Image

അഞ്ച് പ്രതിപക്ഷ എം.എല്‍.എ.മാരെ സസ്‌പെന്‍ഡ് ചെയ്തു

Published on 16 March, 2015
അഞ്ച് പ്രതിപക്ഷ എം.എല്‍.എ.മാരെ സസ്‌പെന്‍ഡ് ചെയ്തു
തിരുവനന്തപുരം: ബജറ്റ് ദിവസം നിയമസഭയില്‍ അക്രമത്തിന് നേതൃത്വം നല്‍കിയ അഞ്ച് പ്രതിപക്ഷ എം.എല്‍.എ.മാരെ എന്നിവരെ ഈ സമ്മേളന കാലത്തേക്ക് സസ്പെന്‍ഡ് ചെയ്തു.  കെ. കുഞ്ഞഹമ്മദ് മാസ്റ്റര്‍, ഇ.പി ജയരാജന്‍, കെ അജിത്, കെ.ടി ജലീല്‍, വി.ശിവന്‍കുട്ടി എന്നിവരെയാണ് പുറത്താക്കിയത്.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് സസ്‌പെന്‍ഷന്‍ പ്രമേയം അവതരിപ്പിച്ചത്. മലയാളികള്‍ക്കെല്ലാം നാണക്കേടായ സംഭവത്തില്‍ ഉത്തരവാദികളായവര്‍ക്കെതിരെ വളരെ വിഷമത്തോടെയാണ് നടപടിയെടുക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഭരണപക്ഷത്തെ ഒരു എം.എല്‍.എ. പോലും സ്പീക്കറുടെ വേദിയില്‍ കയറിയില്ലെന്ന് മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. അവരുടെ സീറ്റിനടുത്തെത്തിയാണ് പ്രതിപക്ഷ എം.എല്‍.എ.മാര്‍ അവരെ ഉപദ്രവിച്ചത്. എല്ലാം ലോകം മുഴുവന്‍ കണ്ടകാര്യങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
സ്പീക്കറുടെ ഡയസിലെ മേശയില്‍ കയറുക, കസേര വലിച്ചെറിയുക, മൈക്ക്, കമ്പ്യൂട്ടര്‍, ഹെഡ് ഫോണ്‍, മറ്റ് സാമഗ്രികള്‍ എന്നിവ തകര്‍ക്കുക എന്നീ കുറ്റങ്ങളാണ് ഇടതു എം.എല്‍.എമാര്‍ക്കെതിരായ നടപടിക്ക് വഴിവെച്ചത്.

സര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷവിമര്‍ശം നടത്തിയ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ഭരണപക്ഷത്തിനും സ്പീക്കര്‍ക്കുമെതിരെ ആഞ്ഞടിച്ചു. ഏകപക്ഷീയമായ നടപടി അംഗീകരിക്കില്ളെന്ന് വി.എസ് പറഞ്ഞു. കോണ്‍ഗ്രസിന്‍െറ ദുശ്ശാസനന്മാര്‍ ലൈംഗിക ഉദ്ദേശ്യത്തോടു കൂടി ചെയ്ത കാര്യത്തെപ്പറ്റി മുഖ്യമന്ത്രി ഒന്നും പറഞ്ഞില്ല. വനിതാ അംഗങ്ങള്‍ അപമാനിക്കപ്പെട്ടത് മുഖ്യമന്ത്രിക്ക് പ്രശ്നമില്ല. സഭക്കുള്ളില്‍ വനിത എം.എല്‍.എമാരെ അപമാനിച്ചവര്‍ക്കെതിരെ എന്തുകൊണ്ട് നടപടിയെടുത്തില്ളെന്നും അദ്ദേഹം ചോദിച്ചു.

വനിതാ അംഗങ്ങളെ ലൈംഗികമായും മാനസികമായും പീഡിപ്പിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ നടപടി സ്വീകരിച്ചില്ളെന്നും വിഷാദരോഗം ബാധിച്ച ഞരമ്പുരോഗികളെ പോലെയാണ് ഭരണപക്ഷ എം.എല്‍.എമാരുടെ പെരുമാറ്റമെന്നും വി.എസ് ആരോപിച്ചു. ഭരണപക്ഷ എം.എല്‍.എമാര്‍ക്ക് ചികിത്സ നല്‍കണം. അല്ളെങ്കില്‍ വനിതാ അംഗങ്ങള്‍ക്ക് സഭയില്‍ വന്നു പോവാന്‍ കഴിയില്ളെന്നും വി.എസ് ചൂണ്ടിക്കാട്ടി.

കുട്ടീം കോലും കളിക്കുന്നതു പോലെയാണോ ബജറ്റ്. ആംഗ്യം കാണിച്ചാല്‍ ബജറ്റാകുമോ? കെ.എം മാണിയുടെയും ഉമ്മന്‍ചാണ്ടിയുടെയും പ്രവര്‍ത്തനങ്ങളെ പിന്തുണക്കുകയാണ് സ്പീക്കര്‍ ചെയ്തത്. ഈ സ്പീക്കര്‍ സഭക്ക് തന്നെ അപമാനകരമാണെന്നും വി.എസ് വ്യക്തമാക്കി. ജി. കാര്‍ത്തികേയന്‍െറ ദു:ഖാചരണ സമയത്ത് ഭരണപക്ഷം ലഡു വിതരണം നടത്തിയെന്നും വി.എസ് ആരോപിച്ചു. തുടര്‍ന്നു സഭയില്‍ നിന്നു പ്രതിപക്ഷം പുറത്തേക്കു പോയി.

ബജറ്റ് അവതരണവേളയിലുണ്ടായ അനിഷ്ട സംഭവങ്ങളെകുറിച്ച് നിയമസഭയില്‍ സ്പീക്കര്‍ എന്‍. ശക്തന്‍ പ്രത്യേക പ്രസ്താവന നടത്തി. നിയമസഭക്കുള്ളില്‍ നടന്ന സംഭവ വികാസങ്ങള്‍ ലോകത്തിന് മുമ്പില്‍ സംസ്ഥാനത്തിന് തലകുനിക്കേണ്ട അവസ്ഥയുണ്ടാക്കിയെന്ന് സ്പീക്കര്‍ പറഞ്ഞു. വലിയ നാണക്കേടാണ് ഉണ്ടായത്. ഇത് തീരാകളങ്കമാണെന്നും സ്പീക്കര്‍ വ്യക്തമാക്കി.

ഡയസില്‍ ചാടി കയറി സാമഗ്രികള്‍ തകര്‍ത്തു തരിപ്പണമാക്കിയത് നമ്മുടെ സംസ്കാരത്തിനേറ്റ വലിയ തിരിച്ചടിയാണ്. ഇത്തരം സംഭവങ്ങള്‍ രാജ്യത്തെ മറ്റ് ഒരു നിയമസഭയിലും ഉണ്ടായതായി അറിയില്ല. ബജറ്റ് ദിനങ്ങളിലെ സംഭവങ്ങളില്‍ ജനങ്ങളോട് മാപ്പു പറയണമെന്നും ചട്ടം 15 പ്രകാരം നടത്തിയ പ്രസ്താവനയില്‍ സ്പീക്കര്‍ ആവശ്യപ്പെട്ടു.


Join WhatsApp News
jep 2015-03-16 04:37:05

കപട മാന്യ തയും ,മരിയാദയും കാണിച്ചു ,അതിനെക്കാൾ ഗുരുതരമായ അഴിമതിയും മറ്റും മറച്ചുവക്കാനും നിസ്സാരവൽകരിക്കാനും നടത്തുന്ന കുത്സിത പ്രവർത്തനങ്ങൾ ഗൌരവമായീ  കാണണം .ശ്രദ്ധിക്കേണ്ടകാരിയം, ആരോപണ വിധേയർ തന്നേ ആണ് ഇതിനു മുൻപിൽ നില്ക്കുന്നത് എന്നതാണ് .

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക