Image

പ്രണയവിവാഹം: കോടഞ്ചേരിയില്‍ ഹര്‍ത്താല്‍ പൂര്‍ണം

Published on 29 December, 2011
പ്രണയവിവാഹം: കോടഞ്ചേരിയില്‍ ഹര്‍ത്താല്‍ പൂര്‍ണം

താമരശ്ശേരി: കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അന്നക്കുട്ടി ദേവസ്യയുടെ വീട് ആക്രമിച്ചതിലും അനുരഞ്ജന ചര്‍ച്ചക്കിടെ താമരശ്ശേരിയില്‍വെച്ച് ഐ.എന്‍.ടി.യു.സി ജില്ലാ വൈ. പ്രസിഡന്‍റ് കെ.എം. പാലോസിനെ മര്‍ദിച്ചതിലും പ്രതിഷേധിച്ച് യു.ഡി.എഫ് കോടഞ്ചേരി പഞ്ചായത്ത് കമ്മിറ്റി ആഹ്വാനംചെയ്ത ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. പഞ്ചായത്തിലെ നെല്ലിപ്പൊയില്‍, തോട്ടുംമുഴി, കണ്ണോത്ത്, കോടഞ്ചേരി അങ്ങാടികളില്‍ കടകള്‍ അടഞ്ഞുകിടന്നു. ബാങ്കുകള്‍ സമരക്കാര്‍ അടപ്പിച്ചു. നെല്ലിപ്പൊയിലില്‍ ഓട്ടോറിക്ഷകളും പണിമുടക്കി ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചു.

കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് വൈ. പ്രസിഡന്‍റ് അന്നക്കുട്ടി ദേവസ്യയുടെ മകന്‍ കൊടുവള്ളി സ്വദേശിനി യുവതിയെ വിവാഹംകഴിച്ചതിന്‍െറ തുടര്‍ച്ചയെന്നോണം വാഹനങ്ങളിലെത്തിയ ഒരുസംഘം അബ്ദുട്ടിയുടെ വീട് ആക്രമിക്കുകയും ഫര്‍ണിച്ചറുകള്‍ നശിപ്പിക്കുകയും ചെയ്തു. പ്രണയവിവാഹത്തിന്‍െറ പേരില്‍ അനിഷ്ട സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരം അസി. കലക്ടര്‍ അനുപമ താമരശ്ശേരി റസ്റ്റ് ഹൗസില്‍ വിളിച്ചുചേര്‍ത്ത അനുരഞ്ജന യോഗം അലങ്കോലപ്പെടുകയും യോഗത്തിലെത്തിയ കെ.എം. പൗലോസിന് മര്‍ദനമേല്‍ക്കുകയുമായിരുന്നു.

പൗലോസിനെ മര്‍ദിച്ചതിന്‍െറ പേരില്‍ എ.പി. അബ്ദുല്‍ മജീദ് മാസ്റ്റര്‍, മുഹമ്മദ് സാഹിര്‍ എന്നിവരടക്കം കണ്ടാലറിയാവുന്ന എട്ടുപേരുടെ പേരില്‍ താമരശ്ശേരി പൊലീസ് കേസെടുത്തു.

മകളെ കാണാനില്ളെന്ന പിതാവിന്‍െറ പരാതിയുടെ അടിസ്ഥാനത്തില്‍ ഇതുവരെയും പൊലീസ് കസ്റ്റഡിയിലെടുത്ത് 20ന് താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയിരുന്നു. യുവതിയുടെ ഇഷ്ടപ്രകാരം യുവാവിനോടൊപ്പം പോകാന്‍ കോടതി അനുമതി നല്‍കുകയും ചെയ്തു. ഇരുവരും ആര്യസമാജം ഓഫീസില്‍പോയി ഹിന്ദുമതം സ്വീകരിച്ചാണ് വിവാഹിതരായത്. ജില്ലാ കലക്ടര്‍ ഇന്ന് സമാധാന ചര്‍ച്ചക്ക് കലക്ടറുടെ ചേംബറില്‍ ബന്ധപ്പെട്ടവരെ വിളിച്ചിട്ടുണ്ടെന്ന് സി. മോയിന്‍കുട്ടി എം.എല്‍.എ അറിയിച്ചു. യോഗത്തില്‍ എം.എല്‍.എയും പങ്കെടുക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക