Image

അറുപത് ദിനങ്ങളും കടന്ന് മിലിയുടെ വിജയയാത്ര

ആശ പണിക്കര്‍ Published on 31 March, 2015
അറുപത് ദിനങ്ങളും കടന്ന് മിലിയുടെ വിജയയാത്ര
 രാജേഷ് പിള്ള സംവിധാനം ചെയ്ത മിലിയുടെ വിജയയാത്ര തുടരുന്നു.അമല പോള്‍-നിവിന്‍ പോളി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ മിലി തീയറ്ററുകളില്‍ 60 ദിവസം പൂര്‍ത്തിയാക്കിയതിന്റെ ആഘോഷം കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്നു. യാതൊരു കൊട്ടിഘോഷങ്ങളും അവകാശ വാദങ്ങളും ഉന്നയിക്കാതെ തിയേറ്ററുകളിലെത്തിയ ചിത്രം പ്രേക്ഷകര്‍ ഒന്നടങ്കം പിന്നീട് നെഞ്ചിലേറ്റുകയായിരുന്നു. 

സിനിമയുടെ വിജയത്തില്‍ നായികയായി എത്തിയ അമലയ്ക്ക് നിര്‍ണായകമായ പങ്കുണ്ട്. സംവിധായകന്‍ മനസില്‍ കണ്ടതിനുമപ്പുറം മിലിയെ അവതരിപ്പിക്കാന്‍ അമലാ പോളിനു കഴിഞ്ഞത് ഏറെ ശ്രദ്ധേയമായിരുന്നു. ആഘോഷച്ചടങ്ങില്‍ മുഖ്യാതിഥിയായി നടന്‍ കുഞ്ചാക്കോ ബോബന്‍ പങ്കെടുത്തു. ഒപ്പം ചിത്രത്തിലെ നായകനായ നിവിന്‍ പോളി, നായിക അമലാ പോള്‍ എന്നിവരും ഇവരുടെ കുടുംബാംഗങ്ങളും പങ്കെടുത്തു. ഇവരെ കൂടാതെ സായ്കുമാര്‍, ബിന്ദു പണിക്കര്‍, ദേവി അജിത്ത് എന്നിവരും സംവിധായകരായ എബ്രിഡ് ഷൈന്‍, ജൂഡ് ആന്റണി ജോസഫ്, വി കെ പ്രകാശ് എന്നിവരും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു.

ചടങ്ങില്‍ വച്ച് ചിത്രത്തിന്റെ ഭാഗമായ എല്ലാവര്‍ക്കും മെമന്റോ സമ്മാനിക്കുകയും ഇവര്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കു വയ്ക്കുകയും ചെയ്തു. 2015-ലെ ആദ്യ ഹിറ്റെന്ന് വിലയിരുത്തപ്പെടുന്ന മിലിയുടെ വിജയാഘോഷവേളയില്‍ വച്ച് തന്റെ അടുത്ത ചിത്രത്തില്‍ നായകന്‍ കുഞ്ചാക്കോ ബോബനാണെന്ന രാജേഷ് പിള്ളയുടെ പ്രഖ്യാപനവും എത്തി. 


അറുപത് ദിനങ്ങളും കടന്ന് മിലിയുടെ വിജയയാത്ര
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക