Image

പാട്ടിന്റെ പാലാഴിയും കടന്ന്‌ രാജു തോമസ്‌

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 27 December, 2011
പാട്ടിന്റെ പാലാഴിയും കടന്ന്‌ രാജു തോമസ്‌
സ്റ്റാര്‍ സിംഗര്‍ യു.എസ്‌.എ.2010-11ല്‍ പാടാന്‍ അവസരം ലഭിച്ചത്‌ ഒരു മഹാഭാഗ്യമായി കരുതുന്ന രാജു തോമസ്‌ ഇനിയും പാടാന്‍ അവസരം കിട്ടിയാല്‍ ഒന്നു പയറ്റി നോക്കാനുള്ള ആത്മവിശ്വാസത്തിലാണ്‌. എല്ലാവരേയും പോലെ ഒന്നാം സമ്മാനമാണ്‌ പ്രതീക്ഷിച്ചതെങ്കിലും രണ്ടാം സമ്മാനത്തിലും സംതൃപ്‌തനാണ്‌.

നമ്മുടെ പൈതൃക സംസ്‌ക്കാരം അഭികാമ്യമായി തോന്നുന്നെങ്കില്‍ അതിനെ സംരക്ഷിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യണമെന്ന്‌ അടിയുറച്ചു വിശ്വസിക്കുന്ന രാജു, മലയാളം അറിയാത്ത ഇളംതലമുറയ്‌ക്ക്‌ മലയാളം പരിചയപ്പെടുത്തിക്കൊടുക്കുന്നതോടൊപ്പം മലയാളി സാംസ്‌ക്കാരികമൂല്യങ്ങളെ അവരിലേക്കു പകരാനും ഇങ്ങനെയുള്ള മത്സര പരിപാടികള്‍ ഉപകരിക്കും എന്ന അഭിപ്രായക്കാരനാണ്‌. ചെറുപ്പത്തില്‍ സംഗീതാഭിരുചി ഉണ്ടായിരുന്നെങ്കിലും അതിനെ പരിപോഷിപ്പിക്കാനോ പ്രോത്സാഹിപ്പിക്കാനോ അന്നത്തെ കാലത്ത്‌ ആരും ഉണ്ടായിരുന്നില്ല എന്ന കുണ്‌ഠിതവും അദ്ദേഹത്തിനുണ്ട്‌.

എണ്‍പതുകളുടെ അവസാന പകുതിയില്‍ അമേരിക്കയിലെത്തിയ ഈ നീണ്ടൂര്‍ സ്വദേശി, യു.എസ്‌. പോസ്റ്റല്‍ സര്‍വ്വീസില്‍ ഉദ്യോഗസ്ഥനാണ്‌. ഭാര്യയും മൂന്നു മക്കളുമായി ന്യൂയോര്‍ക്കിലെ യോങ്കേഴ്‌സില്‍ താമസിക്കുന്നു. തിരക്കുപിടിച്ച ഔദ്യോഗിക ജീവിതത്തിനിടയിലും സംഗീതത്തിനുവേണ്ടി അല്‌പസമയം അദ്ദേഹം നീക്കി വെച്ചിട്ടുണ്ട്‌. രാജു തോമസുമായി നടത്തിയ അഭിമുഖത്തില്‍ നിന്ന്‌:

അമേരിക്കയില്‍ എത്തിയിട്ട്‌ എത്ര നാളായി ?

അമേരിക്കയിലെത്തിയിട്ട്‌ 24 വര്‍ഷമായി. 1988 ജനുവരിയില്‍ എത്തി.

ഇതിനു മുന്‍പ്‌ ഏതെങ്കിലും സംഗീത മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ടോ ?
ഇതിനുമുന്‍പ്‌ ഒരു മത്സരത്തിലും പങ്കെടുത്തിട്ടില്ല. ആദ്യമായാണ്‌ ഇങ്ങനെയൊരു മത്സരത്തില്‍ പങ്കെടുക്കുന്നത്‌.

നാട്ടില്‍ സ്‌കൂള്‍/കോളേജ്‌ തലങ്ങളില്‍ പാട്ട്‌ പാടുമായിരുന്നോ ?

സ്‌കൂളിലൊക്കെ പല മത്സരങ്ങളിലും പങ്കെടുത്തിട്ടുണ്ട്‌. മിക്കവാറും എനിക്കായിരിക്കും ഒന്നാം സമ്മാനം ലഭിക്കുക.സംഗീതമാണെന്നൊന്നും പറയാന്‍ പറ്റുകയില്ലല്ലോ.

സംഗീതം പഠിച്ചിട്ടുണ്ടോ ?

പഠിക്കണമെന്ന അഗ്രഹമുണ്ടായിരുന്നു. പക്ഷേ അതിനുള്ള സാഹചര്യമല്ലായിരുന്നു.

സ്റ്റാര്‍ സിംഗര്‍ യു.എസ്‌.എ. എന്ന സംഗീത മത്സരത്തില്‍ പങ്കെടുക്കാനുണ്ടായ കാരണം ?

ഒത്തിരി ഫോഴ്‌സ്‌ ഉണ്ടായിരുന്നു ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട്‌. പലരും പറഞ്ഞു. ഭാര്യയും പറഞ്ഞു. പിന്നെ എന്റെ ഒരു സ്‌നേഹിതന്‍ വളരെ ആത്മാര്‍ത്ഥമായി എന്നെ നിര്‍ബ്ബന്ധിച്ചതുകൊണ്ടാണ്‌ പങ്കെടുത്തത്‌. അദ്ദേഹമാണ്‌ ശരിക്കും എന്നെ ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ പ്രേരിപ്പിച്ചത്‌. പള്ളിയിലൊക്കെ ഇടക്ക്‌ പാടാറുണ്ട്‌.

ആദ്യമായി പാടാന്‍ എത്തിയപ്പോള്‍ എന്തു തോന്നി ?

ആദ്യമായി പാടാന്‍ വന്നപ്പോള്‍ ഭയമായിരുന്നു മനസ്സില്‍. മുപ്പതു പേരില്‍ ഒന്നു രണ്ടു പേരൊഴിച്ച്‌ മറ്റാരേയും ഞാന്‍ അറിയുകയില്ല. അപ്പോള്‍ അവരൊക്കെ വലിയ പാട്ടുകാരായിരിക്കും എന്നാണ്‌ എന്റെ ധാരണ. തന്നെയുമല്ല അവിടെ പറയുന്നതു കേട്ടു എല്ലാവരും പ്രൊഫഷണല്‍ ഗായകരാണെന്ന്‌. എന്നാല്‍ പിന്നെ ഞാന്‍ വിചാരിച്ചു പാടേണ്ട. തിരിച്ചു പൊയ്‌ക്കളയാം എന്ന്‌. കാരണം, പ്രൊഫഷണല്‍ പാട്ടുകാരുടെ കൂടെ പാടാനുള്ള യോഗ്യതയൊന്നും എനിക്കില്ല. അമേച്വര്‍ പോലുമല്ല ഞാന്‍. ഏതായാലും വന്നതല്ലെ എന്നാല്‍ പാടിക്കളയാം എന്ന്‌. ആദ്യത്തെ റൗണ്ടില്‍ നല്ല സ്‌കോള്‍ ലഭിച്ചപ്പോള്‍ വിചാരിച്ചു എന്നാല്‍ രണ്ടുമൂന്നു റൗണ്ടുകളില്‍ പാടി നോക്കാം എന്ന്‌.

മറ്റു മത്സരാര്‍ത്ഥികളുടെ ഗാനങ്ങളുമായി താങ്കള്‍ താരതമ്യം ചെയ്യാറുണ്ടായിരുന്നോ ?

എപ്പോഴും അങ്ങനെ ഉണ്ടാകാറില്ല. മറ്റുള്ളവര്‍ പാടുമ്പോള്‍ ഞാന്‍ ചിലപ്പോള്‍ ചിന്തിക്കാറുണ്ട്‌ `അവര്‍ക്കത്‌ ഒന്നു കൂടെ നന്നായി പാടാമായിരുന്നു' എന്ന്‌. ഞാനെന്നെ പൊക്കി പറയുകയല്ല. ചിലപ്പോള്‍ ഞാന്‍ വിചാരിക്കും ഞാന്‍ ആ പാട്ടു പാടിയിരുന്നെങ്കില്‍ കുറച്ചുകുടെ നന്നായി പാടുമായിരുന്നു എന്നൊക്കെ ചിലപ്പോള്‍ തോന്നിയിട്ടുണ്ട്‌.

ആരാണ്‌ ഗാനങ്ങള്‍ സെലക്‌റ്റ്‌ ചെയ്യാറ്‌ ?

പ്രധാനമായും ഞാന്‍ തന്നെയാണ്‌ എല്ലാം സെലക്‌റ്റ്‌ ചെയ്യാറ്‌. ഗ്രാന്റ്‌ ഫിനാലെയിലേക്കുള്ള പാട്ടുകള്‍ മാത്രം എന്റെ സുഹൃത്തുക്കളോട്‌ ചോദിച്ചിരുന്നു. മൂത്തമകന്‍ മിഥുന്‍ മലയാളം നന്നായി പറയുമെന്നു മാത്രമല്ല, പാട്ട്‌ കേള്‍ക്കുന്നതും ഇഷ്ടമാണ്‌. അവനാണ്‌ ഗ്രാന്റ്‌ ഫിനാലേയില്‍ പാടാനായി `സംഗീതമേ അപര സല്ലാപമേ.....' എന്ന ഗാനം സെലക്ട്‌ ചെയ്‌തു തന്നത്‌.

കുടുംബം ?

ഭാര്യ മെഴ്‌സി. മൂന്നു കുട്ടികള്‍. മൂത്തത്‌ മകള്‍. മീര. ഫിസിഷ്യന്‍ അസിസ്റ്റന്റിനു പഠിക്കുന്നു. പിന്നെ ഒരു മകന്‍ 14 വയസ്സ്‌. ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുന്നു. ഇളയ മകന്‍ ആറാം ക്ലാസ്സില്‍ പഠിക്കുന്നു.

ഭാര്യ പാടുമോ?

ഇല്ല. ഭാര്യ പാട്ട്‌ ആസ്വദിക്കും. അഭിപ്രായങ്ങളും പറയും.

ഓരോ എപ്പിസോഡ്‌ കഴിയുമ്പോഴും അടുത്തതില്‍ നന്നാക്കണം എന്നു തോന്നിയിട്ടുണ്ടോ ?

തീര്‍ച്ചയായും. പാട്ടു പാടുന്നതിനു മുന്‍പ്‌ നന്നായി പാടുമെന്ന വിശ്വാസമുണ്ടായിരിക്കും. പക്ഷേ, പാടിക്കഴിയുമ്പോള്‍ തോന്നാറുണ്ട്‌ ഇതിലും നന്നായി പാടാമായിരുന്നു എന്ന്‌. അടുത്തതില്‍ ശരിയാക്കാം എന്ന്‌ അപ്പോള്‍ തോന്നും.

ജഡ്‌ജസിന്റെ സഹായങ്ങള്‍ വല്ലതും കിട്ടാറുണ്ടോ?

ഒരുപാട്‌ സഹായം കിട്ടാറുണ്ട്‌. പാട്ടിലെ പോരായ്‌മകള്‍ പറഞ്ഞുതരികയും കറക്‌ഷന്‍സ്‌ എങ്ങനെയാണ്‌ ചെയ്യേണ്ടതെന്നുമൊക്കെ പറഞ്ഞു തരാറുണ്ട്‌.

രണ്ടാം സ്ഥാനം കിട്ടിയതുകൊണ്ട്‌ സന്തോഷമുണ്ടോ ? ഒന്നാം സ്ഥാനത്തെത്തുമെന്ന്‌ എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ ?

തീര്‍ച്ചയായും രണ്ടാം സമ്മാനം കിട്ടിയതുകൊണ്ട്‌ സന്തോഷമുണ്ട്‌. ഫസ്റ്റ്‌ പ്രൈസ്‌ കിട്ടണമെന്നുള്ള ആഗ്രഹത്തോടെയാണല്ലൊ എല്ലാവരും വരുന്നത്‌. കിട്ടാതെ വരുമ്പോള്‍ ഒരു സങ്കടം...നിരാശ. അത്രയേ ഉള്ളൂ.

സ്റ്റാര്‍ സിംഗര്‍ യു.എസ്‌.എ.യില്‍ പങ്കെടുത്തതുകൊണ്ട്‌ കോണ്‍ഫിഡന്‍സ്‌ കൂടിയിട്ടുണ്ടോ?

തീര്‍ച്ചയായും ഉണ്ട്‌ എന്നു പറയാതിരിക്കാന്‍ നിവൃത്തിയില്ല. വെറുമൊരു `ബാത്ത്‌ റൂം സിംഗര്‍' എന്നതിലുപരി ഞാന്‍ വലിയ പാട്ടുകാരനൊന്നുമല്ല. പക്ഷെ, ഈ മത്സരത്തില്‍ പങ്കെടുത്തതോടുകൂടി എന്റെ കോണ്‍ഫിഡന്‍സ്‌ കൂടി എന്ന്‌ നിസ്‌തര്‍ക്കം പറയാം. വലിയൊരു ഗായകനായോ ഒരു പ്രൊഫഷണല്‍ ഗായകനായോ ഞാന്‍ എന്നെ കണ്ടിട്ടില്ല. ചില പബ്ലിക്‌ വേദികളില്‍ പാടാറുണ്ടായിരുന്നു. അത്യാവശ്യം പാടും എന്നല്ലാതെ വലിയൊരു ഗായകനായി എന്നെ ആരും അറിയപ്പെട്ടിട്ടില്ല.?

90കളില്‍ രാഗം ഓര്‍കെസ്‌ട്രാ എന്നൊരു ട്രൂപ്പില്‍ ഞാന്‍ പാടിയിട്ടുണ്ട്‌. സംഗീത രംഗത്ത്‌ എനിക്ക്‌ ചാന്‍സ്‌ തന്നിട്ടുള്ള ഒരു വേദിയായിരുന്നു ഈ ഓര്‍കെസ്‌ട്രാ. അതിന്റെ ഉടമസ്ഥന്‍ മാര്‍ട്ടിന്‍ ആണ്‌ എന്നിലെ ഗായകനെ കണ്ടുപിടിച്ചതും എന്നെ ഇത്രയുമെങ്കിലും ആക്കിയതും. എന്റെ പാട്ട്‌ എവിടെയോ കേട്ടതുകൊണ്ട്‌ മാര്‍ട്ടിന്‍ ഒരു ട്രൂപ്പ്‌ തുടങ്ങിയപ്പോള്‍ എനിക്ക്‌ ഒരു ചാന്‍സ്‌ തരികയായിരുന്നു. ആ ട്രൂപ്പില്‍ മെലഡി ഗാനങ്ങള്‍ പാടാന്‍ മാര്‍ട്ടിന്‍ എന്നെയാണ്‌ സെലക്ട്‌ ചെയ്‌തത്‌. അക്കാലങ്ങളില്‍ ന}യോര്‍ക്കിലൊന്നും അത്ര വലിയ പാട്ടുകാരൊന്നും ഇല്ലായിരുന്നു. `മൂക്കില്ലാ രാജ്യത്ത്‌ മുറിമൂക്കന്‍ രാജാവ്‌' എന്നു പറഞ്ഞതുപോലെ അന്നത്തെ കാലത്തെ പാട്ടുകാരില്‍ ഒരാളായിരുന്നു ഞാന്‍. അതിനുശേഷമാണ്‌ നാട്ടില്‍ നിന്ന്‌ പ്രൊഫഷണല്‍ സിംഗേഴ്‌സൊക്കെ വരാന്‍ തുടങ്ങിയത്‌. വിവാഹ ശേഷം പിന്നെ പാട്ടിലേക്കൊന്നും അത്ര ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല.

സ്റ്റാര്‍ സിംഗര്‍ യു.എസ്‌.എ.യെക്കുറിച്ച്‌ എന്താണഭിപ്രായം ?

ഇവിടെ വളര്‍ന്നു വരുന്ന കലാകാരന്മാര്‍ക്ക്‌ ഒരു വേദിയൊരുക്കിക്കൊടുക്കുക എന്നത്‌ ഒരു മുഖ്യ വിഷയമാണ്‌. അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ ഇങ്ങനെയുള്ള വേദികള്‍ വേണം. ഞാന്‍ തന്നെ പലരേയും പരിചയപ്പെട്ടത്‌ ഈ സ്റ്റാര്‍ സിംഗറിലൂടെയാണ്‌. അവരൊക്കെ പാടുന്നവരാണെന്നോ അവര്‍ക്ക്‌ കഴിവുകളുണ്ടെന്നോ എനിക്ക്‌ അറിയില്ലായിരുന്നു. അവര്‍ക്കൊക്കെ ഒരു എക്‌സ്‌പോഷര്‍ ഉണ്ടാക്കിക്കൊടുക്കാനുള്ള നല്ലൊരു വേദിയായിട്ടായിരുന്നു ഞാനതിനെ കണ്ടത്‌.

മറ്റു മത്സരാര്‍ത്ഥികളില്‍നിന്ന്‌ എന്തെങ്കിലും തിക്താനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോ 
ഒരിക്കലുമില്ല. എല്ലാവരും വളരെ സ്‌നേഹത്തോടും സഹകരണത്തോടും കൂടിയാണ്‌ പാടാന്‍ വന്നിരുന്നത്‌. വ്യക്തിപരമായി യാതൊരു ബുദ്ധിമുട്ടും എനിക്കുണ്ടായിട്ടില്ല.

ജോലിയും കുടുംബവുമായി തിരക്കേറിയ അമേരിക്കന്‍ ജീവിതത്തില്‍ പാട്ട്‌ പഠിക്കാനും പാടാനുമുള്ള സമയം കണ്ടെത്തുന്നതെങ്ങനെയാണ്‌
യു.എസ്‌. പോസ്റ്റല്‍ സര്‍വ്വീസിലാണ്‌. വൈറ്റ്‌ പ്ലെയിന്‍സില്‍. പാട്ടിനുവേണ്ടി പ്രത്യേകം സമയമൊന്നും നീക്കിവെച്ചിരുന്നില്ല. നേരത്തെ പറഞ്ഞതുപോലെ ഒരു  ബാത്ത്‌ റൂ സിംഗര്‍ തന്നെ. പക്ഷെ, ഇപ്പോള്‍ സമയം കിട്ടുമ്പോഴൊക്കെ പാട്ട്‌ പ്രാക്ടീസ്‌ ചെയ്യാറുണ്ട്‌.

ഒരു പിന്നണി ഗായകനാകണമെന്ന ആഗ്രഹമുണ്ടോ?

അങ്ങനെയുള്ള ആഗ്രങ്ങളൊന്നുമില്ല. നേരത്തെ മുതല്‍ അതില്ലായിരുന്നു.ഗാനമേളകളില്‍ പാടാന്‍ വിളിച്ചാല്‍ പോകും.

സിനിമാ ഫീല്‍ഡിലേക്ക്‌ തിരിച്ചുപോകാന്‍ മോഹമുണ്ട്‌. രണ്ടുമൂന്നു ടെലിഫിലിമുകള്‍ ചെയ്‌തിട്ടുണ്ട്‌. ഒരു സിനിമയില്‍ തരക്കേടില്ലാത്ത വേഷത്തില്‍ അഭിനയിച്ചിട്ടുണ്ട്‌. പക്ഷേ, ആ സിനിമ റിലീസായിട്ടില്ല. അതെന്റെ കഷ്ടകാലം. അത്‌ റിലീസായിരുന്നെങ്കില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചേനെ. ഇപ്പോള്‍ സിനിമയില്‍ കൂടുതല്‍ സജീവമാകാന്‍ താല്‌പര്യമുണ്ട്‌. പക്ഷേ ജോലിയില്‍ നിന്ന്‌ നീണ്ട അവധിയെടുത്ത്‌ പോകാനുള്ള ബുദ്ധിമുട്ടാണ്‌ പ്രശ്‌നം. കഴിഞ്ഞ വര്‍ഷം ഒരു സിനിമ ഡയറക്ട്‌ ചെയ്യാന്‍ കമ്മിറ്റ്‌മെന്റ്‌ ഉണ്ടായിരുന്നു. പക്ഷെ സമയത്ത്‌ നാട്ടില്‍ എത്താന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു. 30 ദിവസം കൊണ്ടോ 50 ദിവസം കൊണ്ടോ തീരുന്നതല്ലല്ലോ സിനിമ. ഓരോ കാര്യത്തിനും അതിന്റേതായ സമയമുണ്ട്‌.

ആദ്യത്തെ ടെലിഫിലിമില്‍ തന്നെ മികച്ച സംവിധായകനുള്ള അവാര്‍ഡ്‌ കിട്ടിയിരുന്നു. സദയം എന്നായിരുന്നു ആ ടെലിഫിലിമിന്റെ പേര്‌. അതിനുശേഷം മിസ്‌ഡ്‌ കോള്‍ എന്ന ഒരു ടെലിഫിലിം സംവിധാനം ചെയ്‌തു. ഇപ്പോള്‍ ജോയ്‌സിയുടെ ഒരു കഥയെ ആസ്‌പദമാക്കി ആത്മഹത്യാ മുനമ്പത്ത്‌ എന്ന സിനിമയുടെ പണിപ്പുരയിലാണ്‌. അത്‌ കഴിഞ്ഞ വര്‍ഷം ചെയ്യേണ്ടതായിരുന്നു. പക്ഷേ സാധിച്ചില്ല. ലീവ്‌ തന്നെ പ്രശ്‌നം.

അടുത്ത വര്‍ഷം മറ്റൊരു സിനിമ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്‌. അമേരിക്കയില്‍ തന്നെയുള്ളവരാണ്‌ അതിന്റെ അണിയറ പ്രവര്‍ത്തകര്‍. ഡെന്നീസ്‌ ജോസഫാണ്‌ തിരക്കഥയെഴുതുന്നത്‌. തിരക്കഥ പൂര്‍ത്തിയായാലുടന്‍ അതിന്റെ കാസ്റ്റിംഗ്‌ മുതലായ വര്‍ക്കുകള്‍ തുടങ്ങും. സിനിമാ ഫീല്‍ഡില്‍ നന്നായി വരണമെന്നാണ്‌ എന്റെ ആഗ്രഹം. പാട്ട്‌ അതിന്റെ ഒരു സൈഡാണ്‌.

സിനിമാ സംവിധാനം പഠിച്ചിട്ടുണ്ടോ ?

പഠിച്ചിട്ടില്ല. പക്ഷേ, ഇതിനു മുന്‍പ്‌ ഒന്നു രണ്ടു സുഹൃത്തുക്കളുടെ സിനിമയില്‍ അസ്സോസിയേറ്റ്‌ ആയി പ്രവര്‍ത്തിച്ച പരിചയമുണ്ട്‌. അങ്ങനെയാണ്‌ വീണ്ടും അതിലേക്ക്‌ വരണമെന്ന താല്‌പര്യം ഉടലെടുത്തത്‌. ഒരു സംവിധായകനാകണമെന്ന മോഹം മനസ്സില്‍ ഉരുണ്ടുകൂടിയത്‌ അങ്ങനെയാണ്‌. ഒരുപക്ഷേ അതിമോഹമായിരിക്കാം. ഒരുപക്ഷേ കേള്‍ക്കുന്നവര്‍ക്കും തോന്നാം ?ഇവന്‍ അമേരിക്കയില്‍ നല്ല ജൊലിയൊക്കെ ഉള്ളവനാണ്‌. പിന്നെന്തിനാ ഈ പണിക്ക്‌ പോകുന്നതെന്ന്‌.

സ്റ്റാര്‍ സിംഗര്‍ പോലെയുള്ള പരിപാടിയില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ക്ക്‌ കൊടുക്കാനുള്ള സന്ദേശമെന്താണ്‌?

പാടാന്‍ കഴിവുള്ള വ്യക്തികള്‍ എല്ലാ രീതിയിലുമുള്ള പാട്ടുകള്‍ പരമാവധി കേള്‍ക്കുക, വീണ്ടും വീണ്ടും കേട്ട്‌ അത്‌ പ്രാക്ടീസ്‌ ചെയ്യുക, അതനുസരിച്ച്‌ അവരുടെ കഴിവുകള്‍ വളര്‍ത്തുക, മത്സരങ്ങളില്‍ പങ്കെടുക്കുമ്പോള്‍ മാത്രമേ നമ്മുടെ പാട്ടുകളിലെ കുഴപ്പങ്ങള്‍ മനസ്സിലാക്കാന്‍ കഴിയൂ. നമുക്ക്‌ വളരാനായി വിമര്‍ശനങ്ങള്‍ അത്യാവശ്യമാണ്‌. അവസരങ്ങളുണ്ടായാലേ വിമര്‍ശനങ്ങളുണ്ടാകൂ. ഒരുപക്ഷേ പലര്‍ക്കും അതൊരു അരോചകമായി തോന്നാം. നമുക്ക്‌ വിഷമവും സങ്കടവും തോന്നാം. അറിവുള്ളവരായിരിക്കും വിമര്‍ശിക്കുന്നത്‌. ആ വിമര്‍ശനങ്ങള്‍ നമ്മെ ഒന്നുകൂടി നന്നായി പെര്‍ഫോം ചെയ്യാന്‍ സഹായിക്കും.

സ്റ്റുഡിയോയില്‍ പാട്ട്‌ പാടുന്നത്‌ എളുപ്പമാണ്‌. നമ്മുടെ പാട്ട്‌ തെറ്റിക്കഴിഞ്ഞാല്‍ അത്‌ തിരുത്താനുള്ള സംവിധാനങ്ങള്‍ അവിടെയുണ്ട്‌. പക്ഷേ ലൈവ്‌ ആയി നാം പാടുമ്പോഴാണ്‌ അതിന്റെ ബുദ്ധിമുട്ടുകള്‍ നാം മനസ്സിലാക്കുന്നത്‌.

തയ്യാറാക്കിയത്‌: മൊയ്‌തീന്‍ പുത്തന്‍ചിറ
പാട്ടിന്റെ പാലാഴിയും കടന്ന്‌ രാജു തോമസ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക