Image

സ്വപ്‌നഭൂമിക (നോവല്‍ : 18 - മുരളി ജെ നായര്‍)

മുരളി ജെ നായര്‍ Published on 28 March, 2015
സ്വപ്‌നഭൂമിക (നോവല്‍ : 18 - മുരളി ജെ നായര്‍)
പതിനെട്ട്

പുറത്ത് സൂര്യന്‍ നിറഞ്ഞു പ്രകാശിക്കുന്നു. അമേരിക്കന്‍ വസന്തത്തിന്റെ ഭംഗി മുഴുവന്‍ നിറഞ്ഞ, മാര്‍ച്ച് അവസാന ആഴ്ചയിലെ ഒരു അപരാഹ്നം.
മമ്മി നാലു മണിക്കെത്താമെന്നാണ് പറഞ്ഞിരുന്നത്. നാലരയായി. ഇതുവരെ കണ്ടില്ല.
ആശുപത്രിയില്‍ നിന്ന് മൂന്നരയ്‌ക്കെങ്കിലും ഇറങ്ങാന്‍ പറ്റും. നേരെ ഇങ്ങോട്ടെന്തേണ്ടതാണ്.
സന്ധ്യ ഓര്‍ത്തു. ഇന്ന് എന്തെന്നില്ലാത്ത ആത്മസംതൃപ്തി തോന്നുന്നു. ഇന്നത്തെ സെഷന്‍ വിജയകരമായി ചെയ്തതുപോലെ. 'പുനര്‍ജന്മ' പ്രക്രിയയിലെ പുതിയ ബാച്ച് അഡിക്ടുകളാണ്. അവര്‍ക്കുള്ള കൗണ്‍സിലിങ്ങിന്, ദുഃശീലത്തില്‍ നിന്നും മുക്തരായ തന്നെപ്പോലെയുള്ള മുന്‍ അഡിക്ടുകളെ ഉപയോഗിക്കുന്നു. അവരുടെ വേദന നിറഞ്ഞ മുന്‍കാല അനുഭവങ്ങളെപ്പറ്റി കേള്‍ക്കുമ്പോള്‍, അതില്‍ നിന്ന് മുക്തരായി പുതിയൊരു ജീവിതത്തിലേക്കു തിരിയാനുള്ള അഭിവാഞ്ചയെപ്പറ്റി അറിയുമ്പോള്‍ ഒരു പ്രത്യേക വികാരം. താന്‍ അനുഭവിച്ച ആത്മസംഘര്‍ഷങ്ങളും തന്റെ ദൃഢനിശ്ചയവും ഗ്രൂപ്പ് തെറാപ്പിയിലൂടെ അനുഭവിക്കേണ്ടിവന്ന വേദന നിറഞ്ഞ ആശ്വാസവുമെല്ലാം വീണ്ടും ആവര്‍ത്തനങ്ങളാകുന്നു.
സന്ധ്യ എഴുന്നേറ്റ് വിസിറ്റേഴ്‌സ് റൂമിന്റെ അങ്ങേയറ്റത്തുള്ള കൊറിഡോര്‍ വരെ നടന്നു. ഇരിപ്പുറയ്ക്കുന്നില്ല. മനസാകെ മലക്കം മറിയുന്നു. വല്ലാത്ത അസ്വസ്ഥത.
വിനോദ് അടുത്ത തിങ്കളാഴ്ചയെത്തും. ടിക്കറ്റ് ഓക്കെയായ കാര്യം വിളിച്ചു പറഞ്ഞിരുന്നു. വിസ ശരിയായത് രണ്ടാഴ്ച മുമ്പാണ്. അക്കാര്യം അറിയിച്ചത് എന്തു സന്തോഷത്തോടെയാണ്. ആകെ ഒരു പരവേശം. ഫോണിലൂടെ ഉമ്മകള്‍....
വാതില്‍ തുറന്ന് പുറത്തേക്കിറങ്ങി. ഇത്ര മനോഹരമായ ഒരു അപരാഹ്നത്തില്‍ എന്തിനാണ് അടച്ചു മൂടി ഉള്ളിലിരിക്കുന്നത്. മമ്മി വരുന്നതു പുറത്തു നിന്ന് കാണാമല്ലോ.
ഫിലഡല്‍ഫിയയുടെ പ്രാന്തപ്രദേശമായി അപ്പര്‍ ഡാര്‍ബി പൊതുവെ ഒരു റസിഡന്‍ഷ്യല്‍ ഏരിയായാണ്. വിദേശീയര്‍ ധാരാളമുള്ള സ്ഥലം. ഇന്ത്യാക്കാര്‍, ഗ്രീക്കുകാര്‍, പൂര്‍വ്വേഷ്യയില്‍ നിന്നുള്ളവര്‍ അങ്ങനെ പല എത്‌നിക് വര്‍ഗ്ഗങ്ങള്‍.
ഒരു റസിഡന്‍ഷ്യല്‍ സ്ട്രീറ്റിന്റെ അറ്റത്തുള്ള ഒരു കെട്ടിടത്തിലാണ് തെറാപ്പി സെഷനുകള്‍. ഒരു ഹാള്‍ ഇതിനായി വാടകയ്‌ക്കെടുത്തിരിക്കയാണ്.
 സൂര്യനഭിമുഖമായി നടന്നു.
കുട്ടികള്‍ പലതരം കളികളില്‍ ഏര്‍പ്പെട്ടിരിക്കുന്നു. തങ്ങളുടെ പൂമുഖങ്ങളില്‍ കുട്ടികളെ നിരീക്ഷിച്ചുകൊണ്ട് മാതാപിതാക്കള്‍. സംതൃപ്തിയുടെ ചിത്രം.
ഈ സംതൃപ്തിയുടെ മായാലോകത്തില്‍ നിന്ന് അധികം അകലെയല്ലാതെ ജീവിതത്തിലേക്ക് വീണ്ടും തിരികെ വരാന്‍ സമരം ചെയ്യുന്ന ഒരു കൂട്ടം യോദ്ധാക്കള്‍. ഡ്രഗ് അഡിക്ടുകള്‍. അവരെ സഹായിക്കാന്‍ തന്നെപ്പോലെയുള്ള മുന്‍ അഡിക്ടുകള്‍....
ഇത്തവണ ബാച്ചില്‍ ഉള്ള ബോബ് സ്‌പെന്‍സര്‍ എന്നയാളുടെ കഥയ്ക്ക് പ്രത്യേകതകള്‍ ഉള്ളതായി തോന്നി. വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ചയാള്‍. അച്ഛന്‍ ബിസിനസ് ഉടമ. അമ്മ ഡോക്ടര്‍.
മറ്റ് അഡ്കിടുകളില്‍ നിന്നും ബോബിനെ വേര്‍തിരിച്ചു നിര്‍ത്തിയത് അയാളുടെ പ്രായമാണ്. 28 വയസ്സുണ്ടെന്നാണു പറഞ്ഞത്. മറ്റുള്ളവരെല്ലാം അതിലും ചെറുപ്പമായിരുന്നു. വെറെ ചില പ്രോഗ്രാമുകളില്‍ പരാജയപ്പെട്ടപ്പോഴാണത്രെ 'പുനര്‍ജന്മ'ത്തില്‍ എത്തിയത്.
ഫിലഡല്‍ഫിയയിലെ വാര്‍ട്ടണ്‍ ബിസിനസ് സ്‌ക്കൂളില്‍ നിന്ന് എം.ബി.എ. കഴിഞ്ഞ് ഫാമിലി ബിസിനസില്‍ പ്രവേശിച്ചതാണ് ബോബ്. അധികം താമസിയാതെ സുന്ദരിയായ തന്റെ പ്രേമഭാജനത്തെ വിവാഹം കഴിച്ചു. അവള്‍ വഴിയാണത്രെ മയക്കുമരുന്നു ശീലം അഭ്യസിച്ചത്.
ആദ്യമൊക്കെ സ്‌നോര്‍ട്ടു ചെയ്തു തുടങ്ങിയത് ലൈംഗികോത്തജക മരുന്നായിട്ടായിരുന്നുവത്രെ. പിന്നെപ്പിന്നെ അത് അഡിക്ഷനായി. ജീവിതത്തില്‍ നിന്നു പിന്തിരിയാന്‍ തുടങ്ങി. ബിസിനസ് കാര്യങ്ങളില്‍ ശ്രദ്ധിക്കാതായി. താമസിയാതെ വിവാഹമോചനവും നടന്നു.
തന്നെപ്പറ്റിയുള്ള സ്വയംപരിചയപ്പെടുത്തല്‍ ബോബ് അവസാനിപ്പിച്ചത് ഒരു പൊട്ടിക്കരച്ചിലോടെയാണ്.
പെട്ടെന്നു നിന്നു. മുമ്പില്‍ ട്രാഫിക് സിഗ്നല്‍, ചുവന്ന ലൈറ്റ്, 'ഡോന്റ് വാക്ക്' സൈന്‍.
തിരിഞ്ഞു നടക്കാന്‍ തുടങ്ങി. മമ്മി ഇപ്പോള്‍ എത്തിയിട്ടുണ്ടാവും. ഓരോന്ന് ഓര്‍ത്ത് ഇത്ര ദൂരം നടന്നതറിഞ്ഞില്ല.
മമ്മിയുടെ നിര്‍ബന്ധപ്രകാരം 'പുനര്‍ജന്മ' പ്രോഗ്രാമിലേക്കു വരുമ്പോള്‍ വലിയ ശുഭാപ്തിവിശ്വാസമൊന്നും ഉണ്ടായിരുന്നില്ല.
എന്തുകൊണ്ടോ ഒരു ആകസ്മിക മരണം താന്‍ മുന്നില്‍ കണ്ടിരുന്നു. അതുകൊണ്ട് സെഷനുകളില്‍ സ്വന്തം ജീവിതകഥ തുറന്നു പറയാന്‍ മടിയോ നാണക്കേടോ തോന്നിയില്ല. തന്നെ വേട്ടയാടുന്ന ഭൂതകാലത്തിന്റെ കഥ പറയുമ്പോള്‍ ഒരുതരം ആശ്വാസമായിരുന്നു.
ചെറുപ്പത്തിലെ ഏകാന്തതയെപ്പറ്റി, ആദ്യമായി കൊക്കയ്ന്‍ ഉപയോഗിച്ചതിനെപ്പറ്റി, കീത്തുമായുള്ള ബന്ധത്തെപ്പറ്റി, സ്വന്തം ഇഷ്ടത്തിനെതിരായി ഫാര്‍മസി കോഴ്‌സിനു പോകേണ്ടി വന്നതിനെപ്പറ്റി.....
ഈ തെറാപ്പി സെഷനുകള്‍ക്കിടയിലും ഒരു കാര്യം ബോദ്ധ്യമായിരുന്നു. മമ്മിക്ക് തന്നോടുള്ള സ്‌നേഹവും തനിക്ക് അങ്ങോട്ടുള്ള മനോഭാവവും.
വിഹ്വലതയുടെ ഇടവേളയില്‍ വിജ്യംഭിതങ്ങളായി നിന്ന തന്റെ ഞരമ്പുകളെ സാന്ത്വനിപ്പിക്കാന്‍ ഡാഡിയുടെ മദ്യശേഖരത്തില്‍ നിന്ന് അല്പം ബ്രാന്‍ഡി എടുത്തു കുടിച്ചതും അത് മമ്മി കൈയോടെ പിടികൂടി പ്രശ്‌നമായതും പറഞ്ഞപ്പോള്‍ മമ്മി തേങ്ങിക്കരയുന്നതു കണ്ടിരുന്നു.
'മോളേ....'
മമ്മിയുടെ വിളി. ഞെട്ടിത്തിരിഞ്ഞു നോക്കി. മമ്മി സൈഡ് വാക്കിനോട് ചേര്‍ന്ന് കാര്‍ നിര്‍ത്തിക്കഴിഞ്ഞു.
ഡോര്‍ തുറന്ന് കാറിലേക്കു കയറി.
'എവിടെപ്പോയിരുന്നു നീ?'
'എങ്ങും പോയില്ല. മമ്മിയെ കാത്തിരുന്നു മുഷിഞ്ഞു.' മമ്മി കാര്‍ വീണ്ടും മുന്നോട്ടെടുത്തു. ഒന്നു നടക്കാമെന്നു വച്ചു. വാട്ട് എ ബ്യൂട്ടിഫുള്‍ ഡേ!
'യെസ്.' മമ്മി പറഞ്ഞു.
'എന്താ മമ്മി താമസിച്ചെ?'
'ഒത്തിരി പണിയുണ്ടായിരുന്നു.' മമ്മി തന്റെ നേരെ നോക്കി. 'നിനക്ക് ഡാഡിയെ വിളിക്കാന്‍ വയ്യായിരുന്നോ?'
'ഓ.... ഞാനതിനെപ്പറ്റി ഓര്‍ത്തില്ല. പിന്നെ വെറുതെ പുറത്തിറങ്ങി നടക്കാനൊരു രസം തോന്നി.'
മമ്മി വളരെ ശ്രദ്ധാപൂര്‍വ്വം ഡ്രൈവു ചെയ്യുന്നതു നോക്കിയിരുന്നു. വിനോദ് വരുന്ന തീയതി അറിഞ്ഞതു മുതല്‍ മമ്മിക്ക് ഉത്സാഹമാണ്. തന്റെ റീഹാബിലിറ്റേഷന്‍ വളരെ തൃപ്തികരമായി കഴിഞ്ഞതിലും വലിയ സന്തോഷമുണ്ട്. ദൈവമേ, ഇത്ര നല്ലൊരു മമ്മിയെ കിട്ടിയ താന്‍ എന്തു ഭാഗ്യവതിയാണ്!
നാളെയാണ് തെറാപ്പിയുടെ ഏറ്റവും അവസാനത്തെ ദിവസം. മമ്മിയും കൂടെയെത്തണം. മിക്കവാറും വെറും കൂടിക്കാഴ്ചയേ ഉണ്ടാവൂ. നാന്‍സി റോബര്‍ട്ട്‌സിന് മമ്മിയോട് എന്തൊക്കെയോ പറയാനുണ്ടാവും.
ആകെക്കൂടി മനസിനൊരു ഉത്സാഹം. ജീവിതം തിരിച്ചു കിട്ടിയ തോന്നല്‍. 
'മമ്മി നാളെ അവധിയെടുത്തിട്ടുണ്ടല്ലോ.?'
'ഉം.' റോഡില്‍ നിന്ന് ദൃഷ്ടിയെടുക്കാതെ മമ്മി മൂളി.
മമ്മിക്കും ഈയിടെ വളരെ മാറ്റം വന്നമട്ടുണ്ട്. വളരെ അപൂര്‍വ്വമയേ രണ്ടു മുഴുവന്‍ ജോലി ചെയ്യാറുള്ളൂ. ഓവര്‍ടൈം ചെയ്യുന്നതും കുറച്ചിരിക്കയാണ്.
ഡാഡി പുതിയ ഫ്രാഞ്ചൈസ് പരിപാടിയുടെ തിരക്കിലാണ്. നഗരപ്രാന്തത്തില്‍, തങ്ങള്‍ താമസിക്കുന്നതിനടുത്തായി പുതിയൊരു ഫ്രാഞ്ചൈസ് ഫുഡ്‌സ്റ്റോര്‍ തുടങ്ങാനുള്ള ശ്രമം. തുടങ്ങിയിട്ടു കുറെ നാളായെങ്കിലും ഇപ്പോഴാണ് എല്ലാം ശരിയായി വന്നത്. വര്‍ക്കി അങ്കിളുമായുള്ള പാര്‍ട്ട്‌നര്‍ഷിപ്പാണിതും.
രണ്ടു ദിവസത്തിനുള്ളില്‍ തുടങ്ങുമത്രെ.
ഡ്രൈവ് വേയില്‍ കാര്‍ കണ്ടു. ഡാഡി വീട്ടിലുണ്ട്.
ഡാഡിയുടെ കാറിനു പിറകില്‍ മമ്മി കാര്‍ നിര്‍ത്തി.
വാതില്‍ തുറന്ന് അകത്തേക്കു കടന്നപ്പോഴാണു കണ്ടത്. ഡാഡിയും വര്‍ക്കി അങ്കിളും കൂടാതെ വേറൊരാളും.
'ഹായ് അങ്കിള്‍,' വര്‍ക്കി അങ്കിളിനെ നോക്കി പറഞ്ഞു.
'എന്തൊക്കെയുണ്ട് മോളെ?'
'നിങ്ങളെന്താ ഇത്ര താമസിച്ചത്?' മമ്മിയോടാണ് ഡാഡിയുടെ ചോദ്യം.
'ഒത്തിരി പണിയൊണ്ടാരുന്നു.' മമ്മി പറഞ്ഞു.
'പിന്നെ ഇവളെ പിക്കുചെയ്യാന്‍ പോയി.'
സന്ധ്യ സ്‌റ്റെപ്പുകള്‍ കയറാന്‍ തുടങ്ങി. തന്റെ മുറിയിലേക്ക്. മുറിയിലേക്കു പ്രവേശിക്കവേ ആദ്യം കണ്ണില്‍പ്പെട്ടത് ആ കാര്‍ഡായിരുന്നു. കുറേ ദിവസങ്ങള്‍ക്കു മുമ്പ് മെയിലില്‍ വന്ന വാലന്റയിന്‍സ് ഡേ ഗ്രീറ്റിങ്‌സ്. അയച്ച ആളിന്റെ ഊരോ പേരോ ഒന്നുമില്ലാത്ത കാര്‍ഡ്.
അമേരിക്കയിലെ ഒരു പ്രധാന ആഘോഷമാണ് വാലന്റയിന്‍സ് ഡേ. സ്‌നേഹിതര്‍ക്ക് ഉപഹാരങ്ങള്‍ നല്‍കാനുള്ള ദിവസം. കൂടുതലും കാമുകീകാമുകന്മാരും ഭാര്യഭര്‍ത്താക്കന്മാരുമാണ് ഉപഹാരങ്ങള്‍ കൈമാറുന്നത്.
തനിക്കു കിട്ടിയ ഈ വാലന്റയിന്‍സ് കാര്‍ഡ് അപ്രതീക്ഷിതമായിരുന്നു. അയച്ച ആളിന്റെ പേരുപോലും ഇല്ലാത്തത് ആശ്ചര്യകരമായി തോന്നി. മെയില്‍ ചെയ്ത പോസ്‌റ്റോഫീസിന്റെ പേര് മുദ്രയില്‍ നിന്നു വ്യക്തമല്ല.
കീത്ത് അയച്ചതാകാനാണു സാദ്ധ്യത. എങ്കിലും അത് അല്പം കടന്ന കൈയല്ലേ? വേറൊരാളിന്റെ ഭാര്യയായ തനിക്ക് ഈ കാര്‍ഡ് അയയ്ക്കുന്നത്?
ഒരുപക്ഷേ ഇനി വിനോദ് അയപ്പിച്ചതാകാനും മതി. എന്നാല്‍ അമേരിക്കയിലെ ഈ ആചാരത്തെപ്പറ്റി വിനോദിന് അറിയാമെന്നു തോന്നുന്നില്ല. അഥവാ തോന്നിയാലും ഇങ്ങനെ കാര്‍ഡ് അയപ്പിക്കത്തക്ക ഭാവനയൊന്നും അയാള്‍ക്കുണ്ടെന്നു തോന്നുന്നില്ല.
സന്ധ്യ കാര്‍ഡ് എടുത്ത് ഒന്നുകൂടി നോക്കി. കാര്‍ഡില്‍ ഒന്നും എഴുതിയിട്ടില്ല. പ്രിന്റു ചെയ്ത മെസേജ് അല്ലാതെ.
കവറിനു പുറത്തെ അഡ്രസ്സ് ടൈപ്പു ചെയ്തിരിക്കയാണ്.
അതാണ് കൂടുതല്‍ ചിന്താക്കുഴപ്പം ഉണ്ടാക്കിയിരിക്കുന്നത്.
ആഴ്ചകള്‍ക്കു മുമ്പാണ് ഈ കാര്‍ഡു കിട്ടിയതെങ്കിലും കളയാന്‍ തോന്നിയില്ല. എന്തോ ഒരു പ്രത്യേകത.
ഇനി ഈ കാര്‍ഡ് സൂക്ഷിക്കേണ്ട. അതെടുത്ത് തുണ്ടുതുണ്ടായി കീറി വെയ്സ്റ്റ് ബാസ്‌ക്കറ്റിലേക്കിട്ടു.
വാതിലില്‍ മുട്ട്.
മമ്മി.
'താഴേക്കു വാ, ഡാഡി വിളിക്കുന്നു.'
'അവരൊക്കെ പോയോ?'
'പോയി.' മമ്മി അകത്തേക്കു കയറി. 'പുതിയ ബിസിനസ്സിന്റെ കാര്യം. താഴെക്കണ്ട ആ ആളാണ് സ്റ്റോറിന്റെ മാനേജര്‍.'
തനിക്കിതിലൊന്നും വലിയ താല്പര്യമില്ലെന്നു മമ്മിക്കറിയാം. എന്നാലും മമ്മി എല്ലാം പറയും.
മമ്മി മുറിയില്‍ നിന്നിറങ്ങി.
ഡ്രസ് മാറി താഴേയ്ക്കു വന്നു.
ഡൈനിങ് ടേബിളില്‍ ചായയും പരിപ്പുവടയും.
'വിനോദ് വരുമ്പോഴത്തേക്കും എല്ലാം സെറ്റ് ആകണമെന്ന പ്ലാനായിരുന്നു.' ഡാഡി പറഞ്ഞു. 'എന്തായാലും ഉദ്ദേശിച്ചതുപോലെ തന്നെ എല്ലാം നടന്നു.'
എന്തു കാര്യമാണീപ്പറയുന്നത്? മമ്മിയുടെ മുഖത്തേക്കു നോക്കി. ഡാഡിക്കതു പിടികിട്ടിയെന്നു തോന്നുന്നു.
'ഈ പുതിയ ഫ്രാഞ്ചൈസിന് ഈയടുത്ത പരിസരത്തെങ്ങും ശാഖകളില്ല.' ഡാഡി പറഞ്ഞു. നല്ലൊരു ബിസിനസ് ഓപ്പര്‍ച്യൂണിറ്റിയാണ്. മാത്രമല്ല വിനോദിന് ഹാന്‍ഡ്‌സ് ഓണ്‍ എക്‌സ്പീര്യന്‍സുമാകും.'
തനിക്കൊന്നും മനസിലാകുന്നില്ല. ഡാഡിയുടെ ഈ കണക്കുകൂട്ടലൊന്നും.
ഡാഡി വിശദീകരിച്ചു.
'തല്‍ക്കാലം ഈ ഫ്രാഞ്ചൈസ് വര്‍ക്കിച്ചനുമായിച്ചേര്‍ന്ന് പാര്‍ട്ട്ണര്‍ഷിപ്പില്‍ എടുക്കുന്നു. വിനോദ് അവിടെ ജോലി ചെയ്യുന്നു. വിനോദിന് ഇതിന്റെ ഉള്ളുകള്ളികളെല്ലാം മനസിലായിക്കഴിഞ്ഞാല്‍ ഉടനെ അടുത്ത കട വാങ്ങിക്കുന്നു. അതു പാര്‍ട്ടണര്‍ഷിപ്പായിരിക്കില്ല, ഒറ്റയ്ക്ക്.'
'വിനോദ് മിടുക്കനാണ്.' ഡാഡി പറഞ്ഞു. 'അവന്റെ അപ്പച്ചന്‍ പറഞ്ഞിരുന്നു. അവരുടെ ഫൈനാന്‍സ് ബിസിനസിന്റെ നെടുംതൂണ് അവനാണ്. മൂപ്പിലാന് കണക്കും കൈയുമൊക്കെ വയ്ക്കാന്‍ വലിയ പ്രയാസമാണെന്നു തോന്നുന്നു.'
മമ്മിയെ നോക്കി. ഇക്കാര്യത്തിലൊന്നും യാതൊരു താല്പര്യവുമില്ലെന്ന മട്ടില്‍ ഒരു നിസ്സംഗഭാവത്തിലാണ് ഇരുപ്പ്.
ബിസിനസില്‍ ഇത്ര മിടുക്കുള്ള ആള്‍, നാട്ടിലെ ബിസിനസിന്റെ നെടുംതൂണായ ആള്‍, അമേരിക്കയിലുള്ള പെണ്ണിനെ കെട്ടി ഇങ്ങനെ കുടിയേറുന്നതിന്റെ ആവശ്യം എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല.
'എന്നോട് വിനോദിന്റെ അപ്പച്ചന്‍ പറഞ്ഞു.' ഡാഡി തുടര്‍ന്നു. 'ഇവന്‍ പൊയ്ക്കഴിഞ്ഞാല്‍ എല്ലാം അവതാളത്തിലാകുമെന്ന്.'
എന്നിട്ട് വിനോദിന്റെ അപ്പച്ചന്റെ ബിസിനസ് ഐഡിയാകളും വിവരിച്ചു. ഇപ്പോള്‍ മാര്‍ക്കറ്റിലുള്ള കാശ് കുറേശ്ശെ പിന്‍വലിച്ചു ബാങ്കിലിടുക. അതില്‍ നിന്നു കിട്ടുന്ന പലിശ മതി. കുറെയൊക്കെ ഉണ്ടാക്കിയില്ലേ?
ഒരുതരം പുച്ഛമാണു തനിക്കു തോന്നിയത്. ഈ ബിസിനസു കാര്യമാണെന്നു തോന്നുന്നു ഇവരെയെല്ലാം ബന്ധിപ്പിക്കുന്ന കണ്ണി. തന്റെ വിവാഹം വഴി ഡാഡി ചെയ്തതും ഭാവി ബിസിനസ് പരിപാടികള്‍ക്ക് അസ്തിവാരമിടുകയാണല്ലോ. കഷ്ടം!
'മോളെന്താ ഒന്നു പറയാത്തെ?' ഡാഡിയുടെ ചോദ്യം ഒന്നമ്പരപ്പിച്ചു.
'ഞാനെന്തു പറയാന്‍?'
'അല്ലാ, മോള്‍ക്ക് ഇക്കാര്യത്തിലൊന്നും താല്‍പര്യമില്ലെങ്കില്‍ തുറന്നു പറയണം.' ഡാഡി ഒന്നു നിര്‍ത്തി. 'വിനോദ് പഠിപ്പുള്ള പയ്യനാ. അവനെ കോളേജില്‍ വിട്ട് കൂടുതല്‍ പഠിപ്പിക്കാനാണ് ആഗ്രഹമെങ്കില്‍ അങ്ങനെ ചെയ്യാം.'
മമ്മിയുടെ മുഖത്തേക്കു നോക്കി.
'എന്തു പഠിപ്പിക്കാന്‍ പറ്റും?' സന്ധ്യ ചോദിച്ചു.
'ബീകോം ആണെന്നല്ലേ പറഞ്ഞത്. അക്കൗണ്ടന്‍സിയില്‍ നല്ല അറിവും കാണുമല്ലോ, പ്രായോഗികമായി. ഇവിടെ നല്ല മാര്‍ക്കറ്റുള്ള പ്രൊഫഷനല്ലേ സി.പി.എ? അതിനു പഠിക്കട്ടെ?'
സന്ധ്യ ഓര്‍ത്തു. സി.പി.എ. ആകുകയെന്നു വച്ചാല്‍ അത്ര എളുപ്പമുള്ള കാര്യമൊന്നുമല്ല. അത്യദ്ധ്വാനം വേണം. വിനോദിന് അതിനു കഴിയുമോ എന്നതാണു പ്രശ്‌നം.
ഇപ്പോള്‍ത്തന്നെ ഡിഗ്രി കംപ്ലീറ്റു ചെയ്തിട്ടുണ്ടോ എന്നു സംശയമാണ്. ഒരിക്കല്‍ താന്‍ ചോദിച്ചപ്പോള്‍ ഒഴിഞ്ഞു മാറുന്ന മറുപടിയായിരുന്നു.
ഫോണ്‍ ബെല്ലടിച്ചു.
ഡാഡി ആന്‍സര്‍ ചെയ്തു. പെട്ടെന്ന് ഡാഡിയുടെ മുഖം വാടുന്നതു ശ്രദ്ധിച്ചു. റിസീവര്‍ തന്റെ നേരെ നീട്ടി.
കൈയൈത്തിച്ചു ഫോണ്‍ വാങ്ങവേ ഡാഡി മന്ത്രിച്ചു. 'കീത്ത്'


സ്വപ്‌നഭൂമിക (നോവല്‍ : 18 - മുരളി ജെ നായര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക