Image

ലോക്‌പാല്‍ ബില്‍: ഹസ്സാരെ സമരം അവസാനിപ്പിച്ചു

Published on 28 December, 2011
ലോക്‌പാല്‍ ബില്‍: ഹസ്സാരെ സമരം അവസാനിപ്പിച്ചു
മുംബൈ: ശക്‌തമായ ലോക്‌പാല്‍ ബില്ലിനായി മുംബൈയില്‍ നടത്തിവന്ന സമരം അണ്ണാ ഹസ്സാരെ പിന്‍വലിച്ചു. നാളെ രാജ്യ വ്യാപകമായി നടത്താനിരുന്ന ജയില്‍നിറക്കല്‍ സമരവും വേണ്ടെന്നുവെച്ചു. സമരത്തിന്‌ പ്രതീക്ഷിച്ചപോലെ ജനപിന്തുണ ലഭിക്കാതിരുന്നതും ഹസാരെയുടെ ആരോഗ്യസ്ഥിതിയും പിന്‍മാറ്റത്തിന്‌ കാരണമായി റിപ്പോര്‍ട്ടുണ്ട്‌.

ബില്ല്‌ നടപ്പാക്കുന്നതില്‍ പരാജയപ്പെട്ട രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കെതിരെ നിയമസഭാ തെരഞ്ഞെടുപ്പ്‌ നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളില്‍ പ്രചാരണത്തിനിറങ്ങുമെന്ന്‌ നിരാഹാരസമരം അവസാനിപ്പിച്ചുകൊണ്‌ട്‌ ഹസാരെ പറഞ്ഞു. ചതിയന്‍മാര്‍ക്ക്‌ വോട്ട്‌ ചെയ്യരുതെന്ന്‌ ജനങ്ങളോട്‌ ആവശ്യപ്പെടുമെന്ന്‌ അദ്ദേഹം വ്യക്തമാക്കി.

പനി 102 ഡിഗ്രിയിലെത്തിയിരുന്നു. രക്‌തസമ്മര്‍ദവും ഉയര്‍ന്നു. ഈ നിലയില്‍ നിരാഹാരം തുടര്‍ന്നാല്‍ വൃക്കയുടെ പ്രവര്‍ത്തനം നിലയ്‌ക്കുമെന്ന്‌ ഇന്ന്‌ അദ്ദേഹത്തെ പരിശോധിച്ച ഡോക്‌ടര്‍മാര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു.

അപ്രതീക്ഷിതമായാണ്‌ ഹസാരെ സമരം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്‌. ഇതോടെ സംഘാടകരിലെ പലര്‍ക്കും ആശയകുഴപ്പമായി. പത്രപ്രവര്‍ത്തകരുടെ ചോദ്യശരങ്ങള്‍ക്കു മുന്നില്‍ ഹസാരെ സംഘത്തിന്‌ പിടിച്ചുനില്‍ക്കാനായില്ല. ലോക്‌സഭയില്‍ തനിനിറംകാട്ടിയ ബി.ജെ.പിയെ മാറ്റിനിര്‍ത്തി എന്തുകൊണ്ട്‌ കോണ്‍ഗ്രസിനെ ലക്ഷ്യംവെക്കുന്നു എന്ന ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക്‌ വ്യക്തമായ മറുപടി നല്‍കാന്‍ കെജ്രിവാളിന്‌ കഴിഞ്ഞില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക