Image

റിച്ചാര്‍ഡ് നിക്‌സന്‍ സ്വവര്‍ഗാനുരാഗിയായിരുന്നുവെന്ന് പുസ്തകം(അങ്കിള്‍സാം വിശേഷങ്ങള്‍)

Published on 29 December, 2011
റിച്ചാര്‍ഡ് നിക്‌സന്‍ സ്വവര്‍ഗാനുരാഗിയായിരുന്നുവെന്ന് പുസ്തകം(അങ്കിള്‍സാം വിശേഷങ്ങള്‍)

വാഷിംഗ്ടണ്‍:മുന്‍ യുഎസ് പ്രസിഡന്റ് റിച്ചാര്‍ഡ് നിക്‌സന്‍ സ്വവര്‍ഗാനുരാഗിയായിരുന്നുവെന്ന് മുന്‍ വൈറ്റ് ഹൗസ് പ്രതിനിധിയുടെ പുസ്തകത്തില്‍ വെളിപ്പെടുത്തല്‍. വൈറ്റ് ഹൗസ് വക്താവായ ഡോണ്‍ ഫുള്‍സോം എഴുതിയ 'നികസ്ന്‍സ് ഡാര്‍ക്കസ്റ്റ് സീക്രട്‌സ്: ദ് ഇന്‍സൈഡ് സ്റ്റോറി ഓഫ് അമേരിക്കാ'സ് മോസ്റ്റ് ട്രബിള്‍ഡ് പ്രസിഡന്റ്' എന്ന പുസ്തകത്തിലാണ് പുതിയ വെളിപ്പെടുത്തലുള്ളത്. ഫ്‌ളോറിഡയിലെ അറിയപ്പെടുന്ന ബാങ്കറും വ്യവസായിയുമായ ചാള്‍സ് ബെബെ റെബോസോയുമായി നിക്‌സന്‍ വഴിവിട്ട ബന്ധം പുലര്‍ത്തിയിരുന്നുവെന്നാണ് ഫുള്‍സോം പുസ്തകത്തില്‍ പറയുന്നത്. പ്രസിഡന്റായിരുന്ന 1969-74 കാലഘട്ടത്തില്‍ റെബോസോയുടെ മിയാമിയിലെ വസതിയില്‍ നികസ്ന്‍ നിത്യസന്ദര്‍ശകനായിരുന്നുവെന്നും ഫുള്‍സോം പുസ്തകത്തില്‍ പറയുന്നു. 1998ലാണ് റെബോസൊ അന്തരിച്ചത്. ഏറെ വിവാദങ്ങള്‍ക്ക് വഴിതുറന്നേക്കാവുന്ന പുസ്തകം അടുത്തമാസം പുറത്തിരങ്ങും.

യുഎസ് ഹോളിഡേ സ്‌പെന്‍ഡിംഗില്‍ 4 ശതമാനം വര്‍ധന

വാഷിംഗ്ടണ്‍: സാമ്പത്തികമാന്ദ്യത്തിന്റെ ആശങ്കകള്‍ക്കിടയിലും കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് യുഎസ് ഹോളിഡേ സ്‌പെന്‍ഡിംഗില്‍ ഈ വര്‍ഷം 4.1 ശതമാനം ഉയര്‍ച്ച. ക്രിസ്മസിന് തൊട്ടുമുമ്പുള്ള അഞ്ചാഴ്ചയില്‍ ഹോളിഡേ സ്‌പെന്‍ഡിംഗ് പോയ വര്‍ഷത്തെ അപേക്ഷിച്ച് 4.1 ശതമാനം ഉയര്‍ന്ന് ശരാശരി 78 ഡോളറായി. യുഎസ് നാഷണല്‍ റീട്ടെയില്‍ ഫെഡറേഷന്‍ പ്രതീക്ഷിച്ചിരുന്നതിനേക്കാള്‍ വലിയ വര്‍ധനവാണിത്. പോയ വര്‍ഷത്തെ അപേക്ഷിച്ച് ഹോളിഡേ സ്‌പെന്‍ഡിംഗില്‍ 3.8 ശതമാനം വര്‍ധന ഉണ്ടാവുമെന്നായിരുന്നു ഫെഡറേഷന്‍ കണക്കാക്കിയിരുന്നത്.

അതേസമയം ഉപഭോക്താവ് പ്രധാനമായും പണം ചെലവഴിക്കുന്ന ഇടങ്ങളായ സ്റ്റോറുകള്‍, ഹോട്ടലുകള്‍, ഗ്യാസ് സ്റ്റേഷനുകള്‍, ഓണ്‍ലൈന്‍ പര്‍ച്ചേസിംഗ് എന്നിവിടങ്ങളിലെ ചെലവഴിക്കല്‍ ഇനത്തില്‍ ഡിസംബര്‍ 25ന് അവസാനിച്ച ആഴ്ചയില്‍ ശരാശരി രണ്ടു ഡോളറിന്റെ കുറവ് രേഖപ്പെടുത്തി. ഡിസംബര്‍ 25ന് അവസാനിച്ച ആഴ്ചയില്‍ ശരാശരി 83 ഡോളറാണ് ഇത്തരം ഇടങ്ങളില്‍ ശരാശരി ഒരു ഉപഭോക്താവ് ഒരു ദിവസം ചെലവഴിക്കുന്നത്. പോയവര്‍ഷം ഇത് പ്രതിദിനം 85 ഡോളറായിരുന്നു.

ക്രൂഡ് ഓയില്‍ നീക്കം തടഞ്ഞാല്‍ നടപടിയെന്ന് യു.എസ്

വാഷിംഗ്ടണ്‍: ഹോമസ് കടലിടുക്കുവഴിയുള്ള ക്രൂഡ് ഓയില്‍ നീക്കം തടയുമെന്ന പ്രസ്താവനയെ തുടര്‍ന്ന് ഇറാന് യു.എസ് മുന്നറിയിപ്പ് നല്‍കി. ഗള്‍ഫ് രാജ്യങ്ങളുടെ സുരക്ഷയും സ്ഥിരതയും മാത്രമല്ല, അവയുടെ സാമ്പത്തിക നില തന്നെ ഇറാന്റെ ഈ നീക്കം മൂലം തകര്‍ക്കപ്പെടുമെന്ന് പെന്റഗണ്‍ പ്രസ് സെക്രട്ടറി ജോര്‍ജ് ലിറ്റില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇത് യുഎസ് കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്നും കടുത്ത നടപടിയുണ്ടാകുമെന്നും ലിറ്റില്‍ വ്യക്തമാക്കി. ഇറാന്റെ ക്രൂഡ് ഓയില്‍ കയറ്റുമതിക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തിയാല്‍ കടലിടുക്കിലൂടെയുള്ള എണ്ണക്കപ്പലുകളുടെ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ബുധനാഴ്ച ഇറാന്‍ പ്രസ്താവിച്ചിരുന്നു.

ലോകത്തെ 40 ശതമാനം ക്രൂഡ് ഓയിലും ഇതുവഴിയാണ് വിവിധ രാജ്യങ്ങളിലേക്ക് എത്തിക്കുന്നത്. ബഹ്‌റിന്‍, കുവൈത്ത്, ഖത്തര്‍, സൗദി അറേബ്യ, യു.എ.ഇ എന്നീ ക്രൂഡ് ഓയില്‍ ഉല്‍പാദക രാജ്യങ്ങളില്‍ നിന്നുള്ള കപ്പലുകള്‍ ഈ കടലിടുക്ക് വഴിയാണ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ എത്തുന്നത്. 34 കിലോമീറ്റര്‍ മാത്രമാണ് ഈ കടലിടുക്കിന്റെ നീളം. ഇവിടെ ഇപ്പോള്‍ തന്നെ ഇറാന്‍ നാവികസേനയുടെ സൈനികാഭ്യാസം തുടങ്ങിയിട്ടുണ്ട്. ഇതിനടുത്തായി ബഹ്‌റിന്‍ തീരത്ത് യു.എസ് നാവികസേനയുടെ അഞ്ചാം ഫ്‌ലാറ്റിലെ യുദ്ധകപ്പലുകളും സജ്ജരായി നില്‍ക്കുന്നുണ്ട്.

മുല്ല ഒമര്‍ കൊടുംഭീകര പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നില്ലെന്ന് എഫ്.ബി.ഐ

വാഷിംഗ്ടണ്‍: അഫ്ഗാന്‍ താലിബാന്‍ നേതാവ് മുല്ല ഒമറിന്റെ പേര് കൊടുംഭീകരരുടെ പട്ടികയില്‍നിന്ന് അമേരിക്ക നീക്കംചെയ്തുവെന്ന തരത്തില്‍ പാക് മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും ഒമറിന്റെ പേര് ഒരിക്കലും പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ലെന്നും അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ എഫ്.ബി.ഐ. വ്യക്തമാക്കി. തൊണ്ണൂറുകളില്‍ താലിബാന്‍ ഭരണത്തില്‍ അഫ്ഗാനിസ്താന്‍ ഭരിച്ച മുല്ല ഒമറിന്റെ പേര് വിദേശകാര്യ വകുപ്പിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണെ്ടന്നും പത്തു മില്യണ്‍ പൗണ്ട് തലയ്ക്കു വിലയിട്ടിട്ടുണെ്ടന്നും എഫ്.ബി.ഐ. വക്താവ് പറഞ്ഞു. അതുകൊണ്ടു തന്നെ എഫ്.ബി.ഐയുടെ പട്ടികയില്‍നിന്നു നീക്കം ചെയ്തതിനെക്കുറിച്ചു ചോദ്യം ഉദിക്കുന്നില്ലെന്നും അദ്ദേഹം അറിയിച്ചു.

അമേരിക്കയും താലിബാനുമായി ചര്‍ച്ചകള്‍ നടക്കുന്ന സാഹചര്യത്തിലാണ് മുല്ല ഒമറിന്റെ പേര് നീക്കിയതെന്നാണു പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. സംഭവം വിവാദമായതോടെ എക്‌സ്പ്രസ് െ്രെടബ്യൂണ്‍ ദിനപത്രം വെബ്‌സൈറ്റില്‍നിന്നു വാര്‍ത്ത നീക്കി. മുല്ല ഒമറിനെ പിടികൂടുന്നതിലേക്കോ വധിക്കുന്നതിലേക്കോ നയിക്കുന്ന തരത്തിലുള്ള വിവരങ്ങള്‍ കൈമാറുന്നവര്‍ക്കു പത്തു ദശലക്ഷം ഡോളര്‍ പാരിതോഷികം നല്‍കുമെന്നാണ് അമേരിക്കന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചിരിക്കുന്നത്. ലോകവ്യാപാരകേന്ദ്രത്തിനുനേരേയുള്ള ആക്രമണത്തിനു മുമ്പ് ഒസാമാ ബിന്‍ ലാദനെയും അല്‍ക്വയ്ദയേയും സംരക്ഷിച്ചിരുന്നത് മുല്ല ഒമറിന്റെ നേതൃത്വത്തിലുള്ള താലിബാന്‍ ഭരണകൂടമാണെന്നാണ് യു.എസ്. വിദേശകാര്യവകുപ്പിന്റെ 'റിവാര്‍ഡ്‌സ് ഫോര്‍ ജസ്റ്റിസ്' എന്ന വെബ്‌സൈറ്റില്‍ വ്യക്തമാക്കുന്നത്.

പലസ്തീന് 40 മില്യണ്‍ ഡോളറിന്റെ യുഎസ് സഹായം

വാഷിംഗ്ടണ്‍: പലസ്തീനു 40 മില്യണ്‍ ഡോളര്‍ സഹായം നല്‍കാന്‍ യുഎസ് തീരുമാനിച്ചു. യുനെസ്‌കോയില്‍ അംഗത്വം നല്‍കിയതില്‍ പ്രതിഷേധിച്ചു പലസ്തീനുള്ള സഹായധനം യുഎസ് മരവിപ്പിച്ചിരുന്നു. 187 മില്യണ്‍ ഡോളറിന്റെ സഹായമാണു മരവിപ്പിച്ചത്. ഇതിന്റെ 20 ശതമാനമാണ് ഇപ്പോള്‍ നല്‍കുന്നത്. യുഎസ് ഏജന്‍സി ഫൊര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്പ്‌മെന്റ് ആണു പണം അനുവദിച്ചത്. വരും ദിവസങ്ങളില്‍ ബാക്കി തുക കൂടി അനുവദിക്കുമെന്നാണു റിപ്പോര്‍ട്ട്. 545.7 മില്യണ്‍ ഡോളറിന്റെ യുഎസ് സഹായമാണു പലസ്തീന് ഇതുവരെ ലഭിച്ചത്. മേഖലയില്‍ സമാധാനവും സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണു നടപടിയെന്നു സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് മാര്‍ക്ക് ടോണര്‍ അറിയിച്ചു

ലാറ്റിനമേരിക്കന്‍ നേതാക്കള്‍ക്ക് ക്യാന്‍സര്‍ വരാന്‍ കാരണം യുഎസെന്ന് ഷാവേസ്


കരാക്കസ്: യുഎസിനെതിരേ വിചിത്ര ആരോപണവുമായി വെനസ്വേ്വലന്‍ പ്രസിഡന്റ്ഹ്യൂഗോ ഷാവേസ് രംഗത്തെത്തി. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലെ നേതാക്കള്‍ക്കു ക്യാന്‍സര്‍ പിടിപെടാന്‍ കാരണക്കാരന്‍ യുഎസാണെന്നാണ് ഷാവേസിന്റെ കണ്‌ടെത്തല്‍. അര്‍ജന്റീനിയന്‍ പ്രസിഡന്റ്് ക്രിസ്റ്റീന കിര്‍ച്ച്‌നെറിനു ക്യാന്‍സറാണെന്ന വിവരം കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഇതിനോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ക്യാന്‍സര്‍ രോഗം വ്യാപിപ്പിക്കുന്ന സാങ്കേതിക വിദ്യ യുഎസ് വികസിപ്പിച്ചതായി സംശയിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇതിനുള്ള തെളിവ് തന്റെ പക്കല്‍ ഇല്ല. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലെ നേതാക്കള്‍ക്കു മാത്രമാണു ക്യാന്‍സര്‍ രോഗം കാണുന്നത്. ഇതു വളരെ വിചിത്രമായി തോന്നുന്നുവെന്നും അദ്ദേഹം അറിയിച്ചു.

അടുത്തിടെയാണു ഷാവേസ് ക്യാന്‍സര്‍ രോഗത്തില്‍ നിന്നു മോചിതനായത്. ബ്രസീലിയന്‍ പ്രസിഡന്റ് ദില്‍മ റൗസെഫ്, മുന്‍ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡാ ഡിസില്‍വ, പാരഗ്വെന്‍ പ്രസിഡന്റ് ഫെര്‍ണാണേ്ടാ ലുഗോ എന്നിവര്‍ക്കും ക്യാന്‍സര്‍ ബാധ കണെ്ടത്തിയിരുന്നു. ഇതില്‍ ലുല ഇപ്പോഴും ചികിത്സയിലാണ്. മറ്റുള്ളവര്‍ രോഗവിമുക്തരായി. ക്രിസ്റ്റീനയ്ക്കു തൈറോയിഡിലാണു ക്യാന്‍സര്‍ ബാധ കണെ്ടത്തിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക