Image

ഒബാമയും ഹിലരിയും തന്നെ ആരാധ്യര്‍ (അങ്കിള്‍സാം)

Published on 28 December, 2011
ഒബാമയും ഹിലരിയും തന്നെ ആരാധ്യര്‍ (അങ്കിള്‍സാം)
ന്യൂയോര്‍ക്ക്: യുഎസില്‍ ഏറ്റവും കൂടുതല്‍ ആരാധിക്കപ്പെടുന്ന വ്യക്തിത്വങ്ങളില്‍ യുഎസ് പ്രസിഡന്റ് ബറാക് ഒബാമയും വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റണും തന്നെ വീണ്ടും ഒന്നാമതെത്തി. തുടര്‍ച്ചയായ നാലാം വര്‍ഷമാണ് ഒബാമ ഈ അംഗീകാരം നേടുന്നതെങ്കില്‍ ഹിലരി ഇത് പത്താം തവണയാണ് ഈ അംഗീകാരം സ്വന്തമാക്കുന്നത്.

ആരാധ്യപുരുഷന്‍മാരുടെ പട്ടികയില്‍ മുന്‍ പ്രസിഡന്റുമാരായ ജോര്‍ജ് ബുഷ്, ബില്‍ ക്ലിന്റണ്‍, ബില്ലി ഗ്രഹാം, വാറന്‍ ബഫറ്റ് എന്നിവര്‍ ഇടംപിടിച്ചപ്പോള്‍ ഓപ്ര വിന്‍ഫ്രി, മിഷേല്‍ ഒബാമ, സാറാ പാലിന്‍, കോണ്ടലീസ് റൈസ് എന്നിവരാണ് ആരാധ്യ വനിതകളുടെ ആദ്യ അഞ്ചുപേരില്‍ ഹിലരിക്കു പുറമെ ഇടം നേടിയത്. യുഎസ്എ ടുഡേ/ഗാലപ് പോള്‍ ആണ് സര്‍വെ നടത്തിയത്. ഡിസംബര്‍ 15 മുതല്‍ 18വരെ 1,019 യുഎസ് പൗരന്‍മാരെ പങ്കെടുപ്പിച്ചാണ് സര്‍വെ നടത്തിയത്.

പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ഗിംഗ്‌റിച്ചിന്റെ ജനപ്രീതി കുറയുന്നു

ന്യൂയോര്‍ക്ക്: പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയാവാനുള്ള പോരാട്ടത്തില്‍ മുന്‍നിരയിലുണ്ടായിരുന്ന ന്യൂട്ട് ഗിംഗ്‌റിച്ചിന്റെ ജനപ്രീതി കുറയുന്നുവെന്ന് റിപ്പോര്‍ട്ട്. ഇയോവയില്‍ നടത്തിയ സര്‍വെയില്‍ ഗിംഗ്‌റിച്ച് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഒരാഴ്ച മുമ്പ് ഇയോവയില്‍ 22 ശതമാനം വോട്ടര്‍മാരുടെ പിന്തുണയുണ്ടായിരുന്ന ഗിംഗ്‌റിച്ചിനിപ്പോള്‍ 14 ശതമാനം പേരുടെ പിന്തുണ മാത്രമാണുള്ളതെന്ന് പുതിയ സര്‍വെ പറയുന്നു. രണ്ടാഴ്ച മുമ്പ് 27 ശതമാനം റിപ്പബ്ലിക്കന്‍ വോട്ടര്‍മാരുടെ പിന്തുണയുമായി ഗിംഗ്‌റിച്ച് ഒന്നാം സ്ഥാനത്തായിരുന്നു. 23 ശതമാനം പിന്തുണയുമായി റോണ്‍ പോള്‍ ഒന്നാമതെത്തിയപ്പോള്‍ ദേശീയതലത്തില്‍ ഗിംഗ്‌റിച്ചിന്റെ ഏറ്റവും വലിയ എതിരാളിയായ മിറ്റ് റോംനി 20 ശതമാനം പിന്തുണയുമായി രണ്ടാം സ്ഥാനത്തുണ്ട്. ഡിസംബര്‍ 16 മുതല്‍ 18വരെ 600 പേരെ പങ്കെടുപ്പിച്ചാണ് സര്‍വെ നടത്തിയത്.

കറന്‍സി കൃത്രിമം: ചൈനയെവിട്ട് യുഎസ് ജപ്പാനെതിരേ

വാഷിംഗ്ടണ്‍:കറന്‍സി കൃത്രിമത്തില്‍ ചൈനയ്‌ക്കെതിരെയുള്ള ആരോപണം യുഎസ് തിരുത്തുന്നു. പകരം ജപ്പാനെതിരേ രംഗത്ത്. ചൈനീസ് കറന്‍സി യുവാനെ മൂല്യത്തകര്‍ച്ചയില്‍ നിന്നു രക്ഷിക്കാന്‍ അന്താരാഷ്ട്ര കറന്‍സി വിപണിയില്‍ കൃത്രിമം നടത്തുന്നുവെന്നായിരുന്നു ആരോപണം. ഇതു മറ്റു രാജ്യങ്ങള്‍ക്കു തിരിച്ചടിയായെന്നും യുഎസ്. എന്നാല്‍ ഈ ആരോപണങ്ങളില്‍ നിന്നു പിന്‍വാങ്ങിയ യുഎസ് ജപ്പാനെതിരേ തിരിഞ്ഞിരിക്കുകയാണ്. "യെന്നി'ന്റെ മൂല്യമിടിയാതിരിക്കാന്‍ വിപണിയില്‍ ഇടപെട്ട ജപ്പാനെ യുഎസ് ശാസിച്ചു. അതേസമയം ഇത്തരം ഇടപെടലുകള്‍ നടത്താന്‍ തെക്കന്‍ കൊറിയയോട് ആവശ്യപ്പെടുകയും ചെയ്തു.

എന്നാല്‍ ചില യുഎസ് സെനറ്റംഗങ്ങള്‍ ചൈനയ്ക്കു സമ്പൂര്‍ണ ക്ലീന്‍ ചിറ്റ് നല്‍കുന്നതിനെ ഇപ്പോഴും എതിര്‍ക്കുകയാണ്. ചൈനയ്ക്കു മതിയായ ശിക്ഷ നല്‍കണമെന്നു പ്രസിഡന്റ് ബരാക് ഒബാമയോട് അവര്‍ ആവശ്യപ്പെട്ടു. എക്‌സ്‌ചേഞ്ച് റേറ്റ് പരിഷ്കാരങ്ങള്‍ക്കു ചൈന വേഗത കൂട്ടണമെന്നും യുഎസ് ആവശ്യപ്പെട്ടു.

യുഎസില്‍ സാന്റാ വേഷധാരി ആറു ബന്ധുക്കളെ കൊന്നു ജീവനൊടുക്കി

ന്യൂയോര്‍ക്ക്: സാന്റാക്ലോസിന്റെ വേഷം ധരിച്ചിരുന്ന ആള്‍ ബന്ധുക്കളായ ആറുപേരെ വെടിവച്ചു കൊന്നശേഷം സ്വയം നിറയൊഴിച്ചു മരിച്ചു. ടെക്‌സസ് സംസ്ഥാനത്തു ലിങ്കണ്‍ വീന്‍യാര്‍ഡിലെ ഒരു അപ്പാര്‍ട്‌മെന്റിലാണു സംഭവം. കുടുംബം ക്രിസ്മസ് സമ്മാനപ്പൊതികള്‍ തുറക്കുന്ന സമയത്തായിരുന്നു വെടിവയ്പ്. അക്രമിയെ കൂടാതെ മൂന്നു പുരുഷന്മാരും മൂന്നു സ്ത്രീകളുമാണു കൊല്ലപ്പെട്ടത്.

വെടിവച്ചയാളും കൊല്ലപ്പെട്ടവരും ബന്ധുക്കളാണെന്നല്ലാതെ വിശദവിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടില്ല. കൊലപാതകത്തിനു പ്രകോപനമെന്താണെന്നും വ്യക്തമായിട്ടില്ല. ഇവരുടെ കുടുംബവിവരങ്ങള്‍ പൊലീസ് പരിശോധിക്കുകയാണ്. കൊല്ലപ്പെട്ടവര്‍ 18നും 60നും മധ്യേ പ്രായമുള്ളവരാണ്.

ടാര്‍സന്‍ സിനിമയിലൂടെ താരമായ ചിമ്പാന്‍സി അന്തരിച്ചു

ഫ്‌ളോറിഡ: ടാര്‍സന്‍ സിനിമകളിലൂടെ പ്രേഷകരുടെ പ്രിയ കഥാപാത്രമായി മാറിയ ചിമ്പാന്‍സി ഫ്‌ളോറിഡയിലെ പാം ഹാര്‍ബറിലുള്ള സണ്‍കോസ്റ്റ് പ്രൈമേറ്റ് മൃഗസംരക്ഷണ കേന്ദ്രത്തില്‍ മരിച്ചു. മരിക്കുമ്പോള്‍ 80 വയസായിരുന്നു ചീറ്റ എന്ന പേരില്‍ പ്രശസ്തനായ ഈ താരത്തിന്. ക്രിസ്മസിന് തലേന്ന് വൃക്ക തകരാറിനെത്തുടര്‍ന്നാണ് ചീറ്റയുടെ മരണം. 1930കളില്‍ ഇറങ്ങിയിട്ടുള്ള ടാര്‍സന്‍ സിനിമകളിലെ സ്ഥിരം കഥാപാത്രമായിരുന്നു ചീറ്റ എന്ന ചിമ്പാന്‍സി. മനുഷ്യന്‍മാരോട് അടുത്തിഴപഴകിയിരുന്ന ചീറ്റയ്ക്ക് ഫിംഗര്‍ പെയിന്റിംഗിലും താല്‍പര്യമുണ്ടായിരുന്നതായി മൃഗസംരക്ഷണ കേന്ദ്രം അധികൃതര്‍ പറഞ്ഞു.

യുഎസ് സൈനിക അക്കാദമികളില്‍ ലൈംഗീക പീഡനം വര്‍ധിക്കുന്നു

ന്യൂയോര്‍ക്ക്:യുഎസ് സൈനിക അക്കാദമികളില്‍ ലൈംഗീക പീഡനം വര്‍ധിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. സൈനിക അക്കാദമികളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ലൈംഗീക പീഡനക്കേസുകളുടെ എണ്ണത്തില്‍ ഈവര്‍ഷം 60 ശതമാനം വര്‍ധന രേഖപ്പെടുത്തിയതായി പ്രതിരോധമന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

ആകെ 65 ലൈംഗീക പീഡന കേസുകളാണ് സൈനീക അക്കാദമികളില്‍ ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ വര്‍ഷം ഇത് 41 എണ്ണം മാത്രമായിരുന്നു. ഇത്തരം കേസുകള്‍ വര്‍ധിക്കാനുള്ള കാരണത്തെക്കുറിച്ച് റിപ്പോര്‍ട്ടില്‍ വിശദീകരണങ്ങളൊന്നു­മില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക