Image

സമയം ,സ്ഥലം, ചരിത്രം (കവിത: റെജിസ്‌ നെടുങ്ങടപ്പള്ളി)

Published on 27 March, 2015
സമയം ,സ്ഥലം, ചരിത്രം (കവിത: റെജിസ്‌ നെടുങ്ങടപ്പള്ളി)
ഇനിയും
നേരമധികമില്ല
ഒന്നിനും;
വെള്ളിയിരുളാനും,
യാത്ര പറയാനും...

അത്താണികരുത്തിന്‌
അരികിലാരുമില്ല.
നേരെ നില്‌ക്കുക,
നേരെ നോക്കുക ,
ഒറ്റുകാരനെ ചുണ്ടോടുചുണ്ട്‌ ചുംബിച്ച്‌
നിറരഹിത ഭൂമി യെ കാമത്തോടെ കണ്ണടച്ച്‌
മരത്തടിയില്‍
പ്രാണനെ പ്രണയവീഞ്ഞിലിറ്റിച്ച്‌ ...

കഴുതയുടെ കാല്‍
കഴുകാനാരുമില്ല;
കറുത്തയുടുപ്പിട്ട
സാത്താന്റെ
ഹോശാന്നയോശാരം
കേള്‍ക്കാതെ,
സമയവും,
സ്ഥലവും രണ്ടല്ലെന്നറിഞ്ഞു
ധ്യാന സ്വസ്ഥതയില്‍ കുറുകി ......

മഷിയും ,
ചോരയും ഏറെ ഒഴുക്കിയിട്ടും, ദിവസവും
കല്ലറദൂരം കുറുകി കുറയുന്നത്‌
അറിയാതെ പോകുന്ന
മറിയയുടെ നിഷേധപെണ്മ മോചനക്കോടതിയില്‍
അലിഞ്ഞ്‌ ....

പൂവനും ,
പട്ടാളവും,
പത്രോസും മൂന്ന്‌ ദിവസത്തോളം
കുരുത്തോല സമ്മര്‍ദ്ദത്തില്‍ ആണെന്ന്‌
പിതാവേ നീയറി യുന്നുണ്ടോ ??
ഒരു പക്ഷേ
മുഴുത്ത തടസ്സക്കല്ലുരുട്ടിമാറ്റാന്‍ എന്നെങ്കിലും
യൂദ ഉയിര്‍ത്തു വന്നേക്കാം !!
സമയം ,സ്ഥലം, ചരിത്രം (കവിത: റെജിസ്‌ നെടുങ്ങടപ്പള്ളി)
Join WhatsApp News
വായനക്കാരൻ 2015-03-27 11:38:27
സെൽഫിയോട് സലാം പറഞ്ഞ്
ലൈക്കുകൾ ക്ലിക്കുചെയ്യാൻ വിസമ്മതിച്ച്
ഉലകംചുറ്റും‌വല(world wide web)യെ അൺഫ്രണ്ട് ചെയ്ത്
നിലത്ത് ചമ്രം പടഞ്ഞിരിക്കുമ്പോൾ.

അന്നേരം
സ്ഥലകാലബോധമുണ്ടാവുമ്പോൾ
സ്ഥലവും കാലവും 
ഒരേ അവിച്ഛിന്നവസ്തുവെന്ന
ഐൻസ്റ്റൈൻ അവബോധമുണ്ടാവുമ്പോൾ
സ്ഥലവും കാലവും
മനസ്സിന്റെ മായാലീലകളെന്ന
അതിന്ദ്രീയ ജ്ഞാനത്തിൽ
കാലവും കർത്താക്കളും
ആശയങ്ങളും ആവേശവും
ഒരു കേന്ദ്രബിന്ദുവിലലിയുമ്പോൾ
അന്നേരം.......
അന്നേരം?
andrew 2015-03-28 05:03:55
അല്ല അല്ല അതല്ല; അല്ല ഇതാണ് എന്നു പറയാന്‍ പറ്റാത്തത്‌ അല്ലെ സത്യം?.
പിന്നെ സത്യത്തില്‍ എന്തു സത്യം?
സത്യത്തിനു എന്തു സമയം ? സമയത്തിന് അതീതം അല്ലെ സത്യം?
കപട നാടക ജീവിതം, കാണികള്‍ ഇല്ല. എല്ലാവരും സ്റ്റേജില്‍ .
പിന്നെ തറ ടിക്കറ്റ് എടുത്ത ഒരുവന്‍ .
അവന്‍റെ ജീവിതം സ്റ്റേജില്‍ . ബന്ദുക്കള്‍ , പള്ളിക്കാര്‍ , ബാങ്കുകാര്‍ പിന്നെ കുറെ വേദിക്കാരും.- എല്ലാവരും നടി നടന്‍. ഞാന്‍ എന്ന ഞാന്‍ മാത്രം ഒറ്റയ്ക്ക് നിലത്ത് .
കാവി മുണ്ട് ഉടുത്തത് ആണോ എന്‍റെ കുറ്റം ?
മുണ്ട് ഉരിഞ്ഞു നിലത്തു തന്നെ ഇരിക്കണോ അതോ സ്റ്റേജില്‍ കയറണോ
എന്‍റെ ജീവിത നാടകം അരങ്ങ് തകര്‍ക്കുന്ന ഈ വേദിയില്‍.?
ജീവിതം ഗാര്‍ബെജില്‍ അതിനേ തേടി എന്‍ നന്ഗ്ന പാദങ്ങള്‍ മഞ്ഞില്‍ നടക്കുന്നു .
പിന്നെ എന്‍ വീടിനും തീ പിടിച്ചു . എന്നാലും
സാദിക്കില്ല ഒരിക്കലും ഞാന്‍ എന്ന സത്യത്തെ ഇല്ലാതാക്കാന്‍ !
പിന്നെ ചരിത്രം.
കള്ള സത്യം ഒളിച്ചു വെക്കുന്ന തുരുമ്പിച്ച തകര പെട്ടി അല്ലെ ചരിത്രം
സത്യം തീ ചൂളയില്‍ പുകയായി മാറും ഈ യുഗത്തില്‍
എന്തിനു ചരിത്രം ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക