Image

മലയാളിയുടെ വിശേഷണങ്ങള്‍ (ലേഖനം: സാം നിലമ്പള്ളില്‍)

Published on 12 February, 2015
മലയാളിയുടെ വിശേഷണങ്ങള്‍ (ലേഖനം: സാം നിലമ്പള്ളില്‍)
ശുംഭന്‍, ചെറ്റ, പരനാറി എന്നീപദങ്ങള്‍ മലയാളിയുടെ പര്യായങ്ങളാണെന്ന്‌ ശ്രീ. എന്‍.കെ. വസന്തന്‍ കവനകൗമുദിയില്‍ എഴുതിയത്‌ വായിച്ച്‌ ചിരിച്ചു പോയി; ഇത്ര കൃത്യനിഷ്‌ഠമായിട്ട്‌ പറയാന്‍ അദ്ദേഹത്തിന്‌ എങ്ങനെ സാധിച്ചുവെന്ന്‌ അത്ഭുതപ്പെടുകയും ചെയ്‌തു. ശുദ്ധമലയാളത്തില്‍ വേറെയും പദങ്ങള്‍ ഉള്ളത്‌ അദ്ദേഹം രേഖപ്പെടുത്താഞ്ഞത്‌ തന്റെ മാന്യതയുടെ പേരിലായിരിക്കണം. ഭീരുത്വത്തിന്റെ, ഇടുങ്ങിയ സദാചാരബോധത്തിന്റെ, അല്‍പത്വത്തിന്റെ ഉടമയാണ്‌ മലയാളി. അത്‌ മനസിലാക്കണമെങ്കില്‍ കേരളത്തിന്‌ വെളിയില്‍പോയി മറ്റ്‌ ജനവിഭാഗങ്ങളുമായി ഇടപഴകണം. ദൂരെയെങ്ങും പോകേണ്ടതില്ല; നമ്മുടെ അയല്‍സംസ്ഥാനങ്ങളായ തമിഴ്‌നാട്ടിലോ കര്‍ണാടകയിലോ പോയാലും മതി. പരസ്‌പരസ്‌നേഹവും ബഹുമാനവുമുള്ള ജനതയെ അവിടങ്ങളില്‍ കാണാന്‍ സാധിക്കും. തമിഴരെപ്പറ്റി അജ്ഞരെന്നോ, സിനിമാഭ്രാന്തരെന്നോ, ഭിക്ഷക്കാരെന്നോ ഒക്കെ പറഞ്ഞ്‌ നമ്മള്‍ പരിഹസിക്കാറുണ്ട്‌. എന്നാല്‍ അവരെ പരിചയപ്പെട്ടുകഴിയുമ്പോള്‍ അറിയാം അവര്‍ എത്രത്തോളം സ്‌നേഹവും ബഹുമാനവും ഉള്ളവരാണെന്ന്‌.

മലയാളിയുടെ മനസുപോലെതന്നെ അവന്റെനാടും ഇന്ന്‌ ഒരു കുപ്പക്കൂനയാണ്‌. റോഡിലും നദികളിലും നിറയെ മാലിന്ന്യങ്ങള്‍. പ്‌ളാസ്റ്റിക്ക്‌ ബാഗുകളും കുപ്പികളും വഴിനീളെ. ആലപ്പുഴയിലൂടെ യാത്രചെയ്യുമ്പോള്‍ ട്രാന്‍സ്‌പോര്‍ട്ട്‌ ബസ്സ്‌സ്റ്റാന്‍ഡിന്‌ സമീപത്തുള്ള തോട്ടില്‍നിന്നുള്ള ദുര്‍ഗന്ധംകാരണം ഞാന്‍ മൂക്കുപൊത്തി. നഗരത്തിലെ എല്ലാ മാലിന്യവും, മനുഷ്യവിസര്‍ജ്ജ്യംവരെ, ആ തോട്ടില്‍കൂടി ഒഴുകുന്നുണ്ട്‌. സോറി, ഒഴുകുന്നു എന്നുപറഞ്ഞത്‌ തെറ്റാണ്‌; കെട്ടിക്കിടക്കുന്നു എന്നതാണ്‌ ശരി. അവിടെ കേരള ടൂറിസത്തിന്റെ ഒരു ബോര്‍ഡ്‌ സ്ഥാപിച്ചിരിക്കുന്നതുകണ്ട്‌ ചിരിക്കാതിരിക്കാന്‍ സാധിച്ചില്ല. ഈ ദുര്‍ഗന്ധം ആസ്വദിക്കാനാണോ വിദേശരാജ്യങ്ങളില്‍നിന്ന്‌ ആളുകള്‍ കേരളത്തിലെത്തുന്നത്‌? (ആലപ്പുഴയില്‍ എത്തിയ രണ്ട്‌ ബ്രിട്ടീഷ്‌ ടുറിസ്റ്റുകളെ സാമൂഹ്യവിരുദ്ധര്‍ ആക്രമിച്ചത്‌ അടുത്തകാലത്താണ്‌. അക്രമികളെ രക്ഷിക്കാന്‍ രാഷ്‌ട്രീയക്കാര്‍ മത്സരിക്കുന്നതായും വായിച്ചു. കഷ്‌ടം എന്റെ നാടേ!)

സാമൂഹ്യവിരുദ്ധരും കൊട്ടേഷന്‍കാരും അഴിഞ്ഞാടുകയാണല്ലോ കേരളത്തില്‍. അവരെ നിയന്ത്രിക്കാന്‍ പോലീസിനെക്കൊണ്ട്‌ ആകുമെങ്കിലും രാഷ്‌ട്രീയക്കാര്‍ അതനുവദിക്കാറില്ല. ട്രെയിനിന്‌ കല്ലെറിയുന്നവനെവരെ സംരക്ഷിക്കാന്‍ രാഷ്‌ട്രീയക്കാന്‍ മുന്നിട്ടിറങ്ങുന്ന കാഴ്‌ചയാണല്ലോ കണ്ടുകൊണ്ടിരിക്കുന്നത്‌. ട്രെയിനിന്‌ കല്ലെറിയലും റെയില്‍ പാളത്തില്‍ കല്ലും തടിക്കഷണങ്ങളും കൊണ്ടുവെയ്‌ക്കലും ഇപ്പോള്‍ നിത്യസംഭവങ്ങളാണ്‌. കല്ലേറുകൊണ്ട്‌ ഒരു യാത്രക്കാരിയുടെ കണ്ണിന്റെ കാഴചപോയെന്ന്‌ വായിച്ചപ്പോള്‍ സങ്കടംതോന്നിയോ? ട്രെയിന്‍ മറിക്കാനും നിരപരാധികളായ യാത്രക്കാരെ കല്ലെറിയാനുംവരെ കേരളത്തിലെ സാമൂഹ്യവിരുദ്ധത മുന്നേറിക്കഴിഞ്ഞു.

ജനാധിപത്യമാണ്‌ ഏറ്റവുംനല്ല ഭരണസംവിധാനമെന്ന്‌ വിശ്വസിക്കുന്നവനാണ്‌ ഞാന്‍. പക്ഷേ, ഇന്‍ഡ്യയില്‍,പ്രത്യേകിച്ചും കേരളത്തില്‍, ജനാധിപത്യത്തിന്റെ ദൂഷ്യവശങ്ങളാണ്‌ കണ്ടുകൊണ്ടിരിക്കുന്നത്‌. ജനാധിപത്യം എന്നുവെച്ചാല്‍ എന്ത്‌ തോന്ന്യവാസവും ചെയ്യാനുള്ള അവകാശം എന്നാണ്‌ ധരിച്ചിരിക്കുന്നത്‌. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുന്നില്ല. അഥവാ ശിക്ഷിച്ചാല്‍തന്നെ ജയിലില്‍ സുഹവാസമല്ലേ, ഫൈവ്‌സ്റ്റാര്‍ സൗകര്യങ്ങള്‍. ജയിലില്‍ പോകാന്‍ കുറ്റവാളികള്‍ക്ക്‌ സന്തോഷമേയുള്ളു. ഒരു വെക്കേഷന്‍. കൊട്ടേഷന്‍ ബിസിനസ്സാണ്‌ കേരളത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന വ്യവസായം. കോളജ്‌ വിദ്യാര്‍ഥികള്‍ മുതല്‍ വക്കീലന്മാര്‍ വരെ ആരംഗത്ത്‌ തൊഴില്‍ കണ്ടെത്തിയിരിക്കുന്നു. ഏതാനും ലക്ഷങ്ങള്‍ കൊട്ടേഷന്‍കാര്‍ക്ക്‌ കൊടുത്താല്‍ നിങ്ങളുടെ ശത്രുവിനെ ഉന്മൂലനം ചെയ്യാം; അവന്റെ കുടുംബം തകര്‍ക്കാം. നിങ്ങള്‍ ഒരു രാഷ്‌ട്രീയപാര്‍ട്ടിയുടെ അനുയായി ആണെങ്കില്‍ പാര്‍ട്ടി നിങ്ങളെ സംരക്ഷിച്ചുകൊള്ളും. ഇതിനെയാണോ ദൈവത്തിന്റെ സ്വന്തംനാടെന്ന്‌ വിളിക്കുന്നത്‌?

രാഷ്‌ട്രീയപാര്‍ട്ടികളാണ്‌ കേരളത്തെ ഒരു നരകമാക്കി മാറ്റിയത്‌ എന്ന്‌ എല്ലാവര്‍ക്കം അറിയാവുന്ന കാര്യമാണ്‌. എന്നിട്ടും വോട്ടുചെയ്യാനല്ലാതെ അവരെ നിയന്ത്രിക്കാന്‍ ശ്രമിക്കാത്ത ഭീരുത്വംനിറഞ്ഞ ജനത. ജനങ്ങള്‍ക്കൊത്ത രാജാവ്‌ എന്ന്‌ പറയാറുണ്ട്‌. ക്രിമിനലുകളും, അഴിമതിക്കാരും, സദാചാരവിരുദ്ധരും, പെണ്‍വാണിഭക്കാരുംവരെ ഭരണകര്‍ത്താക്കളായി വിലസുന്ന രാജ്യത്ത്‌ മറ്റെന്ത്‌ പ്രതീക്ഷിക്കാനാണ്‌? പണിമുടക്കുകളും ഹര്‍ത്താലും നടത്തി ജനങ്ങളെ ബുദ്ധിമുട്ടിപ്പിക്കുന്ന രാഷ്‌ട്രീയപാര്‍ട്ടികള്‍. ഇവര്‍ നടത്തുന്ന ഹര്‍ത്താലുകള്‍കൊണ്ട്‌ എന്തെങ്കിലും പ്രയോജനം ഉണ്ടായിട്ടുണ്ടോ? സമരകേരളം എന്നാണല്ലോ നാടിന്റെ ഓമനപ്പേര്‌. പൊതുമുതല്‍ നശിപ്പിച്ചാല്‍ ഉമ്മന്‍ചാണ്ടിക്കോ അച്ചുതാനന്ദനോ ഒന്നും നഷ്‌ടപ്പെടാനില്ല. നികുതികൊടുക്കുന്ന സാധാരണക്കാരന്റെ പണംകൊണ്ടാണല്ലോ അതൊക്കെ ഉണ്ടാക്കിയിരിക്കുന്നത്‌. പൊതുമുതല്‍ നശിപ്പിക്കുന്നവന്റെ കയ്യില്‍നിന്ന്‌ അല്ലെങ്കില്‍ അവനെ പ്രേരിപ്പിച്ച്‌ പാര്‍ട്ടില്‍നിന്ന്‌ നഷ്‌ടപരിഹരം ഈടാക്കണമെന്ന്‌ ഹൈക്കോടതി വിധിച്ചിട്ട്‌ എത്രപേരുടെ കയ്യില്‍നിന്ന്‌ ഈടാക്കിയെന്ന്‌ അറിഞ്ഞാല്‍ കൊള്ളാമായിരുന്നു. അതെല്ലാം ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള ഒത്തുളിയാണ്‌; പൊതുജനങ്ങളെ വിഠിയാക്കല്‍.

കേരളം ഒരു ഭ്രാന്താലയമാണെന്ന്‌ വിവേകാനന്ദന്‍ പറഞ്ഞത്‌ ഇപ്പോഴാണ്‌ യാഥാര്‍ദ്ധ്യമായത്‌. ഭ്രാന്തമായ പരക്കംപാച്ചിലാണ്‌ എല്ലായിടത്തും കാണുന്നത്‌. ഭ്രാന്തുപിടിച്ചോടുന്ന വാഹനങ്ങള്‍ വഴിയാത്രക്കാരെ ഇടിച്ചുതെറിപ്പിക്കുന്നു. എത്ര യുവതീയുവാക്കളുടെ ജീവിതമാണ്‌ ദിവസവും തെരുവീഥികളില്‍ പൊലിയുന്നത്‌? അതിനൊരു പരിഹാരം കാണാന്‍, റോഡുകള്‍ക്ക്‌ വീതികൂട്ടാന്‍, റോഡിലെ നിയമങ്ങള്‍ കര്‍ശ്ശനമായി നടപ്പാക്കാന്‍, ഭരണകര്‍ത്താക്കള്‍ക്ക്‌ താല്‍പര്യമില്ല. കേരളത്തിലെപ്പോലെ റോഡുനീളെ കടകള്‍ വേറൊരു രാജ്യത്തും കാണാന്‍ സാധ്യമല്ല. അന്യ സംസ്ഥാനങ്ങളില്‍പോലും.

ഭ്രാന്ത്‌ പിടിപ്പിക്കുന്ന മറ്റൊരു സംഗതിയാണ്‌ ലൗഡ്‌സ്‌പീക്കറിന്റെ ദുര്‍വിനിയോഗം. അതിരാവിലെ നാലുമണിക്ക്‌ തുടങ്ങും എല്ലാമതവിഭാഗങ്ങളുടേയും ആരാധനാലയങ്ങളില്‍നിന്നുള്ള പാട്ടുകച്ചേരി. ഹിന്ദുക്കളും, മുസ്‌ളീങ്ങളും, ക്രിസ്‌ത്യാനികളും പരസ്‌പരം മത്സരിക്കുകയാണ്‌ ശബ്‌ദമലിനീകരണത്തിന്‌. ശാസ്‌താംകോട്ടയില്‍ എന്റെ സഹോദരിയുടെ വീടിന്റെ ചുറ്റുപാടും മേല്‍പറഞ്ഞ മതങ്ങളുടെയെല്ലാം ആരാധനാലയങ്ങളുണ്ട്‌. കഴിഞ്ഞപ്രാവശ്യം നാട്ടില്‍പോയപ്പോള്‍ പെങ്ങളുടെവീട്ടില്‍ ഒരുദിവസം ചെലവഴിക്കുകയുണ്ടായി. നാലുഭാഗത്തുനിന്നും വരുന്ന കര്‍ണ്ണകഠോരമായ പാട്ടുകച്ചേരി കാരണം ചെവിക്കല്ല്‌ തകരുമെന്ന്‌ ഭയന്ന്‌ പിറ്റേന്ന്‌ രാവിലെതന്നെ ഞാന്‍ സ്ഥലംവിട്ടു. ഒരിടത്തുനിന്ന്‌ `അല്ലാഹു അക്‌ബര്‍' വിളി, മറ്റൊരിടത്തുനിന്ന്‌ `ഹരിഹരാസനം' വേറൊരിടത്തുനിന്ന്‌ `സ്വര്‍ഗീയ നായകാ' എന്ന പാട്ട്‌. എല്ലാംകൂടി കൂടിക്കുഴഞ്ഞ്‌ നരകതുല്ല്യമായ അപശബ്‌ദം. അതുപോലെയായിരുന്നു ദൈവങ്ങളോടുള്ള മുറവിളി. ഇവരുടെ ദൈവങ്ങളെല്ലാം പൊട്ടന്മാരാണോ? ഹൈന്ദവക്ഷേത്രങ്ങളില്‍നിന്നുള്ള ശംഖുനാദം ഇപ്പോള്‍ കേള്‍ക്കാനില്ല. പകരം സിനിമാ പാട്ടുകളാണ്‌ മൈക്കില്‍കൂടി ഇരുപത്തിനാല്‌ മണിക്കൂറും. പണ്ട്‌ ക്ഷേത്രങ്ങളില്‍നിന്നുള്ള ശംഖുവിളി കേള്‍ക്കുമ്പോള്‍ അതിനൊരു ദൈവീകത്വം ഉണ്ടായിരുന്നു. അതുപോലെയായിരുന്നു മുസ്‌ളീംപള്ളികളില്‍നിന്ന്‌ വാങ്കുവിളി, മൈക്കില്‍കൂടിയുള്ളതല്ല, മുല്ലാക്ക തൊണ്ടപൊട്ടുമാറുച്ചത്തില്‍ വിളിക്കുന്നത്‌. ക്രസ്‌തീയദേവാലയങ്ങളില്‍ മുഴങ്ങിയിരുന്ന പാട്ടുകള്‍ക്കും പ്രാര്‍ഥനക്കും സ്വര്‍ക്ഷീയമായ പരിപാപനത്വം ഉണ്ടായിരുന്നു. ഇവരെല്ലാവരുംകൂടി മൈക്കുവെച്ച്‌ തങ്ങളുടെ ദൈവവിശ്വാസം സ്വര്‍ക്ഷത്തിലെത്തിക്കാന്‍ മത്സരിക്കയാണ്‌. ഈ ബഹളത്തിനിടയില്‍ അതിരാവിലെ ഉണര്‍ന്ന്‌ പഠിക്കുന്ന കുട്ടികളുടെ കാര്യമാണ്‌ കഷ്‌ടതരം.

പട്ടിയും കാക്കയുമല്ലാതെ ഏതെങ്കിലും പക്ഷിമൃഗാദികളെ ഇന്ന്‌ കേരളത്തില്‍ കാണാന്‍ സാധിക്കുമോ? ഒരു കുയിലിന്റെ പാട്ട്‌ കേള്‍ക്കണമെങ്കില്‍ തമിഴ്‌നാട്ടില്‍ പോകേണം. രാവിലെ ഉണരുന്നത്‌ കാക്കയുടെ മനോഹരമായ പാട്ടുകേട്ടാണ്‌. തെരുവുനായക്കളുടെ കുരകാരണം രാത്രിയില്‍ സ്വസ്ഥമായി കിടന്നുറങ്ങാന്‍ സാധ്യമല്ല. സ്‌കൂളില്‍പോകുന്ന കുട്ടികളേയും, വീട്ടുമുറ്റത്ത്‌ കളിച്ചുകൊണ്ടിരുന്ന മൂന്നുവയസുകാരിയേയും തെരുവുനാക്കള്‍ കടിച്ചുകീറിയെന്ന്‌ നമ്മള്‍ പത്രങ്ങളില്‍ വായിച്ചിട്ടില്ലേ. മൃഗസ്‌നേഹത്തിന്റെ പേരിലാണ്‌ നായ്‌ക്കളെ തെരുവില്‍ വളര്‍ത്തുന്നത്‌. ഇന്‍ഡ്യാക്കാരേക്കാള്‍ മൃഗങ്ങളെ, പ്രത്യേകിച്ചും നായ്‌ക്കളെ, സ്‌നേഹിക്കുന്നത്‌ അമേരിക്കക്കാരും യൂറോപ്യന്മാരുമാണ്‌. എന്നാല്‍ ഒറ്റപ്പട്ടിയും തെരുവില്‍ അലഞ്ഞുനടക്കുന്നത്‌ അവരുടെ നാട്ടില്‍ കാണാന്‍ സാധിക്കില്ല. (എറണാകുളത്ത്‌ റെയില്‍വേ സ്റ്റേഷനില്‍ രസകരമായ കാഴ്‌ച ഞാന്‍ കാണുകയുണ്ടായി. ഒരു മദാമ്മ അവിടെ അലഞ്ഞുനടന്നിരുന്ന ഒരു പട്ടിയെ ബിസ്‌ക്കറ്റ്‌ തീറ്റിക്കുന്നു. പട്ടി അവരോട്‌ വളരെപ്പെട്ടന്ന്‌ ഇണങ്ങി. അവര്‍ അതിനെ തലോടുകയും മറ്റും ചെയ്യുന്നു. അവര്‍ വിസയെടുത്ത്‌ അതിനെ അവരുടെ നാട്ടിലേക്ക്‌ കൊണ്ടുപോയോ എന്നറിയാന്‍ സാധിച്ചില്ല. എനിക്കുള്ള ട്രെയിന്‍ വന്നതുകൊണ്ട്‌ അതില്‍കയറി.) കൊച്ചി നഗരത്തില്‍ ജനങ്ങളേക്കാള്‍ കൂടുതല്‍ നായ്‌ക്കള്‍ ഉണ്ടെന്നാണ്‌ എനിക്ക്‌ തോന്നിയിട്ടുള്ളത്‌. വഴിനടക്കാന്‍ ഭയമാണ്‌. എപ്പോഴാണ്‌ നായ്‌ക്കള്‍ കൂട്ടത്തോടെ ആക്രമിക്കുന്നതെന്നതെന്ന്‌ എങ്ങനെ അറിയാം?

എറണാകുളത്തെ കനാലുകളില്‍ മലിനജലം സംരക്ഷിച്ചിരിക്കയാണ്‌. മൂക്ക്‌ പൊത്താതെ അതിന്റെ സമീപത്തുകൂടി പോകാന്‍ സാധ്യമല്ല. ഒരു മഴപെയ്‌താല്‍ ഓടകള്‍ കവിഞ്ഞൊഴുകും. പിന്നെ റോഡും ഓടയും ഒന്നായി മാറും. അതിലേനടന്നാല്‍ കുഷ്‌ടരോഗം പിടിക്കും. തുറന്ന ഓടകള്‍ എറണാകുളത്തല്ലാതെ മറ്റൊരു പട്ടണത്തിലും കാണാന്‍ സാധ്യമല്ല. ഇതാണോ ദൈവത്തിന്റെ നാട്‌? അടിസ്ഥാനപരമായ പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം കാണണമെന്ന്‌ ജനങ്ങള്‍ക്കും അവരെ ഭരിക്കുന്നവര്‍ക്കും താല്‍പര്യമില്ല. അലക്കിത്തേച്ച വസ്‌ത്രവും ധരിച്ച്‌ സെന്റുപൂശി നടക്കുന്ന മലയാളിക്ക്‌ അവന്റെ വീട്ടുപടിക്കലെ മാലിന്ന്യം നീക്കണമെന്ന്‌ നിര്‍ബന്ധമില്ല. ഇവനാണോ മാന്യന്‍? ശ്രീ. വസന്തന്‍ വിളിച്ച വാക്കുകള്‍ക്ക്‌ ശക്തിപോരാ എന്നാണ്‌ എന്റെ അഭിപ്രായം.

സാം നിലമ്പള്ളില്‍ (sam3nilam@yahoo.com)
മലയാളിയുടെ വിശേഷണങ്ങള്‍ (ലേഖനം: സാം നിലമ്പള്ളില്‍)
Join WhatsApp News
വിദ്യാധരൻ 2015-02-12 10:43:02
ആദ്യം ഞാൻ നിങ്ങളുടെ ലേഖനം വായിക്കെണ്ട എന്ന് വിചാരിച്ചതാണ്, കാരണം ഞാൻ വിചാരിച്ചു ചീത്ത വിളിച്ചു എഴുതി എന്നെ ഒരു യുദ്ധത്തിനു പ്രേരിപ്പിക്കുകയാണെന്ന്. പക്ഷെ ലേഖനം വായിച്ചപ്പോളാണ് മനസിലായത് നിങ്ങൾ ഒരു നല്ല മനുഷ്യനാണെന്നും ഉള്ള കാര്യം ഉള്ള പോലെ പറയുന്ന ആളാണെന്നും. ഇവിടുത്തെ പല മലയാളികളും നാറ്റം ഉള്ള മന്ത്രിമാരേം പഞ്ചായത്ത് മേമ്ബരിന്മാരേം കൊണ്ട് ചുറ്റി കറങ്ങിയിട്ട് അവർക്ക് മുല്ലപൂവിന്റെ മണം ആണെന്ന് പറയും.. കക്ഷത്തിന്റെ അടിയിൽ വിയർപ്പു നാറ്റം മാറ്റാതെയും മൂന്നു നേരം പല്ല് തേക്കാതെയും നടക്കുന്നവന്മാരാണ് മിക്കവരും. കേരളത്തിലെ രാഷ്ട്രീയക്കാരുടെ തുണി മാറ്റി നോക്കിയാൽ നിങ്ങൾ പറഞ്ഞ ഓടയിലെ നാട്ടത്തെക്കാൾ നാറ്റമുള്ള പഴയഅഴുകിനാറിയ ചരിത്രത്തിന്റെ പഴുത്തളിഞ്ഞ മുറിപ്പാടുകൾ  കാണാം.  പിന്നെ നിങ്ങൾ ഓടയിലെ ഒഴുക്കിനെക്കുറിച്ച് തുടങ്ങിയിട്ട് അതിനെ കെട്ടികിടക്കുന്ന വെള്ളം എന്ന് മാറ്റി. അതിന്റെ ആവശ്യം ഇല്ലായിരുന്നു. അഴുക്കെന്നു മാറ്റിയാൽ മതിയായിരുന്നു. ജനാതിപത്യം എന്ന് പറഞ്ഞു കുടുംബങ്ങൾ നാട് ഭരിക്കാൻ തുടങ്ങിയിട്ടും രാജ്യത്തെ കൊള്ള ചെയ്യാൻ തുടങ്ങിയിട്ടും കാലം എത്രയായി.  കേരളം ഒരിക്കലും ശരിയാകില്ല. മലയാളികളുടെ മുഖമുദ്ര അഹങ്കാരമാണ്.അത് ഭാഷയിലും കാണാം.   എന്തായാലും നിങ്ങൾ ശത്രുക്കളെ ഉണ്ടാക്കാൻ ഒരു മിടുക്കനാണ്. വിചാരവേദിക്കാര് എന്നെ തട്ടുകയാണെങ്കിൽ എനിക്ക് വേണ്ടി രണ്ടു ചീത്തയെങ്കിലും വിളിച്ചേക്കണം . കുഞ്ഞാപ്പു സാറ് ആയതുകൊണ്ട് സൾഫ്യുരിക്കാസിഡിൽ മുക്കിയോ അല്ലെങ്കിൽ എന്തെങ്കിലും രാസ പ്രവർത്തനത്തിലൂടെയോ ആയിരിക്കും എന്റെ മരണം.  എല്ലാ ദിവസത്തിലേയും ചരമകോളം ഞാൻ നോക്കി കൊണ്ടിരിക്കും എന്റെ പേര് അതിൽ ഉണ്ടെങ്കിൽ എന്റെ അഭിപ്രായങ്ങൾ ഇവിടെ കണ്ടില്ലാ എന്ന് വരും. എന്തായാലും, പരിഹാസം , കൊള്ളിവാക്കുകൾ ഒക്കെ നിറച്ചു വായിക്കുന്നവന്റെ മൂക്കിൽ കേരളത്തിന്റെ നാറ്റം അടിച്ചു കേറത്തക്കവണ്ണം എഴുതി ഉണ്ടാക്കിയ ചിന്തിപ്പിക്കുന്ന ലേഖനത്തിനു നന്ദി. ഇനി വീണ്ടും കണ്ടാൽ കണ്ടെന്നു പറയാം 
Aniyankunju 2015-02-12 13:42:07
Full text of Justice Markhandeya Katju's Facebook Post: കോടതിയലക്ഷ്യനിയമം സ്വാതന്ത്ര്യത്തിന് ഭീഷണി--- ___by മാര്‍ക്കണ്ഡേയ കട്ജു --- ചില ജഡ്ജിമാര്‍ക്കെതിരായ പദപ്രയോഗത്തിന്റെ പേരില്‍ കേരളത്തിലെ ഒരു മുന്‍ MLA യെ സുപ്രീംകോടതി ഡിവിഷന്‍ബെഞ്ച് ഈയിടെ നാലാഴ്ചത്തെ തടവുശിക്ഷയ്ക്ക് വിധിക്കുകയുണ്ടായി. എന്റെ അഭിപ്രായത്തില്‍ ഈ വിധിന്യായം തെറ്റും ജനാധിപത്യത്തില്‍ അംഗീകരിക്കാന്‍ കഴിയാത്തതുമാണ്; ഇന്ത്യന്‍ ഭരണഘടനയുടെ 19(1)(എ) വകുപ്പുപ്രകാരം ഉറപ്പുനല്‍കുന്ന അഭിപ്രായപ്രകടന സ്വാതന്ത്ര്യത്തിന്റെ ലംഘനവുമാണ്. ജനാധിപത്യത്തില്‍ ജനങ്ങള്‍ക്കാണ് പരമോന്നതസ്ഥാനം. രാഷ്ട്രപതി, പ്രധാനമന്ത്രി, മന്ത്രിമാര്‍, ജഡ്ജിമാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, പൊലീസുകാര്‍, സൈനികര്‍ എന്നിവരെല്ലാം ജനങ്ങളുടെ സേവകരാണ്. ജനങ്ങളാണ് യജമാനന്മാര്‍ എന്നിരിക്കെ ന്യായാധിപന്മാര്‍ അവരുടെ ഭൃത്യരാണ്, അതിനാല്‍ യജമാന് തന്റെ സേവകരെ വിമര്‍ശിക്കാന്‍ അവകാശമുള്ളതുപോലെ ജനങ്ങള്‍ക്ക് ന്യായാധിപന്മാരെ വിമര്‍ശിക്കാനുള്ള അവകാശവുമുണ്ട്. ഇന്ത്യയിലെ ന്യായാധിപന്മാര്‍ ഇത്ര പെട്ടെന്ന് പ്രകോപിതരാകുന്നത് എന്തുകൊണ്ടാണ്? 1987ല്‍ സ്പൈക്യാച്ചര്‍ കേസില്‍ പ്രഭുസഭ വിധി പ്രസ്താവിച്ചപ്പോള്‍ ഒരു പ്രധാന ദിനപ്പത്രം നല്‍കിയ വാര്‍ത്തയുടെ തലക്കെട്ട് ""നിങ്ങള്‍ വിഡ്ഢികള്‍'' എന്നായിരുന്നു. അപ്പോള്‍ ലണ്ടനിലുണ്ടായിരുന്ന പ്രമുഖ നിയമജ്ഞന്‍ ഫാലി നരിമാന്‍, ഭൂരിപക്ഷവിധി പ്രസ്താവിച്ച ടെമ്പിള്‍മാന്‍ പ്രഭുവിനോട് എന്തുകൊണ്ടാണ് ജഡ്ജിമാര്‍ കോടതിയലക്ഷ്യനടപടി സ്വീകരിക്കാത്തതെന്ന് ആരാഞ്ഞു. അദ്ദേഹം ചിരിച്ചുകൊണ്ട് നല്‍കിയ മറുപടി, ഇംഗ്ലണ്ടില്‍ ന്യായാധിപന്മാര്‍ ഇത്തരം അഭിപ്രായങ്ങള്‍ ശ്രദ്ധിക്കാറില്ലെന്നായിരുന്നു. ഇംഗ്ലണ്ടില്‍ 1975ല്‍ ബാലോഗും ക്രൗണ്‍ കോടതിയും തമ്മില്‍ നടന്ന കേസില്‍ പ്രതി ജഡ്ജിയോട് പറഞ്ഞു, ""നിങ്ങള്‍ നര്‍മബോധമില്ലാത്ത യന്ത്രമാണ്, നിങ്ങള്‍ സ്വയംനശിച്ചുപോകാത്തതെന്ത്?''. ജഡ്ജി പുഞ്ചിരിക്കുകമാത്രംചെയ്തു. എന്റെ അഭിപ്രായത്തില്‍ കേരളത്തിലെ മുന്‍ MLA യെ ശിക്ഷിക്കുന്നതിനുമുമ്പ് ജഡ്ജിമാര്‍, പ്രശസ്തനായ ഡെന്നിങ് പ്രഭു 1968ലെ ആര്‍ വേഴ്സസ് പൊലീസ് കമീഷണര്‍ കേസില്‍ പറഞ്ഞ വാക്കുകള്‍ ഓര്‍ക്കേണ്ടതായിരുന്നു: ""സ്വന്തം അന്തസ്സ് ഉയര്‍ത്തിക്കാട്ടാന്‍ ഈ അധികാരം ഞങ്ങള്‍ ഒരിക്കലും പ്രയോഗിക്കില്ലെന്ന് പറഞ്ഞുകൊള്ളട്ടെ. അത് ഉറപ്പുള്ള അടിത്തറയായി വിശ്രമിക്കട്ടെ. ഞങ്ങള്‍ക്കെതിരെ സംസാരിക്കുന്നവരെ അടിച്ചമര്‍ത്താനും ഞങ്ങള്‍ അതിനെ ഉപയോഗിക്കില്ല. ഞങ്ങള്‍ വിമര്‍ശങ്ങളെ ഭയക്കുന്നില്ല, അതിനോട് പ്രതികരിക്കുകയുമില്ല. കൂടുതല്‍ പ്രധാനപ്പെട്ട ഒന്നിനെ കോടതിയലക്ഷ്യനിയമം അപകടത്തിലാക്കുന്നു; അഭിപ്രായപ്രകടന സ്വാതന്ത്ര്യത്തെ''. ഇന്ത്യയിലെ കോടതിയലക്ഷ്യനിയമത്തിന്റെ അടിസ്ഥാനപരമായ അപാകത അതിന്റെ അനിശ്ചിതമായ സ്വഭാവമാണ്. നരിമാന്‍ ഇതിനെ വിശേഷിപ്പിക്കുന്നത് ""നായയുടെ നിയമം'' എന്നാണ്. ബ്രിട്ടീഷ് ന്യായാധിപന്‍ ബെന്‍ദാം പറഞ്ഞത്, ഒരു നായ നിങ്ങള്‍ക്ക് ഇഷ്ടപ്പെടാത്ത എന്തെങ്കിലും ചെയ്താല്‍ നിങ്ങള്‍ അതിനെ തല്ലും; അതുപോലെ ആരെയെങ്കിലും ശിക്ഷിക്കുമ്പോള്‍ മാത്രമാണ് കോടതിയലക്ഷ്യനിയമത്തെക്കുറിച്ച് കേള്‍ക്കുന്നത്. അങ്ങനെ, ഇത് അഭിപ്രായപ്രകടനസ്വാതന്ത്ര്യത്തിനുള്ള ഭീഷണിയാണ്. ഒരു ഉദാഹരണം പരിശോധിക്കാം. 1988ലെ ദുദ കേസിന്റെ അടിസ്ഥാനത്തില്‍, സുപ്രീംകോടതി ഭൂപ്രഭുക്കളോടും ബാങ്കിങ് പ്രമുഖരോടും അനുഭാവം കാട്ടുന്നുവെന്ന് ഒരു കേന്ദ്രമന്ത്രി പ്രസ്താവന നടത്തി. അദ്ദേഹം ഇങ്ങനെകൂടി പറഞ്ഞു: "" വിദേശനാണ്യ നിയമലംഘകരും വധുക്കളെ ചുട്ടുകൊല്ലുന്നവരും പിന്തിരിപ്പന്മാരുടെ സമൂഹം ഒന്നാകെയും സുപ്രീംകോടതിയില്‍ അഭയം കണ്ടെത്തുന്നു''. ""സുപ്രീംകോടതി ജഡ്ജിമാര്‍ സമ്പന്നരോട് അനുഭാവം പുലര്‍ത്തുകയും ചെയ്യുന്നു''. മന്ത്രിക്കെതിരെ കോടതിയലക്ഷ്യത്തിന് ഹര്‍ജി ഫയല്‍ചെയ്തുവെങ്കിലും നടപടി ഒന്നുമുണ്ടായില്ല. നരിമാന്‍ അത്ഭുതംകൂറുന്നു; മന്ത്രിക്ക് പകരം സാധാരണക്കാരനായ ഒരു വ്യക്തിയാണ് ഈ അഭിപ്രായപ്രകടനം നടത്തിയിരുന്നതെങ്കില്‍ ഉറപ്പായും ശിക്ഷിക്കപ്പെടുമായിരുന്നു. പക്ഷേ, കോടതികള്‍ സമ്പന്നരോട് പക്ഷപാതം കാട്ടുന്നുവെന്ന അഭിപ്രായപ്രകടനം നടത്തിയതിന് മുന്‍ കേരള മുഖ്യമന്ത്രി EMS നമ്പൂതിരിപ്പാടിനെതിരെ ഫയല്‍ ചെയ്ത കോടതിയലക്ഷ്യക്കേസില്‍ അദ്ദേഹത്തെ ശിക്ഷിച്ചു. ദുദ കേസിന്റെ കാര്യത്തില്‍ കേന്ദ്രമന്ത്രി പറഞ്ഞ അതേകാര്യം തന്നെയാണ് ഫലത്തില്‍ ഇ എം എസും പറഞ്ഞത്.അപ്പോള്‍ കോടതിയലക്ഷ്യക്കേസില്‍ ഉറപ്പും സുസ്ഥിരതയും എവിടെയാണ്? ബന്‍ദാം വിശേഷിപ്പിച്ചതുപോലെ "നായയുടെ നിയമം' അല്ലേ? കൂടാതെ, കോടതിയലക്ഷ്യനിയമപ്രകാരമുള്ളത് വിവേചനാധികാരവുമാണ്. കോടതിയലക്ഷ്യം നടന്നതായി ബോധ്യപ്പെട്ടാലും നടപടി സ്വീകരിക്കാന്‍ ന്യായാധിപന്‍ ബാധ്യസ്ഥനല്ല. ന്യായാധിപന്‍ എന്ന നിലയിലുള്ള എന്റെ 20 വര്‍ഷത്തെ സേവനത്തിനിടെ, 99 ശതമാനം കോടതിയലക്ഷ്യഹര്‍ജികളും ഞാന്‍ തള്ളിയിട്ടുണ്ട്; നടപടി സ്വീകരിക്കാന്‍ താല്‍പ്പര്യമില്ലെന്ന് അറിയിച്ചുകൊണ്ടുതന്നെ. മദ്രാസ് ഹൈക്കോടതിയില്‍ ജോലിചെയ്യുമ്പോഴുണ്ടായ ഒരു സംഭവം ഓര്‍ക്കുന്നു. ഉച്ചഭക്ഷണവേളയില്‍ ചേംബറില്‍ ഇരിക്കവെ വളരെ അസ്വസ്ഥരായി രണ്ട് മുതിര്‍ന്ന ജഡ്ജിമാര്‍ എന്നെ കാണാനെത്തി. അവരെ വിഡ്ഢികളെന്ന് വിശേഷിപ്പിക്കുന്ന രണ്ട് ലഘുലേഖകള്‍ അവരുടെ കൈയിലുണ്ടായിരുന്നു. അത് വായിച്ചപ്പോള്‍ത്തന്നെ ഞാന്‍ ചിരിക്കാന്‍ തുടങ്ങി. അവര്‍ കൂടുതല്‍ അസ്വസ്ഥരായി എന്നോട് പറഞ്ഞു: ""ചീഫ്, ഞങ്ങള്‍ക്ക് അപകീര്‍ത്തി സംഭവിച്ചിരിക്കുന്നു, അങ്ങ് ചിരിക്കുന്നു''. ഞാന്‍ പ്രതികരിച്ചു: ""ഇതെല്ലാം അവഗണിക്കാന്‍ പഠിച്ചില്ലെങ്കില്‍ നിങ്ങളുടെ രക്തസമ്മര്‍ദം ഉയരും. ജനാധിപത്യത്തില്‍ ധാരാളം കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്, നിങ്ങള്‍ക്ക് സംയമനം പാലിക്കാന്‍ കഴിയണം. ഇതെല്ലാം തൊഴില്‍പരമായ വെല്ലുവിളികളാണ്''. എന്റെ സഹപ്രവര്‍ത്തകര്‍ ലഘുലേഖ കീറിക്കളഞ്ഞശേഷം ചിരിക്കാന്‍ തുടങ്ങി. (സുപ്രീംകോടതി മുന്‍ ജഡ്ജിയും പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ മുന്‍ ചെയര്‍മാനുമാണ് ലേഖകന്‍)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക