Image

യു. എസ്‌. സ്റ്റേറ്റ്‌ ഡിപ്പാര്‍ട്ട്‌മെന്റില്‍ ക്ലാര്‍ക്കു ജോലിക്ക്‌ ഇപ്പോള്‍ അപേക്ഷിക്കാം

ജോസ്‌ മാളേയ്‌ക്കല്‍ Published on 29 December, 2011
യു. എസ്‌. സ്റ്റേറ്റ്‌ ഡിപ്പാര്‍ട്ട്‌മെന്റില്‍ ക്ലാര്‍ക്കു ജോലിക്ക്‌ ഇപ്പോള്‍ അപേക്ഷിക്കാം
വാഷിങ്ങ്‌ടണ്‍: ഫെഡറല്‍ ഗവണ്‍മെന്റ്‌ ഏജന്‍സിയായ യു എസ്‌ ഡിപ്പാര്‍ട്ട്‌മെന്റ്‌ ഓഫ്‌ സ്റ്റേറ്റ്‌ സമര്‍ത്ഥരും, കര്‍മ്മോല്‍സുകരുമായ കോളേജ്‌ വിദ്യാര്‍ത്ഥികളില്‍നിന്നും അമേരിക്കന്‍ സിവില്‍ സര്‍വീസിലോ, ഫോറിന്‍ സര്‍വീസിലോ സേവനംചെയ്യുന്നതിനായി 2012 സമ്മര്‍ ക്ലരിക്കല്‍ പ്രോഗ്രാമിനു പരിഗണിക്കാനായി ടCTEP-2012-0001 എന്ന നമ്പരില്‍ കോളേജ്‌ ജനുവരി 11 വരെ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്‌. 2012 മെയ്‌ മാസം മുതല്‍ സെപ്‌റ്റംബര്‍ വരെയുള്ള കാലയളവിലേക്ക്‌ ഫുള്‍ടൈം ആയിട്ടായിരിക്കും നിയമനം. GS-0303 എന്ന സീരീസില്‍ GS-01 മുതല്‍ GS-04 വരെ ഗ്രേഡുകളിലായി 2010 ലെ ഫെഡറല്‍ കോസ്റ്റ്‌ ഓഫ്‌ ലിവിംഗ്‌ അഡ്‌ജസ്റ്റ്‌മന്റ്‌സ്‌ (കോള) നിരക്കനുസരിച്ച്‌ മണിക്കൂറിനു 10.60 മുതല്‍ 14.59 വരെ യു.എസ്‌. ഡോളര്‍ ശമ്പളമായി ലഭിക്കുന്ന ഈ തസ്‌തികക്ക്‌ വാഷിംഗ്‌ടണ്‍ ഡി. സി. മെട്രോ ഏരിയാ ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ ജോലി ഒഴിവുകള്‍ ഉണ്ട്‌. 2012 മെയ്‌ മാസത്തില്‍ ജോലിതുടങ്ങുമ്പോള്‍ 2012 ലെ പുതുക്കിയ നിരക്കില്‍ ശമ്പളവും മറ്റാനുകൂല്യങ്ങളും ലഭിക്കും. യു എസ്‌ ഡിപ്പാര്‍ട്ട്‌മെന്റ്‌ ഓഫ്‌ സ്റ്റേറ്റിലെ വിവിധ ഓഫീസുകളില്‍ ഉന്നത ഉദ്യോഗസ്ഥരോടൊപ്പം നയതന്ത്രപ്രധാനമായ തസ്‌തികകളില്‍ ജോലിചെയ്‌ത്‌ അവനവന്റെ കഴിവും സാമര്‍ത്ഥ്യവും തെളിയിക്കുന്നതിനുള്ള നല്ല അവസരം. മാത്രമല്ല ചിട്ടയായ ഈ പരിശീലനത്തിലൂടെ നേതൃത്വഗുണങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിനും, ഭാവിയില്‍ വിദേശത്തോ, സ്വദേശത്തോ നല്ല ഒരു തൊഴില്‍ നേടിയെടുക്കുന്നതിനും ഇതു സഹായിക്കും.

അപേക്ഷകനു വേണ്ട ഏറ്റവും കുറഞ്ഞയോഗ്യതകള്‍

1. യു എസ്‌ പൗരനായിരിക്കണം
2. ഒരു അംഗീകൃത സര്‍വകലാശാലയിലോ കോളേജിലോ വൊക്കേഷണല്‍ അല്ലെങ്കില്‍ ടെക്ക്‌നിക്കല്‍ സ്‌കൂളിലോ ഹാഫ്‌ ടൈം സ്റ്റുഡന്റ്‌ ആയിട്ടെങ്കിലും ഡിഗ്രി/ഡിപ്ലോമാ/സര്‍ട്ടിഫിക്കറ്റു പ്രോഗ്രാമിനു രജിസ്റ്റര്‍ ചെയ്‌തിരിക്കണം
3. മികച്ച വിദ്യാഭ്യാസനിലവാരം പുലര്‍ത്തുന്നവരാകണം
4. അപേക്ഷകര്‍ 16 വയസിനു മുകളിലുള്ളവരാകണം
5. ബാക്ക്‌ഗ്രൗണ്‌ച്‌ പരിശോധന വിജയകരമായി പൂര്‍ത്തിയാക്കണം

പുറം ലോകവുമായി അമേരിക്കയെ ബന്ധപ്പെടുത്തുന്നതും, അമേരിക്കയുടെ വിദേശനയം രൂപപ്പെടുത്തുന്നതും യു എസ്‌ ഡിപ്പാര്‍ട്ട്‌മെന്റ്‌ ഓഫ്‌ സ്റ്റേറ്റിലെ അര്‍പ്പണമനോഭാവവും, കാര്യപ്രാപ്‌തിയും, നല്ല നയചാതുര്യവുമുള്ള ഉദ്യോഗസ്ഥരാണു. നാനാവിധകഴിവുകളുള്ള ഈ ഉദ്യോഗസ്ഥവൃന്ദത്തോടൊപ്പം ജോലിചെയ്യുന്നതിനും അങ്ങനെ പൊതുജനങ്ങളുടെ അംബാസഡര്‍മാരാകുന്നതിനും ഈ പ്രോഗ്രാം സഹായിക്കും. ബിസിനസ്‌, പബ്ലിക്‌ അഡ്‌മിനിസ്റ്റ്രേഷന്‍, സോഷ്യല്‍ വര്‍ക്ക്‌, ഇക്കണോമിക്‌സ്‌, ഇന്‍ഫര്‍മേഷന്‍ മാനേജ്‌മെന്റ്‌, ജേര്‍ണലിസം, ബയോളജിക്കല്‍, ഫിസിക്കല്‍ ആന്റ്‌ എന്‍ജിനീയറിംഗ്‌ സയന്‍സസ്‌, തുടങ്ങിയ വിഷയങ്ങളും, വിദേശകാര്യവുമായി ബന്ധപ്പെട്ട മറ്റു വിഷയങ്ങളും ഐശ്ചികമായി തെരഞ്ഞെടുത്തു പഠിക്കുന്നവര്‍ക്കാണു മുന്‍ഗണന.

സമ്മര്‍ ക്ലാര്‍ക്കായി നിയമനം ലഭിക്കുന്ന എല്ലാവര്‍ക്കും പ്രവൃത്തിയുടെ ആദ്യദിവസം മുതല്‍ തന്നെ മുകളില്‍ പറഞ്ഞ പ്രകാരം ഏട01 മുതല്‍ GS-04 വരെ ശമ്പളഗ്രേഡില്‍ അപേക്ഷകന്റെ വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം എന്നിവ അടിസ്ഥാനമാക്കി ശമ്പളവും മറ്റലവന്‍സുകളും ലഭിക്കും. നിയമനം 90 ദിവസത്തിനുമുകളിലാണെങ്കില്‍ രണ്ടാഴ്‌ച്ചയിലെ ഒരു പേപീരിയഡില്‍ നാലുമണിക്കൂര്‍ വീതം ആനുവല്‍ ലീവും, സിക്ക്‌ ലീവും ലഭിക്കും. കൂടാതെ ശമ്പളത്തോടുകൂടിയുള്ള ഫെഡറല്‍ അവധിദിനങ്ങളും, സോഷ്യല്‍ സെക്യൂരിറ്റി കോണ്‍ട്രിബ്യൂഷനും കിട്ടും.

യോഗ്യരായ അപേക്ഷകരില്‍നിന്നും താഴെപ്പറയുന്ന മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയായിരിക്കും സെലക്‌ഷന്‍ നടത്തുന്നത്‌.

1. ഗ്രാമര്‍, സ്‌പെല്ലിംഗ്‌, പങ്ക്‌ചുവേഷന്‍, സിന്റാക്‌സ്‌ തുടങ്ങി ഇംഗ്ലീഷ്‌ ഭാഷയിലുള്ള പരിജ്ഞാനം
2. നന്നായി ഇംഗ്ലിഷ്‌ഭാഷ കൈകാര്യം ചെയ്യുന്നതിനും, എല്ലാരീതിയിലും ആശയവിനിമയം നടത്തുന്നതിനുമുള്ള കഴിവ്‌
3. ക്ലാര്‍ക്ക്‌ ജോലിയിലും, സാധാരണ ഓഫീസ്‌ രീതികളിലുമുള്ള പരിചയം
4. ഓഫീസ്‌ ഓട്ടോമേഷനുപകരിക്കുന്ന സോഫ്‌റ്റ്‌വെയറുകളെക്കുറിച്ചുള്ള അറിവും, അവ ഉപയോഗിക്കുന്നതിനുള്ള കഴിവും

ഓണ്‍ലൈനില്‍ മാത്രമേ അപേക്ഷ സ്വീകരിക്കുകയുള്ളു.
http://careers.state.gov/students/programs എന്ന വെബ്‌സൈറ്റില്‍ പോയി gateway to state എന്ന ബട്ടണില്‍ ക്ലിക്കു ചെയ്‌ത്‌ അപേക്ഷ പൂരിപ്പിക്കുക. വിശദവിവരങ്ങള്‍ മുകളില്‍ പറഞ്ഞ വെബ്‌സൈറ്റില്‍ നിന്നോ, സ്റ്റുഡന്റ്‌ പ്രോഗ്രാം ഓഫീസിലെ 202 261 8888 എന്ന നമ്പരില്‍ നിന്നോ അറിയാം. ഇ മെയിലായി മറുപടി ലഭിക്കുന്നതല്ല.

ആവശ്യമായ രേഖകള്‍:

1. ഓണ്‍ലൈന്‍ അപേക്ഷ
2. അപേക്ഷകന്റെ ട്രാന്‍സ്‌ക്രിപ്‌റ്റു്‌
3. ഹൈസ്‌കൂളില്‍ പഠിക്കുന്നവര്‍ അവരുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ട്‌ കാര്‍ഡ്‌ എന്നിവ അപേക്ഷയോടൊപ്പം അയച്ചിരിക്കണം. പൂരിപ്പിച്ച അപേക്ഷകള്‍ ഓണ്‍ലൈന്‍ വഴി ലഭിക്കേണ്ട അവസാന ദിവസം ജനുവരി 11. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കു പ്രത്യേക മെമ്മോ ലഭിക്കുന്നതായിരിക്കും.
യു. എസ്‌. സ്റ്റേറ്റ്‌ ഡിപ്പാര്‍ട്ട്‌മെന്റില്‍ ക്ലാര്‍ക്കു ജോലിക്ക്‌ ഇപ്പോള്‍ അപേക്ഷിക്കാം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക