Image

ബുദ്ധിമാന്‍മാര്‍ രാഷ്ട്രീയം വിട്ടാല്‍ അവര്‍ വിഢികളാല്‍ ഭരിക്കപ്പെടും (അനില്‍ പെണ്ണുക്കര)

Published on 15 March, 2015
ബുദ്ധിമാന്‍മാര്‍ രാഷ്ട്രീയം വിട്ടാല്‍ അവര്‍ വിഢികളാല്‍ ഭരിക്കപ്പെടും (അനില്‍ പെണ്ണുക്കര)
ഗ്രീക്ക്‌ ചിന്തകനായ പ്ലേറ്റോ ഒരിക്കല്‍ ഇങ്ങനെ പറഞ്ഞുവത്രേ ...ബുദ്ധിമാന്‍മാര്‍ രാഷ്ട്രീയം വിട്ടാല്‍ അവര്‍ വിഢികളാല്‍ ഭരിക്കപ്പെടും. കേരള നിയമസഭയിലെ നമ്മുടെ ജനപ്രതിനിധകളുടെ പ്രകടനം കണ്ടവര്‍ പ്ലേറ്റോ പറഞ്ഞത്‌ ശരിയെന്ന്‌ പറയും.എത്രയെത്ര മഹാരഥന്മാര്‍ ഇരുന്ന സഭയാണ്‌ നമ്മുടേത്‌. സര്‍വാദരണീയരായ നേതാക്കള്‍. വാക്കുകള്‍ മാത്രമല്ല കര്‍മ്മങ്ങളും ജീവിതം തന്നെയും പാഠമാണെന്ന്‌ ബോധ്യപ്പെടുത്തിയ മഹാരഥന്മാര്‍. ഭരണപക്ഷത്തെ മാനിയ്‌ക്കുന്ന പ്രതിപക്ഷവും പ്രതിപക്ഷത്തെ അംഗീകരിക്കുന്ന ഭരണപക്ഷവും. ഇത്തരം സംഭവങ്ങള്‍ ഇനിയും വരാനിരിക്കുന്നതേയുള്ളൂ ..കാണാന്‍ പോകുന്ന പൂരം പറഞ്ഞറിയിക്കണോ ..വരട്ടെ കാണാം.

മാണിയുടെ ബജറ്റ്‌ ബുള്ള റ്റുകള്‍ക്കിടയില്‍ മുങ്ങിപ്പോയി എങ്കിലും കേരളത്തിലെയും അയല്‍ സംസ്ഥാനങ്ങളിലെയും ബജറ്റുകളും ,അതിനു മുമ്പുള്ള സമൂഹവും പിന്‌പുള്ള സമൂഹത്തെയും നാം ഒന്ന്‌ നോക്കിക്കാണുന്നത്‌ നന്നായിരിക്കും.

രാജ ഭരണം അവസാനിപ്പിച്ചാണു നാം രാഷ്ട്രീയ ഭരണത്തിനു കീഴിലായത്‌. രാജഭരണത്തില്‍ നാം ആരോപിച്ച കുറവുകളും അധികാര ദുര്‍വിനിയോഗവും മാറ്റിയെടുത്തു ഒരു സമ്പൂര്‍ണ്ണ ജനാധിപത്യം ഉണ്ടാക്കാം എന്ന മോഹമാണ്‌ അതിനെതിരേ ശബ്ദിക്കാന്‍ നമ്മെ പ്രേരിപ്പിച്ചത്‌. എന്നാല്‍ ഓരോ സംസ്ഥാനത്തുനിന്നും ഇപ്പോള്‍ കേള്‍ക്കുന്ന വാര്‍ത്തകള്‍ നമ്മെ നിരാശരാക്കുകയും ഒരുപരിധിക്കപ്പുറം സങ്കടപ്പെടുത്തുകയും ചെയ്യുകയാണ്‌. ഇതിനേക്കാള്‍ ഭേദം രാജഭരണം തന്നെ ആയിരുന്നു എന്ന്‌ ഇന്നാരെങ്കിലും പറഞ്ഞാല്‍ അവരെ കുറ്റപ്പെടുത്താനാകില്ല.

കേരളത്തില്‍ ഈ അടുത്ത കാലത്തുണ്ടായതും എന്നാല്‍ ഇപ്പോള്‍ നാം വിസ്‌മരിചുപൊയതുമായ ചില കാര്യങ്ങള്‍ ഉണ്ട്‌.നാഷണല്‍ ഗെയിംസ്‌ ബാക്കിവച്ച ഒരു ദൃശ്യം കഴിഞ്ഞ ദിവസം ഒരു ചാനല്‍ പുറത്തുവിട്ടു. കൊച്ചി ഗെയിംസ്‌ വില്ലേജില്‍ വാങ്ങിക്കൂട്ടിയ ഫ്രിഡ്‌ജുകളും അലമാരകളും കിടക്കകളും മറ്റനവധി ഉപകരണങ്ങളും പൊടിപിടിച്ചു കിടക്കുന്നതായിരുന്നു. ഇത്‌ ഒരു അത്ഭുത സാഹസമായോ അന്യായമായോ സാധാരണക്കാര്‍ക്ക്‌ തോന്നാം. എന്നാല്‍ ഇത്‌ നാഷണല്‍ ഗെയിംസ്‌ രംഗത്ത്‌ മാത്രമല്ല രാജ്യത്തിന്റെ സമസ്‌ത മേഖലയിലും കണ്ടുകൊണ്ടിരിക്കുന്ന ഒരേ അസുഖത്തിന്റെ ഭാഗമാണ്‌. റയില്‍വേ സ്‌റ്റേഷനുകളുടെ പരിസരത്തും ട്രാക്കുകളുടെ അരികിലും വര്‍ഷങ്ങളായി, റയില്‍ ഉപകരണങ്ങള്‍ തുരുമ്പു പിടിച്ചു കിടക്കുന്നുണ്ട്‌. അവിടെ വര്‍ഷങ്ങളായി കമ്പികളും റയിലുകളും, ചല്ലിയും സിമന്റു ചാക്കുകള്‍ പോലും നരകിച്ചു കിടക്കുന്നതുകാണാം .പോസ്റ്റല്‍ ഡിപ്പാര്‍ട്ടുമെന്റിന്റെ ഗോഡൗണുകളില്‍ പരിശോധിച്ചാല്‍ പലയിടത്തും പലതരം വസ്‌തുവഹകളും ഇതുപോലെ വാങ്ങിച്ചുകൂട്ടിയതുകാണാം. എപ്പോള്‍ ചോദിച്ചാലും കേബിളില്ല എന്നും ഹോസുകള്‍ ഇല്ല എന്നും കണക്ടറുകള്‍ ഇല്ല എന്നുമൊക്കെ പറയുന്ന വാട്ടര്‍ അതോറിറ്റിയും ടെലിഫോണ്‍ അതോറിറ്റിയും വാങ്ങിക്കൂട്ടി വഴിയരികില്‍ ഇട്ടിരിക്കുന്ന കേബിളുകളും ഹോസുകളും ചത്തു മലച്ചു കിടക്കുന്നതും നാം വഴിയരികില്‍ കാണുന്നു. ഇതുപോലെ ട്രാന്‍സ്‌പോര്‍ട്ട്‌ കമ്പനിയും വിദ്യാഭ്യാസ സ്ഥാപനങ്ങളും പലതും വര്‍ഷാവര്‍ഷം വാങ്ങിച്ചുകൂട്ടി, നശിപ്പിച്ചു കളയുന്നുണ്ട്‌. ഗെയിംസ്‌ വില്ലേജില്‍ കണ്ട വിലപിടിപ്പുള്ള അലമാരകളേക്കാള്‍, ഫ്രിഡ്‌ജിനെക്കാള്‍ വിലകൂടിയ കംപ്യൂട്ടറുകളും കാമറകളും ടീവി സെറ്റുകളും, മറ്റ്‌ വിലപിടിപ്പുള്ള , ഇലക്ട്രോണിക്‌ ഉപകരണങ്ങളും വാങ്ങിക്കൂട്ടി നശിപ്പിച്ചുകൊണ്ടിരിക്കുന്ന കാഴ്‌ച്ച ഇന്ത്യയിലെ വിവിധ സര്‍ക്കാര്‍ ഡിപ്പാര്‍ട്ടുമെന്റുകളില്‍ കാണാം. ഇതിനുകാരണം നിലവിലുള്ള സാമ്പത്തിക നയത്തിന്റെ വൈകല്യമാണ്‌. വര്‍ഷത്തില്‍ രണ്ടു പ്രാവശ്യമായി സര്‍ക്കാര്‍ ഓരോ സ്ഥാപനത്തിനും അനുവദിക്കുന്ന ഫണ്ടില്‍ നിയതമായിട്ടുള്ള ഇപ്പോഴത്തെ നിയമം പണ്ടു ബ്രിട്ടീഷുകാര്‍ ഉണ്ടാക്കിയതാണ്‌. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അഴിമതി കാണിക്കാതിരിക്കാന്‍ ബ്രിട്ടീഷുകാര്‍ ഉണ്ടാക്കിയ നിയമത്തിലെ, 'ലൂപ്‌ ഹോള്‍' മറയായി ഉപയോഗിച്ച്‌ ആ നിയമങ്ങളെ വച്ചുതന്നെ കള്ളത്തരം കാട്ടുകയാണ്‌ ഉദ്യോഗസ്ഥര്‍. സര്‍ക്കാര്‍ ഉദ്യോഗസ്ഥ മേധാവികള്‍ അലസരാകാതിരിക്കാന്‍ വേണ്ടിയാണു അനുവദിക്കുന്ന ഫണ്ടു നിശ്ചിത സമയത്തിനകം ചെലവാക്കണം എന്ന നിബന്ധന ബ്രിട്ടീഷുകാര്‍ വച്ചത്‌. പക്ഷേ ഇന്നത്‌ ആവശ്യാനാവശ്യങ്ങള്‍ കണക്കിലെടുക്കാതെ ഫണ്ടു ചെലവാക്കാന്‍ വേണ്ടി ചെലവാക്കി , കള്ളക്കണക്കുകാണിക്കുന്ന വെറും യന്ത്ര സംവിധാനത്തിലേക്കു തരം താഴ്‌ന്നിരിക്കയാണ്‌. അതുപോലെ സ്വജന പക്ഷപാതം കാണിക്കാതിരിക്കാനും ന്യായവിലയില്‍ ഏറ്റവും നല്ല സാധനം കിട്ടാനുമുള്ള സംവിധാനത്തിനാണ്‌ ബ്രിട്ടീഷുകാര്‍ ക്വട്ടേഷന്‍ സംവിധാനം ഏര്‍പ്പെടുത്തിയത്‌. എന്നാല്‍ സ്വാതന്ത്ര്യാനന്തര ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍, ആ ക്വട്ടേഷന്‍ സമ്പ്രദായത്തെ സമര്‍ഥമായി ഉപയോഗിച്ച്‌ ചൂഷണം ചെയ്യുന്നു. മൂന്നോ അതിലധികമോ കമ്പനികളില്‍ നിന്ന്‌ ക്വട്ടേഷന്‍ വാങ്ങി ഏറ്റവും നല്ല കമ്പനിയുടെ ഏറ്റവും നല്ല സാധനം ന്യായ വിലയ്‌ക്ക്‌ വാങ്ങുന്നതിനു പകരം ഒരു കടയില്‍ ചെന്ന്‌ വ്യത്യസ്‌ത കമ്പനികളുടെ ക്വട്ടേഷന്‍ നിര്‍മ്മിച്ചെടുത്തു ഏറ്റവും മോശം സാധനം ഏറ്റവും വലിയ വില ക്വോട്ട്‌ ചെയ്‌തു സര്‍ക്കാരിനെ ചതിക്കുന്നു. ഇപ്പോഴും ഒന്നര ലക്ഷത്തിനും രണ്ടു ലക്ഷത്തിനുമൊക്കെ ഒരു കംപ്യൂട്ടര്‍ വാങ്ങുന്ന സര്‍ക്കാര്‍ സ്ഥാപനം ഉണ്ടെന്നുകേട്ട്‌ നാം ഞെട്ടിയിട്ടു കാര്യമില്ല . അനുവദിച്ച ഫണ്ടു ലാപ്‌സാകുന്നതു ഇന്നും ( ഈ സാമ്പത്തിക സ്ഥിതിയിലും) മോശമായി കാണുന്നതു ഇന്ത്യ എന്ന രാജ്യം മാത്രമാണ്‌. അതുപോലെ ആവശ്യാനാവശ്യങ്ങള്‍ കൃത്യമായി ഗണിക്കാതെ ഫണ്ട്‌ ആവശ്യപ്പെടുന്നതും അനുവദിക്കുന്നതും ഇന്ത്യയില്‍ മാത്രമാണ്‌. ഇതൊന്നും ഒരു സര്‍ക്കാരിന്റെ ദോഷമല്ല. മറിച്ചു, മാറ്റങ്ങള്‍ക്കും കാര്യക്ഷമതയ്‌ക്കും വേണ്ടി നല്ല ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ ശ്രമിക്കാതായിരിക്കുന്നു. അങ്ങിനെ ശ്രമിച്ചാല്‍ അയാള്‍ ആ ഓഫിസില്‍ ഒറ്റപ്പെടുന്നതു അയാള്‍ സഹിക്കും. പക്ഷേ, തുടര്‍ന്നു അയാള്‍ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളും ഭീഷണികളും അനന്തമായി നീളുകയാണ്‌. നല്ല സാമ്പത്തിക ഉപദേഷ്ടാക്കള്‍ നാട്ടില്‍ ഇല്ലാത്തതുകൊണ്ടല്ല, ഇതൊക്കെ സംഭവിക്കുന്നത്‌. നന്നാവാന്‍ പാര്‍ട്ടിക്കാര്‍ സമ്മതിക്കില്ല. ഇവിടുത്തെ ഇടതും വലതും മത്സരിച്ചു നടത്തുന്ന ഒരേ ഒരു കായിക കല, സര്‍ക്കാര്‍ ഫണ്ട്‌ എങ്ങിനെ കുളം തോണ്ടാം എന്നതു മാത്രമാണ്‌. വലതു ഭരിച്ചാലും ഇടതു ഭരിച്ചാലും, ഓഫിസുകളില്‍ കാര്യങ്ങള്‍ നിശ്ചയിക്കുന്നത്‌ അതാത്‌ തൊഴിലാളി യൂനിയനുകളാണ്‌. അവരാണ്‌ ഇതെല്ലാം ഇങ്ങിനെയൊക്കെ മതി എന്ന്‌ നിശ്ചയിക്കുന്നതും. സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക്‌ ഫണ്ടു നിശ്ചയിക്കുന്നതും അനുവദിക്കുന്നതും ചെലവാക്കുന്നതും എങ്ങിനെ വേണമെന്നു പുതിയ ഒരു കമ്മീഷനെ നിയമിച്ചു പഠിക്കേണ്ടതില്ല. എല്ലാ ഓഫീസിലേയും സത്യസന്ധരായ ഓഫീസര്‍മാരെ പ്രോത്സാഹിപ്പിക്കുകയും കള്ളന്മാരെ പിരിച്ചുവിടുകയും ചെയ്യുന്ന ഒരു നയം കൊണ്ടുവന്നാല്‍ മാത്രം മതി, തൊഴിലാളികള്‍ കമ്പനിയെയും രാജ്യത്തെയും നശിപ്പിക്കും എന്ന്‌ കണ്ടാല്‍, അവരെ പിരിച്ചയക്കാനും സര്‍ക്കാര്‍ മുതല്‍ മോഷ്ടിക്കുന്നവരെ ജയിലിലാക്കാനും നമുക്ക്‌ നിയമം ഉണ്ട്‌. അത്‌ പ്രയോഗിച്ചാല്‍ മാത്രം മതി. സ്വകാര്യ സ്ഥാപനങ്ങളില്‍ എന്തുകൊണ്ട്‌ ഇത്തരം ദുര്‍വ്യയം നടക്കുന്നില്ല എന്ന്‌ പരിശോധിച്ചാല്‍ തന്നെ ഇതെങ്ങിനെ തടയാമെന്നതിനുള്ള ഉത്തരമായി.

ഈ പറഞ്ഞതൊക്കെ അറിയാവുന്ന ഏമാന്‍ മാരാണ്‌ മോഡിമുതല്‍ ഉമ്മച്ചന്‍ വരെ ഉള്ളവര്‍ ..ഈ കിടക്കുന്ന ഓരോ വേസ്റ്റും ഓരോ ബജറ്റിന്റെ ഭാഗമാണ്‌ ..ഓരോ നേതാക്കന്മാരും ഉദ്യോഗസ്ഥരും ചവച്ചു തുപ്പിയതിന്റെ ബാക്കി..അത്‌ അവിടെ കിടക്കും..വീണ്ടും പുതിയത്‌ വരും ..അതും നശിക്കും ..അങ്ങനെ പോകും ഇന്ത്യന്‍ ജനാധിപത്യം .....

ലോകാ സമസ്‌ത സുഘിനൊ ഭവന്തു ....
ബുദ്ധിമാന്‍മാര്‍ രാഷ്ട്രീയം വിട്ടാല്‍ അവര്‍ വിഢികളാല്‍ ഭരിക്കപ്പെടും (അനില്‍ പെണ്ണുക്കര)
Join WhatsApp News
Ninan Mathullah 2015-03-15 16:00:30
I am a little ashamed to admit that the religious leaders everywhere have brainwashed people to think that politics is corrupt and so they need to stay out of it. The advantage was for the religious leaders as they were the center of attention or got all the recognition and  prestige in gatherings as there were no politicians to share it with.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക