Image

സുഹൃത്തുക്കള്‍ ഒരുമിച്ച്‌ പൗരോഹിത്യത്തിലേക്ക്‌; കോക്കമംഗലം ഇടവകയ്‌ക്കിത്‌ ധന്യനിമിഷം

ജോയിച്ചന്‍ പുതുക്കുളം Published on 29 December, 2011
സുഹൃത്തുക്കള്‍ ഒരുമിച്ച്‌ പൗരോഹിത്യത്തിലേക്ക്‌; കോക്കമംഗലം ഇടവകയ്‌ക്കിത്‌ ധന്യനിമിഷം
കോക്കമംഗലം (ചേര്‍ത്തല): ആത്മസുഹൃത്തുക്കളും അയല്‍വാസികളുമായ രണ്ടു യുവാക്കള്‍ ഒരുമിച്ച്‌ പൗരോഹിത്യം സ്വീകരിക്കുന്നു. ഈ ധന്യദിനത്തിന്റെ നിര്‍വൃതിയിലാണ്‌ ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയ്‌ക്കു സമീപമുള്ള പുണ്യപുരാണ ഇടവകയായ കോക്കമംഗലം. വടക്കേകുന്നത്ത്‌ വര്‍ക്കി ഇ.ഒയുടെയും ത്രേസ്യാമ്മ വര്‍ക്കിയുടെയും മകനായ ഡീക്കന്‍ ജോബിച്ചന്‍ വടക്കേകുന്നത്ത്‌ സി.എം.ഐയും കണണാട്ടുകളത്തില്‍ കെ.സി തോമസിന്റെയും അന്നമ്മ തോമസിന്റെയും മകനായ ഡീക്കന്‍ ബിജോ കണ്ണാട്ടുകളത്തില്‍ ഇങകയുമാണ്‌ ഒരേ വേദിയില്‍ ഒരുമിച്ച്‌ പൗരോഹിത്യ ശുശ്രൂഷ സ്വീകരിക്കുന്നത്‌. ഭാരതീയ അപ്പസ്‌തോലന്‍ മാര്‍ തോമാ ശ്ലീഹായുടെ പാദസ്‌പര്‍ശമേറ്റതും അദ്ദേഹത്താല്‍ സ്ഥാപിതമായ ഏഴരപ്പള്ളികള്‍ പ്രമുഖവുമായ കോക്കമംഗലം സെന്റ്‌ തോമസ്‌ തീര്‍ഥാടക ദേവാലയത്തില്‍ വച്ച്‌ 2011 ഡിസംബര്‍ 29ാം തീയതി വ്യാഴാഴ്‌ച രാവിലെ 9 മണിക്ക്‌ എറണാകുളം- അങ്കമാലി അതിരൂപത സഹായമെത്രാന്‍ അഭിവന്ദ്യ മാര്‍ സെബാസ്‌റ്റിയന്‍ എടയന്ത്രത്ത്‌ പിതാവിന്റെ കൈവയ്‌പ്‌ വഴി ശുശ്രൂഷാപൗരോഹിത്യ സ്വീകരിച്ച്‌ പ്രഥമ ദിവ്യബലി അര്‍പ്പിക്കുകയാണ്‌.

കോക്കമംഗലം സെന്റ്‌ ആന്റണീസ്‌ ഹൈസ്‌കൂളില്‍ നിന്ന്‌ എസ്‌.എസ്‌.എല്‍.സി പാസ്സായ ശേഷം ദൈവവേല തിരഞ്ഞെടുത്ത ഇരുവരും സി.എം.ഐ സഭയില്‍ ചേരുക എന്ന ലക്ഷ്യത്തോടെ ഒരുമിച്ച്‌ 1997 ല്‍ കളമശേരി സെന്റ ജോസഫ്‌സ്‌ മൈനര്‍ സെമിനാരിയില്‍ ചേര്‍ന്നു. 2000 മുതല്‍ കറുകുറ്റി ലിറ്റില്‍ ഫ്‌ളവര്‍ നൊവിഷ്യേറ്റ്‌ ഹൗസില്‍ ചേര്‍ന്ന്‌ വൈദിപഠനം തുടര്‍ന്നു. 2002 ല്‍ ബാംഗ്ലൂര്‍ ധര്‍മ്മാരാം കോളജില്‍ ചേര്‍ന്ന്‌ ഉപരിപഠനം പൂര്‍ത്തിയാക്കി. 2010 ല്‍ ഇരുവര്‍ക്കും സഭ ഡീക്കന്‍ പദവി നല്‍കി.

മുന്‍വര്‍ഷങ്ങളിലും കോക്കമംഗലം ഇടവകയില്‍ നിന്ന്‌ നിരവധി വൈദികര്‍ ദൈവവേലയ്‌ക്കായി വിവിധ സഭകളില്‍ ചേര്‍ന്ന്‌ പ്രവര്‍ത്തിച്ചുവരുന്നു.

ഈ അവസരത്തില്‍ കോക്കമംഗലം സെന്റ്‌ തോമസ്‌ തീര്‍ഥാടക ദേവാലയത്തെകുറിച്ച്‌ പരാമര്‍ശിക്കാതിരിക്കാനാവില്ല. ചരിത്ര പ്രസിദ്ധമായ കോക്കമംല പള്ളി എ.ഡി 52-ാമാണ്ടില്‍ ക്രിസ്‌തുവിന്റെ പന്ത്രണ്ടു ശിഷ്യന്മാരില്‍ ഒരാളായ സെന്റ്‌ തോമസിനാല്‍ സ്ഥാപിതമായി. വേമ്പനാട്ടു കായലിന്റെ ദക്ഷീണ തീര്‍ത്ത്‌ ചേര്‍ത്തല- തണ്ണീര്‍മുക്കം റോഡിന്റെ മധ്യഭാഗത്തു വടക്കുമാറി സ്ഥിതി ചെയ്യുന്ന ഈ ദേവാലയം ഇന്നും തീര്‍ഥാടകരുടെ ഒരു പുണ്യസങ്കേതമായി ശോഭിക്കുന്നു.

ആദ്യമായി കൊടുങ്ങല്ലൂരില്‍ കപ്പലിറങ്ങിയ ഭാരതീയ അപ്പസ്‌തോലനും പ്രഥമ വേദ പ്രചാരകനുമായ വി.തോമാ ശ്ലീഹാ അവിടെ നിന്നും വിസ്‌തൃതമായ കായല്‍പ്പരപ്പിലൂടെ കോക്കമംഗലത്തെത്തി. വിശുദ്ധന്‍ പിന്നീടുള്ള ഒരു വര്‍ഷത്തോളം കോക്കമംഗലത്ത്‌ താമസിച്ചിരുന്നു എന്നതിന്‌ വിശ്വാസയോഗ്യമായ രേഖകള്‍ ഉണ്ട്‌. ഈ കാലയളവിനുള്ളില്‍ പ്രേഷിത പ്രവര്‍ത്തനം മൂലം ആയിരത്തി അറുനറോളം പേരെ ജ്ഞാനസ്‌നാനപ്പെടുത്തിയതായി `റമ്പാന്‍' പാട്ടുകളില്‍ കാണുന്നു. ?Letters From Malabar? എന്ന ചരിത്ര ഗ്രന്ഥത്തിലും ചരിത്രപരമായ തെളിവുകള്‍ വ്യക്തമാക്കുന്നു. മാര്‍തോമ്മാശ്ലീഹാ സ്ഥാപിച്ച അത്ഭുത കുരിശും അതുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങളും കോക്കമംഗലത്തിനു മാത്രമല്ല ഭാരതീയ ക്രൈസ്‌തവ രേഖകളില്‍ മുഴുവന്‍ പ്രസിദ്ധമാണ്‌.

ഈ പുണ്യഭൂമിയിലേക്ക്‌ ഇന്നും തീര്‍ഥാടകരുടെ പ്രവാഹമാണ്‌. ദിനംപ്രതി നിരവധി ഭക്തരാണ്‌ ഈ ദേവാലയത്തില്‍ എത്തി പ്രാര്‍ഥിക്കുന്നതിനും വിശുദ്ധന്റെ തിരുശേഷിപ്പ്‌ വണങ്ങുന്നതിനുമായി കോക്കമംഗലത്തെത്തുന്നത്‌. ഈസ്‌റ്റര്‍ കഴിഞ്ഞു വരുന്ന ഞായറാഴ്‌ച (പുതുഞായര്‍) യാണ്‌ വിശുദ്ധന്റെ പ്രധാന തിരുന്നാള്‍ ആഘോഷിക്കുന്നത്‌. നിരവധി അത്ഭുതങ്ങളും രോഗശാന്തിയുമാണ്‌ ഈ അവസരത്തിലും വിശുദ്ധന്റെ നൊവേന നടക്കുന്ന മറ്റ്‌ വെള്ളിയാഴ്‌ചകളിലും ഈ ദേവാലയത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്‌.

കൂടാതെ, ഇടവകയുടെ സഹായകനായ വി.അന്തോനീസിന്റെ പ്രത്യേക മാധ്യസ്ഥവും ഇടവക ജനങ്ങള്‍ക്ക്‌ സംരക്ഷണം നല്‍കുന്നു. എല്ലാ ചൊവ്വാഴ്‌ചകളിലുമാണ്‌ വി.അന്തോനീസിന്റെ നൊവോനയും പ്രത്യേക കുര്‍ബാനയും നടക്കുന്നുണ്ട്‌.
സുഹൃത്തുക്കള്‍ ഒരുമിച്ച്‌ പൗരോഹിത്യത്തിലേക്ക്‌; കോക്കമംഗലം ഇടവകയ്‌ക്കിത്‌ ധന്യനിമിഷം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക