Image

വാല്‍ക്കണ്ണാടി - കേരളം- ചെകുത്താന്റെ സ്വന്തം നാടോ ? - കോരസണ്‍

കോരസണ്‍ Published on 12 February, 2015
വാല്‍ക്കണ്ണാടി - കേരളം- ചെകുത്താന്റെ സ്വന്തം നാടോ ? - കോരസണ്‍
കേരളത്തിനൊപ്പം ഇത്രയും പുണ്യസ്ഥലങ്ങളുള്ള സ്ഥലത്തുനിന്ന് എന്തിനാണ് കേരളീയര്‍ വിശുദ്ധനാടുകള്‍ തേടി അലയുന്നത് ? നമ്മുടെ സ്വന്തം സ്ഥലമായതിനാല്‍ ഇത്തരം ഒരു വീക്ഷണത്തില്‍ കേരളത്തെ കാണാനിടയില്ല. എത്രയധികം ക്ഷേത്രങ്ങള്‍, പള്ളികള്‍, തീര്‍ത്ഥാനടകേന്ദ്രങ്ങള്‍, കബറിടങ്ങള്‍, പൂരങ്ങള്‍, പൊങ്കാലകള്‍, ഉത്സവങ്ങള്‍, പദയാത്രകര്‍, കുരിശുകള്‍, ധ്യാനകേന്ദ്രങ്ങള്‍… എപ്പോഴും എവിടെനിന്നും ഉയരുന്ന ഭക്തി ഗീതങ്ങള്‍, കീര്‍ത്തനങ്ങള്‍ മണിയടികള്‍, സര്‍വ്വം ദൈവമയം-തീര്‍ത്ഥാനകനായി കേരളത്തില്‍ പോയി വന്ന ഒരു വൈദികന്‍ പ്രസംഗം ആരംഭിച്ചത് ഇങ്ങനെയായിരുന്നു. കേരളത്തിന്റെ പുണ്യമുഖം തിരിച്ചറിയാന്‍ വൈകിയതില്‍ അദ്ദേഹത്തിനു ഖേദം. ഏതോ ട്രാവല്‍ പ്രൊമോഷനിങ്ങില്‍ കടന്നു വന്നതാണെങ്കിലും 'ദൈവത്തിന്റെ സ്വന്തം നാട്' എന്ന തലവാചകം കേരളത്തിന്റെ വ്യാപാരമുദ്രയായി മാറിക്കഴിഞ്ഞു. 

അദൈ്വതസിദ്ധാന്തം പറഞ്ഞു തന്ന ശ്രീശങ്കരനും, ഏകമതം മനുഷ്യനെന്നു ചിന്തിപ്പിച്ച ശ്രീനാരായണഗുരുവും, ചട്ടമ്പിസ്വാമികളും പിറന്ന നാട് ! തോമസ് അപ്പോസ്ഥലിനും ജൂതന്മാരും, അറബികളും, പാശ്ചാത്യരും മത്സരിച്ചു കയറിപ്പറ്റിയ ഭൂമി. എന്തിന്? ഇക്കഴിഞ്ഞ റിപ്പബ്ലിക് ദിനത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ബാരാക്ക് ഒബാമ നമ്മുടെ കൊച്ചു കേരളത്തിന്റെ കായലോരങ്ങളെപ്പറ്റി പ്രകീര്‍ത്തിച്ചപ്പോള്‍ കോരിത്തരിക്കാത്ത എത്ര മലയാളികളുണ്ട് ? 
പക്ഷേ, കുറേക്കാലമായി ഈ പുണ്യഭൂമിയില്‍ നിന്ന് ദൈവങ്ങള്‍ ജീവനും കൊണ്ട് ഓടി, പാതാളവാസികള്‍ കയറിപ്പറ്റി വാഴ്ച നടത്തുന്നതാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. എന്തൊക്കെ നന്മകള്‍ ഉണ്ടെങ്കിലും അടിസ്ഥാനപരമായി ഒന്നും നന്നാകാത്ത അവസ്ഥ! നന്നാകാന്‍ ഞങ്ങള്‍ സമ്മതിക്കില്ല എന്ന വാശിയിലാണ് സമൂഹം. ഇത്രയും ഭീരുക്കളും, തന്‍കാര്യക്കാരും, അവസരവാദികളും, കാപട്യമുള്ളവരും, അഴിമതിക്കാരും, ചൂഷകരും, അക്രമികളും അനസരം വാഴുന്ന ഭൂമി ലോകത്തില്‍ വേറെ എവിടെയും കാണില്ല എന്നു തോന്നും ചില ജീവിതാനുഭവങ്ങള്‍ പങ്കുവയ്ക്കപ്പെടുമ്പോള്‍.

നാലുപതിറ്റാണ്ടിലേറെ വിദേശവാസത്തിനുശേഷം സ്വന്തം മണ്ണിലേക്കു കുറച്ചുനാള്‍ ജീവിക്കണമെന്ന മോഹവുമായി ഒരു അമേരിക്കന്‍ മലയാളി തയ്യാറെടുത്തു. കുട്ടികള്‍ ഒക്കെ ഒരു നിലയിലായി, വലിയ ബാധ്യതകളും ഇല്ല, നാട്ടില്‍ തന്റെ സ്ഥലത്ത് വീടു പണിതുതീര്‍ന്നു കിടക്കയാണ്. ഭാര്യ ആദ്യം നാട്ടിലെത്തി ക്രമീകരണങ്ങള്‍ ഒക്കെ ചെയ്തതിനുശേഷം താന്‍ വിരമിക്കാം എന്ന തീരുമാനം, അതിരാവിലെ ഭാര്യയുടെ നാട്ടില്‍ നിന്നുള്ള ഫോണ്‍ ! നിലവിളിയാണ് കേള്‍ക്കുന്നത്, എന്തു സംഭവിച്ചു എന്നു ചോദിച്ചിട്ടും പൊട്ടിക്കരച്ചില്‍ മാത്രം. കരം അടക്കാന്‍ ചെന്നപ്പോള്‍ അവര്‍ കരം എടുക്കുന്നില്ല. സ്ഥലം നമ്മുടെ പേരിലല്ല, വീടും നമ്മുടെ പേരിലല്ല - എന്നൊക്കെ പറയുന്നു. അടുത്ത ഫ്‌ളൈറ്റില്‍ കയറി നാട്ടില്‍ എത്തി. സ്ഥിരമായി കരം അടക്കാന്‍ ഏല്‍പ്പിച്ച സ്വന്തം അനിന്തരവന്‍ അതു അവന്റെ പേരിലാക്കി മാറ്റിയിരിക്കുന്നു.  ആരോടു ചോദിച്ചിട്ടും ആരും വ്യക്തമല്ലാത്ത ജാഗരണങ്ങള്‍ മൊഴിയുന്നു. എന്തുചെയ്യണം ഒന്നും അറിയില്ല. വീട്ടില്‍ കടക്കുവാന്‍ പോലും അനിന്തിരവന്‍ സമ്മതിക്കുന്നില്ല. കയറാവുന്ന ഓഫീസുകള്‍ മുഴുവന്‍ കയറി കാണാവുന്ന നേതാക്കളെ ഒക്കെ കണ്ടു. ആഴ്ചകള്‍, മാസങ്ങളായി പിന്നീട് തിരുവനന്തപുരം ഓഫീസുകള്‍ കയറിയിറങ്ങി കാര്യങ്ങള്‍ ഒരുവിധം പരിഹരിക്കാന്‍ ശ്രമിച്ചപ്പോള്‍, തന്റെ അനുഭവം ആര്‍ക്കും ഉണ്ടാവരുതെന്ന ആഗ്രഹത്തില്‍ ഒരു സംഘടന തന്നെ അദ്ദേഹം രൂപപ്പെടുത്തി. താന്‍ കടന്നുപോയ വഴിയില്‍ തന്നെ സഹായിച്ചവരെ എല്ലാം കൂട്ടി ഒരു പരസ്പര സഹായ സംഘടന ! സുഹൃത്തുക്കളെയും താല്‍പര്യമുള്ളവരെയും കൂട്ടി വിശദീകരിച്ചു. പ്രസ്ഥാനം സജീവമായി മുന്നോട്ട്. പിന്നെയാണ് കേട്ടത് , ചില വിദേശ-മലയാളി  സംഘടനാനേതാക്കള്‍ ഇടപെട്ട് സംഘടന പൊട്ടിച്ചുവെന്ന്.

അല്പം വൈകി രാത്രിയില്‍ ഒരു ബന്ധുവിന്റെ ഫോണ്‍കോള്‍, സംസാരത്തിലെ പരിഭ്രമം ആകെ ആശങ്കയുണ്ടാക്കി. നാട്ടില്‍ രാഷ്ട്രീയനേതാക്കളെ പരിചയമുണ്ടോ എന്നു അന്വേഷിക്കയാണ്, അദ്ദേഹത്തിന്റെ അനിന്തരവള്‍ നാട്ടില്‍ കുട്ടികളുമായി തനിയെ താമസിക്കുന്നു, ഭര്‍ത്താവ് ഗള്‍ഫിലാണ്. രാത്രിയില്‍ വീടിനു മുകളില്‍ ആരോ കല്ലെറിഞ്ഞു നിരന്തരം പ്രശ്‌നം ഉണ്ടാക്കുന്നു സ്ഥലത്തെ പോലീസില്‍ പരാതിപ്പെട്ടിട്ടും പ്രയോജനം കാണാന്‍ മറ്റുവഴികള്‍ തേടുകയാണ്. ചാത്തനേറു കണ്ടുപിടിക്കാനുള്ള പരിശീലനം നേടിയ പോലീസുകാര്‍ കേരളത്തില്‍ ഇല്ലത്രേ ! മറ്റൊരു വീട്ടില്‍ വൃദ്ധയായ അമ്മയും വാല്യക്കാരിയും മാത്രം, മക്കള്‍ ഒക്കെ വിദേശത്ത്. മണി പത്താകുമ്പോള്‍ ആരോ ഫോണ്‍ വിളിച്ചുണര്‍ത്തും. കുറെ സംസാരത്തിനുശേഷം തെറിയഭിഷേകം! ശല്യം കൂടിയപ്പോള്‍ കോളര്‍ ഐഡി വച്ച് ഫോണ്‍ നമ്പര്‍ കണ്ടുപിടിച്ചു. സ്ഥലം പോലീസില്‍ പരാതിപ്പെട്ടു. ഇടവേളക്കുശേഷം വീണ്ടും തെറിയഭിഷേകം, സ്ഥലത്തെ നേതാക്കളും പത്രക്കാരുമായി ബന്ധപ്പെട്ടു. കൂടാതെ പോലീസ് സൂപ്രണ്ട്, സ്ഥലം എംഎല്‍എ തുടങ്ങിയവരുമായി പരാതി. പ്രശ്‌നം കൂടുന്നതല്ലാതെ കുറയുന്നില്ല എന്നു കണ്ട് കൈകാര്യം ചെയ്യാമെന്ന ആശ്വാസവചനങ്ങള്‍. മുഖ്യമന്ത്രിയുടെ സെല്‍-ഹ്യൂമണന്‍ റൈറ്റ്‌സ് കമ്മീഷന്‍ എന്നു തുടങ്ങി കാണപ്പെട്ട അറിയപ്പെട്ട എല്ലാ സംവിധാനങ്ങളുമായി നിരന്തരം പരാതിയും അന്വേഷണവും- അപ്പോഴും തെറിയഭിഷേകം തുടര്‍ന്നുകൊണ്ടേയിരുന്നു- അവസാനം അമ്മ തോറ്റു. താന്‍ ഏറ്റവും സ്‌നേഹിച്ചു വിശ്വസിച്ചിരുന്ന ഫോണ്‍ വെട്ടികത്തികൊണ്ട് വെട്ടിപ്പൊളിച്ചു- ഇനിയും നിന്റെ ആവശ്യമില്ല എന്നലറിയത്രേ. വിധവയും വൃദ്ധരായവര്‍ക്കുപോലും സംരക്ഷണം നല്‍കാന്‍ കഴിയാത്ത സംവിധാനങ്ങള്‍ എന്തു പേരിലാണ് അറിയപ്പെടേണ്ടത്? 

മറ്റൊരു സുഹത്തു താന്‍ പ്രിയംകരമായി കാത്തു പരിപാലിച്ച പിതൃഭൂമിയില്‍ അത്യാഡംഭരമായ ഒരു ഭവനം നിര്‍മ്മിച്ചു. അതിന്റെ പാലു കാച്ചു കര്‍മ്മത്തിന് മെത്രാപ്പോലീത്താ ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പോലീസ് ഉദ്യോഗസ്ഥര്‍, മന്ത്രി തുടങ്ങി സമൂഹത്തില്‍ ഉന്നതരുടെ ഒരു കൂട്ടം അതിഥികള്‍. വൈകുന്നേരമായതിനാല്‍ കറന്റു കട്ട് പ്രതീക്ഷിച്ച് ഒരു ജനറേറ്റര്‍ വാങ്ങിച്ചിരുന്നു. കര്‍മ്മം ആരംഭിച്ചപ്പോള്‍ തന്നെ, കൃത്യമായി കറന്റു പോയി. ജനറേറ്റര്‍ പ്രവര്‍ത്തിച്ചു തുടങ്ങി. അല്പം കഴിഞ്ഞപ്പോള്‍ ആകെ ഒരു മിന്നല്‍ മാത്രം. അവസാനം ജനറേറ്റര്‍ നിര്‍ത്തി മെഴുകുതിരി വെളിച്ചത്തില്‍ അഥിതികളെ സ്വീകരിച്ചു. പിന്നീടാണ് അറിയുന്നത് പുതിയ ജനറേറ്ററിന്റെ പണം വാങ്ങി ഏതോ റീഫര്‍ണിഷ്ഡ് ജനറേറ്ററാണ് കൊണ്ടുവച്ചിരിക്കുന്നത്. ഔദ്യോഗിക തലത്തില്‍ അന്വേഷണം ഉത്തരവിട്ടു- കുറച്ചുനാള്‍ കഴിഞ്ഞ് സുഹൃത്തിനെ കണ്ടപ്പോള്‍ തിരക്കി, കാര്യങ്ങള്‍ എങ്ങനെ? ഔദ്യോഗിക തലത്തില്‍ കുറെ ഫോണ്‍കോള്‍ വാഗ്ദാനങ്ങള്‍ ഉത്തരവുകള്‍ മാത്രം ഗതിയില്ലാതെ കണ്‍സ്യൂമര്‍ കോര്‍ട്ടില്‍ കേസ് വച്ചു. പക്ഷേ, പിന്നെ കേട്ടത് ജനറേറ്റര്‍ കമ്പനി സുഹൃത്തിനെതിരെ കേസു കൊടുക്കുകയാണത്രെ! 

മറ്റൊരു സുഹൃത്ത് ടൗണില്‍ കുറച്ചു സ്ഥലം വില്‍ക്കാനായി ചുരുങ്ങിയ അവധിയിലെത്തി, കാര്യങ്ങള്‍ മുറപോലെ നടന്നു, പ്രമാണം എഴുതാനുള്ള ദിവസത്തിനുമുമ്പ് ഒന്നു രണ്ടു വണ്ടി ആള്‍ക്കാര്‍ രാത്രിയില്‍ വീട്ടില്‍ എത്തി. ഖദര്‍ധാരികളും സുമുഖരുമായി രാഷ്ട്രീയനേതാക്കളെപ്പോലെയിരുന്നതിനാല്‍ വീട്ടില്‍ കയറ്റി മാന്യമായി സംസാരിച്ചു തുടങ്ങി. പെട്ടെന്ന് വന്നവരില്‍ നിന്ന് ഭീഷണി സ്വരം, സ്ഥലം വില്‍ക്കാന്‍ പാടില്ല, അവര്‍ അറിയാതെ ഇതെന്തു കളി? സുഹൃത്തു പങ്കുവെച്ചതാണ്, ഇതിലും എത്രയോ ഭീകരമായ കഥകള്‍ പറയുവാനുണ്ടാകും ? ദൈവത്തിന്റെ സ്വന്തം നാട് ചെകുത്താന്റെ കേളീരംഗമായത് അറിയുന്ന നമുക്ക് ആത്മനൊമ്പരത്തേടെയുള്ള പുണ്യഭൂമിയെ ഓര്‍ക്കുവാനാകൂ. എന്നെങ്കിലും ഒരു തിരിച്ചുപോക്കിനായി വെറുതെ കിനാവു കാണുകയാണ്. ഒരു ഗ്രാമവും നമ്മെ കാത്തിരിക്കുന്നില്ല- എന്ന സത്യം തിരിച്ചറിയുമ്പോള്‍ ഒരിറ്റു കണ്ണീര്‍-

                                                                                                                                       കോരസണ്‍

വാല്‍ക്കണ്ണാടി - കേരളം- ചെകുത്താന്റെ സ്വന്തം നാടോ ? - കോരസണ്‍
Join WhatsApp News
C. George 2015-02-12 12:58:57
ദൈവത്തിന്റെ സ്വന്തം നാട് ചെകുത്താന്റെ സ്വന്തം  നാടായി മാറി എന്ന സത്യം ഏറെ വൈകാതെ മറ നീക്കി പുറത്തു വരും.  ഇപ്പോൾ ഉണര്ന്നു പ്രവർത്തിച്ചാൽ ചിലപ്പോൾ ഇതിനു മാറ്റം സംഭവിക്കാം. ഇല്ലെങ്കിൽ ഇതേ അനുഭവങ്ങൾ മറ്റുള്ളവര്കും പ്രതീക്ഷിക്കാം.ചെവിയുള്ളവർ കേള്ക്കട്ടെ. ജാഗ്രതൈ ! ! !
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക