Image

ജോസഫ്‌ ചെറുവേലിയുടെ 'ഈ ലോകത്തിനൊരു കത്ത്‌: സുധീര്‍ പണിക്കവീട്ടില്‍

Published on 30 March, 2015
ജോസഫ്‌ ചെറുവേലിയുടെ 'ഈ ലോകത്തിനൊരു കത്ത്‌: സുധീര്‍ പണിക്കവീട്ടില്‍
ഈ ലോകത്തിനൊരു കത്ത്‌ (പ്രൊഫസ്സര്‍ ജോസഫ്‌ ചെറുവേലില്‍ എഴുതിയ A Passage to America എന്ന പുസ്‌തകത്തെക്കുറിച്ചുള്ള നിരൂപണം

ആത്മകഥകളെ ഓര്‍മ്മക്കുറിപ്പുകളായി വായനക്കാര്‍ തെറ്റിദ്ധരിക്കാറുണ്ട്‌. വാസ്‌തവത്തില്‍ അവ തമ്മില്‍ ബന്ധപ്പെട്ട്‌ കിടക്കുന്നെങ്കിലും ആത്മകഥകളില്‍ ഒരാള്‍ തന്റെ ജീവിതവും താന്‍ കടന്നു പോന്ന കാലഘട്ടവും വിവരിക്കുന്നു. പ്രൊഫസ്സര്‍ ജോസഫ്‌ ചെറുവേലിയുടെ `അമേരിക്കയിലേക്കുള്ള പ്രയാണം'' (A Passage to America) എന്ന ഇംഗ്ലീഷ്‌ പുസ്‌തകത്തിന്റെ ഏകദേശ പരിഭാഷ) എന്ന പുസ്‌തകം ഒരു ആത്മകഥയാണോ, ഓര്‍മ്മക്കുറിപ്പുകളാണോ? ഒരു ദത്തുപുത്രന്റെ കുറിപ്പുകള്‍ എന്നാണ്‌ അദ്ദേഹം പുസ്‌തകത്തില്‍ പറഞ്ഞിരിക്കുന്നത്‌. കൂടാതെ അമേരിക്കന്‍ കവയിത്രി എമിലി ഡിക്കിന്‍സിന്റെ `ഇത്‌ ഞാന്‍ ലോകത്തിനയക്കുന്ന കത്ത്‌' എന്ന കവിതയിലെ ആദ്യ വരി ഉദ്ധരിച്ചിട്ടുണ്ട്‌. ആ കവിതയില്‍ ഡിക്കിന്‍സന്‍ പറയുന്നത്‌ അവര്‍ ഈ ലോകത്തിനു ഒരു കത്തയയ്‌ക്കുന്നു, ലോകം അതായത്‌ ആളുകള്‍ അവര്‍ക്ക്‌ എഴുതുന്നില്ലെങ്കിലും. അവസാന വരികളില്‍ അവര്‍ അപേക്ഷിക്കുന്നു ഞാന്‍ എഴുതിയതിനെ കുറിച്ച്‌ എന്നെ നിര്‍ദ്ദയം വിധിക്കരുത്‌ എന്ന്‌.

മലയാളിയായ പ്രൊഫസ്സര്‍ ഇംഗ്ലീഷില്‍ ഈ പുസ്‌തകം എഴുതിയത്‌ ഈ ലോകം മുഴുവന്‍ അത്‌ വായിക്കണമെന്ന ആത്മാര്‍ത്ഥമായ ആഗ്രഹം കൊണ്ടാകാം. അതുകൊണ്ടു തന്നെ ഈ പുസ്‌തകം അദ്ദേഹം ലോകത്തിനയക്കുന്ന ഒരു കത്താണെന്ന്‌ കരുതാം. ഈ പുസ്‌തകം മുഴുവന്‍ വായിച്ചു കഴിയുമ്പോള്‍ ഇത്‌ പ്രൊഫസ്സര്‍ ജോസഫ്‌ ചെറുവേലിയെന്ന കുട്ടനാടുകാരനായ, പിന്നീട്‌ അമേരിക്കന്‍ പൗരനായ ഒരു വ്യക്‌തിയുടെ ആത്മകഥയല്ലിത്‌ മറിച്ച്‌ ചരിത്രം, ഭൂമിശാസ്ര്‌തം, സാഹിത്യം, കല, വിവിധ സംസ്‌കാരങ്ങള്‍, ഭാഷ, ജീവിത ശൈലി, സന്ദര്‍ശിച്ച സ്‌ഥലങ്ങള്‍, ജീവിതാനുഭവങ്ങളുടെ രസകരമായ ആവിഷ്‌ക്കാരങ്ങള്‍ ജീവിതം തുടങ്ങിയതും, ചെന്നെത്തിയതും, തുടരുന്നുതുമായ പ്രദേശങ്ങള്‍ ഇങ്ങനെ അനവധി വിഷയങ്ങളുടെ വിസ്‌താര വിവരണങ്ങളാണെന്ന്‌്‌ ശ്രദ്ധാലുവായ വായനക്കാരന്‍ വിസ്‌മയത്തോടെ ഇതില്‍ കണ്ടെത്തുന്നു. കേരളത്തിലെ ഒരു ഗ്രാമത്തില്‍ നിന്നും ബിരുദവും ബിരുദാനന്ത ബിരുദവും നേടിയ ഒരു ചെറുപ്പക്കാരന്‍ അമേരിക്കയില്‍ വന്ന്‌ ഉപരിപഠനം നടത്താന്‍ ആഗ്രഹിക്കുന്നതും അത്‌ സഫലീകരിക്കുന്നതും പിന്നീടുള്ള ജീവിതവും ഇതില്‍ കലാപരമായി ആവിഷ്‌കരിക്ലിരിക്കുന്നു. ലോക വാണിജ്യം സുഗമമാക്കാന്‍ മദ്ധ്യധരണ്യാഴിയും ചെങ്കടലും തമ്മില്‍ യോജിപ്പിച്ചുകൊണ്ടു സൂയസ്സ്‌ കനാല്‍ എന്ന ജലമാര്‍ഗ്ഗം തുറക്കപ്പെട്ടപ്പോള്‍ വ്യാപാരികള്‍ക്ക്‌ ആഫ്രിക്ക ചുറ്റാതെ ഏഷ്യയുമായി വാണിജ്യവിനിമയം ചെയ്യാന്‍ കഴിഞ്ഞു. ഈ വലിയ നേട്ടം അമേരിക്കന്‍ കവിയായ വാള്‍ട്ട്‌ വിറ്റ്‌മാനെ ആകര്‍ഷിച്ചിരുന്നു. അന്ന്‌ വരെ ഒരു പക്ഷെ കഥകളില്‍ നിറഞ്ഞ്‌ നിന്നിരുന്ന ഇന്ത്യ അങ്ങനെ എളുപ്പത്തില്‍ എത്തിചേരാന്‍ പ്രാപ്യമായ ഒരു രാജ്യമായി. ശാസ്ര്‌തത്തിന്റെ ഈ നേട്ടത്തെക്കാള്‍ ഇത്‌ മനുഷ്യരാശിയെ ഒന്നിപ്പിക്കാനുള്ള ദൈവീകമായ ഒരു പദ്ധതിയായി കാണണമെന്ന്‌ കവി ഈ കവിതയില്‍ ഉപദേശിക്കുന്നു. പാസ്സേജ്‌ ടു ഇന്ത്യ എന്ന ഇദ്ദേഹത്തിന്റെ കവിത പ്രസിദ്ധമായതിനോടൊപ്പം തന്നെ പലരേയും ഇതിലെ ആശയങ്ങള്‍ സ്വാധീനിച്ചിരുന്നു. ബ്രിട്ടീഷ്‌ നോവലിസ്‌റ്റ്‌ ഇ.എം.ഫോറസ്‌റ്റര്‍ പാസ്സേജ്‌ ടു ഇന്ത്യ എന്ന പേരില്‍ എഴുതിയ നോവല്‍ ലോക പ്രസിദ്ധമാണല്ലോ. പ്രൊഫസ്സര്‍ ചെറുവേലില്‍ ആ പേരില്‍ അല്‍പ്പം മാറ്റം വരുത്തിയാണ്‌ തന്റെ പുസ്‌തകത്തിനു പേര്‌ കൊടുത്തിരിക്കുന്നത്‌. അമേരിക്ക എന്ന അത്ഭുത ലോകത്തിലേക്കുള്ള യാത്ര സംഭവബഹുലമായ ഒരു ജീവിത കഥയായി മാറുന്നത്‌ പുസ്‌തകത്തിന്റെ ഓരോ താളുകളിലൂടെ വായനകാരന്‍ തിരിച്ചറിയുന്നു. ഭാഷയും, ഭാവനയും, നര്‍മ്മബോധവും അതിലുപരി രചനയുടെ തന്ത്രങ്ങളും നല്ല പോലെ വശമുള്ള ഒരു എഴുത്തുകാരനേയും അവര്‍ കണ്ടു മുട്ടുന്നു. ആ യാത്ര സ്വയം പര്യാപ്‌തത നേടാനുള്ള ഒരു സ്വാര്‍ത്ഥമായ സഞ്ചാരമായിരിന്നില്ലെന്ന്‌ അദ്ദേഹം നിരത്തുന്ന വിവരങ്ങളില്‍ നിന്ന്‌ നമ്മള്‍ മനസ്സിലാക്കുന്നു. വളരെ ദൈവവിശ്വാസിയായ അമ്മയുടെ ഓമന മകനായി വളര്‍ന്ന്‌ അവരുടെ ഉറച്ച വിശ്വാസങ്ങള്‍ കൈവിടാതെ ഇന്നും അദ്ദേഹം ജീവിതത്തെ നേരിടുന്നു എന്നത്‌ എത്രയോ മഹനീയമായ കാര്യമാണ്‌്‌. ഒരു പക്ഷെ ദൈവത്തിലുള്ള അചഞ്ചലമായ വിശ്വാസം ഈ ലോകത്തെ ഒന്നായി കാണാനും ത്വക്കിലും നാക്കിലുമുള്ള മനുഷ്യന്റെ വ്യത്യാസങ്ങള്‍ വ്യത്യാസങ്ങളായി കാണാതിരിക്കാനും അദ്ദേഹത്തെ സഹായിക്കുന്നു. അമേരിക്കയിലേക്കുള്ള കപ്പല്‍ യാത്രയില്‍ തണുപ്പിനുള്ള വസ്ര്‌തങ്ങള്‍ കരുതാതിരുന്നത്‌ മൂലം ശൈത്യം അലോസരപ്പെടുത്തിയപ്പോള്‍ അമേരിക്കയിലുള്ള മലയാളി വൈദികനു വേണ്ടി കരുതിയ ളോഹ എടുത്തണിയുന്ന കാര്യം അദ്ദേഹം എഴുതീട്ടുണ്ട്‌. തന്മൂലം കപ്പലിലെ മറ്റ്‌ യാത്രക്കാര്‍ നല്‍കിയ ആദരവുകള്‍ അനുഭവിച്ചതും എഴുതുമ്പോള്‍ ദൈവീക സാന്നിദ്ധ്യം സ്വന്തം ജീവിതത്തില്‍ എങ്ങനെയൊക്കെ പ്രത്യക്ഷപ്പെടുന്നു എന്ന സൂചന നല്‍കുന്നു. ആദ്യമായി കോളേജില്‍ അദ്ധാപകനായി നിയമിക്കപ്പെടുന്നതും അവിചാരിതമായി മുന്നില്‍ പ്രത്യക്ഷപ്പെടുന്ന മുന്‍ പരിചയമുള്ള ഒരു വൈദികന്‍ മൂലമാണെന്നും നമ്മള്‍ ഈ പുസ്‌തകത്തില്‍ വായിക്കുന്നു. ഈ പുസ്‌തകം ആദ്യന്തം ശ്രദ്ധയോടെ വായിക്കുന്ന ഒരാള്‍ക്ക്‌ ഈ പുസ്‌തകത്തിനു കൊടുത്ത ശീര്‍ഷകത്തിന്റെ ഔചിത്യം മനസ്സിലാക്കാം. നമ്മുടെ അറിവ്‌, നേട്ടങ്ങള്‍, കണ്ടുപിടിത്തങ്ങള്‍, ഭാഷ ,സംസ്‌കാരം എല്ലാം ജീവിതം സുഗമമാക്കാന്‍ നമ്മള്‍ നേടുന്ന ഉപായങ്ങള്‍ അല്ലെങ്കില്‍ സൂത്രങ്ങള്‍ എന്നതിലുപരി അവ മനുഷ്യരെ ഒരുമയോടെ ഒന്നായി അടുപ്പിക്കാനുള്ള ദൈവത്തിന്റെ പ്രവര്‍ത്തികളാണെന്ന്‌ ഗ്രന്ഥകാരന്‍ സൂചിപ്പിക്കുന്നു. ജാതി-മത ചിന്തകള്‍ക്കുപരിയായി, ദേശ-വിദേശ അതിര്‍ത്തികള്‍ക്കുപരിയായി വിശ്വ മാനവികതയുടെ ഒരു കൈത്തിരിയുമേന്തിയാണ്‌ യുവാവായ ഇദ്ദേഹം ഇന്ത്യയില്‍ നിന്നും കപ്പല്‍ കയറിയത്‌. വിജ്‌ഞാനദാഹിയായ അദ്ദേഹം പാഠപുസ്‌തകങ്ങളില്‍ മാത്രമല്ല അറിവിന്റെ എല്ലാ ഉറവിടങ്ങളും തേടി. സ്‌കൂള്‍-കലാലയ ജീവിതകാലത്ത്‌ ഏറ്റവും സമര്‍ത്ഥനായ വിദ്യാര്‍ഥിയായത്‌ മൂലം അദ്ദേഹത്തിനു മുന്നില്‍ വികാസത്തിന്റെ അനവധി വാതായനങ്ങള്‍ തുറക്കപ്പെട്ടു. അവയെ സാഹസികതയോടെ, വെല്ലുവിളിയോടെ നേരിട്ട്‌ വിജയം നേടി. സ്‌കൂളിലെ ഏറ്റവും മിടുക്കനായ വിദ്യാര്‍ഥിയായതിനാല്‍ പണ്ഡിറ്റ്‌ ജവഹര്‍ലാല്‍ നെഹ്രുവിന്റെ പ്രസംഗം കേള്‍ക്കാന്‍ തിരഞ്ഞെടുക്കപ്പെട്ട്‌ ആലപ്പുഴയിലെ കടല്‍ തീരത്തെ പൊള്ളുന്ന മണലില്‍ ചെരിപ്പിടാതെ പോയത്‌കൊണ്ട്‌ അനുഭവിച്ച ബുദ്ധിമുട്ടദ്ദേഹം ഓര്‍ത്ത്‌ എഴുതുന്നു. ജീവിതത്തിലെ നിസ്സാരമായ കാര്യങ്ങള്‍ പോലും ഓര്‍മ്മിച്ചുകൊണ്ട്‌ അവ തുടര്‍ന്നുള്ള ജീവിതത്തില്‍ പാഠമായോ അനുഭവമായോ പ്രയോഗിക്കുന്ന ഒരു സമീപനം ഈ പുസ്‌തകത്തിന്റെ താളുകളില്‍ പരന്ന്‌ കിടക്കുന്നു. ദീര്‍ഘകാലം ഒരു കലാലയ അദ്ധ്യാപകനായ പ്രൊഫസ്സര്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ നല്‍കുന്ന ഒരു സന്ദേശമുണ്ട്‌ ഈ പുസ്‌തകത്തില്‍. അതു ഒരു പഴയ സംസ്‌ക്രുത സുഭാഷിതമത്രെ. ഒരു നക്ല വിദ്യാര്‍ത്ഥിക്ക്‌ താഴെ പറയുന്ന ഗുണങ്ങള്‍ ഉണ്ടാകണം - അല്‍പ്പാഹാരം ( വളരെ കുറച്ച്‌ ഭക്ഷണം) ജീര്‍ണ്ണവസ്ര്‌തം (വളരെ ലളിതമായ വസ്ര്‌തധാരണം), ബകധ്യാനം (മീനിനെ പിടിക്കാന്‍ ഏകാഗ്രതയോടെ നില്‍ക്കുന്ന കൊക്കിനെപോലെ) ശ്വാന-നിദ്ര (എപ്പോഴും ജാഗ്രതയോടെയുള്ള ഉറക്കം).

ഈ പുസ്‌തകത്തില്‍ ചില വിവരണങ്ങള്‍ വായിച്ചപ്പോള്‍ അത്രയും വിവരിച്ച്‌ എഴുതേണ്ട കാര്യമുണ്ടോ എന്ന്‌ ഒരു സംശയം തോന്നി. ആ സംശയം അസ്‌ഥാനത്താണെന്ന്‌ പുസ്‌തകം മുഴുവന്‍ വായിച്ചപ്പോള്‍ അനുഭവപ്പെട്ടു. ഒരു നല്ല അദ്ധ്യാപകന്‍ വിദ്യാര്‍ത്ഥികളുടെ മനസ്സില്‍ സംശയങ്ങള്‍ അവശേഷിപ്പിക്കുന്നില്ല. ഒരു നല്ല അദ്ധ്യാപകന്റെ സവിശേഷമായ ഗുണങ്ങളില്‍ ചിലതാണ്‌ സംശയാതീതമായ പ്രതീക്ഷകള്‍, അത്യുത്സാഹം, വിദ്യാര്‍ത്ഥികളുമായ യോജിപ്പ്‌ . ഈ കാലഘട്ടത്തിലെ വായനക്കാര്‍ക്ക്‌ അധികമായി എന്ന്‌ തോന്നുന്നത്‌ അടുത്ത്‌ തലമുറക്ക്‌ ആവശ്യമാണെന്ന്‌ തോന്നും. അദ്ധ്യാപകര്‍ ദീര്‍ഘവീക്ഷണശാലികളാണ്‌. ന്യൂയോര്‍ക്കിലെ സെന്റ്‌ ജോണ്‍സ്‌ യൂണിവേഴ്‌സിറ്റിയില്‍ പഠിപ്പിക്കാനെത്തിയ പ്രൊഫസ്സര്‍ സാറിനോട്‌ വിദ്യാഭ്യാസമിക്ലാത്ത ടാക്‌സികാരന്‍ പറഞ്ഞുവത്രെ. പുസ്‌തകത്തില്‍ പറയുന്നതെല്ലാം വിശ്വസിക്കരുതെന്ന്‌. അതില്‍ നുണയും മുന്‍ വിധികളുമുണ്ടാകുമെന്ന്‌. ഏത്‌ തരത്തിലുള്ള വ്യക്‌തിയായാലും അവര്‍ പറഞ്ഞാല്‍ അ തേക്കുറിച്ച്‌ ചിന്തിക്കുക എന്ന സ്വഭാവം പ്രൊഫസ്സറിനുണ്ടെന്ന്‌ പുസ്‌തകത്തിലെ വിവിധ സംഭവങ്ങളില്‍ നിന്ന്‌ മനസ്സിലാക്കാം. നാട്ടിലെ കോളേജിലെ അദ്ധ്യാപക ജോലിയുപേക്ഷിച്ച്‌ അമേരിക്കയിലേക്ക്‌ ഉപരിപഠനത്തിനു പോകുകയാണെന്ന്‌ പറഞ്ഞപ്പോള്‍ പ്രൊഫസ്സറുടെ സ്‌നേഹമയിയായ അമ്മച്ചിയും ചോദിച്ചു. നീ ഒത്തിരി പഠിച്ചില്ലേ? ജീവിതമെന്ന്‌ പറയുന്നത്‌ പുസ്‌തകം മാത്രമാണോ? പഠിക്കാത്ത എത്രയോ പേര്‍ നല്ല ജീവിതം നയിക്കുന്നു. ഈ പുസ്‌തകത്തിലെ ഓരോ സംഭവങ്ങളും അനുഭവങ്ങളും പ്രൊഫസ്സര്‍ വിവരിച്ചിരിക്കുന്ന രീതി വായനക്കാരനു ഉന്മേഷവും, അറിവും ജിജ്‌ഞാസയും പകരുന്നവയാണ്‌. ചിക്കാഗോയില്‍ വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ താമസസ്‌ഥലത്തേക്ക്‌ ഒരു കോള്‍ ഗേള്‍ വന്ന കാര്യവും എഴുതീട്ടുണ്ട്‌. അപ്പോള്‍ അദ്ദേഹം ആര്‍ഷഭാരതത്തിലെ വ്രത നിഷ്‌ഠയുള്ള മുനിയായതും അവള്‍ കോപിച്ചുകൊണ്ട്‌ പോയതും എത്രയോ രസകരമായ വാക്കുകളില്‍ വിവരിച്ചിരിക്കുന്നു.

കേരളത്തില്‍ നിന്നും ലോക പരിചയം അധികമില്ലാത്ത ഒരു ബിരുദധാരി അമേരിക്കയില്‍ എത്തുന്നതിനു മുമ്പുള്ള അദ്ദേഹത്തിന്റെ നാട്ടിലെ ജീവിതത്തിലൂടെ നമുക്ക്‌ ഒരു കാലഘട്ടത്തിന്റെ ചിത്രം ലഭിക്കുന്നു. കുട്ടനാട്ടിലെ കണ്ണാടി എന്ന ഗ്രാമം ഈ പുസ്‌തകത്തിലൂടെ വിശ്വപ്രശസ്‌തി നേടുകയാണ്‌. മലയാളിയുടെ വിശ്രമവേളകളിലും അദ്ധ്വാന വേളകളിലും അവന്‍ പാടി രസിക്കുന്ന `കൂട്ടനാടന്‍ പുഞ്ചയിലെ' എന്ന ഗാനത്തിന്റെ ഗദ്യപരിഭാഷ പോലെ തന്റെ ജന്മഗ്രാമത്തെകുറിച്ചുള്ള നല്ല വാക്കുകള്‍ പ്രൊഫസ്സര്‍ ചെറുവേലില്‍ അനര്‍ഗ്ഗളം നിര്‍ഗ്ഗളിച്ചിട്ടുണ്ട്‌. ഇംഗ്ലീഷ്‌ ഐച്‌ഛിക വിഷയമായി എടുത്ത്‌ ഐ.എ.എസുകാരനാകാന്‍ മോഹിച്ച ചെറുപ്പകാരന്‍ എന്നും മലയാളഭാഷ പ്രേമിയായിരുന്നു. മഹാകവി പി. കുഞ്ഞിരാമന്‍ നായരെ പോലെ കേരളത്തിലെ ഭൂപ്രക്രുതി പ്രത്യേകിച്ച്‌ കണ്ണാടിയും പരിസരങ്ങളും നിര്‍ലോഭം അദ്ദേഹം വര്‍ണ്ണിക്കുന്നു. ഒരു പക്ഷെ കാലപ്രവാഹത്തില്‍ അന്നത്തെ ഹരിതാഭ ഭംഗിയും, നീര്‍ക്ലാലും, കുന്നിന്‍പുറങ്ങളും, ചാറ്റല്‍ മഴയും, പൊന്‍വെയിലും കുറുക്കന്റെ കല്യാണവും ഒക്കെ നഷ്‌ടപ്പെട്ടാലും അങ്ങനെ ഒരു സുവര്‍ണ്ണ ഭൂതകാലമുണ്ടായിരുന്നു എന്നതിനു ഈ പുസ്‌തകം സാക്ഷ്യം വഹിക്കും. നേരത്തെ സൂചിപ്പിച്ചപോലെ മാതൃഭാഷയോടുള്ള അദ്ദേഹത്തിന്റെ അടങ്ങാത്ത അഭിനിവേശം കൊണ്ടായിരിക്കാം അദ്ദേഹം സ്വന്തം ഗൃഹത്തില്‍ അക്ഷരശ്ശോകങ്ങള്‍ സംഘടിപ്പിച്ചിരുന്നു. കേരളീയ പാരമ്പര്യവും ഭാഷയും പുതു തലമുറക്ക്‌ വേണ്ടി കാത്ത്‌ സൂക്ഷിക്കാന്‍ `കേരള സമാജം' എന്ന സംഘടനക്ക്‌ രൂപം കൊടുത്തതും അത്‌കൊണ്ടായിരിക്കും. ഇവിടത്തെ സാഹിത്യകാരന്മാരുടെ ക്രുതികള്‍ ചര്‍ച്ച ചെയ്യാനും അവര്‍ക്ക്‌ അവരുടെ രചനകളെ കുറിച്ചുള്ള വിലയിരുത്തല്‍ അറിയാനും അദ്ദേഹം `സര്‍ഗ്ഗവേദി' എന്ന സംഘടനയുടെ സ്‌ഥാപക അംഗങ്ങളില്‍ ഒരാളാവുകയുമുണ്ടായി.

പ്രൊഫസ്സര്‍ ചെറുവേലി ഈ വലിയ പുസ്‌തകത്തില്‍ നിറയെ അദ്ദേഹത്തിന്റെ ജീവിതവും, തറവാടിത്തഘോഷണവുമൊന്നുമല്ല മുഴക്കിയിരിക്കുന്നത്‌. അതേ സമയം സ്വന്തം ജീവിതത്തെ, കുടുംബ പുരാണങ്ങളെ കുറിച്ച്‌ പറയുമ്പോള്‍ അത്‌ ഒരു സമൂഹത്തിന്റെ ഭാഗമായി പറയുന്നു. അതിന്റെ ഗുണം വായനക്കാരനു അന്നത്തെ ആചാരങ്ങളുടെ, വിശ്വാസങ്ങളുടെ, സാമൂഹ്യജീവിതത്തിന്റെ, ഓരോ കുടുംബങ്ങള്‍ക്കും ഉണ്ടായിരുന്ന പ്രഭുത്വം, അല്ലെങ്കില്‍ അവകാശങ്ങള്‍ എന്നിവയെപ്പറ്റി ഒരു രൂപം ലഭിക്കുന്നു എന്നാണ്‌്‌. മലയാളികളുടെ വീട്ടുപേരുകള്‍ വിദേശികള്‍ക്ക്‌ ബാലികേറാ മലയാണു്‌. ചില വീട്ടുപേരുകളെക്കുറിച്ച്‌ പ്രൊഫസ്സര്‍ പറയുന്നത്‌ വായിക്കുക: പനക്കല്‍ (പനകള്‍ വളര്‍ന്ന്‌ നില്‍ക്കുന്ന സ്‌ഥലം) പുലിക്കാട്‌ (പുലികളുള്ള കാട്‌) പള്ളിപ്പറമ്പില്‍ (പള്ളിയുടെ പറമ്പ്‌) താമരക്കുന്നേല്‍ (താമരകളുള്ള കുന്ന്‌). സ്വതവേ നര്‍മ്മസിദ്ധിയുള്ള പ്രൊഫസ്സര്‍ അവസാനം പറഞ്ഞ വീട്ടുപേരിനു ഒരു കമന്റും എഴുതുന്നു. ഒരു മലയാളിയുടെ ഭാവനയില്‍ മാത്രമേ താമരപൂവ്വ്‌ കുന്നിന്‍പുറത്ത്‌ വിടരുകയുള്ളു. നാട്ടു വിശേഷങ്ങളുടെ രസകരമായ നീണ്ട വിവരണങ്ങള്‍ പഴയ തലമുറക്കാര്‍ക്കൂം പുതിയ തലമുറക്കാര്‍ക്കും ഒരു പോലെ വിനോദ-വിജ്‌ഞാനപ്രദമായിരിക്കും. മനുഷ്യരുടെ ആക്രുതിപോലെ അവര്‍ക്ക്‌ നാട്ടുകാര്‍ കൊടുക്കുന്ന വട്ടപ്പേരുകളെപോലും വിടാതെ ഈ പുസ്‌തകത്തില്‍ പറയുന്നുണ്ട്‌. നാട്ടിലെ പലചരക്ക്‌ കച്ചവടക്കാരന്‍ `പുകയില' എന്ന പേരില്‍ അറിയപ്പെട്ടിരുന്നത്‌ അയാള്‍ ഉണങ്ങിയ പുകയില പോലെയിരുന്നത്‌ കൊണ്ടാണെന്നുള്ള വിവരണവുമുണ്ട്‌. വരും തലമുറക്ക്‌ ഇത്തരം വിശേഷങ്ങള്‍ കൗതുകവും വിനോദവും നല്‍കുമെന്നതിലുപരി ഓരോ സമൂഹങ്ങളിലും നില നിന്നിരുന്ന ജീവിത രീതി, ജീവിത സമീപനം, വ്യക്‌തികളുടെ ഇടപഴകല്‍ തുടങ്ങിയ കാര്യങ്ങളെ കുറിച്ച്‌ ചിന്തിക്കാനും ഇന്നത്തെ സാംസ്‌കാരിക പ്രതലത്തില്‍ അവയൊക്കെ എങ്ങനെ പ്രതിഫലിക്കുന്നു എന്നുമറിയാന്‍ ഒരു അവസരം കിട്ടുകയും ചെയ്യുന്നു. ഈ പുസ്‌തകം അദ്ദേഹം ലോകത്തിനെഴുതിയ ഒരു കത്ത്‌ തന്നെയെന്ന്‌ അവര്‍ മനസ്സിലാക്കും. നമ്മള്‍ കത്തുകള്‍ കൈമാറുന്നത്‌ വിവരങ്ങള്‍ അറിയിക്കാനാണ്‌. നമ്മുടെ വിവരങ്ങള്‍ മാത്രം ചേര്‍ക്കണോ അതൊ പൊതുവായുള്ള വിവരങ്ങള്‍ ചേര്‍ക്കണോ എന്നത്‌ നമ്മുടെ സാതന്ത്ര്യം.

എസ്‌.കെ. പൊറ്റക്കാടിന്റെ ഒരു ദേശത്തിന്റെ കഥ എന്ന ബ്രുഹത്തായ നോവല്‍ അദ്ദേഹത്തിനു ജ്‌ഞാനപീഠം നേടികൊടുത്തു. അത്‌ ഒരു ആത്മകഥാ രൂപത്തില്‍ എഴുതിയ നോവലാണ്‌. അതേപോലെ തന്നെ ഈ പുസ്‌തകം രണ്ട്‌ ഭൂഖണ്ഡങ്ങളിലായി ഒരാള്‍ ജീവിച്ച അനുഭവങ്ങള്‍ പറയുന്നു. ഇതില്‍ ഗ്രന്ഥകാരന്‍ തന്റെ പേരും കുടുംബവും ഉള്‍പ്പെടുത്തികൊണ്ട്‌ പറയുന്നുണ്ട്‌. എങ്കിലും ഇത്‌ ഒരു പ്രവാസിയുടെ കുടിയേറ്റക്കാരന്റെ ജീവിതാനുഭവങ്ങളാണ്‌. ആദ്യകാലങ്ങളില്‍ അമേരിക്ക എന്ന സ്വ്‌പനലോകത്ത്‌ വന്ന്‌ ഉപരിപഠനം നടത്താന്‍ പലര്‍ക്കും സാധിച്ചെങ്കിലും ഇവിടെ ജീവിതം തുടരണമോ അതോ തിരിച്ചു പോകണമോ എന്ന ഒരു വടം വലി മനസ്സില്‍ നടന്നിരുന്നു. പലരും തിരിച്ചുപോയി. മിക്കവരും അനുഭവിക്കുന്ന ഈ മാനസിക സംഘര്‍ഷത്തെ പ്രൊഫസ്സര്‍ എങ്ങനെ വിജയകരമായി നേരിട്ടു എന്ന്‌ പുസ്‌തകത്തില്‍ പറയുന്നത്‌ ഇങ്ങനെ. ഞാന്‍ അമേരിക്കയില്‍ ജീവിക്കുന്ന ഒരു ഭാരതപൗരനാണോ? അതോ അമേരിക്കന്‍ പൗരത്വമുള്ള ഭാരതീയനാണോ? ഞാന്‍ അത്‌ രണ്ടുമാണൊ അല്ലെങ്കില്‍ രണ്ടുമല്ലേ? ആകാശം മുട്ടി നില്‍ക്കുന്ന മഞ്ഞ്‌ മൂടിയ ഹിമാലയസാനുക്കളും, നീലത്താമര വിരിഞ്ഞ്‌ നില്‍ക്കുന്ന ഭാരതത്തിലെ നദികളും, തടാകങ്ങളും, എന്റെ മനസ്സിലെ നിതാന്ത ബിംബങ്ങളായിരിക്കുന്നപോലെ തന്നെ, ഗ്രാന്റ്‌ കാന്യനു മീതെ ചിറക്‌ വിരിച്ച്‌ പറക്കുന്ന മൊട്ടകഴുകന്മാരും, മങ്ങിയ ഓടിന്റെ നിറത്തില്‍ ഉയര്‍ന്ന്‌ നില്‍ക്കുന്ന പുക്ലുകളില്‍ കുഞ്ചിരോമങ്ങള്‍ ഉരസി നടക്കുന്ന കാട്ടുപോത്തുകളെ വീക്ഷിച്ചുകൊണ്ട്‌ അമേരിക്കന്‍ പ്രസിഡന്റുമാരുടെ ശാന്തഗംഭീരമായ പ്രതിരൂപങ്ങള്‍ വഹിക്കുന്ന റഷ്‌മോര്‍ പര്‍വ്വതങ്ങളും, നിലകൊള്ളുന്നു. എന്റെ മനസ്സിന്റെ ശ്രീകോവിലില്‍ എപ്പോഴും പ്രകാശിക്കുന്നു. ഗാന്ധിയും, നെഹ്രുവും, ജോര്‍ജ്‌ വാഷിംഗടണും, ജെഫ്‌ഫേഴ്‌ണും. എന്റെ ഹ്രുദയത്തിന്റെ ആരാധാനാലയത്തില്‍ സുവിശേഷങ്ങളും, ഗീതയും മുഴങ്ങുന്നു. എന്റെ ഉപബോധമനസ്സുകളുടെ മഹാസാഗരത്തിലേക്ക്‌ ഗംഗയും, മിസ്സിസ്സിപ്പിയും, പമ്പയും, ഹഡ്‌സണും, ഒഴുകി ചേരുന്നു. എന്റെ ചെവികളില്‍ വിധിയുമായുള്ള കൂടിക്കാഴ്‌ചയുടേയും ഗെട്ടിസ്‌ബര്‍ഗിലേയും പ്രസംഗങ്ങള്‍ അലയടിക്കുന്നു. ഇങ്ങനെയുള്ള ഉദാത്ത ചിന്തകള്‍ ഉള്ള ഒരു മനസ്സില്‍ പ്രസ്‌തുത ചോദ്യങ്ങള്‍ക്ക്‌ പ്രസക്‌തിയില്ലെന്ന്‌ അദ്ദേഹം സമര്‍ത്ഥിക്കുന്നു.

ഞങ്ങളുടെയെക്ലാം പ്രിയപ്പെട്ട, ബഹുമാനപ്പെട്ട പ്രൊഫസ്സര്‍ സാര്‍ ഈ പുസ്‌തകത്തിന്റെ കോപ്പികള്‍ ഞങ്ങള്‍ക്ക്‌ സമ്മാനിച്ചപ്പോള്‍ അതില്‍ ഒരാള്‍ ഇതിന്റെ വലുപ്പം കണ്ടിട്ട്‌ (764 പേജുകള്‍) ചോദിച്ചുപോലും ` ഇതെന്താ മഹാഭാരതമോ'. പുസ്‌തകത്തിന്റെ വലുപ്പം കണ്ട്‌ അദ്ദേഹം പ്രയോഗിച്ച ഉപമ വാസ്‌തവത്തില്‍ ഉള്ളടക്കം ന്യായീകരിച്ചു. മഹഭാരതത്തില്‍ ഇല്ലാത്തത്‌ വേറെ ഒരിടത്തുമുണ്ടാകില്ലെന്നാണ്‌. അതേപോലെ ഈ പുസ്‌തകം ഒരു പക്ഷെ ഉള്‍കൊള്ളാത്തത്‌ ഒന്നുമില്ല. ജീവിതത്തിലെ അസമത്വങ്ങളോട്‌, അന്ധമായ വിശ്വാസങ്ങളോട്‌, സങ്കുചിതമായ മനസ്‌ഥിതിയുള്ളവരോട്‌ പ്രൊഫസ്സര്‍ക്ക്‌ അത്രുപ്‌തിയായിരുന്നു. അതേപോലെ സ്വന്തം മതങ്ങള്‍ വലിയതെന്ന്‌ നടിച്ച്‌ മറ്റുള്ളവരെ പരിഹസിക്കുന്ന പ്രവണതയും അദ്ദേഹത്തിനു സ്വീകാര്യമായിരുന്നില്ല. അത്‌ കൊണ്ടായിരിക്കും അദ്ദേഹം എഴുതിയത്‌ - ഈ ലോകത്തിലെ എല്ലാ മരുന്ന്‌ കമ്പനികള്‍ നിര്‍മ്മിക്കുന്ന മുഴുവന്‍ ഗുളികകളേയും, പുരോഹിതന്മാരും പൂജാരികളും മനുഷ്യര്‍ക്കുമേല്‍ വര്‍ഷിക്കുന്ന സുവിശേഷങ്ങളേയുംകാള്‍ അല്‍പ്പം സംഗീതത്തിനു മനുഷ്യ മനസ്സുകള്‍ക്ക്‌ സാന്ത്വനം പകരാന്‍ കഴിവുണ്ടെന്ന്‌.

ഞാന്‍ ഈ പുസ്‌തകം വായിച്ചു തീര്‍ന്നെങ്കിലും എന്റെ വിജ്‌ഞാനത്രുഷ്‌ണ ശമിച്ചിട്ടില്ല. പുസ്‌തകത്തില്‍ ഉടനീളം കാണാവുന്ന ഉല്‍ക്രുഷ്‌ടമായ പരാമര്‍ശങ്ങളെ കുറിച്ച്‌്‌ ഇനിയും ലൈബ്രറിയില്‍ മണിക്കൂറോളം ചിലവഴിച്ചാലും മുഴുവന്‍ അറിയാനും മനസ്സിലാക്കാനും സമയം തികയുമോ എന്ന്‌ സംശയമാണ്‌. അറിവുള്ള ഒരാളോട്‌ ഒരു മണിക്കൂര്‍ സംസാരിച്ചാല്‍ പത്ത്‌ പുസ്‌തകം വായിച്ച അറിവ്‌ ലഭിക്കുമെന്ന്‌ കേട്ടിട്ടുണ്ട്‌. വായനക്കാരന്റെ ഓര്‍മ്മകളെ ഉണര്‍ത്തുകയും അവനു രസം പകരുകയും ചെയ്യുന്ന ഒട്ടേറെ പരാമര്‍ശങ്ങള്‍ ഈ പുസ്‌തകത്തിലുണ്ട്‌. മിസ്സിസ്സിപ്പിയുടെ (അവിടെയാണ്‌ പ്രൊഫസ്സര്‍ കുറച്ചുകാലം വിദ്യഭ്യാസത്തിനായ്‌ ചിലവഴിച്ചത്‌) തീരങ്ങളിലൂടെ നടക്കുമ്പോള്‍ തന്നില്‍ ഒരു ഹക്കിള്‍ബെറി ഫിന്‍ ഉണ്ടെന്ന്‌ സങ്കല്‍പ്പിക്കുകയും അപ്പോള്‍ അവിടെ മീന്‍ പിടിക്കാന്‍ ചൂണ്ടയിട്ടു നിന്ന യുവാക്കള്‍ അവര്‍ക്ക്‌ അത്‌ വരെ മീന്‍ ഒന്നും കിട്ടീയിക്ലെന്ന്‌ അറിയിച്ചപ്പോള്‍ ആദ്യമായി യേശുദേവനെ കണ്ടു മുട്ടിയ ആന്‍ഡ്രുവും, പീറ്ററും ഇതേ സങ്കടമാണു പറഞ്ഞതെന്ന്‌ പ്രൊഫസ്സര്‍ ഓര്‍ക്കുന്നതായി എഴുതീട്ടുണ്ട്‌.

വിജ്‌ഞാന കുതുകികളായവര്‍ക്ക്‌ ഈ പുസ്‌തകം അറിവിന്റെ ഒരു ഭണ്ഡാരമാണ്‌്‌. നേരത്തെ സൂചിപ്പിച്ചപോലെ സ്വന്തം ജീവിത കഥയുടെ ഒരു വിവരണമല്ല ഈ പുസ്‌തകം. ഇത്‌ നാട്ടില്‍ നിന്നും അമേരിക്കയില്‍ ഉപരി പഠനത്തിനെത്തിയ ഒരു യുവാവ്‌ അവിടെ ജീവിതം തുടര്‍ന്ന്‌ അദ്ദേഹത്തിന്റെ സപ്‌തതി കഴിഞ്ഞപ്പോള്‍ തയ്യാറാക്കിയ ജീവിതവിവരണങ്ങളാണ്‌. അതില്‍ പ്രക്രുതിയും, പരിസരങ്ങളും, ഭാഷയും, സംസകാരവും, വ്യക്‌തികളും ഈ പ്രപഞ്ചം മുഴുവന്‍ കഥാപാത്രങ്ങളാകുന്നു. വിദ്യാര്‍ത്ഥികള്‍ക്ക്‌്‌ ഇത്‌ ഒരു എന്‍സൈക്ലോപീഡിയ പോലെ ഉപയോഗിക്കാമെന്ന്‌ ഈ പുസ്‌തകത്തിന്റെ പ്രകാശനവേളയില്‍ അഭിപ്രായപ്പെട്ടത്‌ എത്രയോ വാസ്‌തവമെന്ന്‌ ഇത്‌ വായിക്കുന്നവര്‍ക്ക്‌ ബോധ്യമാകുമെന്നതില്‍ ഒട്ടും അതിശയോക്‌തിയില്ല.

(ശുഭം)

പ്രൊഫസ്സര്‍ ചെറുവേലില്‍ സാറിനു ആയുരാരോഗ്യങ്ങള്‍ നേരുന്നു. ആശംസകളോടെ,

സുധീര്‍ പണിക്കവീട്ടില്‍


ജോസഫ്‌ ചെറുവേലിയുടെ 'ഈ ലോകത്തിനൊരു കത്ത്‌: സുധീര്‍ പണിക്കവീട്ടില്‍
Join WhatsApp News
വിദ്യാധരൻ 2015-03-30 19:46:46
പ്രൊ. ജോസെഫ് ചെറുവേലിയുടെ പുസ്തകം വായിച്ചില്ലെങ്കിലും അത് വായിപ്പിക്കാൻ മറ്റു വായനക്കാരെ പ്രേരിപ്പിക്കതക്ക രീതിയിൽ അദ്ദേഹത്തിൻറെ പുസ്തകത്തെക്കുറിച്ച് നിരൂപകൻ നിരൂപണം നടത്തിയിരിക്കുന്നു എന്നതിൽ തർക്കമില്ല. 

വാല്മീകി ഗീത രഘുപുംഗവ കീർത്തിലേശൈ
സംത്രിപ്തി കരോമി കഥമപ്യധുനാ ബുധാനാം 
ഗംഗാജലൈർ ഭുവി ഭാഗീരഥ യത്നലുബൈധ് 
കിം തർപ്പണം  ന വിദധാതി ജന പിത്റൂണാം (ഭോജൻ )

വാല്മീകി പാടിയ ശ്രീരാമന്റെ കീർത്തിയെ പ്രകീർത്തിച്ചുതന്നെ എങ്ങനെയെങ്കിലും അറിവുള്ളവരെ തൃപ്തിപ്പെടുത്താനാണ് ഞാനൊരുങ്ങുന്നതു. പിതൃതർപ്പണത്തിനായി ഭഗീരഥൻ ക്ലേശം സഹിച്ചുകൊണ്ടുവന്ന ഗംഗാജലംകൊണ്ട് മറ്റുള്ളവരും പിതൃതർപ്പണം ചെയ്യുന്നുണ്ടല്ലോ ?

വായനക്കാരൻ 2015-03-30 20:57:07
പ്രൊഫസ്സർ ചെറുവേലിൽ‌നെപ്പോലെ എഴുത്തുകാർ പുസ്തകങ്ങളുടെ എണ്ണത്തെക്കാൾ ഗുണത്തിൽ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

സൂതേ സൂകരയുവതീ
സുതശതമത്യന്തദുര്‍ഭഗം ഝടിതി
കരിണീ ചിരേണ സൂതേ
സകലമഹീപാലലാളിതം കളഭം.

പെണ്‍‌പന്നി എരണം കെട്ട നൂ‍റു കുഞ്ഞുങ്ങളെ പെട്ടെന്നു പ്രസവിക്കുന്നു. പിടിയാനയാകട്ടേ എല്ലാ രാജാക്കന്മാരും ലാളിക്കുന്ന ആനക്കുട്ടിയെ വല്ലപ്പോഴും മാത്രം പ്രസവിക്കുന്നു.
Vidhyarthy 2015-03-31 09:13:18
പ്രോഫസ്സർ ചെരുവേലി എത്ര പുസ്തകങ്ങള ഇതിനകം എഴുതീട്ടുണ്ട്. വായനക്കാരന്റെ കമന്റ് വായികുമ്പോൽ പ്രോഫസ്സർ ധാരാളം പുസ്തകങ്ങള എഴുതിയെന്ന ഒരു ധ്വനി വരുന്നുണ്ട്.
വിദ്യാധരൻ 2015-03-31 11:18:19
കഴമ്പുള്ളതും ജനം വായിക്കുനന്തുമായ ഒരു പുസ്തകം എഴുതിയാല്പ്പോരെ വിദ്യാർഥി (എഴുത്തുകാരനായിരിക്കും ) അല്ലാതെ അമേരിക്കയിലെ ചില എഴുത്തുകാരെപോലെ മനുഷ്യര് വായിക്കാത്ത പത്തോ പന്ത്രോണ്ടോ എഴുതീട്ട് എന്ത് പ്രയോചനം. പഠിക്കാൻ പോയ സമയത്ത് വല്ല  'വിദ്യാധരവിലാസം' പെട്ടികടയിൽ കയറി, വഴിയിൽകൂടി വരുന്ന പെണ്‍കുട്ടികളെ കമന്റു അടിച്ചു നിന്നതിന്റെ കുഴപ്പമാണ് ഇങ്ങനത്തെ തല തിരിഞ്ഞ ചോദ്യങ്ങളെ ഉയർത്തി വിടുന്നത് 
വിക്രമൻ 2015-03-31 13:10:52
പ്രൊഫെസ്സർ ചെരുവേലിയുടെ പുസ്തകത്തിനു 794 പേജുകൾ ഉണ്ട്. അത് അദ്ദേഹത്തിൻറെ ഒരു പുരുഷായുസിന്റെ കഥയാണ്.  പ്രവാസി എഴുത്തുകാരു ഓരോ വർഷം ഓരോ പുസ്തകം ഇറക്കും അങ്ങനെ അവന്റെ ആയുസ് മുഴുവൻ എഴുതി അവന്റെ ജീവിതോം കുളമാക്കും അതിനെക്കുറിച്ചൊക്കെ പറഞ്ഞു വായനക്കാർ അവരുടെ ആയുസ്സും ചെറുതാക്കും.  
പിഷാരടി 2015-03-31 19:13:52
അധ്യാപകൻ വിദ്യാർത്ഥിയോട് - എടോ വിദ്യാർഥി ഒരാൾ 794 പേജുള്ള ഒരു പുസ്തകം എഴുതി. അത് എണ്‍പത് പേജുള്ള ഒരു പുസ്തകം എന്ന കണക്കിൽ ഒരു പ്രവാസി എഴുത്തുകാരൻ എഴുതുകയായിരുന്നെന്കിൽ എത്ര പുസ്തകം എഴുതുമായിരുന്നു 

വിദ്യാർഥി :  അത് സാറേ 794 നെ എണ്‍പത്കൊണ്ട് ഹരിക്കണം 

അദ്ധ്യാപകൻ : എന്നാൽ ഇയാള് തന്നെ ഹരിച്ചു പറഞ്ഞാട്ടെ 

വിദ്യാരതി;  അത് സാറേ 9.925 പുസ്തകം ഉണ്ടാക്കാം 

അദ്ധ്യാപകൻ :  അപ്പോൾ താൻ ഒരു പുസ്തകത്തിനു പുറം ചട്ട ഇല്ലാതെ ഉണ്ടാക്കുമോ? ചിന്തിക്കാതെ വർത്തമാനം പറയരുതെന്ന് തന്നോട് ഞാൻ പല പ്രാവശ്യം പറഞ്ഞിട്ടുള്ളതാണ്.  അതുകൊണ്ടാണ് പ്രോഫെസ്സർ പല പുസ്തകം എഴുതാതെ 794 പേജുള്ള ഒരു പുസ്തകം എഴുതിയത്. തനിക്ക് മനസിലായോടോ വിദ്യാർത്ഥി.  എന്തായാലും നീ കേരളത്തിലെ ധനകാര്യ മന്ത്രി ആകാൻ സാധ്യതയുണ്ട്.  പക്ഷെ എന്റെ വിദ്യാർത്ഥിയാണെന്ന് മാത്രം പറഞ്ഞേക്കരുത് , മനസില്ലയല്ലോ 

വിദ്യാർഥി : ഉവ്വ് സാറേ 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക