Image

സിനിമക്കാര്‍ കണ്‍ഫ്യൂഷനില്‍ (ജയമോഹനന്‍ എം)

Published on 11 March, 2015
സിനിമക്കാര്‍ കണ്‍ഫ്യൂഷനില്‍ (ജയമോഹനന്‍ എം)
നമ്മുടെ സിനിമക്കാര്‍ ആകെമൊത്തത്തില്‍ ഒരു കണ്‍ഫ്യൂഷനിലാണ്‌. ഇനിയിപ്പോ ഏത്‌ സിനിമയെടുക്കും എന്ന കണ്‍ഫ്യൂഷനില്‍. ഏത്‌ സിനിമയോടും എന്ന്‌ ആര്‍ക്കുമറിയാത്ത ഒരു അവസ്ഥ. ന്യൂജനറേഷനാണോ, ഓള്‍ഡ്‌ ജനറേഷനാണോ പ്രേക്ഷകര്‍ക്ക്‌ ഇഷ്‌ടപ്പെടുക എന്നറിയാത്ത അവസ്ഥ. കാര്യമെന്തായാലും മലയാള സിനിമ രണ്ടു മാസം പിന്നിടുമ്പോള്‍ 35 പൊട്ടപ്പടങ്ങള്‍ റിലീസ്‌ ചെയ്യുകയും 75 കോടിയുടെ നഷ്‌ടമുണ്ടാകുകയും ചെയ്‌തിരിക്കുന്നു. റിലീസ്‌ ചെയ്‌തവയില്‍ മമ്മൂട്ടിയുടെ ഫയര്‍മാന്‍, പൃഥ്വിയുടെ പിക്കറ്റ്‌ 43, ജയസൂര്യയുടെ ആട്‌ ഒരു ഭീകരജീവിയല്ല, ഫഹദ്‌ ഫാസിന്റെ മറിയംമുക്ക്‌, ഹരം എന്നിങ്ങനെ വമ്പന്‍ പ്രതീക്ഷയുള്ള ചിത്രങ്ങളുണ്ടായിരുന്നു. പക്ഷെ പറഞ്ഞിട്ടെന്തു കഥ, ഒരൊറ്റ സിനിമ പോലും തിയറ്ററില്‍ ക്ലച്ച്‌ പിടിച്ചില്ല.

എന്തായാലും കണ്‍ഫ്യൂഷന്‍ കൂടി കൂടി മലയാള സിനിമയില്‍ വലിയ ചലനങ്ങള്‍ തന്നെ കണ്ടു തുടങ്ങിയിരിക്കുന്നു. അഞ്ച്‌ സിനിമകള്‍ക്ക്‌ അഡ്വാന്‍സ്‌ വാങ്ങി ബാങ്കിലിട്ടിരുന്ന ഫഹദ്‌ ഫാസില്‍ അതെല്ലാം നിര്‍മ്മാതാക്കള്‍ക്ക്‌ തിരിച്ചു നല്‍കി. ചെയ്യാനിരുന്ന അഞ്ച്‌ സിനിമകളില്‍ നിന്നും പിന്മാറി. തുടര്‍ച്ചയായി സിനിമകള്‍ ഓടാതിരിക്കുകയും മാര്‍ക്കറ്റ്‌ കുത്തനെ ഇടിയുകയും ചെയ്‌തതുകൊണ്ടാണ്‌ ഫഹദിന്റെ ഈ നീക്കം. ഇദ്ദേഹം തന്നെ മുമ്പ്‌ ഒരു അഭിമുഖത്തില്‍ സിനിമ ഓടുന്നതോ ഓടാത്തതോ എന്റെ വിഷയമല്ല, മറിച്ച്‌ എനിക്കിഷ്‌ടപ്പെട്ട സിനിമ ഞാന്‍ ചെയ്യും എന്ന്‌ വിളിച്ചു പറഞ്ഞിരുന്നു. പക്ഷെ ഫഹദിന്‌ ഇഷ്‌ടപ്പെട്ട സിനിമ ഫഹദ്‌ അഭിനയിച്ചതുകൊണ്ട്‌ പ്രേക്ഷകര്‍ തിയറ്ററിലേക്ക്‌ വരില്ലെന്നും അങ്ങനെ വരാതായാല്‍ അഭിനയമൊക്കെ നിര്‍ത്തി വേറെ പണിനോക്കേണ്ടി വരുമെന്നും ബോധ്യമായതോടെ ന്യൂജനറേഷന്‍ ഹീറോ ജാഡയൊക്കെ മാറ്റിവെച്ച്‌ മാന്യനായിരിക്കുന്നു. മുമ്പു പറഞ്ഞതൊക്കെ ഒന്ന്‌ മാറ്റിപ്പറയുമെന്ന്‌ മാത്രം.

ഇപ്പോഴിതാ മറ്റൊരു വാര്‍ത്തയുമുണ്ട്‌. സാക്ഷാല്‍ രഞ്‌ജിത്ത്‌ വീണ്ടും ആക്ഷന്‍ സിനിമ ചെയ്യുന്നു. ലോഹം എന്ന പേരില്‍ ഒരുക്കുന്ന പുതിയ സിനിമ മോഹന്‍ലാലിനെ ആക്ഷന്‍ റോളില്‍ അവതരിപ്പിക്കുന്നതാണ്‌. മുമ്പ്‌ ആക്ഷന്‍ സിനിമകളുടെ തലതൊട്ടപ്പനായിരുന്നു രഞ്‌ജിത്ത്‌. ദേവാസുരം മുതല്‍ മോഹന്‍ലാലിന്റെ എത്രയെത്ര ആസുര ചിത്രങ്ങള്‍. ആറാം തമ്പുരാന്‍, നരസിഹം, വല്യേട്ടന്‍ തുടങ്ങി വരിക്കാശേരി മന കേന്ദ്രീകരിച്ച ആക്ഷന്‍ സിനിമകളുടെ തിരക്കഥാകൃത്ത്‌. ഇവയെല്ലാം പണംവാരിപ്പടങ്ങളായിരുന്നു. സംവിധായകനായപ്പോള്‍ രാവണപ്രഭു എന്ന ആക്ഷന്‍ സിനിമയിലൂടെ സൂപ്പര്‍ഹിറ്റ്‌ സൃഷ്‌ടിച്ചു. അവസാനം വന്ന വഴിയെ പുറംതള്ളി നവീന സിനിമയുടെ വക്താവായി സ്വയം അവരോധിച്ചു. പ്രാഞ്ചിയേട്ടന്‍ എന്ന സിനിമയിലൂടെ പുത്തന്‍ സിനിമാധാരക്ക്‌ തുടക്കം കുറിച്ചു. ഈ സിനിമ എത്തിയപ്പോള്‍ രഞ്‌ജിത്ത്‌ പറഞ്ഞത്‌ ഒരിക്കലും ഇനി പഴയ വഴിയേ തിരിച്ചു നടക്കില്ല എന്നായിരുന്നു. അതായത്‌ നവീന മലയാള സിനിമയെ ഇനി താന്‍ നയിക്കുമെന്നായിരുന്നു രഞ്‌ജിത്തിന്റെ പ്രഖ്യാപനം. ആദ്യകാലത്ത്‌ താന്‍ ചെയ്‌തതെല്ലാം മസാല സിനിമകളായിരുന്നു എന്ന്‌ രഞ്‌ജിത്തും സമ്മതിച്ച്‌ പുത്തന്‍ പുതപ്പിനടിയില്‍ അഭയം തേടി. എന്നിട്ടോ സമീപകാല രഞ്‌ജിത്ത്‌ സിനിമകളൊന്നും വിജയിച്ചില്ല എന്ന്‌ മാത്രമല്ല വമ്പന്‍ പരാജയങ്ങളുമായിരുന്നു. സ്‌പിരിറ്റ്‌, കടല്‍ കടന്നൊരു മാത്തുക്കൂട്ടി, ഞാന്‍ എന്നിങ്ങനെ രഞ്‌ജിത്ത്‌ ഒരുക്കിയ മൂന്ന്‌ സിനിമകളും തുടര്‍ച്ചയായി പരാജയപ്പെട്ടു. ഇനിയിപ്പോഴൊരു വഴി തിരിച്ചു നടത്തം തന്നെയാണെന്ന്‌ രഞ്‌ജിത്തിനും തോന്നിയിരിക്കണം. പഴയ വഴിയില്‍ രഞ്‌ജിത്ത്‌ വിജയിക്കുമോ എന്ന്‌ സിനിമയെത്തുമ്പോള്‍ അറിയുകയും ചെയ്യാം.

പ്രേക്ഷകര്‍ എന്ത്‌ ആഗ്രഹിക്കുന്നുവെന്ന്‌ തിരിച്ചറിയാന്‍ കഴിയാത്തതാണ്‌ മലയാള സിനിമയിലെ ഇത്തരം ആശയക്കുഴപ്പങ്ങള്‍ക്ക്‌ കാരണം. സത്യന്‍ അന്തിക്കാടിന്റെ സഹസംവിധായികയായി പ്രവര്‍ത്തിച്ച ശ്രീബാല കെ.മേനോന്റെ കാര്യം തന്നെയെടുക്കാം. മികച്ച സഹസംവിധായിക എന്ന പേര്‌ നേടിയ ശ്രീബാല സ്വതന്ത്ര സംവിധായികയായി മാറുകയാണ്‌. ദിലീപാണ്‌ ചിത്രത്തിലെ നായകന്‍. ചിത്രത്തിന്റെ ഷൂട്ടിംഗ്‌ ഉടന്‍ ആരംഭിക്കാന്‍ ഒരുങ്ങുമ്പോഴാണ്‌ പുതിയ വാര്‍ത്തയെത്തിയിരിക്കുന്നത്‌. ഷക്കീലയും, സന്തോഷ്‌ പണ്‌ഡിറ്റും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുവത്രേ. വാര്‍ത്ത ശരിയെങ്കില്‍ ഈ ചിത്രത്തോടുള്ള താത്‌പര്യം തന്നെ നഷ്‌ടപ്പെടുന്നതില്‍ അതിശയമില്ല. സന്തോഷിനും ഷക്കീലക്കും തീര്‍ച്ചയായും ഒരു സിനിമയില്‍ അഭിനയിക്കാം. അതുപോലെ ശ്രീബാലക്ക്‌ അവരെ അഭിനയിപ്പിക്കുകയും ചെയ്യാം. എങ്കില്‍ തന്നെയും ഹ്യൂമര്‍ ഉത്‌പാദിപ്പിക്കുവാന്‍ ഒരു ദിലീപ്‌ ചിത്രത്തില്‍ ഇത്രത്തോളം ആശയദാരിദ്രം ഒരു ഫിലിംമേക്കര്‍ നേരിടുന്നുവോ എന്ന ചോദ്യം പ്രസക്തമാണ്‌. സന്തോഷ്‌ പണ്‌ഡിറ്റിന്റെയും ഷക്കീലയുടെയും നെഗറ്റീവ്‌ ഇമേജ്‌ പബ്ലിസിറ്റി തന്നെയാണ്‌ സിനിമ ലക്ഷ്യം വെക്കുന്നതെന്ന്‌ പറയാതെ വയ്യ.

വീഡ്ഡിത്തരങ്ങള്‍ പ്രേക്ഷകര്‍ ഇഷ്‌ടപ്പെടുമെന്ന വലിയ വീഡ്ഡിത്തമാണ്‌ ഇന്ന്‌ മലയാള സിനിമയെ നയിക്കുന്ന മറ്റൊരു ഘടകം. ജയസൂര്യയുടെ ആട്‌ ഒരു ഭീകരജീവിയല്ല എന്ന സിനിമ ഉദാഹരണമാണ്‌. കോമഡി റോഡ്‌ മൂവി ടൈപ്പില്‍ ഡിസൈന്‍ ചെയ്‌തിരിക്കുന്ന സിനിമ കാണുമ്പോള്‍ കോമഡി അനുഭവപ്പെടണമെങ്കില്‍ നമ്മള്‍ സ്വയം ഇക്കിളിയിട്ട്‌ ചിരിക്കേണ്ടി വരും. അത്രയും ദയനീയമാണ്‌ സിനിമയുടെ പ്രസന്റേഷന്‍.

ഇത്തരം അബന്ധധാരണകളില്‍ കുരുങ്ങിയിരിക്കുന്ന സിനിമക്കാര്‍ തന്നെയാണ്‌ മലയാള സിനിമയെ 75 കോടിയുടെ നഷ്‌ടത്തിലേക്ക്‌ വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ കൊണ്ടു ചെന്നെത്തിച്ചിരിക്കുന്നത്‌. ബോക്‌സ്‌ ഓഫീസില്‍ ഒരു ഡസണ്‍ വിജയ ചിത്രങ്ങളെങ്കിലും ലഭിക്കാതെയിരുന്നാല്‍ മലയാള സിനിമ മുമ്പെങ്ങുമില്ലാത്തവിധം സാമ്പത്തിക തകര്‍ച്ചയിലേക്ക്‌ വീഴുമെന്ന കാര്യം ഉറപ്പാണ്‌. അതുകൊണ്ടു തന്നെ ആശയക്കുഴപ്പങ്ങളെ അതിജീവിക്കേണ്ടത്‌ സിനിമക്കാര്‍ തന്നെയാണ്‌. വൈകാതെ തന്നെ അതിന്‌ കഴിയുമെന്ന്‌ പ്രതീക്ഷിക്കാം. ഒപ്പം പരാജയങ്ങളെ മറികടന്ന്‌ ബോക്‌സ്‌ ഓഫീസ്‌ സജീവമാകുന്ന നാളുകളും.
സിനിമക്കാര്‍ കണ്‍ഫ്യൂഷനില്‍ (ജയമോഹനന്‍ എം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക