടിയും കിട്ടുന്നില്ല...' സുഭദ്രാമ്മ വീട്ടിനുള്ളിലേയ്ക്ക് കയറുമ്പോള്‍ പരിഭ്രമത്തോടെയും ആശങ്കയോടെയും കാര്യം അവതരിപ്പിച്ചു.
'അതെന്താ അവിടെ ഇത്ര വലിയ പ്രശ്‌നം?' മാധവമേനോന്‍ തിടുക്കത്തില്‍ കാല്‍കഴുകി ഹാളിലേയ്ക്ക് ഓടിക്കയറി. റിസീവര്‍ എടുത്ത് ചെവിയോട് ചേര്‍ത്തു.
'ഹലോ.... എന്താ കെല്‍സി.... എന്തുപറ്റി.... എന്താണവിടെ പ്രശ്‌നങ്ങള്‍....' ഒരു നൂറ് ആശങ്കാജനകമായ ചോദ്യങ്ങള്‍....
'അച്ഛാ....അച്ഛനെവിടെയായിരുന്നു.....'
ഞാന്‍ പറമ്പിലായിരുന്നു. ഒന്നുരണ്ട് പണിക്കാര്‍ വന്നിട്ടുണ്ട്. അവര്‍ക്ക് വേണ്ടതു  പറഞ്ഞുകൊടുത്ത് നില്‍ക്കുകയായിരുന്നു. അപ്പോഴാണ്് നിന്റെ അമ്മ ഫോണ്‍ വന്നെന്നും പറഞ്ഞ് എന്നെ വിളിച്ചത്.... അല്ല കെല്‍സി .... നീ കാര്യം പറഞ്ഞില്ല.
'ഓ..... എന്തു പറയാനാ അച്ഛാ..... പ്രശ്‌നങ്ങള്‍ ഒന്നടങ്ങി എന്നു വിചാരിച്ചിരിക്കുമ്പോള്‍ പിന്നെയും ഒരു നൂറുകൂട്ടം പുതിയ പ്രശ്‌നങ്ങള്‍.... അല്ലാതെ എന്തുപറയാനാ....' കെല്‍സി പരിതപിച്ചു.
'എന്താ കെല്‍സിമോളെ.... നിങ്ങള്‍ തമ്മിലുള്ള തമ്മിത്തലും പിണക്കവും ഇതുവരെയും മാറിയില്ല എന്നുണ്ടോ? നാളുകളെത്രയായി ഇതുവരെയും ഒരു പരിഹാരം കണ്ടെത്താനായില്ലേ....?'
'അത് അച്ഛാ ഓരോ ദിവസവും ഓരോന്നോരോന്ന് മറക്കാന്‍ ശ്രമിക്കുമ്പോള്‍ പിന്നെയും പിന്നെയും സ്വരച്ചേര്‍ച്ചയില്ലായ്മയാണ് ഫലം. ഈ അടുത്ത നാളിലല്ലേ ഞാന്‍ ഈ പ്രശ്‌നങ്ങളെക്കുറിച്ച് അച്ഛനോടും അമ്മയോടും പറഞ്ഞത്. അതുവരെയും എല്ലാം ക്ഷമിച്ചും സഹിച്ചും എല്ലാം പരിഹരിക്കപ്പെടും എന്നു ചിന്തിച്ച് ദിവസങ്ങള്‍ നീക്കി. ഒടുവില്‍ സഹിക്കാന്‍ പറ്റില്ല എന്നുവന്നപ്പോളല്ലേ ഞാന്‍ ഇക്കാര്യങ്ങള്‍ അച്ഛനോടും അമ്മയോടും പറഞ്ഞത്.'
'ശരിയാണ്. പക്ഷെ വികാരത്തിന്റെ തിരത്തള്ളലില്‍ എല്ലാം ഉപേക്ഷിച്ച് ഇറങ്ങിത്തിരിക്കാന്‍ എളുപ്പമാണ്. എന്നാല്‍ ചിന്തിക്കുമ്പോള്‍ കൈവിട്ടുപോയവയെ തിരികെപ്പിടിക്കുവാനും സാധ്യമല്ല. അല്ല ഇന്നിപ്പോള്‍ നീ വിളിച്ച് കരയാനും പരാതിപ്പെടാനും എന്താണവിടെ ഉണ്ടായത്. ഇത്രമാത്രം കരഞ്ഞു ബഹളം വയ്ക്കണമെങ്കില്‍ അതിനുമാത്രം എന്തെങ്കിലും സംഭവിച്ചിട്ടുണ്ടാകുമല്ലോ?' മാധവമേനോന്‍ കെല്‍സിയോട് കാരണമാരാഞ്ഞു. 
'അത് അച്ഛാ.... ഈ ഇടെയായി അജിത്ത് കുടി അല്‍പ്പം കൂടുതലാണ്. എന്റെയും പിള്ളേരുടെയും കാര്യത്തില്‍ ലവലേശം ചിന്തയില്ല. ഇന്നലെ എന്നെ തല്ലുകവരെ ചെയ്തു. പിന്നെ വായില്‍ തോന്നിയതെല്ലാം പറയുകയും....
എനിക്ക് ഈ ജീവിതം നശിപ്പിക്കാന്‍ വയ്യ....'
'ഇതിനുമാത്രം പ്രശ്‌നങ്ങള്‍ക്ക് എന്തുകാരണം ഉണ്ടായി. അജിത്ത് ഇങ്ങനെയൊന്നും ആയിരുന്നില്ലല്ലോ കെല്‍സി.... നീയെന്തെങ്കിലും അവനെ പിണക്കുവാന്‍ തക്കതായി പറഞ്ഞോടി....' മാധവമേനോന്‍ ഉള്ളിലെ ആശങ്ക പുറത്തു പ്രകടിപ്പിച്ചു.
'്അച്ഛനും എന്നെ കുറ്റപ്പെടുത്തുകയാണോ...? ആരും എന്താ എന്റെ അവസ്ഥ ചിന്തിക്കാത്തത്?' കെല്‍സിയുടെ നീരസം വാക്കുകളില്‍ വെളിവായി.
'അല്ല മോളെ..... ഞാന്‍ നിന്നെ കുറ്റപ്പെടുത്തയതാണോ? കാര്യഗൗരവം എന്താണെന്നറിയാന്‍ ചോദിച്ചതല്ലേ.... ഒന്നും രണ്ടും പറഞ്ഞ കാരണമില്ലാത നിസാരകാര്യത്തിന് ഇറങ്ങിത്തിരിച്ചാല്‍ നാണക്കേടും മാനക്കേടും നോക്കണ്ടെ മോളെ? അതുകൊണ്ട് അച്ഛന്‍ പറഞ്ഞുപോയതല്ലേ..... ങാ...നീ ധാര്യമായിരിക്ക് നമുക്ക് എന്താണുവച്ചാ ആ വഴിക്കങ്ങട് നീങ്ങാം. അത്രതന്നെ.... മാനക്കേടുഭയന്ന് ജീവിതം നശിപ്പിക്കണം എന്നുണ്ടോ?'
'ങും....' കെല്‍സിയുടെ മൂളല്‍ ഫോണില്‍ മുഴങ്ങി.
'അവനെന്തിയേ കെല്‍സി....'
'ഇന്ന് ഓഫീസില്‍ പോയി....' കെല്‍സി മറുപടി പറഞ്ഞു.
'കുഞ്ഞുങ്ങളെന്തിയേടി..... സുഖമായിരിക്കുന്നോ?'
'സുഖംതന്നെ. അവരിതിലെ ഓടിനടക്കുന്നു.... അമ്മയ്ക്ക് സുഖംതന്നെയല്ലേ അച്ഛാ....?'
'ങാ.... സുഖംതന്നെ.... കുറച്ചു പിള്ളേര്‍ക്ക് ട്യൂഷന്‍ നടത്തുന്നുണ്ട്. നീ ഏതായാലും കാര്യങ്ങള്‍ എന്താച്ചാ അറിയിക്കുക. വേണ്ട തീരുമാനങ്ങള്‍ നമുക്ക് ആലോചിച്ച് എടുക്കാം. അത്ര തന്നെ....'
'ശരിയച്ഛാ.... അമ്മയോട് കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കണം... മനസിലിട്ട് നീറ്റി ആധിവരുത്തേണ്ടാന്നും പറഞ്ഞേക്കണം കേട്ടോ അച്ഛാ....'
'ശരി അച്ഛാ....' കെല്‍സി ഫോണ്‍ വച്ചു.
'എന്താ.... മേനോനെ കെല്‍സി പറയുന്നത്. അവള് എന്ത് നിരീച്ചാ.... സുഭദ്രാമ്മ മാധവമേനോനോട് കാര്യം തിരക്കി....'
'അവളും അജിത്തും തമ്മില്‍ പിണങ്ങി.... ഇപ്പോഴത്തെ പിള്ളാരല്ലേ പറഞ്ഞിട്ടെന്ത് കാര്യം.... പിന്നെ അമേരിക്കന്‍ കള്‍ച്ചറുകൂടി ആകുമ്പോള്‍ ഒന്നു പറഞ്ഞു രണ്ടാമത്തേതിന് ഡൈവേഴ്‌സ്....ങാ....എന്തായാലും വരുന്നിടത്തുവച്ച് കാണുക.... അത്രതന്നെ.... നീ ചെന്ന് ഇത്തിരി കഞ്ഞിവെള്ളം കൊണ്ടുത്താ.... പിന്നെ പണിക്കാര്‍ക്ക് കുടിക്കാനുള്ള വെള്ളവും എടത്തു വച്ചോളൂ....'
*****      ******      ******          *******        ******  ***** ******
കെല്‍സിക്ക് തന്റെ തീരുമാനത്തില്‍ ഒരുമാറ്റവും ഇല്ലായിരുന്നു. അവളെ സംബന്ധിച്ച് ഭാവിയെപ്പറ്റി ആശങ്കയും ഇല്ല. അജിത്തിനാണെങ്കില്‍ ഒരു ഭാവഭേദവുമില്ല. ഈ ഒരു കുരുക്കില്‍ നിന്ന് ഊരി കിട്ടിയെന്ന ഭാവവും. അജിത്ത് രണ്ടാമതൊന്നു ചിന്തിക്കാന്‍ താല്പര്യം കാട്ടിയുമില്ല....
'എനിക്ക് ഇനി കെല്‍സിയുമൊത്തൊരു ജീവിതം യുക്തമെന്ന് തോന്നുന്നില്ല.... കെല്‍സിക്ക് കെല്‍സിയുടെ വഴി തിരഞ്ഞെടുക്കാം.... പിന്നെ കുട്ടികളുടെ കാര്യം.... അവരെ എന്റെ കൂടെ വിടാനാണ് ഭാവമെങ്കില്‍ ഞാന്‍ വളര്‍ത്തിക്കൊള്ളാം.... നേരെ മറിച്ച് കെല്‍സിക്ക് അവരെ കൂടെ നിര്‍ത്തണം എന്നുണ്ടെങ്കില്‍ ഞാനതിനും തയ്യാര്‍....' അജിത്ത് തന്റെ മനസ്സിലുള്ള പദ്ധതി വിശദീകരിച്ചു...
'കുഞ്ഞുങ്ങള്‍ എന്റെ കൂടെ നില്‍ക്കുന്നതില്‍ എനിക്ക് സന്തോഷമേ ഉള്ളൂ.... പറക്കമുറ്റാത്ത കുഞ്ഞുങ്ങളെ അമ്മയോടൊപ്പം വിടാനെ ഏതു കോടതിയും കല്‍പ്പിക്കൂ.... അറിയാതെ അന്ന് എന്തൊക്കെയോ പറഞ്ഞുപോയി എന്നതിന്റെയെല്ലാം ശിക്ഷയാണ് ഞാനിന്ന് അനുഭവിക്കുന്നത്.... എനിക്ക് നമ്മുടെ കുഞ്ഞുങ്ങളോട് സ്‌നേഹം തന്നെയാണ്.... ഏതായാലും അവരെ നടുകടലില്‍ ഉപേക്ഷിച്ചുപോകാന്‍ ഞാന്‍ തയ്യാറല്ല.... അജിത്ത് അതിനെപ്രതി ഒരു നിയമയുദ്ധത്തിന് മുതിരുകയും വേണ്ട...' കെല്‍സി തനിക്ക് പറയാനുള്ളത് തുറന്നു പറഞ്ഞു.
അവളെ സംബന്ധിച്ച് ഇനി ഉറച്ച തീരുമാനങ്ങള്‍ക്കാണ് പ്രസക്തി. ചാഞ്ചല്യം കാട്ടിനിന്നാല്‍ അത് തന്റെ പരാജയങ്ങള്‍ക്കു മാത്രമേ കാരണമാവൂ എന്നവള്‍ക്ക് നന്നായി അറിയാം. കുട്ടികളെ തന്നില്‍നിന്നും പിടിച്ചുപറിക്കാന്‍ അജിത്തിന് ഇപ്പോള്‍ എന്തായാലും ആവില്ല. അവര്‍ക്ക് കാര്യപ്രാപ്തി വരുന്ന കാലത്ത്  അവര്‍ ആരുടെ കൂടെപോകണം എന്നുപറയുന്നോ ആ അഭിപ്രായത്തിനെ വിലയുള്ളൂ.... അതുവരേയ്ക്കും അമ്മയുടെ അവകാശത്തി•േല്‍ ആര്‍ക്കും കൈകടത്താനാവില്ല.
'അതേതായാലും നിന്റെ പക്ഷം ജയിക്കും എന്നുള്ളത് ഉറപ്പാണ്. ഇപ്പോള്‍ ഏതായാലും നീ തന്നെ കുട്ടികലെ നോക്ക്.... അവര്‍ നിന്റെ കൂടെ വളരട്ടെ.... ഇപ്പോള്‍ നിനക്ക് നിന്റെ ഹിതാനുസരണം തീരുമാനമെടുക്കാം.... നിനക്കെന്നില്‍ നിന്നും ഫ്രീയായി പോവാം.... ഞാനതിന് എതിരല്ല....' അജിത്ത് ഒരു വലിയ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തിയപോലെ ദീര്‍ഘമായി നിശ്വസിച്ചു.
'ഏതായാലും കാര്യങ്ങള്‍ ഞാന്‍ വീട്ടില്‍ അറിയിക്കട്ടെ.... തിരിച്ച് നാട്ടിലേയ്ക്ക് പോവാന്‍ തന്നെയാണ് തീരുമാനം.... അതില്‍ നിന്നൊരുമാറ്റവും ഇനിമേല്‍ ഉണ്ടാവുകയുമില്ല...' കെല്‍സി ദൃഢനിശ്ചയത്തോടെ പറഞ്ഞു.
അജിത്ത് റൂമിലേയ്ക്ക് കയറിപ്പോയി.... ഓഫീസില്‍ പോവാനുള്ള ഒരുക്കങ്ങള്‍ ചെയ്തു. വളരെ പെട്ടെന്നുതന്നെ റെഡിയായി ഓഫീസിലേയ്ക്ക് പുറപ്പെടുകയും ചെയ്തു.
**** **** **** ***** ****** **** **** ***** **** ***** ****** *****
വൈകുന്നേരം കെല്‍സി ഹാളിലിരിക്കുകയായിരുന്നു തുടര്‍ന്നുള്ള ഭാവികാര്യങ്ങളെപ്പറ്റിയുള്ള അഗാധമായ ചിന്തയിലാണ്. അമേരിക്കയില്‍നിന്നും തിരികെ നാട്ടിലേയ്ക്ക് മടങ്ങണം. എല്ലാവരെയും അഭിമുഖീകരിക്കേണ്ടിയിരിക്കുന്നു. താന്‍ കുട്ടികളെയും കൂട്ടി തിരികെ തനിച്ച് നാട്ടിലെത്തുമ്പോള്‍ എല്ലാവരും അതിന്റെ കാര്യകാരണങ്ങള്‍ ചികയും....
മാധ്യമങ്ങളുടെ മുന്നില്‍ വിശദീകരണങ്ങളുമായി പെടാപാടുപെടേണ്ടിവരും.... മനസ് എല്ലാം മുന്നില്‍ കണ്ട് സജ്ജമാക്കണം.... ഇനി അപവാദങ്ങളും ഗോസിപ്പുകളും തന്നെ വേട്ടയാടും തീര്‍ച്ച.
യഥാര്‍ത്ഥ കാരണങ്ങള്‍ തനിക്കും വീട്ടുകാര്‍ക്കും സരളാന്റിക്കും അജിത്തിന്റെ വീട്ടുകാര്‍ക്കുമേ അറിയുകയുള്ളൂ.... പുറത്ത് ഇതാരും അറിയാതെ സൂക്ഷിക്കേണ്ടിയുമിരിക്കുന്നു. അല്ലെങ്കില്‍ അതു തന്റെ കരിയറിനെയും പോപ്പുലാരിറ്റിയെയും ബാധിക്കും. ഏതായാലും സിനിമാഭിനയത്തിനുവേണ്ടി അമേരിക്കയില്‍നിന്നും തിരിച്ചുവന്നു എന്ന രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോകണം...
അജിത്തേതായാലും ഇവിടുത്തെ ജോലിയും കളഞ്ഞ് എങ്ങും പോവുകയുമില്ല. കുട്ടികള്‍ തന്റെ കൂടെയായതിനാല്‍ തന്നെ മാനം കെടുത്താനോ ഉപദ്രവിക്കാനോ വരുമെന്നും തോന്നുന്നില്ല.... കുട്ടികള്‍ കാര്യപ്രാപ്തി എത്തുന്നതുവരെയും ഡിവേഴ്‌സിനെപ്പറ്റി ചിന്തിക്കാതിരിക്കുന്നത് തന്നെയാവും ബുദ്ധി. ഇപ്പോള്‍ ഡിവേഴ്‌സ് ഫയല്‍ ചെയ്ത് വേര്‍പിരിഞ്ഞാല്‍ അത് തന്റെ സെലിബ്രറ്റിലൈഫിനെയും ബാധിക്കും.... ഏതായാലും ഇവിടെനിന്ന് മോചനം കിട്ടി.... തന്റെ ഇഷ്ടപ്രകാരം സിനിമാജീവിതം ക്രമപ്പെടുത്തുകയും ആവാം. താന്‍ ഉദ്ദേശിക്കുന്നതും അതുതന്നെയാണ്.
കെല്‍സി എഴുന്നേറ്റ് ഫോണിനരികെയെത്തി സരളാന്റിയുടെ നമ്പര്‍ ഡയല്‍ ചെയ്തു.... ഫോണ്‍ കണക്റ്റായി. മറുതലയ്ക്കല്‍ സരളാന്റി...!
''ഹലോ.... ആന്റി കെല്‍സിയാണ് വിളിക്കുന്നത്.... ങ്ങാ.... അതെ ഇവിടെ തന്നെയാ... ആന്റി സുഖം തന്നെയല്ലേ?'
''അതെ കെല്‍സി.... എന്തുണ്ട് കെല്‍സി.... ഇതെന്താ ഇപ്പോ വിളിക്കാന്‍ തോന്നിയെ....' സരളാന്റി ജിജ്ഞാസ പൂണ്ടു.
'അത് ആന്റി, ഞാന്‍ നാട്ടിലേയ്ക്ക് തിരിച്ചു വരുവാന്‍ തീരുമാനിച്ചു. ഇനി ഇവിടെ അജിത്തിന്റെ അടുത്തേയ്ക്കില്ല.... കുട്ടികളെയും കൂടെ കൊണ്ടുവരും.... അവിടെ വന്നിട്ട് സിനിമയില്‍ തുടരണം എന്നാണ് നിശ്ചയിച്ചിരിക്കുന്നത്.... ഇനി ഏതായാലും വൈകുവാന്‍ പാടില്ല....'
'അയ്യോടിയെ.... അജിത്തും ഈ ഒരു തീരുമാനത്തില്‍തന്നെയാന്നോ കെല്‍സി...? നീ ഈ വീട്ടില്‍ വന്നുനിന്നാല്‍ പിള്ളേരെ നോക്കുവോ... അതോ സിനിമേ പോവുമോ? എന്നാടി പെണ്ണേ നിന്റെ തീരുമാനം' സരളാന്റി ആശങ്കാകുലയായി...
'ആന്റി, കുഞ്ഞുങ്ങളെ അച്ഛന്റെയും അമ്മയുടെയും കൂടെ നിര്‍ത്തും.... കുട്ടികള്‍ക്കേതായാലും നാലഞ്ച് വയസായല്ലോ?' ഇനി ഇപ്പോ എന്റെ അടുത്തുനിന്നും മാറിനിന്ന് പഠിക്കട്ടെ.... അല്ലാതെ എന്നും മറ്റുള്ളവരെ ആശ്രയിച്ച് കഴിയാം എന്നു ചിന്തിച്ചാല്‍ കാര്യങ്ങള്‍ക്കൊന്നും നീക്കുപോക്കുണ്ടാവുകയില്ല. ഏതായാലും എല്ലാം ഒരു മാസത്തിനുള്ളില്‍ പായ്ക്ക് ചെയ്യണം. ടിക്കറ്റ് ഉടനെ ബുക്കുചെയ്യണം.... ഞങ്ങളേതായാലും അടുത്തമാസം നാട്ടില്‍ തിരികെ എത്തും തീര്‍ച്ച...' കെല്‍സി സരളാന്റിയോട് കാര്യങ്ങള്‍ വിശദീകരിച്ചു.
'എടി കുഞ്ഞേ....നിന്റെ തീരുമാനം അങ്ങനെയെങ്കില്‍ നീ ഇങ്ങുപോരേ; ഞങ്ങളൊക്കയില്ലേ ഇവിടെ. നിനക്കു വയ്യായെങ്കില്‍ ചുമക്കാന്‍ വയ്യാത്ത ഭാരം ചുമക്കണ്ട. ഇതാ വിധിയെങ്കില്‍ അങ്ങനെ അങ്ങ്  നടക്കട്ടെ... പിന്നെ ഡിവേഴ്‌സിന് കുറച്ചു സമയം എടുക്കും. ഏതായാലും രണ്ടുപേരും രണ്ടിടത്തായിട്ടാണേലും പ്രശ്‌നങ്ങളില്ലാതെ കഴിഞ്ഞാല്‍ മതി.'
'അതാ ശരി ആന്റി. എന്റെയും ചിന്ത അങ്ങനെയൊക്കെ തന്നെയാണ്. ഏതായാലും എന്റെ മനസിലെ ചിന്ത ആന്റി പറഞ്ഞു അത്രതന്നെ.'
നീയേതായാലും കുട്ടികളേയും കൂട്ടി കേരളത്തിലേയ്ക്ക് വരുവാനുള്ള യാത്രാ നടപടികള്‍ ചെയ്യ്.... ഈശ്വരന്‍ കൂടെയുണ്ട് പേടിക്കാനൊന്നും ഇല്ലെടി പെണ്ണേ... നീ ഇങ്ങ് പോര്. ഞങ്ങളൊക്കെയുണ്ടല്ലോ ഇവിടെ...' സരാളാന്റി കെല്‍സിയെ സമാധാനിപ്പിച്ചു.
'ആന്റി ഞങ്ങള്‍ വേര്‍പിരിഞ്ഞുകഴിയുകയാണെന്ന കാര്യം ആരെയും അറിയിക്കുന്നില്ല. എല്ലാം ഒരു കാലത്ത് അറിഞ്ഞാമതി. അതായിരിക്കുമല്ലോ എന്റെ കരിയറിനും നല്ലത്?' കെല്‍സി ആന്റിയുടെ അഭിപ്രായത്തിനായി കാതോര്‍ത്തു.
'അതു ശരിയാടി. ഏതായാലും ഇപ്പോ എല്ലാം കൊട്ടിഘോഷിക്കേണ്ടതില്ല. ഒരു കാലം കഴിഞ്ഞ് എല്ലാവരും അറിഞ്ഞാമതി. അതുവരെയും സിനിമയ്ക്കുവേണ്ടി വന്നു താമസിക്കുന്നു എന്ന്  എല്ലാവരും അറിഞ്ഞാല്‍ മതി. ഡിവോഴ്‌സ് ആണെന്നറിഞ്ഞാല്‍ കഴുകന്‍ കണ്ണുകള്‍ ചുറ്റിലും നിറയും.... പിന്നെ പരിഹാസത്തിന്റെയും നിന്ദയുടെയും ഗോസിപ്പിന്റെയും പ്രവാഹമായിരിക്കും.... എന്നാല്‍ നേരെമറിച്ച് സിനിമയില്‍ വീണ്ടും ഒന്നുറച്ചുകഴിഞ്ഞാല്‍ പ്രശ്‌നങ്ങളൊന്നും നേരെ നില്‍ക്കുകയില്ല.' സരളാന്റി തന്റെ നിലപാട് വ്യക്തമാക്കി. പണവും പേരും പ്രതാപും എല്ലാം എല്ലാതെറ്റുകുറ്റങ്ങളെയും കുറവുകളെയും മറയ്ക്കും എന്നതാണല്ലോ തത്ത്വം. മാന്യതയുടെയും പ്രശസ്തിയുടെയും എല്ലാം നിയന്ത്രണഘടകം പണം തന്നെയാണ്.' സരാളാന്റി തുടര്‍ന്നു പറഞ്ഞു നിര്‍ത്തി.
'ശരിയാണ് ആന്റി. ഏതായാലും കുഞ്ഞുങ്ങള്‍ അച്ഛന്റെയും അമ്മയുടെയും കൂടെ നിന്നോളും എന്റെ തിരക്കിനിടയിലേയ്ക്ക് അവര്‍ കടന്നുവരികയില്ലായിരിക്കാം.' കെല്‍സി തന്റെ ചിന്ത പങ്കുവച്ചു.
'ശരി കെല്‍സി.... ആവശ്യം വരുമ്പോ വിളിക്കുക. വേണ്ട അറേഞ്ചുമെന്റുകളും കാര്യങ്ങളും ചെയ്തുതരാം. ഏതായാലും തുടര്‍ന്ന് സിനിമേല്‍ അഭിനയിക്കാന്‍ തീരുമാനിച്ചല്ലോ...' ആന്റി തന്റെ സഹായം വാഗദാനം ചെയ്തു.
 'ശരി ആന്റി...' കെല്‍സി ഫോണ്‍ കട്ടുചെയ്തു.
ഇനിയുള്ള ദിവസങ്ങളില്‍ തിരികെ നാട്ടിലേയ്ക്ക് പുറപ്പെടുന്നതിനായുള്ള അറേഞ്ചുമെന്റുകള്‍ ചെയ്യേണ്ടിയിരിക്കുന്നു. കുട്ടികളെയും കൂട്ടിയുള്ള യാത്രയ്ക്കായുള്ള എല്ലാ ഏര്‍പ്പാടുകളും ചെയ്യണം. ട്രാവല്‍ ഏജന്റിനെ കണ്ട് അതിനായുള്ള നടപടികള്‍ ക്രമീകരിക്കണം.
പെട്ടെന്നുള്ള സംഭവവികാസങ്ങളില്‍ അന്തിച്ചുനില്‍ക്കേണ്ടി വന്നില്ല കെല്‍സിക്ക്. മനസ് മുന്‍പേ തന്നെ ഇത്തരമൊരു സാഹചര്യങ്ങള്‍ പ്രതീക്ഷിച്ച് സജ്ജമായിരുന്നതിനാല്‍ തീരുമാനങ്ങളോട് അനുരൂപപ്പെടാന്‍ മനസ് വിസമ്മതിച്ചതുമില്ല.
നാന്‍സി വൈകുന്നരത്തെ സ്‌നാക്‌സ് റെഡിയാക്കിവച്ചു. കെല്‍സികുട്ടികളേയും കൂട്ടി ഡൈനിംഗ് ഹാളില്‍ എത്തി. അപ്പുവും മിന്നുവും കുസൃതിയോടെ ഡൈനിംഗ് ടേബിളിന് ചുറ്റിലുമായി ഓടുകയാണ്. കെല്‍സി അവരെ ശാസിച്ചു. കുട്ടികളെ കൈ കഴുകിച്ച് കസേരയില്‍ ഇരുത്തി.
നാന്‍സി അവര്‍ക്ക് സ്‌നാക്‌സ് വിളമ്പി നല്‍കി. കെല്‍സി ചിന്താഭാരത്തോടെ സ്‌നാക്‌സ് രുചിച്ചു. ഒന്നു രണ്ടു പരിപ്പു വടയും കഴിച്ചു. എന്തായാലും ചെറിയൊരു വിശപ്പുണ്ടായിരുന്നതിന് ആശ്വാസമായി ഉച്ചയ്ക്ക് നന്നായി ഫുഡ് കഴിച്ചിരുന്നില്ല എന്നതിനാലാണ് നേരത്തെ വിശപ്പനുഭവപ്പെട്ടത്. കുട്ടികള്‍ അവരുടെ വിഭവങ്ങള്‍ കഴിച്ചു. നാന്‍സി അവരെ കൊണ്ടുപോയി കൈയ്യും മുഖവും കഴുകിച്ചു.
കുട്ടികള്‍ അവരുടെ കളികളില്‍ വ്യാപൃതരായി കെല്‍സി ചിന്തകളുടെയും കണക്കുകൂട്ടലുകളുടെയും ലോകത്തും....


ഇവള്‍ വാഴ്ത്തപ്പെട്ടവള്‍ (നോവല്‍:17- കൊല്ലം തെല്‍മ, ടെക്‌സാസ്)
Join WhatsApp News
Fr.Anil Zacharia, OCD 2015-02-10 12:13:35
When I read this novel, each chapter, I imagine what was going to happen in the next chapter, but contrary to my expectation, the kathakruth comes up with entirely different scene, which means she is a real ezhuthukaari who knows how to keep the readers in surprise and suspense. So waiting for the next surprise at the nextchapter. My hats off to the author.!!
മത്തായിസാർ 2015-02-10 13:10:34
എല്ലാം കർത്താവിന്റെ വിളയാട്ടങ്ങളല്ലേ ഫാതർ. അച്ചന്മാരുടെ മാജിക് ഷോ, എഴുത്തുകാരുടെ വേഷപ്രച്ഛന്നം. മാലോകരെല്ലാം മായാവികൾ!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക