Image

ലെന എയര്‍ ലിഫ്റ്റ് വഴി ബോളിവുഡിലേക്ക്

Published on 26 March, 2015
 ലെന എയര്‍ ലിഫ്റ്റ് വഴി ബോളിവുഡിലേക്ക്
സീരിയലുകളിലെ കണ്ണീരൊഴുക്കുന്ന സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിച്ച ലെന എന്ന നടി രഞ്ജിത് സംവിധാനം ചെയ്ത സ്പിരിറ്റ് എന്ന  ചിത്രത്തില്‍ കാഴ്ച വച്ച ധൈര്യശാലിയായ പൊലീസ് ഓഫീസറുടെ വേഷം ആര്‍ക്കാണ് മറക്കാന്‍ കഴിയുക. അത്ര ഭംഗിയായാണ് ആ സിനിമയില്‍ സുചിത്ര രാഘവന്‍ എന്ന പൊലീസ് ഓഫീസറെ ലെന അവതരിപ്പിച്ചത്. അതുവരെ പ്രേക്ഷക മനസില്‍ ലെനയെ കുറിച്ചുണ്ടായിരുന്ന പതിവു സങ്കല്‍പങ്ങളെല്ലാം ഉടച്ചു വാര്‍ത്ത കഥാപാത്രമായിരുന്നു അത്. ഇപ്പോഴിതാ ലെന അഭിനയിച്ച അലിഫ് ദേശീയപുരസ്‌ക്കാര പട്ടികയില്‍ ഇടംനേടിയിരിക്കുന്നു.

പ്രേക്ഷകനെ അമ്പരപ്പിക്കുന്ന കഥാപാത്രങ്ങളെ പിന്നീടും ലെന അവതരിപ്പിച്ചു. വിക്രമാദിത്യനില്‍ ദുല്‍ഖര്‍ സല്‍മാന്റെ അമ്മയായി. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിലെ സഖാവിന്റെ ഭാര്യയായി. അങ്ങനെ കാമ്പും കരുത്തുമുള്ള കഥാപാത്രങ്ങള്‍. വെല്ലുവിളികള്‍ നേരിടുന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതില്‍ ലെനക്കുള്ള മികവാണ് ഈ സിനിമകളിലൂടെ പ്രേക്ഷകര്‍ തിരിച്ചറിഞ്ഞത്. ഈ കഴിവ് ലെനയെ ഇപ്പോള്‍ ബോളിവുഡിലേക്ക് എത്തിച്ചിരിക്കുന്നു. 

മലയാളസിനിമയുടെ ചുറ്റുവട്ടത്തില്‍ നിന്ന് ബോളിവുഡിലെ എയര്‍ലിഫ്റ്റ് എന്ന ചിത്രത്തില്‍ അക്ഷയ്കുമാറിനൊപ്പമാണ് ലെന ഇപ്പോള്‍ അഭിനയിക്കുന്നത്. മലയാളിയായ രാജാ കൃഷ്ണ മേനോനാണ് എയര്‍ ലിഫ്റ്റ് സംവിധാനം ചെയ്യുന്നത്. കഹാനി, ബാംഗ് ബാംഗ്, ലൈലാ ഓ ലൈല എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തും സുരേഷ് നായരായിരുന്നു. ലെന അഭിനയിച്ച മലയാളസിനിമകള്‍ കണ്ടിട്ടാണ് അദ്ദേഹം  എയര്‍ലിഫ്റ്റിലേക്ക് ക്ഷണിച്ചത്. 

കിട്ടുന്ന കഥാപാത്രങ്ങളോട് നൂറു ശതമാനം നീതിപുലര്‍ത്തുക എന്ന ലക്ഷ്യം മാത്രം മുന്‍ നിര്‍ത്തി മുന്നേറുന്ന ലെനയെ സംബന്ധിച്ച് കിട്ടുന്ന കഥാപാത്രങ്ങളുടെ വലിപ്പച്ചെറുപ്പങ്ങള്‍ അപ്രസക്തമാണ്.  ഇതരത്തില്‍ തനിക്കു ലഭിക്കുന്ന കഥാപാത്രങ്ങളെ ഏറ്റവും മികച്ചതാക്കാന്‍ ശ്രദ്ധിക്കുന്ന അഭിനേത്രിയാണ് ലെന. സീരിയല്‍ രംഗത്തു നിന്നും തുടങ്ങിയ ലെനയുടെ യാത്ര ബോളീവുഡില്‍ എത്തിയിരിക്കുന്നു. തമിഴിലും നല്ല സിനികളുടെ ഭാഗമാകാന്‍ ലെനക്കു കഴിഞ്ഞിട്ടുണ്ട്.  

തമിഴില്‍ ധനുഷിനൊപ്പം അനേഗനിലാണ് ലെന അഭിനയിച്ചത്. ലെന മലയാളത്തില്‍ അവതരിപ്പിച്ച കഥാപാത്രങ്ങളെ ഇഷ്ടപ്പെട്ടതുകൊണ്ടാണ് സംവിധായകന്‍ അനേഗനിലേക്ക് ലെനയെ ക്ഷണിച്ചത്.  സിനിമാ രംഗത്തെ അനുഭവ പരിചയം ലെനക്ക് കോളിവുഡിലും ബോളിവുഡിലും നല്ല കഥാപാത്രങ്ങളെ ലഭ്യമാക്കി.

സ്വന്തം അഭിനയജീവിതത്തിലെ നാഴികകല്ലാണ് അലിഫ് എന്ന സിനിമ എന്നാണ്‌ലെനയുടെ അഭിപ്രായം.   മലയാളത്തില്‍ താന്‍ ഇതേവരെ അവതരിപ്പിച്ചതില്‍ ഏറ്റവും ശക്തമായ കഥാപാത്രമാണ് അലീഫിലെ ഫാത്തിമ എന്നു പറയുന്ന ലെനക്ക് ഇത്തരം ചിത്രങ്ങള്‍ക്ക് സമീപ കാലത്ത് പ്രേക്ഷക സ്വീകാര്യത നേടിയെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട് എന്നതില്‍ സന്തോഷമുണ്ട്. 

ഒരു കഥ കേള്‍ക്കുമ്പോള്‍ തന്നെ അത് എങ്ങനെ വ്യത്യസ്തമാക്കാം എന്നാണ് ലെനയുടെ ചിന്ത. കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കുന്ന ലെനക്ക് കിട്ടിയതെല്ലാം ഒന്നിനൊന്നിനു മികച്ച വേഷങ്ങള്‍. അതിന്റെ ഏറ്റവും നല്ല ഉദാഹരണങ്ങളാണ് സ്പിരിറ്റിലെ സുചിത്രാ രാഘവന്‍, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിലെ ആനി, വിക്രമാദിത്യനിലെ ദുല്‍ഖര്‍ സല്‍മാന്റെ അമ്മ വേഷം. ഇതില്‍ വിക്രമാദിത്യനിലേത് സാധാരണ നടിമാര്‍ ചെയ്യാന്‍ മടിക്കുന്ന വേഷമായിരുന്നു. തലമുടി നരപ്പിച്ച അമ്മവേഷം. എന്നാല്‍ ഒരു കഥാപാത്രത്തിന്റെ മൂന്നുകാലഘട്ടങ്ങളിലെ ജീവിതം അവതരിപ്പിക്കുന്ന ആ കഥാപാത്രം ശരിക്കും ഒരു വെല്ലുവിളിയായി തോന്നിയതുകൊണ്ടാണ് ലെന അത് തിരഞ്ഞെടുത്തത്. 

 ഏറ്റവുമൊടുവില്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്ന എന്നും എപ്പോഴും എന്ന സത്യന്‍ ചിത്രത്തിലും ലെനക്കുള്ളത് മികച്ച കഥാപാത്രം തന്നെ. മോഹന്‍ലാല്‍, മഞ്ജുവാര്യര്‍, സത്യന്‍ അന്തിക്കാട് എന്നിവര്‍ ഒരുമിക്കുന്നതു കൊണ്ടു തന്നെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമയാണിത്. അതുകൊണ്ടു തന്നെ ലെനയ്ക്കും പ്രതീക്ഷകള്‍ ഏറെയാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക