Image

അനൂജിന്റെ മരണം: ബ്രിട്ടീഷ് പാര്‍ലമെന്റ് റിപ്പോര്‍ട്ട് തേടി

Published on 29 December, 2011
അനൂജിന്റെ മരണം: ബ്രിട്ടീഷ് പാര്‍ലമെന്റ് റിപ്പോര്‍ട്ട് തേടി
ലണ്ടന്‍: ബ്രിട്ടണില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി അനൂജ് ബിദ്‌വെ വെടിയേറ്റുമരിച്ച സംഭവത്തില്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് റിപ്പോര്‍ട്ട് തേടി. മാഞ്ചസ്റ്ററില്‍ പ്രകോപനമില്ലാതെ നടന്ന കൊലപാതകത്തെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ബ്രിട്ടീഷ് പാര്‍ലമെന്ററി പാനലാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

അനൂജിന്റെ മരണത്തിന് ഇടയായ സാഹചര്യത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. ഇത്തരം ദാരുണ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ യുണൈറ്റഡ് കിങ്ഡം നടപടിയെടുക്കുമെന്ന് ലേബര്‍പാര്‍ട്ടി എം.പിയും ഹൗസ് ഓഫ് കോമണ്‍സ് ഹോം അഫെയേഴ്‌സ് കമ്മിറ്റി ചെയര്‍മാനുമായ കെയ്ത് വാസ് പറഞ്ഞു.

പുണെ സ്വദേശിയായ അനൂജ് ലങ്കാസ്റ്റര്‍ സര്‍വകലാശാലയിലെ ഇലക്‌ട്രോണിക്‌സ് ബിരുദാനന്തര ബിരുദവിദ്യാര്‍ഥിയായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് ഇന്ത്യക്കാരായ ഒമ്പത് സുഹൃത്തുക്കള്‍ക്കൊപ്പം ക്രിസ്മസ് അവധി ആഘോഷിക്കാന്‍ മാഞ്ചസ്റ്ററില്‍ പോയ അനൂജ് കൊല്ലപ്പെട്ടത്. ഹോട്ടലിന് പുറത്ത് സാല്‍ഫോര്‍ഡിലെ തെരുവില്‍ വെച്ച് രണ്ടുപേരുമായുള്ള ചെറിയ വാക്കു തര്‍ക്കത്തിനിടെ വെടിവെക്കുകയായിരുന്നു.

കേസുമായി ബന്ധപ്പെട്ട് ഇതേവരെ നാലുപേരെ പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. സംഘത്തിലെ രണ്ടുപേര്‍ കൗമാരക്കാരാണെന്നതൊഴിച്ച് അറസ്റ്റിലായവരെപ്പറ്റിയുള്ള മറ്റു വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക