Image

നായ വന്ധ്യകരണം പദ്ധതിക്ക് നഗരത്തില്‍ തുടക്കമായി

ബഷീര്‍ അഹമ്മദ് Published on 24 March, 2015
നായ വന്ധ്യകരണം പദ്ധതിക്ക് നഗരത്തില്‍ തുടക്കമായി
കോഴിക്കോട് : തെരുവ് നായ്ക്കളില്‍ വന്ധ്യംകരണ പരിപാടിക്ക് നഗരത്തില്‍ തുടക്കമായി. തെരുവ് നായ്ക്കളുടെ ആക്രമണ ഭീതി ഇതുകൊണ്ട് മാറികിട്ടുമോ? എന്ന സാധാരണക്കാരന്റെ ചോദ്യത്തിന് അധികൃതരുടെ ഭാഗത്ത് നിന്നും വ്യക്തമായ മറുപടി ഇതേ വരെ ഉണ്ടായിട്ടില്ല.

വന്ധ്യംകരണ ശസ്ത്രക്രിയയുടെ ഉദ്ഘാടനം മന്ത്രി കെ.പി. മോഹനന്‍ ടാഗോര്‍ സെന്റനറി ഹാളില്‍ നിര്‍വ്വഹിച്ചു.

ഊട്ടിയില്‍ നിന്നും വിദഗ്ദധ പരിശീലനം ലഭിച്ച എട്ടു എബിസി അസിസ്റ്റന്റ്മാരുടെ നേതൃത്വത്തിലാണ് തെരുവ് നായക്കളെ പിടികൂടി തുടങ്ങിയത്. പ്രത്യേകം സജീകരിച്ച വാഹനത്തില്‍ പൂളകടവ് ക്യാമ്പില്‍ എത്തിക്കുന്ന നായ്ക്കളെ വെറ്റിനറി സര്‍വ്വകലാശാല സര്‍ജറി വിഭാഗം മേധാവി ശ്യാം വേണുഗോപാലിന്റെ നേതൃത്വത്തിലാണ് താക്കോല്‍ദ്വാര ശസ്ത്രക്രിയക്ക് വിധേയമാക്കുന്നത്.
ഡോ. ദിനേഷ്, സൂര്യദാസ്, ജോജി തുടങ്ങി പത്ത് ഡോക്ടര്‍മാരുടെ സംഘമാണ് ശസ്ത്രക്രിയ നടത്തുന്നത്.

ശസ്ത്രക്രിയയും പ്രതിരേധ കുത്തിവെയ്പ്പും നടത്തിയ നായ്ക്കളെ പ്രത്യേകം തിരിച്ചറിയുന്ന അടയാളങ്ങള്‍ നല്‍കി പിടികൂടിയ ഇടത്ത് തന്നെ കൊണ്ടു വിടും. നായ്ക്കളുടെ പെരുപ്പം തടയുന്നതിനും അക്രമവാസന കുറയ്ക്കാനും ഇതുവഴി കഴിയുമെന്നാണ് കരുതുന്നത്. പണ്ട് നായ്ക്കളെ പിടികൂടി വിഷം കുത്തിവെച്ച് കൊല്ലാറാണ് പതിവ്. മൃഗസ്‌നേഹികളുടെ ഇടപെടലാണ് പുതിയ വന്ധ്യകരണം പദ്ധതിക്ക് തുടക്കമായത്. അഞ്ച് ദിവസം നീണ്ടു നില്‍ക്കുന്ന ക്യാമ്പില്‍ മുന്നൂറോളം നായ്ക്കളെ വന്ധ്യം കരണം നടത്തുവാനാണ് കോര്‍പ്പറേഷന്‍ ലക്ഷ്യമിടുന്നത്. തെരുവ് നായ്ക്കളുടെ കടിയേറ്റ് ചികിത്സ തേടി എത്തുന്നവരെ  കുറിച്ച് ഇമലയാളിയില്‍ കഴിഞ്ഞ ദിവസം വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.

മേയര്‍ എം.കെ. പ്രേമജം അദ്ധ്യക്ഷത വഹിച്ചു. എം.എല്‍.എ.മാരായ എ. പ്രദീപ് കുമാര്‍, എ. കെ. ശശിധരന്‍, ഡെപ്യൂട്ടി മേയര്‍ പി.ടി. അബ്ദുള്‍ ലത്തീഫ്, പ്രൊജക്റ്റ് കോ-ഓഡിനേറ്റര്‍, ഡോ.കെ.കെ. ബേബി, ഐ.പി. ശശാങ്കന്‍, മനയത്ത് ചന്ദ്രന്‍, എം. രാധാകൃഷ്ണന്‍, അനിതാ രാജന്‍, ജാനമ്മ കുഞ്ഞുണ്ണി, ഡോ.എം.മോഹനന്‍, പി.ഉഷാ ദേവി, എം.ടി. പത്മ, കിഷന്‍ചന്ദ് തുടങ്ങിയവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട് ഫോട്ടോ- ബഷീര്‍ അഹമ്മദ്



നായ വന്ധ്യകരണം പദ്ധതിക്ക് നഗരത്തില്‍ തുടക്കമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക