Image

പൗരത്വനിയമ ഭേദഗതി: പ്രവാസികള്‍ പ്രതികരിക്കുക

Published on 26 December, 2011
പൗരത്വനിയമ ഭേദഗതി: പ്രവാസികള്‍ പ്രതികരിക്കുക
ന്യൂയോര്‍ക്ക്‌: രാജ്യ സഭയില്‍ അവതരിപ്പിച്ചിരിക്കുന്ന പുതിയ പൗരത്വ നിയമ (1955) ഭേദഗതി ബില്‍ 2011 (Bill No. XLVIII of 2011) അര്‍ഹിക്കുന്ന ഗൗരവത്തോടെയാണ്‌ കാണേണ്ടതെന്ന്‌ തോമസ്‌ ടി ഉമ്മന്‍ (കോര്‍ഡിനേറ്റര്‍, ഗവണ്മെന്റ്‌ ആന്‍ഡ്‌ കോണ്‍സുലര്‍ അഫയേഴ്‌സ്‌ കമ്മറ്റി; ഇന്ത്യന്‍ പ്രവാസി ആക്ഷന്‍ കൗണ്‍സില്‍) അറിയിച്ചു.

പൌരത്വ ബില്ലിലെ പ്രവാസികളെ ബാധിക്കുന്ന മാറ്റങ്ങളുടെ ആവശ്യകത എന്തെന്നു അറിയുവാനും , അതോടൊപ്പം മാറി മാറി വരുന്ന നാമകരണങ്ങള്‍ കൊണ്ട്‌ പ്രവാസികള്‍ക്ക്‌ നേരിടേണ്ടി വരുന്ന വിഷമതകളെ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തുവാനും ആഗ്രഹിക്കുന്നു.

പ്രവാസികളെ ഓവര്‍സീസ്‌ സിറ്റിസണ്‍ ഓഫ്‌ ഇന്ത്യ (ഒ സി ഐ) ആയി അംഗീകരിച്ചതിനു ശേഷം മൂന്നാമത്‌ മറ്റൊരു മാറ്റം ഉണ്ടാവുന്നത്‌ ഒ സി ഐ ഹോള്‍ഡേഴ്‌സുമായി ചര്‍ച്ച ചെയ്‌തിട്ട്‌ വേണമായിരുന്നു. ഇതിനു വിപരീതമായ അധികാരികളുടെ സമീപനം അംഗീകരിക്കുവാന്‍ വളരെ പ്രയാസമുണ്ട്‌.
പി ഐ ഒ (PIO) യില്‍ ആരംഭിച്ചു, ഒ സി ഐ (OCI) യില്‍ എത്തിയിരിക്കുന്ന പ്രവാസി പൗരത്വം, ഒ ഐ സി (OIC) യിലേക്ക്‌ മാറുമ്പോള്‍ കാര്യങ്ങള്‍ പ്രവാസികളെ ആശങ്കാകുലരാക്കുകയാണ്‌. മാറ്റങ്ങള്‍ ഉണ്ടാകുമ്പോള്‍ ഓ സി ഐ കാര്‍ഡുടമകള്‍ വീണ്ടും അപേക്ഷിക്കേണ്ടി വരുമോ, ഈ മാറ്റങ്ങള്‍  പാസ്‌പോര്‍ട്ടിലും ആയുഷ്‌കാല വിസായിലും ഏത്‌ വിധത്തില്‍ രേഖപ്പെടുത്തും, മാറ്റങ്ങള്‍ക്കു ഉത്തരവാദികള്‍ അല്ലാത്ത പ്രവാസികള്‍ക്ക്‌ അതിനുള്ള ഫീസും നല്‍കേണ്ടി വരുമോ, അനുബന്ധമായ മറ്റു ചിലവുകള്‍ എന്തൊക്കെയാണ്‌, അത്‌ ആര്‌ വഹിക്കും എന്നിങ്ങനെ ഒട്ടേറെ ചോദ്യങ്ങള്‍ അവശേഷിക്കുന്നു.

ഹോം മിനിസ്‌ട്രിയുടെ ചുമതല വഹിക്കുന്ന അധികാരികള്‍ അടിയന്തിരമായി ഈ കാര്യത്തിലുള്ള അവ്യക്തത നീക്കണമെന്ന്‌ ഒരിക്കല്‍ കൂടെ അഭ്യര്‍ത്ഥിക്കുന്നു. ഇപ്പോഴത്തേ മാസ്‌ പെറ്റീഷന്‍ ഇന്ത്യന്‍ പ്രവാസി ആക്ഷന്‍ കൌണ്‍സില്‍ സമര്‍പ്പിക്കുമ്പോള്‍ ഇക്കാര്യം അധികൃതരെ ബോധ്യപ്പെടുത്തും. അതോടൊപ്പം രാജ്യസഭയിലെയും ലോകസഭയിലെയും അംഗ ങ്ങളെ നേരിട്ടും , ഇന്റര്‍നെറ്റ്‌ മുഖേനയും ബില്ലില്‍ പ്രവാസികളെ പ്രതികൂലമായി ബാധിക്കുന്ന പരാമര്‍ശങ്ങള്‍ ബോധ്യപ്പെടുത്തും. വിദേശത്ത്‌ പര്യടനം നടത്തുന്ന എല്ലാ രാഷ്ട്രീയ നേതാക്കളെയും ഇക്കാര്യത്തില്‍ പ്രവാസി ളുടെ ഉല്‍ ക്കണ്ട അറിയിക്കുന്നതിനു വേണ്ടി ബോധവല്‍ക്കരണം നടത്തുവാന്‍ അതാതു പ്രദേശത്തെ ഇന്ത്യന്‍ പ്രവാസി സംഘടനകള്‍ മുന്‍കൈ എടുക്കുന്നതാണ്‌. ഇക്കാര്യത്തില്‍ പത്‌നായിരക്കനക്കിനു വരുന്ന എല്ലാ ഒ സി ഐ കാര്‍ഡ്‌ ഉള്ളവരും രംഗത്തുണ്ടാവും. എല്ലാ പ്രവാസികളുടെയും സഹകരണം ഇക്കാര്യത്തില്‍ ഉണ്ടാവണം. ഓര്‍ക്കുക, ബില്‍ പാസ്സാകുന്നതിനു മുന്‍പ്‌ വേണം നമ്മുടെ അഭിപ്രായങ്ങള്‍ അറിയിക്കുവാന്‍. അതുകൊണ്ട്‌ ഈ സന്ദര്‍ഭം പ്രയോജനപ്പെടുത്തുക. ജനുവരിയില്‍ വാഷിങ്ങ്‌ടന്‍ ഡി സി എംബസ്സിയില്‍ നിവേദനം സമര്‌പ്പിക്കും. കോണ്‍സുലേറ്റുകളില്‍ അതാതു പ്രദേശത്തെ പ്രവാസി ഭാരവാഹികള്‍ നിവേദനങ്ങള്‌ സമര്‍പ്പിക്കുക, ആവശ്യമെങ്കില്‍ സമാധാന പരമായ റാലികള്‍ നടത്തുക തുടങ്ങിയ ശക്തമായ നീക്കങ്ങള്‍ വിവിധ പ്രവാസി സംഘടനകളുടെ സഹകരണത്തോടെ ഉണ്ടാകുന്നതാണ്‌. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചക്ക്‌ താങ്ങും തണലുമായി നില്‍ക്കുന്ന പ്രവാസികളുടെ താല്‌പര്യങ്ങള്‍ക്ക്‌ അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കുവാന്‍ അധികാരികളോട്‌ വളരെ വിനീതമായി അഭ്യര്‍ത്ഥിക്കുന്നതായും തോമസ്‌ ടി. ഉമ്മന്‍ അറിയിച്ചു.
പൗരത്വനിയമ ഭേദഗതി: പ്രവാസികള്‍ പ്രതികരിക്കുക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക