Image

കാത്തിരിക്കുന്ന ഗ്രീന്‍കാര്‍ഡും സംഭ്രാന്തിയും കുറെ പൊതു നിയമങ്ങളും

ജോസഫ് പടന്നമാക്കല്‍ Published on 14 March, 2015
കാത്തിരിക്കുന്ന ഗ്രീന്‍കാര്‍ഡും സംഭ്രാന്തിയും കുറെ പൊതു നിയമങ്ങളും
ചതിയിലകപ്പെട്ട ഒരു യുവാവിന് ആശ്വാസ വചനങ്ങളുമായി ഗുരു ശ്രീ തോമസ് കൂവള്ളൂരിന്റെ നേതൃത്വത്തിലുള്ള 'ജെ.എഫ്.എ . സംഘടന' ന്യൂ ജേഴ്‌സി കോടതിയില്‍ എത്തിയത് അഭിനന്ദനീയവും നീതിയ്ക്കു വേണ്ടി പോരാടുന്ന ഒരു സമൂഹത്തിന്റെ ശബ്ദവുമായി കരുതണം. പുതിയതായി ഈ രാജ്യത്ത് വന്നുപെടുന്നവര്‍ പലരും നിയമത്തിന്റെ അജ്ഞതമൂലം ഇത്തരം കുടുക്കില്‍ അകപ്പെടാറുണ്ട്. അറിഞ്ഞോ അറിയാതെയോ ഇതുപോലെ കേസ്സില്‍ അകപ്പെട്ട പലരെയും ദീര്‍ഘകാല അമേരിക്കന്‍ ജീവിതത്തില്‍ ഞാന്‍ കണ്ടു മുട്ടിയിട്ടുണ്ട്.

ഒരിക്കല്‍ നാട്ടില്‍നിന്നും വന്ന ഒരു മലയാളി യുവാവ് അമേരിക്കന്‍ യുവതിയെ ഗര്‍ഭമാക്കിയതിന് കോടതിക്കേസുകളുമായി വലിയ വില കൊടുക്കുന്നതും ഓര്‍ക്കുന്നു. നിഷ്‌കളങ്കനായി വഴിയെ നടന്ന ഒരു മദ്ധ്യവയസ്‌ക്കനെ പോലീസ് അതിദാരുണമായി ഉപദ്രവിച്ച കഥയും പത്രങ്ങളില്‍ നാം വായിച്ചു. സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും മറവി കാരണം പണം നല്കാതെ ഷോപ്പിംഗ് ബാഗുകള്‍ പുറത്തിറക്കിയതിന് 'ഷോപ്പ് ലിഫ്റ്റിങ്ങ്' എന്ന ഓമന പേരില്‍ കൈകളില്‍ വിലങ്ങു വീണവരും നമ്മുടെ സമൂഹത്തിലുണ്ട്. ലൈംഗിക ചൂതുകളിയില്‍ നിഷ്‌കളങ്കരായ ചില പുരോഹിതര്‍ അകപ്പെടുന്നുണ്ട്. സഭയ്‌ക്കെതിരെ കേസുകൊടുത്ത് പണം നേടാനുള്ള സ്വാര്‍ഥത നിറഞ്ഞ ചിലരുടെ അടവാണെന്നും കരുതണം. നമ്മുടെ അജ്ഞതകളെ നിയമജ്ഞരും മുതലെടുക്കും. ന്യൂ ജേഴ്‌സിയിലെ ലൈംഗിക കുറ്റാരോപിതനായ യുവാവിന്റെ കേസ് വഷളായത് ഒരു നിയമജ്ഞന്റെ പിടിപ്പുകേടുകൊണ്ടെന്ന് ശ്രീ കൂവള്ളൂരിന്റെ ലേഖനത്തില്‍ നിന്നും മനസിലാക്കുന്നു.

സമൂഹത്തിനു വിലപ്പെട്ടതായ ചില നിയമങ്ങള്‍ ഓരോ പൗരനും അറിഞ്ഞിരിക്കുന്നത് നല്ലതാണ്. വൈവാഹിക ജീവിതത്തില്‍ക്കൂടി അമേരിക്കയില്‍ കുടിയേറുന്നവര്‍ അറിഞ്ഞിരിക്കേണ്ട ചില നിയമവശങ്ങളാണ് ഈ ലേഖനത്തിന്റെ ഉള്ളടക്കം. നിയമ പരിജ്ഞാനമില്ലാത്ത ഞാനെഴുതിയ ഈ ലേഖനം ഒരു പൊതു വിജ്ഞാനമായി കരുതിയാല്‍ മതിയാകും. ചില നിയമജ്ഞരുടെ നിയമോപദേശങ്ങളടങ്ങിയ അഭിപ്രായങ്ങളും ഈ ലേഖനത്തിന് സഹായകമായിട്ടുണ്ട്.

അമേരിക്കന്‍ പൌരനെ വിവാഹം കഴിച്ചതു വഴി പൌരത്വമില്ലാത്ത ഒരു പങ്കാളിയ്ക്ക് ഗ്രീന്‍ കാര്‍ഡിനുള്ള അപേക്ഷ സമര്‍പ്പിക്കാനുള്ള അവകാശമുണ്ട്. ഒത്തൊരുമിച്ചു താമസിക്കാന്‍ ഇമ്മിഗ്രേഷന്‍ വകുപ്പ് ആദ്യം രണ്ടു വര്‍ഷത്തേയ്ക്കുള്ള 'താല്ക്കാലിക വിസാ കാര്‍ഡ്' നല്കുന്നു. അത്തരം ഗ്രീന്‍ കാര്‍ഡുകള്‍ ചില വ്യവസ്ഥകള്‍ക്കധീനമായിരിക്കും. താല്ക്കാലിക കാര്‍ഡു സ്ഥിരമാകുംവരെ അടിയുറച്ച ഒരു വിവാഹ ബന്ധം ഇരുവരും നിലനിര്‍ത്തേണ്ടതായുണ്ട്. രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം ഗ്രീന്‍ കാര്‍ഡ് സ്ഥിരമാകുന്നതിന് കടമ്പകളും കടക്കണം. രാജ്യത്ത് സ്ഥിരതാമസമാക്കുന്നതിനു മാത്രം താല്ക്കാലികമായി വിവാഹം കഴിക്കുന്നവരെ നിരുത്സാഹപ്പെടുത്തുകയെന്നതും വ്യവസ്ഥകളടങ്ങിയ രണ്ടു വര്‍ഷ കാര്‍ഡിന്റെ ലക്ഷ്യങ്ങളില്‍പ്പെട്ടതാണ്. ആ കാലയളവു മുഴുവനും സ്ഥിരമായ കാര്‍ഡു ലഭിക്കാന്‍ വേര്‍പിരിയാത്തൊരു വിവാഹബന്ധം ആവശ്യവുമാണ്. സ്ഥിരതാമസമാക്കുന്ന പങ്കാളി ഒന്നിച്ചുള്ള വിവാഹ ജീവിതത്തിന്റെ വിശ്വസ്തതയെ ഇമ്മിഗ്രേഷന്‍ വകുപ്പിനെ ബോദ്ധ്യപ്പെടുത്തേണ്ടതായുണ്ട്. കാര്‍ഡു സ്ഥിരമാകാന്‍ ഐ 751 എന്ന ഫോറം പൂരിപ്പിച്ച് ഇമ്മിഗ്രേഷന്‍ വകുപ്പിന് സമര്‍പ്പിക്കണം.

സ്ഥിര ഗ്രീന്‍ കാര്‍ഡിനായി താഴെ പറയുന്ന കാര്യങ്ങളില്‍ ഇമ്മിഗ്രേഷന്‍ വകുപ്പുമായി സഹകരിക്കേണ്ടതായുണ്ട്.

1. താല്‍ക്കാലികമായ ഗ്രീന്‍ കാര്‍ഡ് കൈവശം വെച്ചിരുന്ന നാളുകളിലെ രണ്ടു വര്‍ഷവും അമേരിക്കന്‍ പൗരനുമായുള്ള വിവാഹ ജീവിതം വിശ്വസ്തയോടെയായിരുന്നുവെന്ന തെളിവുകള്‍ ഹാജരാക്കണം.

2. കുഞ്ഞുങ്ങളുടെ വിവരങ്ങളും ഗ്രീന്‍ കാര്‍ഡ് സ്ഥിരമാക്കാനുള്ള ഫോമില്‍ കാണിച്ചിരിക്കണം.

3. പുതുക്കുന്ന ഗ്രീന്‍ കാര്‍ഡു ഫോമില്‍ കുട്ടികളെ കാണിക്കാന്‍ സാങ്കേതിക ബുദ്ധിമുട്ടുകളുണ്ടെങ്കില്‍ അതിനുള്ള തക്കതായ കാരണവും വെളിപ്പെടുത്തണം.

4. ഭര്‍ത്താവ് അല്ലെങ്കില്‍ ഭാര്യ മരിച്ചു പോയവരെങ്കില്‍ മരിക്കും വരെ വിവാഹജീവിതം വിശ്വസ്ഥതയോടെയായിരുന്നുവെന്നും തെളിയിക്കണം.

5 . വിവാഹ മോചനം ചെയ്തവരെങ്കില്‍ വിശ്വാസതയോടെയുള്ള വിവാഹജീവിതം തന്റെതല്ലാത്ത കാരണങ്ങള്‍ കൊണ്ട് പിരിഞ്ഞു പോയതെന്ന് ഇമ്മിഗ്രേഷന്‍ വകുപ്പിനെ ബോധ്യപ്പെടുത്തണം.

അമേരിക്കന്‍ പൌരത്വമുള്ള ഇണയുടെ ക്രൂര മര്‍ദനം കൊണ്ടോ കുഞ്ഞുങ്ങളെ ഉപദ്രവിക്കുന്നതു കൊണ്ടോ വിവാഹബന്ധം വേര്‍പെടുത്തിയതെങ്കില്‍ തെളിവുകള്‍ ഹാജരാക്കിയാല്‍ ഗ്രീന്‍ കാര്‍ഡു സ്ഥിരമാക്കാന്‍ സാധിക്കും. അങ്ങനെയുള്ള സാഹചര്യങ്ങളില്‍ ഒന്നിച്ച് സ്ഥിരം കാര്‍ഡിന് അപേക്ഷിക്കാതെ പൌരത്വമുള്ള ഇണയുടെ സഹായം കൂടാതെ, ഒറ്റയ്ക്കും അപേക്ഷിക്കാം. മാനസികമായ പീഡനങ്ങളും സ്ഥിരമായ ഗ്രീന്‍കാര്‍ഡു ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങളായി കണക്കാക്കും. രണ്ടു വര്‍ഷം പൂര്‍ത്തിയാകുന്നതിന് 90 ദിവസം മുമ്പ് സ്ഥിരമായ കാര്‍ഡ് ലഭിക്കാന്‍ അപേക്ഷിക്കണം. സമയത്തിനപേക്ഷിച്ചില്ലെങ്കില്‍ ലഭിക്കാന്‍ പോകുന്ന സ്ഥിരം ഗ്രീന്‍ കാര്‍ഡ് നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. രാജ്യത്തുനിന്ന് പുറത്താക്കാനുള്ള നടപടികളും തുടങ്ങിയേക്കാം.

താല്ക്കാലിക ഗ്രീന്‍ കാര്‍ഡ് കാലയളവില്‍ വൈവാഹിക ബന്ധം വേര്‍പെട്ടെങ്കില്‍ അല്ലെങ്കില്‍ അമേരിക്കന്‍ പൗരനായ പങ്കാളിയില്‍നിന്നു ക്രൂരമായി പീഡനം സഹിക്കേണ്ടി വന്നെങ്കില്‍ ഭാര്യയും ഭര്‍ത്താവുമൊന്നിച്ച് ഫയല്‍ ചെയ്യണമെന്നുള്ള നിയമ വ്യവസ്ഥകളില്‍ നിന്ന് ഇളവു ലഭിക്കാം. അങ്ങനെയുള്ള കേസുകളില്‍ സ്ഥിരം കാര്‍ഡിനായി താല്‍ക്കാലിക കാര്‍ഡു ലഭിച്ച ശേഷമുള്ള ഏതു സമയത്തും അപേക്ഷ നല്കാന്‍ സാധിക്കും. എന്നാല്‍ അത് രാജ്യത്തുനിന്ന് പുറത്താക്കുന്നതിനു മുമ്പായിരിക്കണം. പീഡനങ്ങളെ സംബന്ധിച്ച തെളിവുകളും ഹാജരാക്കേണ്ടതായുണ്ട്.

സ്ഥിരം കാര്‍ഡിനായി അപേക്ഷിക്കുന്നവരുടെ കുഞ്ഞുങ്ങള്‍ക്കും താല്ക്കാലിക വിസായാണെങ്കില്‍ രണ്ടാം വിവാഹ വാര്‍ഷികത്തിന് 90 ദിവസം മുമ്പെങ്കില്‍ കുട്ടികളെയും അപേക്ഷിക്കുന്ന ഫോറത്തില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കും. രണ്ടാം വര്‍ഷത്തിനു മുമ്പുള്ള 90 ദിവസം കഴിഞ്ഞാണ് അപേക്ഷിക്കുന്നതെങ്കില്‍ പ്രത്യേകമായ അപേക്ഷാ ഫോമില്‍ വീണ്ടും അപേക്ഷിക്കേണ്ടി വരും.

സ്ഥിരകാര്‍ഡിനായി സമയത്ത് അപേക്ഷിച്ചില്ലെങ്കില്‍ താല്ക്കാലികമായി ലഭിച്ച ഗ്രീന്‍ കാര്‍ഡ് അസ്ഥിരപ്പെടാനും സാധ്യതയുണ്ട്. അതിനുള്ള നടപടികള്‍ ഇമ്മിഗ്രേഷന്‍ വകുപ്പ് ആരംഭിക്കുന്നതായിരിക്കും. ഇമ്മിഗ്രേഷന്‍ ഓഫീസു മുമ്പാകെ കാരണം കാണിക്കലിനായി ഹാജരാകാനുള്ള ഒരു നോട്ടീസുമുണ്ടായിരിക്കും. കാര്‍ഡു സ്ഥിരമാക്കാനുള്ള അപേക്ഷ നല്കാത്തതിന്റെ കാരണങ്ങള്‍ അവിടെ രേഖപ്പെടുത്തേണ്ടി വരും. അതാത് ചുമതലപ്പെട്ട ഇമ്മിഗ്രേഷന്‍ വകുപ്പിന്റെ ഡിറക്റ്റര്‍ക്ക് ഫോം താമസിച്ചു പോയതിന്റെ കാരണം കാണിച്ച് കത്തെഴുതിയാല്‍ മതിയായിരിക്കും. ഡിറക്റ്റര്‍ക്ക് താല്ക്കാലിക ഗ്രീന്‍ കാര്‍ഡിലെ വ്യവസ്ഥകള്‍ മാറ്റി സ്ഥിരമായ ഗ്രീന്‍ കാര്‍ഡ് നല്കാന്‍ സാധിക്കും. തക്കതായ കാരണവും ഉണ്ടായിരിക്കണമെന്നു മാത്രം.

ഏതെങ്കിലും കാരണവശാല്‍ പങ്കാളിയില്ലാതെ ഒറ്റയ്ക്കപേക്ഷിക്കാവുന്ന സാഹചര്യങ്ങളില്‍ ഒന്നിച്ച് ഫയല്‍ ചെയ്യുവാന്‍ സാധിക്കുകയില്ലായെന്നുള്ള കാരണങ്ങള്‍ ഇമ്മിഗ്രേഷന്‍ ഓഫീസിനെ അറിയിക്കണം. രാജ്യത്തു നിന്ന് പുറത്താക്കിയാല്‍ സ്വന്തം രാജ്യത്തുണ്ടാകാവുന്ന ദുരിതങ്ങളും കഷ്ടപ്പാടുകളും ഇമ്മിഗ്രേഷന്‍ ഓഫീസര്‍ പരിഗണനയില്‍ എടുക്കും. വിവാഹം വിശ്വസ്ഥമായിരുന്നുവെന്നും കുടിയേറ്റ നിയമങ്ങള്‍ തെറ്റിച്ചില്ലെന്നും ബോധ്യപ്പെടുത്തണം. വിവാഹ മോചനം നേടിയെങ്കിലും സമയത്ത് ഐ. 751 ഫോം ഫയല്‍ ചെയ്യാന്‍ അമാന്തം വരുത്തിയില്ലെന്നും അറിയിക്കണം. വിവാഹ ജീവിത കാലത്ത് പൌരത്വമുള്ള പങ്കാളിയില്‍ നിന്ന് പീഡനങ്ങള്‍ സഹിക്കേണ്ടി വന്ന കാര്യങ്ങളും വ്യക്തമാക്കണം. പോലീസ് റിപ്പോര്‍ട്ടുണ്ടെങ്കില്‍ ഇമ്മിഗ്രേഷന്‍ ഓഫീസര്‍ മുമ്പാകെ സമര്‍പ്പിക്കണം. ഒന്നിച്ചുള്ള ഫയലിന് എതിര്‍ത്തത് പൌരത്വമുള്ള പങ്കാളിയെന്നും ബോധ്യപ്പെടുത്തണം.

ഒന്നിച്ചു ഫയല്‍ ചെയ്ത ശേഷം വിവാഹ മോചനത്തിനുള്ള തയാറെടുപ്പെങ്കില്‍ ഇമ്മിഗ്രേഷന്‍ ഓഫീസ് അതിന്റെ തെളിവുകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെടും. വിവാഹ മോചനം നടന്നെങ്കില്‍ മോചനത്തിന്റെ കോപ്പിയും നല്കണം. പങ്കാളിയുമായി ഫയല്‍ ചെയ്തു കഴിഞ്ഞെങ്കില്‍ വിവാഹ മോചന ഡോക്കുമെന്റ് ലഭിച്ചു കഴിഞ്ഞ് ഒറ്റയ്ക്ക് ഫയല്‍ ചെയ്യാനുള്ള അവകാശം നല്കും. അങ്ങനെയെങ്കില്‍ വിവാഹ മോചനം ലഭിച്ചുവെന്ന വ്യവസ്ഥയില്‍ ഇമ്മിഗ്രേഷനുള്ള നടപടികള്‍ തുടങ്ങും.

താല്ക്കാലിക കാര്‍ഡ് സ്ഥിരമായാല്‍ ഇമ്മിഗ്രേഷന്‍ വകുപ്പ് ആദ്യം പത്തു വര്‍ഷ ഗ്രീന്‍ കാര്‍ഡ് നല്കും. മൂന്നുവര്‍ഷം കഴിഞ്ഞ് പൗരത്വമെടുത്തില്ലെങ്കില്‍ പിന്നീടത് സമയമാകുമ്പോള്‍ പുതുക്കിക്കൊണ്ടിരിക്കണം. ഗ്രീന്‍ കാര്‍ഡ് ലഭിച്ചു കഴിഞ്ഞാല്‍ ഈ നാട്ടില്‍ ജീവിക്കാനും ജോലി ചെയ്യാനുമുള്ള അവകാശവും സ്ഥിരമാകും. പുതുക്കിയ കാര്‍ഡു ലഭിക്കുന്നതിനു മുമ്പ് ഇമ്മിഗ്രേഷന്‍ ഓഫീസുമായി ഇന്റര്‍വ്യൂ ഉണ്ടായിരിക്കും.

സ്ഥിര ഗ്രീന്‍ കാര്‍ഡിനുള്ള അപേക്ഷ നിരസിക്കുന്ന പക്ഷം എന്തുകൊണ്ടാണ് ഗ്രീന്‍ കാര്‍ഡ് നിരസിച്ചതെന്നുള്ള കാരണവും അതില്‍ കാണിച്ചിരിക്കും. അവാസ്തവങ്ങളും സത്യ വിരുദ്ധങ്ങളുമായ കാര്യങ്ങള്‍ എവിടെയെല്ലാമുണ്ടെന്നും ചൂണ്ടി കാണിക്കും. രാജ്യത്തു നിന്ന് പുറത്താക്കാനുള്ള നടപടികളും തുടങ്ങും. പുറത്താക്കുന്ന സമയത്ത് ഇമ്മിഗ്രേഷന്‍ അധികാരികളുമായി ചര്‍ച്ച ചെയ്ത് ഗ്രീന്‍ കാര്‍ഡിനുള്ള അപേക്ഷ പുന പരിശോധിക്കാവുന്നതാണ്. ഇമ്മിഗ്രേഷന്‍ ജഡ്ജ് രാജ്യത്തു നിന്ന് പുറത്താക്കാനാണ് വീണ്ടും തീരുമാനിക്കുന്നതെങ്കില്‍ അതിന്റെ പേരില്‍ അപ്പീലിന് പോവാന്‍ സ്ഥിര ഗ്രീന്‍ കാര്‍ഡിനായി ശ്രമിക്കുന്ന പങ്കാളിയ്ക്ക് അവകാശമുണ്ട്. കൃത്യമായ ഫീസടച്ചു കഴിഞ്ഞാല്‍ വാഷിംഗ്ടന്‍ ഡി.സി. യിലുള്ള ബോര്‍ഡ് ഓഫ് ഇമ്മിഗ്രേഷന്‍ വകുപ്പ് 'അപ്പീല്‍' പരിഗണനയിലെടുക്കും.

ഗാര്‍ഹിക പീഡനങ്ങള്‍ കൊണ്ട് ഇരയായവര്‍ക്ക് ഗ്രീന്‍കാര്‍ഡ് മനുഷ്യത്വത്തിന്റെ പേരില്‍ നല്കുന്നുണ്ടെങ്കിലും അതു മുതലാക്കി ചിലര്‍ ദുരുപയോഗം ചെയ്യാറുണ്ട്. ഗ്രീന്‍ കാര്‍ഡിനുവേണ്ടി നിഷ്‌കളങ്കരായ പൌരത്വമുള്ള പങ്കാളിയുടെ പേരില്‍ കുറ്റാരോപണങ്ങള്‍ നടത്തി പോലീസ് കേസാക്കുന്നവരുമുണ്ട്. ഒരിയ്ക്കല്‍ കേസ് രജിസ്റ്റര്‍ ചെയ്തു കുറ്റക്കാരനായാല്‍ അത് ഒരുവന്റെ സ്വഭാവ ദൂഷ്യമായി റിക്കോര്‍ഡുകളില്‍ കടന്നുകൂടും. സ്വന്തം തൊഴിലിനുപോലും തടസങ്ങളുണ്ടാക്കാറുണ്ട്. പുതിയ ജോലികള്‍ അന്വേഷിക്കുമ്പോഴും കരിമ്പട്ടികയില്‍ അകപ്പെട്ടുപൊയവര്‍ക്ക് കമ്പനികള്‍ വാഗ്ദാനം ചെയ്ത പ്രൊഫഷണല്‍ നിലവാരമുള്ള ജോലി ലഭിക്കാതെയും വരാം. നിയമത്തിന്റെ കുരുക്കില്‍പ്പെട്ട് കോടതി ചെലവുകളും വക്കീലുമായി ഭാരിച്ച ബാദ്ധ്യതകള്‍ക്കും കാരണമാകും. മിക്ക കേസുകളിലും പൌരത്വമുള്ളവരെക്കാളും പൌരത്വമില്ലാത്തവര്‍ക്കാണ് അനുകൂലമായ വിധി വരാറുള്ളത്.

പൌരത്വമില്ലാത്ത പങ്കാളി ശക്തിയായ പ്രതികരണങ്ങള്‍ കോടതിയില്‍ പ്രകടിപ്പിക്കുകയും ചെയ്യാറുണ്ട്.
കേസുകളില്‍ കുടുങ്ങിയിരിക്കുന്നവര്‍ കുറ്റ വിമുക്തരായില്ലെങ്കില്‍ അവരുടെ പ്രൊഫഷണല്‍ തൊഴിലിനെയും ബാധിക്കാനിടയുണ്ട്. കുറ്റക്കാരനെന്നുള്ള സ്വഭാവ ദൂഷ്യ കേസുകള്‍ നിയമപരമായിത്തന്നെ രഹസ്യമായി സൂക്ഷിക്കാനുള്ള മാര്‍ഗങ്ങളുമുണ്ട്. അതിനെ 'എക്‌സ്പഞ്ചെ '(ലഃുൗിഴല)ന്നറിയപ്പെടുന്നു. 'കുറ്റങ്ങള്‍ രഹസ്യമായി സൂക്ഷിക്കാനുള്ള എക്‌സ് പഞ്ചിനായി (ലഃുൗിഴല) കോടതിയില്‍ പ്രത്യേക ഫോമില്‍ ഫയല്‍ ചെയ്യണം. ഒരിയ്ക്കല്‍ 'എക്‌സ് പഞ്ച്' ഫയലില്‍ സ്വീകരിച്ച് റിക്കോര്‍ഡില്‍ നിന്ന് കേസുകള്‍ മാറ്റി കഴിഞ്ഞാല്‍ തൊഴില്‍ ദാദാവിന് ഇത്തരം കുറ്റകൃത്യങ്ങള്‍ കണ്ടുപിടിക്കാന്‍ സാധിക്കില്ല. കുറ്റാരോപണ വസ്തുതകള്‍ ജോലി തരുന്ന കമ്പനിയെ അറിയിക്കേണ്ട ആവശ്യവുമില്ല. ഈ നിയമം എല്ലാ സ്‌റ്റേറ്റുകളിലും വ്യത്യസ്തമായി കാണുന്നു. ഏതെല്ലാം കുറ്റാരോപണങ്ങള്‍ 'എക്‌സ് പഞ്ച്' (ലഃുൗിഴലാലി)േ ചെയ്യാം, അല്ലെങ്കില്‍ ചെയ്യാന്‍ സാധിക്കില്ലായെന്നത് അതാത് സ്‌റ്റേറ്റിന്റെ നിയമ വ്യവസ്ഥകളനുസരിച്ചായിരിക്കും. ' എക്‌സ് പഞ്ച്' ചെയ്യാന്‍ നിര്‍ദിഷ്ട ഫോറത്തില്‍ അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടതായുണ്ട്. ശരിയായ ഡോക്കുമെന്റ് സഹിതം പേപ്പറുകള്‍ ഫയല്‍ ചെയ്താല്‍ കുറ്റ വിമുക്തരായി ക്ലീന്‍ റിക്കോര്‍ഡു സഹിതം ജോലിയന്വേഷിക്കാനും തുടരാനും സാധിക്കും.

'എക്‌സ്പഞ്ച് ' (ലഃുൗിഴലാലി)േ അനുവദിച്ചു കിട്ടാന്‍ എത്രകാലം കാത്തിരിക്കേണ്ടി വരുമെന്ന് കൃത്യമായ ഒരുത്തരം പറയാന്‍ സാധിക്കില്ല. നീതിയുടെ ചക്രങ്ങള്‍ ചില സംസ്ഥാനങ്ങളില്‍ സാവധാനമേ നീങ്ങുകയുള്ളൂ. ചിലയിടങ്ങളില്‍ ആറേഴു മാസങ്ങള്‍കൊണ്ട് തീരുമാനങ്ങളാകും.
ഗ്രീന്‍ കാര്‍ഡ് ലഭിക്കാന്‍ തെറ്റായ ഡോക്കുമെന്റ് നല്‍കുകയോ തിരുത്തുകയോ ചെയ്താല്‍ ഗുരുതരമായ കുറ്റമായി കണക്കാക്കും. ഡോക്കുമെന്റ് തിരുത്തുകയെന്നത് ഒരുതരം വൈറ്റ് കോളര്‍ കുറ്റകൃത്യമായി കരുതുന്നു. സാധാരണ ഗതിയില്‍ ഡോക്കുമെന്റില്‍ കൃത്രിമത്വം കാണിക്കുന്നത് ടാക്‌സ് പേപ്പറുകളിലും വിസായ്ക്ക് വേണ്ടിയുള്ള ഇമ്മിഗ്രേഷന്‍ പേപ്പറുകളിലുമാണ്. ഫെഡറല്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട കുറ്റമാണെങ്കില്‍ ശിക്ഷകളുടെ കാലാവധിയും കൂടും. ഇരുപതു വര്‍ഷം വരെ ജയില്‍ ശിക്ഷയും ലഭിക്കാം. ഡോക്കുമെന്റുകളില്‍ കള്ളയൊപ്പിടുക, ബാങ്കിലെ കടം അടയ്ക്കാന്‍ നിവൃത്തിയില്ലാതെ പാപ്പരത്വം പ്രഖ്യാപിക്കുമ്പോള്‍ സ്വത്തുക്കള്‍ ഒളിച്ചു വെയ്ക്കുക, അന്വേഷണ ഉദ്യോഗസ്ഥന്മാരില്‍ നിന്നും വിവരങ്ങള്‍ ഒളിച്ചു വെയ്ക്കുക എന്നീ കുറ്റങ്ങളെല്ലാം അഞ്ചും പത്തും ഇരുപതും കൊല്ലങ്ങള്‍ വരെ ജയില്‍ ശിക്ഷ ലഭിക്കാവുന്നതാണ്.

നിയമത്തെപ്പറ്റിയുള്ള അറിവില്ലായ്മ കോടതികളില്‍ മാപ്പര്‍ഹിക്കുന്നില്ല. അത് െ്രെപമറി സ്‌കൂളിലെ സിവിക്ക് ക്ലാസുകളിലെ ആദ്യ പാഠവുമാണ്. ആയിരക്കണക്കിന് കുറ്റങ്ങള്‍ നിയമ പുസ്തകങ്ങളില്‍ ഉണ്ടെങ്കിലും ഭൂരിഭാഗം ജനങ്ങളും നിലവിലുള്ള നിയമങ്ങളെപ്പറ്റി ബോധവാന്മാരല്ലെന്നതും ഒരു വസ്തുതയാണ്. അമേരിക്കയിലെ അമ്പത് സംസ്ഥാനങ്ങളിലും വ്യത്യസ്ഥ രീതികളിലാണ് നിയമങ്ങളെ ക്രോഡീകരിച്ചിരിക്കുന്നത്. ഏകീകൃതമായ ഒരു നിയമം ഈ രാജ്യത്തിലില്ല. കൂടാതെ സിറ്റികളിലെയും കൌണ്ടികളിലെയും ജയില്‍ വാസം കിട്ടാവുന്ന പരസ്പര വിരുദ്ധങ്ങളായ നിയമങ്ങള്‍ വേറെയുമുണ്ട്. നിയമത്തെപ്പറ്റിയുള്ള അറിവില്ലായ്മ മാപ്പര്‍ഹിക്കുന്നില്ലെങ്കില്‍ അമേരിക്കയിലെ നൂറു ശതമാനം ജനതയും നിയമ പരിജ്ഞാനമുള്ളവരല്ലന്നുള്ളത് മറ്റൊരു സത്യവുമാണ്. 'ശരാശരി ഒരു അമേരിക്കന്‍ അറിഞ്ഞോ അറിയാതെയോ ദിനം പ്രതി മൂന്നു കുറ്റ കൃത്യങ്ങള്‍ ചെയ്യുന്നുണ്ടെന്നാണ്' പ്രസിദ്ധ നിയമജ്ഞനും ഗ്രന്ഥകാരനുമായ 'ഡോ. ഹാര്‍വെ സില്‍വര്‍ ഗേറ്റ്' അഭിപ്രായപ്പെട്ടിരിക്കുന്നത്.
കാത്തിരിക്കുന്ന ഗ്രീന്‍കാര്‍ഡും സംഭ്രാന്തിയും കുറെ പൊതു നിയമങ്ങളും
Join WhatsApp News
പാഷാണം വർക്കി 2015-03-15 08:14:30
വളരെ ഉപകാരപ്രദമായ ലേഖനം. ലേഖകൻ വിട്ടു പോയ ഒരു പ്രധാന നിയമം ഇവിടെ ഒര്മ്മിപ്പിക്കട്ടെ . അമേരിക്കൻ പൌരൻ ഒഷികെ മറ്റെല്ലാ വിദെഷിഷരും അവരവരുടെ "ലീഗൽ സ്റ്റാറ്റസ് "വക്തമാക്കുന്ന ഡോകുമെന്റ്സ് ഇപ്പോഴും കൊണ്ട് നടക്കണം If you are 18 or older, you do have to carry your green card with you. Section 264(e) of the Immigration and Nationality Act (I.N.A.) requires all lawful permanent residents (LPRs) to have “at all times” official evidence of LPR status. Failing to have your green card with you is a misdemeanor and if you are found guilty you can be fined up to $100 and put in jail for up to 30 days. (I.N.A. Section 264(e).) A copy is not good enough, because the law does not use the word “copy” or refer to “other evidence” of LPR status. Sometimes, people do not have their green card, but are already LPRs. For example, when somebody first arrives in the U.S. with an immigrant visa, they first receive an “I-551 stamp” in their passport. Weeks later, they receive the actual green card in the mail. നിഷ്കളങ്ങനായി പൊതു വഴിയെ നടന്ന മധ്യ വയസ്കന്റെ ബിരുദധാരിയായ മകൻ ഈ നിയമം അറിഞ്ഞിരിക്കെണ്ടതായിരുന്നു. Mindful, U.S. Immigration Agents(Border Patrol, ICE, HSI, CBP Agents can check your identity and detain if necessary anywhere in the continental United States ) Will you actually be stopped by immigration, prosecuted and fined or jailed for not having your original green card with you? It's unlikely. Like any other government agency, immigration authorities have limited resources and cannot spend precious government time and money on prosecuting people for not carrying their green card “at all times. നാട്ടിൽ നിന്നും വന്നിട്ടുള്ള , നമ്മുടെ എല്ലാ സഹോദരി സഹോദരന്മാരെയും ഈ നിയമം പറഞ്ഞു മനസിലാക്ക്ക.
Joseph Padannamakkel 2015-03-15 11:49:13
'പാഷാണം വർക്കി സാറിന്റെ' കമൻറ് കണ്ടപ്പോഴാണ് ഏതാണ്ട് 1976-ൽ നടന്ന ഒരു സംഭവം എന്റെ മനസ്സിൽ ഓർമ്മ വന്നത്. അന്ന് ഭൂരിഭാഗം മലയാളികളും പൗരത്വമുള്ളവരായിരുന്നില്ല. യോങ്കെഴ്സിൽ അക്കാലത്ത് മലയാളികൾക്കും മെക്സിക്കോക്കാർക്കും മിനിമം വേജിൽ തൊഴിൽ നല്കുന്ന ഒരു ഫാക്ടറി ഒർമ്മിക്കുന്നുണ്ട്. ഒരു സുപ്രഭാതത്തിൽ ആ ഫാക്റ്ററിയ്ക്കുള്ളിൽ പോലീസ് അനേകരുടെ കൈകളിൽ വിലങ്ങു വെച്ചതും വാർത്തയായിരുന്നു. വിലങ്ങു കിട്ടിയവരിൽ നാട്ടിൽനിന്നുള്ള ഒരു നിയമ ബിരുദധാരിയുൾപ്പടെ ഡസൻ കണക്കിന് മലയാളികളും ഉണ്ടായിരുന്നു. അവരിൽ ചിലർ വിശ്രമ ജീവിതത്തിൽ ഇന്നും ആ പരിസരങ്ങളിൽ തന്നെ താമസിക്കുന്നുണ്ട്. നിയമത്തിന്റെ ഗൌരവം മനസിലാക്കാതെ ഇതൊക്കെ അന്ന് മലയാളി സമൂഹത്തിന് ഒരു തമാശയായിരുന്നു. ഡോക്ടർ, നേഴ്സിംഗ് മുതലായ പ്രൊഫഷണൽ ജോലികൾക്ക് ശ്രമിക്കുമ്പോഴേ ഗൌരവമല്ലാത്ത ഈ കുറ്റ കൃത്യങ്ങൾ പ്രശ്നമാകുള്ളൂ. ഇങ്ങനെയുള്ള കേസുകൾ അതാത് സ്റ്റേറ്റുകളുടെ നിയമം അനുസരിച്ച് ' അഡ്മോണീഷ്' ചെയ്യുകയോ 'എക്സ് പഞ്ച്' ചെയ്യുകയോ ചെയ്യാം. കുറ്റകൃത്യങ്ങൾ ഫയലിൽ രഹസ്യമായി സൂക്ഷിക്കുന്നതിന് 'അഡ്മോണിഷ്മെന്റ്' (താക്കീത്) എന്നു പറയുന്നു. എങ്കിലും കുറ്റം ഫയലിൽ തന്നെ കിടക്കും. സർക്കാരൊഴികെ മറ്റാർക്കും വ്യക്തിപരമായ ഈ വിവരങ്ങൾ കണ്ടുപിടിക്കാൻ സാധിക്കില്ല. 'എക്സ് പഞ്ച്' ചെയ്യാൻ സാധിച്ചാൽ സ്ഥിരമായി ഈ റിക്കോർഡ് ഇല്ലാതായി ക്ലീനായി എന്തു ജോലിക്കും അപേക്ഷിക്കാം. ഈ നിയമങ്ങൾ ഓരോ സംസ്ഥാനങ്ങളിലും വ്യത്യസ്തമായി കാണുന്നു. നമ്മുടെയിടയിലുള്ള അറ്റോർണിമാർ എന്തുകൊണ്ട് ഇങ്ങനെയുള്ള പൌരനിയമങ്ങൾ മലയാളി സമൂഹത്തെ മനസിലാക്കാൻ മുമ്പോട്ടു വരാത്തതെന്നും മനസിലാകുന്നില്ല. സാധാരണക്കാരായവർ സാമാന്യ നിയമങ്ങളിൽ അജ്ഞരുമായിരിക്കും.
മൂഷികൻ 2015-03-15 13:50:21
എലി കടിച്ചാൽ ഭയങ്കര വിഷം ആണെന്ന് പാഷാണം വർക്കി അറിഞ്ഞിരിക്കുന്നത് നന്ന്!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക