Image

കര്‍ശന സീറ്റ്‌ ബല്‍റ്റ്‌ നിയമം ജനുവരി 1 മുതല്‍

ജോയിച്ചന്‍ പുതുക്കുളം Published on 29 December, 2011
കര്‍ശന സീറ്റ്‌ ബല്‍റ്റ്‌ നിയമം ജനുവരി 1 മുതല്‍
ന്യൂജേഴ്‌സി: പിന്‍സീറ്റില്‍ യാത്ര ചെയ്യുന്നവരും സീറ്റ്‌ ബെല്‍റ്റ്‌ ധരിക്കണമെന്ന കര്‍ശന നിയമം ഇല്ലിനോയിസില്‍ നടപ്പാക്കി. പോയ സമ്മറില്‍ ഇല്ലിനോയിസ്‌ അസംബ്ലി പാസാക്കി ഗവര്‍ണര്‍ പാറ്റ്‌ ക്യൂന്‍ ഒപ്പുവെച്ച ഈ നിയമം 2012 ജനുവരി 1 -ന്‌ പ്രാബല്യത്തില്‍ വരും. വാഹനയാത്രയില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാ യാത്രക്കാരും സീറ്റ്‌ ബെല്‍റ്റ്‌ ധരിക്കണമെന്ന്‌ പുതിയ നിയമം നിഷ്‌കര്‍ഷിക്കുന്നു.

സീറ്റ്‌ ബെല്‍റ്റ്‌ ധരിക്കാത്ത യാത്രക്കാര്‍ ഉള്‍പ്പെടുന്ന വാഹനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അത്തരം വാഹനങ്ങള്‍ നിര്‍ത്തി പരിശോധിക്കുവാന്‍ പോലീസ്‌ ഉദ്യോഗസ്ഥര്‍ക്ക്‌ അധികാരം നല്‍കുന്ന പുതിയ വ്യവസ്ഥ പുതിയ നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. സീറ്റ്‌ ബെല്‍റ്റ്‌ ധരിക്കാത്ത കുറ്റത്തിന്‌ പിടിക്കപ്പെട്ടാല്‍ 25 ഡോളറോ അതിലധികമോ പിഴ ഈടാക്കാം. കൂടാതെ കോടതി ചെലവുകളും വഹിക്കേണ്ടിവരും. പുതിയ നിയമം കര്‍ശനമായി നടപ്പാക്കണമെന്നും, യാതൊരു സാഹചര്യത്തിലും ഒഴിവ്‌ അനുവദിക്കരുതെന്നും പോലീസ്‌ ഉദ്യോഗസ്ഥര്‍ക്ക്‌ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്‌.

വാഹനാപകടങ്ങള്‍ മൂലമുണ്ടാകുന്ന മരണവും അംഗവൈകല്യങ്ങളും കൂടുതലും മുന്‍സീറ്റ്‌ യാത്രക്കാര്‍ക്കാണ്‌ ഉണ്ടാകുന്നതെങ്കിലും പിന്‍സീറ്റ്‌ യാത്രക്കാര്‍ക്കും മരണത്തോടൊപ്പം തല, നെഞ്ച്‌, അടിവയര്‍ എന്നിവയ്‌ക്ക്‌ സാരമായ പരിക്ക്‌ സംഭവിക്കാറുണ്ട്‌. സീറ്റ്‌ ബല്‍റ്റ്‌ ധരിക്കുന്നതിലൂടെ വാഹനാപകടം മൂലമുണ്ടാകുന്ന മരണ നിരക്കിലും, പരിക്കിലും അമ്പത്‌ ശതമാനം വരെ കുറവ്‌ വരുത്താന്‍ കഴിയുമെന്ന്‌ ആരോഗ്യ രംഗത്തെ വിദഗ്‌ധര്‍ അഭിപ്രായപ്പെടുന്നു.
കര്‍ശന സീറ്റ്‌ ബല്‍റ്റ്‌ നിയമം ജനുവരി 1 മുതല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക