Image

1000 പേര്‍ക്ക് കടിയേറ്റു. നഗരം തെരുവ് നായ്ക്കളുടെ പിടിയില്‍

ബഷീര്‍ അഹമ്മദ്‌ Published on 21 March, 2015
1000 പേര്‍ക്ക് കടിയേറ്റു. നഗരം തെരുവ് നായ്ക്കളുടെ പിടിയില്‍
കോഴിക്കോട്  നഗരവും ഗ്രാമവും തെരുവ്‌നായ്ക്കളുടെ വിളയാട്ട കേന്ദ്രമായി മാറിയിരിക്കയാണ്. എവിടെ തിരിഞ്ഞൊന്ന് നോക്കിയാലും അവിടക്കെ തെരുനായ്ക്കള്‍ എന്ന അവസ്ഥയാണ്.
തെരുവു നായ്ക്കളുടെ അക്രമണത്തിന് ഏറ്റവും വിധേയരാകുന്നവര്‍ രാവിലെ നടക്കാനിറങ്ങുന്നവരും, കാലത്ത് ടൂഷന് വേണ്ടി പോകുന്ന വിദ്യാര്‍ത്ഥികളുമാണ്. പുലര്‍ച്ചെ പത്രവിതരണത്തിനു പോകുന്ന കുട്ടികളെ പിന്‍തുടര്‍ന്ന് ആക്രമിച്ചസംഭവവും കഴിഞ്ഞ ദിവസങ്ങളിലായി  റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ശുചിത്വത്തിനു അവാര്‍ഡ് നേടിയ കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ പലയിടത്തും അറവുമാലിന്യങ്ങളും, വീടുകളില്‍ നിന്നും പൊതു സ്ഥലങ്ങളില്‍ കളയുന്ന മാലിന്യങ്ങളും കുമിഞ്ഞുകൂടുന്നുണ്ട്. അത് ഭക്ഷിച്ചാണ് നായ്ക്കളുടെ സുഗമായ വിഹാരം, പലയിടങ്ങളിലും പുറത്തേക്ക് കളയുന്ന മാലിന്യത്തില്‍ ഭക്ഷണ അവശിഷ്ടവും കാണും. ഇതുതിന്നാണ് നായ്ക്കള്‍ പെറ്റ് പെരുകി കാല്‍ നടക്കാര്‍ക്കും ഇരു ചക്രവാഹന യാത്രക്കാര്‍ക്കും ഭീഷണിയായി മാറുന്നത്.
രാത്രി ജോലി കഴിഞ്ഞ് ഇടവഴികള്‍ താണ്ടി വീട്ടില്‍ എത്തേണ്ടവര്‍ നായ്ക്കളുടെ അക്രമണം ഭയന്ന് പലയിടത്തും വലിയ വടികള്‍ സൂക്ഷിച്ചിരിക്കയാണ്. ഇത് കയ്യിലുള്ളതുകൊണ്ടാണ്  തെരുവുനായ്ക്കളുടെ കടി കൂടാതെ വീട്ടില്‍ എത്താന്‍ കഴിയുന്നത്. പക്ഷേ നായ്ക്കളുടെ കൂട്ടം ചേര്‍ന്നുള്ള അക്രമത്തില്‍ നിന്നും രക്ഷനേടാന്‍ പലപ്പോഴും ആളുകള്‍ക്ക് കഴിയാതെ വരുന്നു. ജീവന്‍ കയ്യില്‍ പിടിച്ചാണ് ഇടവഴികള്‍ താണ്ടിയുള്ള കാല്‍ നടയാത്ര. കോര്‍പ്പറേഷന്‍ ഓഫീസിനു മുന്‍പിലും പരിസരത്തും കോഴിക്കോട് കടപ്പുറത്തും നായ്ക്കളുടെ സൗര്യവിഹാരം ഇവിടെ എത്തുന്നവര്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. കഴിഞ്ഞ ദിവസം കോര്‍പ്പറേഷന്‍ ഓഫീസില്‍ എത്തിയ സ്ത്രീയെ പട്ടി ആക്രമിച്ച സംഭവമുണ്ടായി. ലക്ഷങ്ങള്‍ ചിലവിട്ടാണ് പട്ടിപിടുത്തത്തിന് പരിശീലനം നല്‍കിയതെങ്കിലും കോര്‍പ്പറേഷന്റെ അനാസ്തയും ചില സാങ്കേതിക തടസവും കാരണം ഇപ്പോള്‍ പട്ടി പിടുത്തതിനു പോകാന്‍ കഴിയാത്ത അവസ്ഥയാണ്.

തെരുവു നായ്ക്കളെ പിടിക്കാന്‍ പരിശീലനം ലഭിച്ച എട്ട് എബിഎസ് പ്രവര്‍ത്തകരാണ് കോര്‍പ്പറേഷനു കീഴില്‍ പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ വര്‍ഷം നായ്ക്കളുടെ കടിയേറ്റ് ബീച്ച് ഹോസ്പിറ്റലില്‍ ചികിത്സയ്‌ക്കെത്തിയത് 4164 പേരാണ്. ഈ വര്‍ഷം ജനുവരി തൊട്ട് മാര്‍ച്ച് പകുതിവരെ എത്തിയവരുടെ കണക്ക് ഞെട്ടിക്കും വിധമാണ്. ആയിരം കഴിഞ്ഞിരിക്കയാണ്. ആശുപത്രികളില്‍ ചികിത്സ തേടി എത്താത്തവരുടെ കണക്കുകള്‍ എത്രയോ കൂടുതലാണ്.
നായ്ക്കളുടെ കടിയേറ്റ് ആശുപത്രിയിലെത്തുന്നവരില്‍ ഏറെ കുട്ടികളും സ്ത്രീകളുമാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

നായ്ക്കളുടെ കടിയേറ്റാല്‍ നല്‍കുന്ന ആന്റി. റാബീസ് വാകിസിനായ ഇമ്യൂണോ ഗ്ലോബുലിന്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ വേണ്ടത്ര ലഭ്യമല്ലാത്ത അവസ്ഥ കടിയേറ്റ് എത്തുന്നവരെ ഏറെ ഭയപ്പെടുന്നുണ്ട്.

മാര്‍ച്ച് 22 തൊട്ട് അലഞ്ഞ് തിരഞ്ഞ് നടക്കുന്ന നായ്ക്കളെ പിടികൂടി വന്ധ്യകരണം നടത്തുന്ന പ്രക്രിയക്ക് തുടക്കം കുറിക്കുമെന്ന് കോര്‍പ്പറേഷന്‍ കുറിപ്പില്‍ പറയുന്നു. വന്ധ്യംകരിച്ചാലും നായ്ക്കളുടെ കടിയും ആക്രമണവും എങ്ങിനെ ഇല്ലാതാക്കാന്‍ കഴിയുമെന്നാണ് ജനങ്ങള്‍ ചോദിക്കുന്നത്. ഉത്തരമില്ലാതെ കോര്‍പ്പറേഷന്‍ അധികൃതരും.

റിപ്പോര്‍ട്ട്-ഫോട്ടോ: ബഷീര്‍ അഹമ്മദ്‌

1000 പേര്‍ക്ക് കടിയേറ്റു. നഗരം തെരുവ് നായ്ക്കളുടെ പിടിയില്‍1000 പേര്‍ക്ക് കടിയേറ്റു. നഗരം തെരുവ് നായ്ക്കളുടെ പിടിയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക