Image

കേരള സമാജം ഫ്‌ളോറിഡയില്‍ ഗാന്‌ധി പ്രതിമ സ്‌ഥാപിക്കും

Published on 27 December, 2011
കേരള സമാജം ഫ്‌ളോറിഡയില്‍ ഗാന്‌ധി പ്രതിമ സ്‌ഥാപിക്കും
ഡേവി (ഫ്‌ളോറിഡ): റിട്ടയേര്‍ഡ്‌ ഹിസ്‌റ്ററി അധ്യാപിക കൂടിയായ ജൂഡിപോള്‍ ടൗണ്‍ ഓഫ്‌ ഡേവിയില്‍ മേയറായി മത്സരിക്കുമ്പോള്‍ 16 ബൂത്തുകളില്‍ ഇലക്‌ഷന്‍ ഏജന്റുമാര്‍ മലയാളികളായിരുന്നു. പലയിടത്തും മറ്റ്‌ ഏജന്റുമാരെ കണ്ടെത്താന്‍ അവര്‍ക്കായില്ല. മല യാളികള്‍ ഫണ്ട്‌ സമാഹരണത്തിലും സജീവമായിരുന്നു.

ടൗണില്‍ നൂറോളം മലയാളി കുടുംബങ്ങളേയുളളൂവെങ്കിലും അവരുടെ സഹായം നിര്‍ണായകമായി. ജൂഡിപോള്‍ മേയറായി. ആ കടപ്പാടിന്‌ പ്രത്യുപകാരമെന്നോണം നഗരത്തിലെ ഫാല്‍ക്കന്‍സ്‌ ലിയ പാര്‍ക്കില്‍ ഗാന്‌ധി പ്രതിമ സ്‌ഥാപിക്കാന്‍ 63 സെന്റ്‌സ്‌ഥലം അവരുടെ നേതൃത്വത്തില്‍ സിറ്റി കൗണ്‍സില്‍ അനുവദിച്ചു.

മലയാളിയുടെ നേട്ടത്തിനൊപ്പം ജോയി കുറ്റിയാനി എന്ന വ്യക്‌തിയുടെ ദീര്‍ഘവീക്ഷണത്തിന്റെയും പരിശ്രമത്തിന്റെയും കഥ കൂടി ഇതിനു പിന്നിലുണ്ട്‌. മേയര്‍ ഇലക്‌ഷന്‌ മുന്നിലുണ്ടായിരുന്ന ജോയിയെ ഒരുവര്‍ഷം മുമ്പ്‌ സിറ്റി കൗണ്‍സില്‍ പാര്‍ക്‌ ആന്‍ഡ്‌ റിക്രിയേ ഷന്‍ അഡൈ്വസറി ബോര്‍ഡില്‍ അംഗമാക്കിയിരുന്നു. ഏറെ കഴിയും മുമ്പ്‌ ഡേവിയിലും ഒരു ഗാന്‌ധി പ്രതിമ എന്ന ആശയം ഗാന്‌ധി ഭക്‌തനായ ജോയിയുടെ മനസിലുദിച്ചു. ഇപ്പോള്‍ ന്യൂയോര്‍ക്ക്‌, ചിക്കാഗോ, സാന്‍ഫ്രാന്‍സിസ്‌കോ, അറ്റ്‌ലാന്റ, വാഷിംഗ്‌ടണ്‍ ഡി. സി എന്നിവിടങ്ങളില്‍ മാത്രമേ ഗാന്‌ധി പ്രതിമകളുളളൂ.

തുടര്‍ന്ന്‌ കേരള സമാജം ഓഫ്‌ സൗത്ത്‌ ഫ്‌ളോറിഡക്ക്‌ ഗാന്‌ധി പ്രതിമ സ്‌ഥാപിക്കാന്‍ അനുമതി നല്‍കണമെന്ന്‌ ആവശ്യപ്പെട്ട്‌ ജോയി അപേക്ഷ നല്‍കി. സമാജത്തിന്റെ 2012 ലെ പ്രസിഡന്റാണ്‌ ജോയി.

ദീര്‍ഘമായ ചര്‍ച്ചകള്‍ക്കു ശേഷം ബോര്‍ഡ്‌ അനുമതി നല്‍കി. തുടര്‍ന്നത്‌ അഞ്ചംഗ സിറ്റി കൗണ്‍സിലിലെത്തി. ഒരു സിറ്റി കൗണ്‍സിലര്‍ സ്‌ഥിരമായി എതിര്‍പ്പ്‌ പ്രകടിപ്പിച്ചുവെങ്കിലും മേയറും മറ്റുളളവരും അനുകൂലിച്ചു. തുടര്‍ന്ന്‌ കൗണ്‍സില്‍ ഇക്കാര്യം സിറ്റി അറ്റോര്‍ണിക്ക്‌ വിട്ടു.

അറ്റോര്‍ണിക്ക്‌ ഗാന്‌ധി പ്രതിമയോട്‌ അത്ര താല്‍പ്പര്യം തോന്നിയില്ല. ഗാന്‌ധിക്ക്‌ അമേരിക്കയുമായി ഒരു ബന്‌ധവും ഇല്ലെന്നായിരുന്നു അറ്റോര്‍ണിയുടെ നിലപാട്‌. എന്നാല്‍ അക്രമരാഹിത്യത്തിന്റെ പ്രവാചകനായ ഗാന്‌ധിജിയുടെ പ്രസക്‌തി കാലദേശങ്ങള്‍ക്ക്‌ അതീ തമാണെന്ന്‌ അടുത്തയിടെ നിയമത്തില്‍ മാസ്‌റ്റര്‍ ബിരുദം നേടിയ ജോയി ചൂണ്ടിക്കാട്ടി. ഗാന്‌ധിയില്‍ നിന്ന്‌ മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ്‌ പ്രചോദനമുള്‍ക്കൊണ്ടതും ചൂണ്ടിക്കാട്ടി. ഒടുവില്‍ ഗാന്‌ധി പ്രതിമ സ്‌ഥാപിച്ചതു കൊണ്ട്‌ ദോഷമൊന്നുമില്ലെന്ന്‌ അറ്റോര്‍ണി റിപ്പോര്‍ട്ട്‌ നല്‍കി.

വീണ്ടും സിറ്റി കൗണ്‍സിലില്‍ പ്രമേയമെത്തി. സ്‌ഥലം കൊടുക്കാം, പുല്ലും വെട്ടാം. അല്ലാതെ മറ്റ്‌ ചിലവൊന്നും നഗരത്തിന്‌ വഹിക്കാനാവില്ലെന്ന്‌ കൗണ്‍സില്‍ വ്യക്‌തമാക്കി. പ്രതിമ സ്‌ഥാപിക്കുന്നതും സംരക്ഷിക്കുന്നതും കേരള സമാജത്തിന്റെ ചുമതലയായിരി ക്കും.

ഇതു സംബന്‌ധിച്ച ഉത്തരവുമായി കേരള സമാജത്തിന്റെ ഓണാഘോഷത്തില്‍ മേയര്‍ ജൂഡിപോളും വൈസ്‌ മേയര്‍ കാരില്‍ ഹട്ടനും എത്തിയപ്പോഴാണ്‌ ജനം വിവരം അറിയുന്നത്‌. കൂടുതല്‍ പേര്‍ അറിഞ്ഞാല്‍ എതിര്‍പ്പുകള്‍ക്ക്‌ സാധ്യത മുന്‍കൂട്ടി കണ്ടാണ്‌ പബ്ലി സിറ്റിക്ക്‌ പോകാതിരുന്നത്‌.

ഏഴടിയുളള വെങ്കല പ്രതിമയാണ്‌ പാര്‍ക്കില്‍ സ്‌ഥാപിക്കുക. സിറ്റി പ്രമേയം കേട്ടറിഞ്ഞ്‌ ഗുജറാത്തികള്‍ സഹായാഭ്യര്‍ത്ഥനയുമായി എത്തിയിട്ടുണ്ട്‌. എന്നാല്‍ പ്രതിമയെങ്കിലും കേരളത്തില്‍ നിര്‍മ്മിക്കണമെന്ന വാശിയാലാണ്‌ ജോയി. മറ്റെല്ലായിടത്തും പ്രതിമ നിര്‍മ്മിച്ചതും സ്‌ഥാപിച്ചതുമെല്ലാം ഉത്തരേന്ത്യക്കാരാണ്‌. ഇതെങ്കിലും മലയാളിയുടെ കൈയൊപ്പ്‌ പതിഞ്ഞതാകണം.

വിഖ്യാത ശില്‍പ്പി കാനായി കുഞ്ഞിരാമനെ കൊണ്ട്‌ പ്രതിമ നിര്‍മ്മിക്കാനാണ്‌ ജോയി ലക്ഷ്യമിടുന്നത്‌. അടുത്ത ഒക്‌ടോബര്‍ രണ്ടിന്‌ ഗാന്‌ധി ജയന്തി ദിനത്തില്‍ അനാഛാദനം നടത്തണമെന്നും ആഗ്രഹിക്കുന്നു.

പ്രതിമ നിര്‍മ്മിക്കാന്‍ പ്രത്യേക ബജറ്റൊന്നുമില്ല. അതിനാല്‍ കേരളത്തിലെ ഏതെങ്കിലും ബാങ്കോ സ്‌ഥാപനങ്ങളോ പ്രതിമാ നിര്‍മ്മാണത്തിന്റെ ചിലവ്‌ ഏറ്റെടുക്കുമോ എന്ന അ ന്വേഷണത്തിലാണ്‌ ജോയി. പ്രതിമ നിര്‍മ്മിച്ച്‌ ഇവിടെ എത്തിക്കാന്‍ 15, 20 ലക്ഷം രൂപ ചിലവ്‌ പ്രതീക്ഷിക്കുന്നു.

ഉത്തരേന്ത്യക്കാരെ സമീപിച്ചാല്‍ അവര്‍ക്ക്‌ തുകയൊന്നും പ്രശ്‌നമാവില്ലെന്ന്‌ ജോയിക്കറിയാം. പക്ഷേ പ്രതിമയുടെ സംരക്ഷണവും ചുമതലയുമെല്ലാം മലയാളികളില്‍ നിന്ന്‌ കൈവിട്ടു പോകും. അതുണ്ടാവാതിരിക്കാനാണ്‌ ജോയിയുടെ ശ്രമം.

ലഭിച്ച സ്‌ഥലത്ത്‌ പ്രതിമ സ്‌ഥാപിക്കുന്നതിനുളള പ്ലാന്‍ മലയാളിയായ എന്‍ജിനിയര്‍ ബാബു വര്‍ഗീസ്‌ തയാറാക്കിയിട്ടുണ്ട്‌. രാഷ്‌ട്ര നേതാക്കളും മറ്റും വരുമ്പോള്‍ പുഷ്‌പ ചക്രം അര്‍പ്പിക്കാനും മറ്റും സൗകര്യമുണ്ടായിരിക്കും.

ടൗണ്‍ ഓഫ്‌ ഡേവിയില്‍ ഒരുലക്ഷത്തിലേറെ ജനങ്ങളുണ്ട്‌. 400, 500 ഇന്ത്യന്‍ കുടുംബങ്ങളാണ്‌ ഇവിടെയുളളത്‌.

സ്‌ഥലത്തിന്റെ രേഖകള്‍ കൈമാറാന്‍ വന്ന മേയര്‍ സ്‌ഥലം ലഭ്യമാക്കാന്‍ സ്വീകരിച്ച ന ടപടിക്രമങ്ങള്‍ ദീര്‍ഘമായി വിവരിച്ചു. അവര്‍ നടത്തിയ പ്രഖ്യാപനത്തില്‍ ഡേവി സിറ്റി വിവിധ സംസ്‌കാരങ്ങളെ സ്വീകരിക്കുന്നതില്‍ പ്രതിജ്‌ഞാബദ്‌ധമാണെന്നും ശാന്തിയുടെ പ്രവാചകനായ ഗാന്‌ധിയുടെ പ്രതിമ സ്‌ഥാപിക്കുന്നതില്‍ നഗരം ആഹ്‌ളാദം കൊളളുന്നുവെന്നും വ്യക്‌തമാക്കി. അതിനു പുറമെ ഈ മനോഹര സമൂഹത്തിന്‌ കൂടുതല്‍ സൗന്ദര്യം പകരാന്‍ പ്രതിമക്കാകുമെന്നും പ്രൊക്ലമേഷനില്‍ പറയുന്നു.

അക്രമം ചെയ്യാതിരിക്കുക മാത്രമല്ല വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ചിന്ത പോലും മനസില്‍ നിന്നും പാടെ നീക്കണമെന്നും കണ്ണിനു പകരം കണ്ണ്‌ എന്ന തത്വം ലോകത്തെ മുഴുവന്‍ അന്‌ധമാക്കുമെന്നും സിറ്റി അംഗീകരിച്ച പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.

ദാരിദ്ര നിര്‍മാര്‍ജനത്തിനും വനിതകളുടെ അവകാശത്തിനും മത, ന്യൂനപക്ഷ ഐക്യത്തിനും സാമ്പത്തികമായ സ്വയം പര്യാപ്‌തതക്കും വേണ്ടി പ്രവര്‍ത്തിച്ച ഗാന്‌ധിജി അയിത്തം ഇല്ലാതാക്കുന്നതിനും പ്രവര്‍ത്തിച്ചു. ഇരുപതാം നൂറ്റാണ്ടിലെ ഐതിഹാസിക നേതാവാണ്‌ ഗാന്‌ധി; പ്രമേയം ചൂണ്ടിക്കാട്ടി.

ഗാന്‌ധിയുടെ ആശയങ്ങള്‍ കിംഗിനെപ്പോലുളള ലോക നേതാക്കള്‍ക്ക്‌ പ്രചോദനമായി. നിരായുധ സമരത്തിലൂടെ വിജയം കൈവരിക്കാനാവുമെന്ന്‌ ഗാനധിയുടെ പ്രവര്‍ത്തനങ്ങ ളിലൂടെ അവര്‍ക്ക്‌ ബോധ്യപ്പെട്ടു; പ്രമേയം ചൂണ്ടിക്കാട്ടി.

എന്തായാലും സ്‌പൊണ്‍സര്‍മാരെ കണ്ടെത്താനും ഒക്‌ടോബര്‍ രണ്ടിന്‌ പ്രതിമ സ്‌ഥാപി ക്കാനും കഴിയുമെന്ന വിശ്വാസത്തിലാണ്‌ ജോയി.
കേരള സമാജം ഫ്‌ളോറിഡയില്‍ ഗാന്‌ധി പ്രതിമ സ്‌ഥാപിക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക